Image

ഡോ. നന്ദകുമാറിന്റെ നിരൂപണ ലേഖനങ്ങള്‍: വിചാരവേദിയില്‍ ചര്‍ച്ച

വാസുദേവ്‌ പുളിക്കല്‍ Published on 22 July, 2015
ഡോ. നന്ദകുമാറിന്റെ നിരൂപണ ലേഖനങ്ങള്‍: വിചാരവേദിയില്‍  ചര്‍ച്ച
വിചാരവേദി ഏതാനും വര്‍ഷങ്ങളായി പല എഴുത്തുകാരുടേയും രചനകള്‍ ചര്‍ച്ച ചെയ്യുകയും അവരെ അനുമോദിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. നോവല്‍, ചെറുകഥ, കവിത, ഹാസ്യം, ലേഖനങ്ങള്‍ തുടങ്ങയവ വിചാരവേദി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വിചാരവേദിയുടെ സംരംഭങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നത്‌ എല്ലാ സാഹിത്യപ്രേമികളുടേയും സഹകരണം കൊണ്ടാണെന്ന്‌ അനുസ്‌മരിക്കുന്നു. ജുലൈ 11 - ന്‌ കെ. സി.എ. എന്‍ എ. വെച്ചു നടന്ന സാഹിത്യ സദസ്സില്‍ ഡോ. നന്ദകുമാര്‍ ചാണയിലിന്റെ നിരൂപണ ലേഖനങ്ങളാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടത്‌. ഇതൊരു വിരോധാഭാസമായി ചിലര്‍ക്ക്‌ തോന്നാം. അമേരിക്കന്‍ മലയാളസാഹിത്യ രംഗത്ത്‌ നിരൂപകര്‍ ഇല്ല ഇന്ന അഭിപ്രായം പടര്‍ന്ന്‌ പിടിച്ചിട്ടുണ്ട്‌. നിരൂപകരില്ലാത്ത അമേരിക്കന്‍ മലയാളസാഹിത്യം എന്ന പരിവേദനം സാഹിത്യസംഘടനകളും സാഹിത്യനായകന്മാരും ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌ നിരൂപണത്തിന്‌ അവാര്‍ഡ്‌ നേടിയ അമേരിക്കന്‍ മലയാളി എഴുത്തുകാരനെയാണ്‌.

നിരൂപണത്തിന്റെ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത്‌ അദ്ദേഹത്തിന്റെ നിരൂപണം വിലയിരുത്തി എഴുതിയത്‌ മികച്ച നിരൂപണമാണ്‌ എന്ന്‌ ഉറപ്പു വരുത്തിയതിനു ശേഷമാണല്ലോ അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. അപ്പോള്‍ അമേരിക്കന്‍ മലയാളസാഹിത്യ രംഗത്ത്‌ നിരൂപകരില്ല എന്നു പറയുന്നത്‌ വെറും അധരജല്‌പനമായി പരിണമിക്കുന്നു. ഗ്രന്ഥകാരന്‌ അനുകുലമായും പ്രതികൂലമായും ഉള്ള വിമര്‍ശനങ്ങളുണ്ട്‌. ഗ്രന്ഥകാരനെ പിന്താങ്ങി അനുകുലമായി ചെയ്യുന്ന വിമര്‍ശനം മണ്ഡനം, ഗ്രന്ഥകാരനെ ആക്ഷേപിച്ചുകൊണ്ട്‌ പ്രതികൂലമായി ചെയ്യുന്നത്‌ ഖണ്ഡനം. ഇവയെ നമ്മള്‍ ചിലപ്പോള്‍ നിരൂപണം എന്നും പറയും. നിരൂപണം കൃതിയെ പറ്റിയുള്ള റവ|, വിമര്‍ശനം മൂല്യനിര്‍ദ്ധാരണം. പക്ഷെ, ഈ രണ്ടു പദങ്ങളും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്‌. നിരൂപണത്തില്‍ പക്ഷപാതത്തിന്റെ നിറം കലര്‍ന്നിരിക്കും എന്ന്‌ പണ്ടു മുതലെ പറയുന്നുണ്ടെങ്കിലും നിരൂപണം നിഷ്‌പക്ഷമായിരുന്നില്ലെങ്കില്‍ വായനക്കാര്‍ വഴിതെറ്റിക്കപ്പെടും. (മാരാര്‍ക്ക്‌ വള്ളത്തോളിനോടും മുണ്ടശ്ശേരിക്ക്‌ ആശാനോടും ചായ്‌വ്വുണ്ടായിരുന്നു എന്ന ആക്ഷേപം കേട്ടിട്ടുണ്ട്‌)

ഡോ. എന്‍. പി. ഷീല മേരി ജോണ്‍ തോട്ടത്തിന്റെ യാത്രപറച്ചില്‍ എന്ന കവിത ചൊല്ലിയാണ്‌ പരിപാടി ആരംഭിച്ചത്‌. ഡോ. നന്ദകുമാറിന്റെ നിരൂപണ ലേഖനങ്ങളെ കുറിച്ച്‌ വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‌ന്നു വന്നു. വാക്കുകളുടെ ധാരാളിത്വമില്ലാതെ അനുയോജ്യമായ പദപ്രയോഗങ്ങളിലൂടെ പഠന വിധേയമാക്കുന്ന പുസ്‌തകങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥതലങ്ങളെ സ്‌പര്‍ശിച്ച്‌ സ്വന്തം രചനകള്‍ ഉല്‍കൃഷ്ടമാക്കുന്നതാണ്‌ ഡോ. നന്ദകുമാറിന്റെ രചനയുടെ മുഖമുദ്ര. പുസ്‌തകം പരിചയപ്പെടുത്തുമ്പോള്‍ ആരേയും വേദനിപ്പിക്കാത്ത അദ്ദേഹത്തിന്റെ രചനാശൈലി മന്ദസമീരനെപ്പോലെ വായനക്കാരെ തഴുകിപ്പോകുന്നു. സ്വഭാവശുദ്ധി സത്യസന്ധത, വിവേകം, അറിവ്‌, വിനയം, മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാനുള്ള സന്മനസ്സ്‌ മുതലായ ഗുണങ്ങള്‍ കൊണ്ട്‌ അനുഗൃഹീതനാണ്‌ ഡോ. നന്ദകുമാര്‍.

പ്രൊഫ. ജോസഫ്‌ ചെറുവേലിയുടെ പാസേജ്‌ റ്റു അമേരിക്ക എന്ന പുസ്‌തകത്തെ പറ്റി എഴുതിയ ലേഖനങ്ങളില്‍ പുസ്‌തകത്തിന്റെ അന്തസത്ത വെളിപ്പെടുത്തിക്കൊണ്ട്‌ അത്‌ മൂന്ന്‌ തലമുറകളുടെ ചരിത്രമാണെന്നും വരും തലമുറക്ക്‌ വേണ്ടി എഴുതിയതാണെന്നുമുള്ള നിരൂപകന്റെ കണ്ടെത്തല്‍ അഭിനന്ദിക്കപ്പെട്ടു. പുസ്‌തകാഭിപ്രായമല്ലെങ്കിലും ഹിന്ദുമതത്തിലെ ബഹുദൈവങ്ങളെ പറ്റി എഴുതിയ ലേഖനത്തില്‍ ഒരു നിരൂപകന്റെ മനസ്സ്‌ കാണാന്‍ സാധിക്കും. സാഹിത്യത്തില്‍ വിഷം കലര്‍ത്തുന്ന കാലമാണിത്‌.

എന്നാല്‍ നന്ദകുമാറിന്റെ ലേഖനങ്ങള്‍ വിഷമയമില്ലാത്ത തെളിനീരാണ്‌, ആര്‍ക്കും മനസ്സിലാകത്തക്കവണ്ണം ലളിതമാണ്‌. എഴുത്തിലെ നന്മകള്‍ കണ്ടെത്തി അവതരിപ്പിക്കുക എന്നതാണ്‌ നന്ദകുമാറിന്റെ നിരൂപണ ശൈലി. വിഷയവിശകലനവും വസ്‌തുനിഷ്‌ഠതയും നിരൂപണത്തിന്റെ മുഖമുദ്രകളാണ്‌ എന്നു തെളിയിക്കുന്നതാണ്‌ നന്ദകുമാറിന്റെ നിരൂപണങ്ങള്‍. എഴുത്തുകാരന്റെ വിചാരവികാരങ്ങളുമായി നിരൂപകന്‍ താദാത്മ്യം പ്രാപിക്കണമെന്നില്ല.

നിരൂപകന്റെ ചിന്താസരണിയില്‍ തെളിഞ്ഞു വരുന്ന സംഗതികള്‍?കുറിച്ചിടുമ്പോള്‍ അത്‌ കണ്ട്‌ എഴുത്തുകാരന്‌ വിസ്‌മയമുണ്ടാകാം. ചരിത്രവുമായ ബന്ധപ്പെട്ട നോവലുകള്‍ നിരൂപണം ചെയ്യുമ്പോള്‍ അത്‌ ചരിത്ര ആഖ്യായികായണോ നോവലാണോ എന്ന്‌ വേര്‍തിരിച്ചറിയാന്‍ നിരുപകന്‌ കഴിഞ്ഞില്ലെങ്കില്‍ നിരൂപണത്തില്‍ പാളിച്ച സംഭവിക്കും. ജോണ്‍ ഇളമതയുടെ മരണമില്ലാത്ത താഴ്‌വര എന്ന നോവലിന്‌ എഴുതിയ നിരൂപണണം പരാമര്‍ശിക്കപ്പെട്ടു. നിരൂപണം എന്ന്‌ തീര്‍ത്ത്‌ പറയാന്‍ ആ ശഖയോട്‌ കുറെക്കൂടി നിരൂപകന്‌  ചേര്‌ന്നു നില്‍ക്കാന്‍ സാധിക്കണം.

നന്ദകുമാറിന്റെ നിരൂപണങ്ങള്‍ വസ്‌തുനിഷ്‌ഠമാണെന്ന്‌ സി. ആന്‍ഡ്രൂസിന്റെ തോമായുടെ സുവിശേഷത്തിനെഴുതിയ നിരൂപണം വ്യക്തമാക്കുന്നു. ഈ സാഹസത്തിന്‌ മുതിരാന്‍ ഗ്രന്ഥകാരന്‌ എങ്ങനെ സാധിച്ചു എന്ന നിരൂപകന്റെ ഒറ്റ ചോദ്യത്തില്‍ ആ പുസ്‌തകത്തിന്റെ മൂല്യനിര്‍ദ്ധാരണം അടങ്ങിയിരിക്കുന്നു. ചെറിയാന്‍ ചാരുവിളയുടെ ലേഖനങ്ങള്‍ക്കെഴുതിയ നിരൂപണം ഉദാഹരണമായെടുത്ത്‌ നന്ദകുമാറിന്റെ നിരൂപണത്തിന്റെ നിഷ്‌പക്ഷതയും ആത്മാര്‍ത്ഥതയും ചൂണ്ടിക്കാണിക്കപ്പെട്ടു. രചനകള്‍ സൂക്ഷ്‌മതയോടെ വായിച്ച്‌ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി എഴുതുന്ന നിരൂപണങ്ങള്‍ അസ്വാദ്യകരവും വായനക്കാര്‍ക്ക്‌ ഗുണം ചെയ്യുന്നതുമാണ്‌.

ഇവിടത്തെ എഴുത്തുകാരുടെ പല രചനകളുടേയും അര്‍ത്ഥം മനസ്സിലാക്കാന്‍ നന്ദകുമാറിന്റെ നിരൂപണങ്ങള്‍ സഹായകമായിട്ടുണ്ട്‌. ശാന്തനും സൗമ്യനുമായ ഡോ. നന്ദകുമാര്‍ സമൂഹത്തിലെ അനീതികളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ്‌. ഗൗരവമായ പഠനത്തില്‍ സാത്വികഭാവം ഉല്‍ക്കൊണ്ടു കൊണ്ട്‌ എഴുതുന്ന നന്ദകുമാറിന്റെ സമഭാവന പ്രകീര്‍ത്തിക്കപ്പെട്ടു. നിരൂപണം എഴുത്തുകാരനെ തലോടലല്ല, രചനയിലെ ഗുണദോഷങ്ങള്‍?മനസ്സിലാക്കി നിഷ്‌പക്ഷമായി അവതരിപ്പിക്കലാണ്‌.

നന്ദകുമാര്‍ നിരൂപണത്തെ പറ്റി പലകാര്യങ്ങളും പഠിക്കുകയും ആ രംഗത്ത്‌ ഇനിയും വളരുകയും ചെയ്യേണ്ടിയിരിക്കുന്നു. വായനക്കാര്‍ക്ക്‌ കണ്ടെത്താന്‍ സാധിക്കാത്ത തലങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്ന നിരൂപകന്‍ വായനക്കാരനേക്കാളും എഴുത്തുകാരനേക്കാളും അപ്പുറത്ത്‌ നില്‌ക്കുന്നു. രചനകള്‍ എല്ലാം നല്ലതെന്ന്‌ പറയുന്ന നിലപാട്‌ ആസ്വാദനത്തിന്റേതല്ലാതെ നിരൂപണത്തിന്റെ തലത്തിലേക്ക്‌ എത്തിക്കുന്നില്ല. ജോണ്‍ ഇളമതയും എല്‍സി യോഹന്നാന്‍ ശങ്കരത്തിലും അയച്ചു തന്ന അനുമോദനക്കുറിപ്പുകള്‍ വായിച്ചു. കവിത എങ്ങനെ ചൊല്ലണമെന്ന്‌ മനസ്സിലാകും വിധം സന്തോഷ്‌ പാല സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത ചൊല്ലി.

വാസുദേവ്‌ പുളിക്കല്‍, പ്രൊഫ. ജോസഫ്‌ ചേറുവേലി, ജോസ്‌ കാടാപുറം, ജോസ്‌ ചെരിപുറം, ജോണ്‍ വേറ്റം, ബാബു പാറക്കല്‍, മോണ്‍സി കൊടുമണ്‍, വര്‍ഗീസ്  ചുങ്കത്തില്‍, വിനോദ്‌ കെയാ
ര്‍കെ, സന്തോഷ്‌ പാല, ഡോ. എന്‍. പി. ഷീല, , സാംസി കൊടുമണ്‍, രാജു തോമസ്‌, ജോര്‍ജ്‌ കോടുകുളഞ്ഞി മുതലായവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചത്‌.

പൂസ്‌തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട്‌ താന്‍ എഴുതിയ ലേഖനങ്ങള്‍ പുസ്‌തകം വായിച്ച്‌ മനസ്സിലാക്കി വിശകലനം ചെയ്‌തയപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായങ്ങളാണെന്ന്‌ നന്ദകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇങ്ങനെ ഒരു ചര്‍ച്ച ഒരുക്കിയ വിചാരവേദിക്കും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും മറ്റു സദസ്യര്‍ക്കും നന്ദി പറഞ്ഞതോടൊപ്പം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന വിചാരവേദിയുടെ സംരംഭങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു.
ഡോ. നന്ദകുമാറിന്റെ നിരൂപണ ലേഖനങ്ങള്‍: വിചാരവേദിയില്‍  ചര്‍ച്ചഡോ. നന്ദകുമാറിന്റെ നിരൂപണ ലേഖനങ്ങള്‍: വിചാരവേദിയില്‍  ചര്‍ച്ച
Join WhatsApp News
andrew 2015-07-27 09:57:07
Great job and well done -Vijaravedi friends and  Dr. Nandakumar.
Best wishes for the coming years.
Miss you all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക