Image

നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 27 July, 2015
നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)
ഇത്തവണ യാത്ര നെല്ലിയാമ്പതിയിലേക്കാണ്. അവിടേക്കുള്ള യാത്ര പലതവണ ദൂരക്കൂടുതല്‍ കൊണ്ട് മാറ്റിവച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴതിന് യാതൊരു എക്‌സ്‌ക്യൂസും ഇല്ല. ഈ വഴി പറമ്പിക്കുളത്തേക്കും നെന്മാറയ്ക്കുമൊക്കെ വന്നിട്ടുണ്ടെങ്കിലും നെല്ലിയാമ്പതിയിലേക്ക് ഇവിടെ ആദ്യം. പാലക്കാടിന്റെ ഹൈറേഞ്ചാണിത്. മഞ്ഞ് മൂടിയ മലനിരകളും മരതകപട്ടണിഞ്ഞ മലഞ്ചെരിവുകളുമൊക്കെ ചേര്‍ന്ന് ഇവിടം ഒരു ഇടുക്കി സ്റ്റൈലിലാണ് പ്രകൃതിയുടെ കിടപ്പ്. നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതിയുടെ അര്‍ത്ഥമെന്ന് അവിടേക്ക് വണ്ടി കയറും മുന്‍പേ അറിഞ്ഞിരുന്നു. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ ആരാധിച്ചിരുന്ന അമ്മദൈവങ്ങളിലൊന്ന് നെല്ലിമരത്തില്‍ താമസിച്ചിരുന്നുവെന്നും അതു കൊണ്ട് അത് ആസ്ഥാനമാക്കിയ ദേവതയുടെ പേരില്‍ നിന്നാണ് നെല്ലിയാമ്പതി ഉണ്ടായെന്നും സ്ഥലനാമോല്പ്പത്തിയിലുണ്ട്. അങ്ങനെ കേട്ടറിഞ്ഞ പല കാര്യങ്ങളും അയവിറക്കി കൊണ്ട് തൃശൂരില വടക്കാഞ്ചേരിയില്‍ നിന്നും നെന്മാറയിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞു. 
ഈ ജംഗ്ഷനില്‍ ഇന്‍സ്റ്റന്റ് ഉപ്പേരി വാങ്ങിക്കാന്‍ കിട്ടും. നല്ല ലാഭം, നല്ല രുചി. കായ വറുക്കുന്നത് കണ്ടു നില്‍ക്കുമ്പോള്‍  കടക്കാരന്‍ സാമ്പിളായി അല്‍പ്പം ഉപ്പേരി നല്‍കി. കൊളസ്‌ട്രോള്‍ പ്രശ്‌നമുണ്ടാക്കുമെന്നു കരുതി ആദ്യം വായിലിട്ടില്ലെങ്കിലും പിന്നീട് മനസ്സു മാറി. ഒന്നു ടേസ്റ്റ് ചെയ്യാമെന്നു കരുതി. ഹായ് എന്തൊരു രുചി. പിന്നെയൊന്നും ആലോചിച്ചില്ല, ഒരു കിലോ ഉപ്പേരി പാഴ്‌സല്‍ വാങ്ങി. എവിടേക്കാണ് യാത്രയെന്നായി, കടക്കാരന്‍. നെല്ലിയാമ്പതിയിലേക്കാണെന്നു പറഞ്ഞപ്പോള്‍, കടക്കാരന്റെ മറുപടി അത്ഭുതപ്പെടുത്തി. അയാള്‍ നെല്ലിയാമ്പതിയെ സംബോധന ചെയ്തത് പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലാണ്. അങ്ങനെയൊരു പേരില്‍ നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ടെന്ന് ഞാനാദ്യമായി അറിയുകയായിരുന്നു. ഇവിടെ റിസോര്‍ട്ടുകള്‍ കുറവ്. ഉള്ള ഹോംസ്റ്റേകളിലൊന്നും തന്നെ വലിയ റേറ്റുമില്ല. ഇവിടെയെത്തുന്നവര്‍ വണ്‍ഡേ ടൂര്‍ എന്ന നിലയിലാണ് നെല്ലിയാമ്പതി ടൂറിസ്റ്റ് ഡെസ്റ്റിനേഷനെ കാണുന്നത്. അധികം പേരും തങ്ങാറില്ലത്രേ..
നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെല്‍വയലുകളില്‍ കാര്‍ഷിക ജലസേചനത്തിന് ജലം നല്‍കുന്നു. പോത്തുണ്ടി ഡാമില്‍ ഇറങ്ങണമെന്നു കരുതിയെങ്കിലും സമയക്രമം തെറ്റുമെന്നതിനാല്‍ അതിനു മെനക്കെട്ടില്ല. തിരിച്ചു വരുമ്പോള്‍ അവിടെയിറങ്ങാമെന്നു നിശ്ചയിച്ചു. അടുത്ത കണ്ട ചായക്കടയില്‍ നിന്നു മധുരമില്ലാത്ത ഒരു ചായ വിഴുങ്ങി യാത്രാക്ഷീണമകറ്റി. ഇവിടെ നിന്ന് അധികദൂരമില്ല അണക്കെട്ടിലേക്ക്. നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ് അണക്കെട്ട്. ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ ഈ വഴിയില്‍ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോള്‍ കാണുന്ന സര്‍ക്കാര്‍ വനങ്ങളില്‍ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. ഈ വഴിയിലൂടെ നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. വഴിയില്‍ കുരങ്ങ്, മാന്‍, മുള്ളന്‍പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കണ്ടു. എന്നാല്‍ മിന്നായം പോലെ ഓടിമറഞ്ഞതു കൊണ്ട് ഒന്നിന്റെയും ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞില്ല.  വണ്ടി മെല്ലെ കയറ്റം കയറുകയാണ്.. ഉയരത്തില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമായിരിക്കുന്നു. ഓരോ വളവില്‍ നിന്നും ഓരോ ഭംഗിയാണ് ഡാമിന്. റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന കാട്ടുചെടികള്‍. വണ്ടിയില്‍ ഇരിക്കുമ്പോള്‍ കേള്‍ക്കാം ചീവിടുകളുടെ ഇരമ്പം. 
കണ്ണിനു ഹരം പകരുന്ന, പച്ചപ്പ് നന്നായുണ്ടായിരുന്നിടത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി, ചില ചിത്രങ്ങള്‍ പകര്‍ത്തി. മഞ്ഞ് മല കയറുന്നുണ്ടായിരുന്നു. അത് ഇടയ്ക്ക് കാഴ്ചകള്‍ മറയ്ക്കുകയും തെളിക്കുകയും ചെയ്തു. ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുന്നില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കണ്ടു. യൂണിഫോമിട്ട ഒരു ഗാര്‍ഡ് ഇറങ്ങി വന്നു. യാത്രയുടെ വിവരങ്ങള്‍ അവിടെ നല്‍കണം. ഇവിടെ നിന്നും ഏകദേശം 20 കിലോമീറ്ററോളം ചുരം കയറണം. കൈകാട്ടിയിലെത്തി കഴിഞ്ഞപ്പോഴേയ്ക്കും വണ്ടി ഒന്നു നിര്‍ത്തി. നല്ലൊരു കയറ്റമാണ് കഴിഞ്ഞത്. ഇവിടം ചെറിയൊരു ടൗണ്‍ ആണ്. അത്യാവശ്യം കടകളും താമസിക്കാന്‍ ഹോം സ്റ്റേകളും ലോഡ്ജുകളുമൊക്കെയുണ്ട്. ഇവിടുന്ന് അല്പം കൂടി മുന്‍പിലായി പുലയന്‍പാറയില്‍ ഒന്നു രണ്ടു റിസോര്‍ട്ടുകളും ഡോര്‍മെറ്ററിയുമൊക്കെയുണ്ട്. ഗ്രൂപ്പായി വരുന്നവര്‍ക്ക് ഇവിടെ വിശ്രമിക്കാവുന്നതാണ്. ഇനി മലഞ്ചെരുവുകളുടെ മടക്കായ മാമ്പാറയിലേക്ക്  പോകണം. ഇങ്ങോട്ടേക്ക് ജീപ്പുകള്‍ മാത്രമേ പോകു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി. അപ്പോഴേയ്ക്കും ഒരു ജീപ്പിന്റെ ഡ്രൈവര്‍ അടുത്തെത്തി. മാമ്പാറയെക്കുറിച്ച് അയാളുടെ വിശദീകരണം തുടങ്ങി. ആദ്യം അത് അരോചകമായി തോന്നിയെങ്കിലും പിന്നീട് അയാളുടെ കേള്‍വിക്കാരനായി മാറിയെന്നതാണ് സത്യം. അവിടേക്കുള്ള യാത്രയ്ക്ക് അയാള്‍ 750 രൂപ ചോദിച്ചു.
ദുര്‍ഘടമായ മലമ്പാതയാണ്. മണ്‍റോഡ് ഇടയ്ക്ക് ഇല്ലെന്നു തന്നെ ഡ്രൈവര്‍ പറഞ്ഞു. ചിലയിടത്ത് തെറ്റല്‍ ഉള്ള പാറപ്പുറത്തു കൂടിയാണ് വണ്ടിയോടിക്കേണ്ടത്. റിസ്‌ക്ക് എടുത്തുള്ള യാത്രയാണെങ്കിലും മാമ്പാറ എന്ന ക്ലിഫ് കാണേണ്ടത് തന്നെയാണെന്നു ഡ്രൈവര്‍ വാദിച്ചു. ഞങ്ങള്‍ ജീപ്പിനരുകിലേക്ക് നടന്നു. ഒരു പഴയ ജീപ്പാണ്. എന്‍ജിന്‍ പണിയൊക്കെ നടത്തിയിട്ടുണ്ട്. മുന്നില്‍ നാലഞ്ച് വലുതും ചെറിയതുമായ ഗിയറുകള്‍ കണ്ടു. ഇടുക്കിയിലെ ഹൈറേഞ്ചില്‍ ഇത്തരം വണ്ടികളില്‍ യാത്ര ചെയ്തു പരിചയം ഉള്ളതു കൊണ്ട് ജീപ്പോടുന്ന വഴിയേക്കുറിച്ച് ഡ്രൈവര്‍ പറഞ്ഞത് സത്യമാണെന്ന് യാത്രയ്ക്ക് മുന്നേ ബോധ്യപ്പെട്ടു. ഇവിടെ നിന്നും ഏകകേശം 14 കിലോമിറ്റര്‍ ദൂരമുണ്ട്. നടന്നെത്താന്‍ വലിയ ബുദ്ധിമുട്ടാണ്. ജീപ്പ് തന്നെ ശരണം.
ജീപ്പ് ഓടിത്തുടങ്ങി. ടാര്‍ റോഡില്‍ നിന്നും ചെമ്മണ്‍ പാതയിലേക്ക് മാറിയതോടെ യാത്രയുടെ സ്വഭാവം മാറി. തുടര്‍ച്ചയായ കയറ്റങ്ങള്‍ കയറിയ വണ്ടി കിതച്ചു നീങ്ങി. മുന്നില്‍ മഞ്ഞ് തങ്ങി നിന്നു. എവിടെയും കാടിന്റെ ഘോരമായ കാഴ്ചകള്‍. ചിലയിടത്ത് വഴിയില്ലായിരുന്നു. ഇടക്ക് ഒരിടത്ത് ജീപ്പില്‍ നിന്നിറങ്ങേണ്ടി വന്നു. റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന മരച്ചെടികളെ മറികടന്നായിരുന്നു യാത്ര. മുന്നില്‍ വഴി ഇല്ലെന്നു തോന്നിച്ച ഒട്ടേറെ സന്ദര്‍ഭങ്ങള്‍. മലകള്‍ വെല്ലുവിളിക്കുന്നതു പോലെ തോന്നി. മലമുകളിലേക്ക് കിതച്ചു കൊണ്ട് ഒടുവില്‍ ജീപ്പ് ഓടിയെത്തി. ഒന്നര മണിക്കൂറോളം നീണ്ട യാത്ര. പലപ്പോഴും ഫസ്റ്റ് ഗിയറില്‍ മാത്രമാണ് വണ്ടി ഓടിയത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4500 അടി ഉയരത്തിലാണിപ്പോള്‍ എന്നു ഡ്രൈവര്‍ പറഞ്ഞു. മലമുകളില്‍ മഞ്ഞ് തിമര്‍ത്തു പെയ്യുന്നതു കണ്ടു. അതിനൊപ്പിച്ച് തണുപ്പ് താളം പിടിക്കുന്നു. വിറങ്ങലിപ്പിച്ചു കൊണ്ട് ശീതക്കാറ്റ് പൊതിഞ്ഞു. 
മഞ്ഞ് ഒന്നു മാറി നിന്ന നിമിഷം കണ്ട കാഴ്ച അത്ഭുതപ്പെടുത്തി കളഞ്ഞു. ലോകത്തിന്റെ നെറുകയില്‍ എത്തിയ പോലെ. മേഘക്കൂട്ടങ്ങള്‍ അങ്ങുതാഴെ മറ്റു മലകള്‍ക്കിടയിലൂടേ ഒഴുകുന്നു. ആകാശം നീലനിറത്തെ വിന്യസിച്ചിരിക്കുന്നു. ക്യാമറ തുടരെ മിന്നിച്ചു കൊണ്ട് ആ കാഴ്ചയെ പരമാവധി അവിസ്മരണീയമാക്കി. താഴെ കാണുന്നതില്‍ ഒരു പാതി പാലക്കാടന്‍ മണ്ണാണ്ണ്. മറുപാതി തമിഴ്‌നാടിന്റെ ശിഖരങ്ങളും. അതിമനോഹരമെന്നേ പറയേണ്ടൂ. ഇവിടേക്ക് വരാന്‍ ഇത്രനാളും കാത്തിരുന്നതെന്തേ എന്നു മാത്രമേ മനസ്സു മന്ത്രിച്ചുള്ളു. ഞാന്‍ കണ്ണുകളിറക്കി അടച്ചു. പിന്നെ, സര്‍വ്വശക്തിയുമെടുത്ത് വലിച്ചു തുറന്ന കണ്ണുകളോടെ ആ കാഴ്ചയെ കോരിയെടുത്തു. മഞ്ഞ് മത്സരിച്ചു കയറ്റം കയറുന്നുണ്ടായിരുന്നു. ഹൃദയസരസ്സിലേക്കായിരുന്നു ആ വരവ്....
(തുടരും)


നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)നെല്ലിയാമ്പതിയുടെ നെറുകയിലേക്ക്(73-പ്രകൃതിയുടെ നിഴലുകള്‍ തേടി : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക