Image

ഒന്‍പതാമത് മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ നോര്‍ത്ത് അമേരിക്ക.

Published on 27 July, 2015
ഒന്‍പതാമത് മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ നോര്‍ത്ത് അമേരിക്ക.
അമേരിക്കയിലെ മലങ്കര കത്തോലിക്കാ വിശ്വാസികളുടെ സഭാത്മക കൂട്ടായ്മകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍. അമേരിക്കയിലെ മലങ്കര സമൂഹങ്ങളുടെ ഔദ്യോഗിക രൂപീകരണത്തിന് ശേഷം നടക്കുന്ന 9-ാമത് കണ്‍വെന്‍ഷനാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്ത് 6 മുതല്‍ 9 വരെ വെര്‍ജീനിയായിലെ ലിസ്ബര്‍ഗ് എന്ന സ്ഥലത്തുള്ള അതിമനോഹരവും വിശാലവുമായ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഇപ്രകാരമൊരു കുടുംബകൂടിവരവിന് അത്യുത്തമവും അനേകം സൗകര്യങ്ങളുമുള്ള ഒരു സംവിധാനമാണ് കണ്‍വെന്‍ഷന് വേദിയായി ലഭിച്ചിരിക്കുന്നത്.

മലങ്കര  കാത്തോലിക്കാ സഭാ പൈതൃകവും സംസ്‌കാരിക മൂല്യങ്ങളും അമേരിക്കയുടെ തനതായ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഗൗരവമായ ധ്യാനത്തിനും പഠനത്തിനും വിഷയമാക്കുന്നതിനും ഈ മൂല്യങ്ങള്‍ വിശാലമായ സഭാകൂട്ടായ്മയില്‍ തീവ്രമായി അനുഭവിക്കുന്നതിനും ആഘോഷിക്കുന്നതിനും ഉള്ള വേദിയാണ് പ്രധാനമായും കണ്‍വെന്‍ഷനുകള്‍. ഇത് സാധ്യമാക്കുന്നത് സഭാരാധാനയുടെ അര്‍ത്ഥപൂര്‍ണ്ണമായ ആഘോഷത്തിലൂടെയും, പ്രസക്തമായ ക്ലാസ്, ചര്‍ച്ച ഇവകളിലൂടെയും, വൈവിധ്യമാര്‍ന്ന ഉല്ലാസാവസരങ്ങളിലുടെയും, സര്‍ഗ്ഗശേഷിയുടെ ക്രിയാത്മക പങ്കുവെയ്ക്കലിലൂടെയും,  ഊഷ്മളമായ കൂട്ടായ്മാനുഭവത്തിലൂടെയുമാണ്. ഇതിനൊക്കെയുള്ള ധാരാളം അവസരങ്ങള്‍ കണ്‍വെന്‍ഷന്‍ സമ്മാനിക്കുന്നു. എല്ലാ ദിവസവും ആഘോഷമായ സമൂഹബലിയും സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകളും അര്‍ത്ഥവത്തായ ആഘോഷവും ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ പ്രോഗ്രാം ക്രമീകരിക്കുന്നത് ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ കേന്ദ്രീകൃതമാക്കിയാണ്. തദനുസരണം, ഒന്‍പതാമത് കണ്‍വെന്‍ഷന്റെ പ്രധാനപ്രമേയം കുടുംബം ആണ്. ആഗോള കാത്തോലിക്കാ സഭയില്‍ ഏതാനും വര്‍ഷങ്ങളായി വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. 2012 -ല്‍ പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2015-ലെ സാധാരണ സിനഡിന്റെ വിഷയം കുടുംബം ആയിരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. പിന്നീടു വന്ന പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ  ഈ വിഷയം ചര്‍ച്ച ചെയ്യുവാന്‍ 2014-ല്‍ ഒരു പ്രത്യേക സിനഡ് വിളിച്ച് കൂട്ടുകയുണ്ടായി. ഇതില്‍ നിന്നും ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത നാം മനസ്സിലാക്കുന്നു.

നാം ജീവിക്കുന്ന സംസ്‌കാരത്തില്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന സാമൂഹികസ്ഥാപനം 'കുടുംബം' തന്നെയാണ്.കുടുംബത്തിന്റെയും അതിന്റെ രൂപീകരണത്തിന് നിദാനമായ വിവാഹത്തിന്റെയും അര്‍ത്ഥം തന്നെ സമൂലമായി പുനര്‍വ്യാഖ്യാനിക്കപ്പെടുന്നു. ഇത് മനുഷ്യസമൂഹത്തിന്റെയും അതിന്റെ  ഭാവിയുടെയും അടിസ്ഥാനത്തെത്തന്നെ ഇളക്കുവാന്‍ പര്യാപ്തമായ പ്രവണതയാണ്. സനാതനവും പാവനവുമായ കുടുംബമൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കാത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ആദ്യദളങ്ങള്‍ മുളപൊട്ടേണ്ടത് അമ്മയുടെ ഉദരത്തില്‍ വെച്ചാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. 

മാതാപിതാക്കളുടെ ദൈവസ്‌നേഹവും കുടുംബത്തിലെ വിശ്വാസാന്തരീക്ഷവുമാണ് ഒരു ശിശുവിന്റെ നൈസര്‍ഗികമായ ദൈവാഭിമുഖ്യം വിശ്വാസമായി വളരുവാന്‍ സഹായിക്കുന്ന അടിസ്ഥാനഘടകങ്ങള്‍. വിശ്വാസവും, ദൈവസ്‌നേഹവും, പ്രാര്‍ത്ഥനാഭിമുഖ്യവും, സഭാത്മകമൂല്യങ്ങളുമൊക്കെ ഒരു വ്യക്തി സംശീകരിക്കേണ്ടത് പ്രധാനമായും മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമാണ്. ഈ പാശ്ചാത്തലത്തില്‍, നമുക്ക് പൈതൃകമായി ലഭിച്ച ഏറ്റവും വലിയ സ്വത്തായ വിശ്വാസം, അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാനുള്ള നമ്മുടെ അടിസ്ഥാന ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും ഈ കണ്‍വെന്‍ഷന്‍.

ദൈവം ഭൂമിക്കു നല്‍കുന്ന ഏറ്റവും മഹത്തായ ദാനമാണ് മനുഷ്യജീവന്‍. ഈ ജീവന്‍ മുളയെടുക്കേണ്ട പരിരക്ഷിക്കപ്പടേണ്ട മദ്ബഹായാണ് കുടുംബം.  വിവാഹത്തിന്റെ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ, കുടുംബത്തിന്റെ അടിസ്ഥാനസ്വഭാവം ജീവനോടുള്ള തുറവിയാണ്. വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭഛിദ്രവും, സ്വവര്‍ഗ്ഗരതിയും, വിവാഹത്തിന്റെ വിചിത്രമായ പുനര്‍നിര്‍വ്വചനവുമൊക്കെ മനുഷ്യജീവന്റെ പരിപാവനതയും അതിന്റെ സാധ്യതയെയും തന്നെ ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ദാരുണമായി അപായപ്പെടുത്തുന്നു. നമ്മുടെ കുടുംബങ്ങള്‍ മനുഷ്യജീവന്റെ ശ്രേഷ്ഠമായ ശ്രോതസ്സും, ജീവന്റെ മൂല്യവും പാവനതയും ഗര്‍ഭപാത്രം മുതല്‍ അതിന്റെ സ്വാഭാവിക അന്ത്യം വരെ പരിരക്ഷിക്കുന്ന അള്‍ത്തരകങ്ങളും ആയിരിക്കണം എന്ന സന്ദേശത്തിന്റെ ശക്തമായ പ്രഘോഷണമാകും ഈ കണ്‍വെന്‍ഷന്‍.

ഉന്നതരായ ഒരു പറ്റം സഭാശ്രേഷ്ഠരുടെയും വിദഗ്ദരുടെയും സാന്നിദ്ധ്യം ഈ കണ്‍വെന്‍ഷനെ സവിശേഷമാക്കുന്നു. മലങ്കര കാത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനായ  മൊറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാത്തോലിക്കാ ബാവ, വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് അത്യുന്നത കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വേള്‍, വാഷിംഗ്ടണ്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് അത്യുന്നത കര്‍ദ്ദിനാള്‍ തിയോഗാര്‍ മക്കാറിക്, ആര്‍ലിങ്ങ്ടണ്‍ രൂപതാമെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, പത്തനംതിട്ട രൂപതാ മെത്രാന്‍ അഭിവന്ദ്യയൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തിരുവല്ലാ അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മുതലായ സഭാ മേലദ്ധ്യക്ഷന്മാര്‍ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഇടപെടല്‍ കൊണ്ടും കണ്‍വെന്‍ഷനെ ധന്യമാക്കുന്നു.

അഞ്ചു വിഭാഗങ്ങളിലായിട്ടാണ് ക്ലാസുകളും ചര്‍ച്ചകളും നടക്കുക-മുതിര്‍ന്നവര്‍, ചെറുപ്പക്കാരായ ദമ്പതികള്‍, യുവജനങ്ങള്‍, മുതിര്‍ന്ന സകൂള്‍ കുട്ടികള്‍, ചെറിയ കുട്ടികള്‍. ഈ അഞ്ചു വിഭാഗങ്ങള്‍ക്കും ക്ലാസുകള്‍ നയിക്കുവാന്‍ പ്രഗത്ഭരുടെ വിദഗ്ദ്ധരുടെയും ഒരു നിര തന്നെ ലഭ്യമാണ്. പ്രശസ്തവേദ പുസ്തകപണ്ഡിതനും വാഗ്മിയുമായ ഫാദര്‍ ജോസഫ് പാംപ്ലാനി, കുടുംബ കൗണ്‍സിലര്‍ ഡോക്ടര്‍ എബ്രഹാം ഓറപ്പാങ്കല്‍, യുവജനവിദഗ്ദ്ധരായ ഫാദര്‍ ടോം ബെറ്റ്‌സ്, മിസ് കരോളിന്‍ ഡിര്‍ക്, ഡോക്ടര്‍ മനോജ് മാത്യൂ, മിസ്റ്റര്‍ ബിനു ഏബ്രഹാം മിസ്റ്റര്‍ രാജേഷ് ജേക്കബ് മുതലായവരാണ് വിവിധ വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ നയിക്കുന്നത്.

അംഗങ്ങളുടെ സര്‍ഗ്ഗവാസനയുടെ പ്രകടനത്തിനായി മൂന്നു ദിവസവും കലാസന്ധ്യകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം സണ്‍ഡെ സ്‌കൂള്‍ കുട്ടികളും രണ്ടാം ദിവസം യുവജനങ്ങളും കലാപരിപാടികള്‍ അവതരിപ്പിക്കും. മൂന്നാം ദിവസം സംബന്ധിക്കുന്ന ഇടവകകളിലെ മുഴുവന്‍ അംഗങ്ങളുടെയും ഭാഗഭാഗിത്വം ഉറപ്പാക്കിക്കൊണ്ടുള്ള കലാസന്ധ്യയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ കണ്‍വെന്‍ഷന്റെ മറ്റൊരു പ്രധാനയിനം, കഴിയുന്നത്ര അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു ക്വിസ് മത്സരമാണ്. കൂടാതെ, കായിക മത്സരങ്ങള്‍ക്കുള്ള അവസരവും തയ്യാറാക്കിയിട്ടുണ്ട്.
ഏതാണ്ട് 800 ഓളം അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ ഇതിനോടകം റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അമേരിക്കയിലെ എല്ലാ മലങ്കര കത്തോലിക്കാ ഇടവകകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അഭിവന്ദ്യ കാത്തോലിക്കാ ബാവായുടെയും മറ്റ് നാല് മലങ്കര കാത്തോലിക്കാ മെത്രാന്മാരുടെയും സാന്നിദ്ധ്യം കണ്‍വെന്‍ഷനില്‍ ഉടനീളമുണ്ട്. 25 വൈദികര്‍, 24 സന്യാസിനികള്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു. കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എക്‌സാര്‍ക്കേറ്റ് വികാരി ജനറല്‍ വന്ദ്യ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കൊച്ചേരി കോ-ചെയര്‍മാനായും ബഹു.അഗസ്റ്റിന്‍ മംഗലത്ത് ജനറല്‍ കണ്‍വീനറായും, എക്‌സാര്‍ക്കേറ്റ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായും കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു. ധാരാളം സമയവും അദ്ധ്വാനവും വിഭവങ്ങളും ചിലവിട്ട് സജ്ജീകരിക്കുന്ന ഈ കണ്‍വെന്‍ഷന്‍, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ക്രൈസ്തവസമര്‍പ്പണത്തിന്റെയും സഭാത്മക കൂട്ടായ്മയുടെയും, കുടുംബമൂല്യങ്ങളുടെയും ധന്യവും അവിസ്മരണീയവുമായ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

9-ാമത് മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍ 2015 

വിശിഷ്ടാതിഥികള്‍

മോറാന്‍ മോര്‍ ബസേലിയോസ് കാര്‍ഡിനല്‍ ക്ലിമിന്‍സ് കാത്തോലിക്കാ ബാവ 
അത്യുന്നത കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വേള്‍ 
അത്യന്നത കര്‍ദ്ദിനാള്‍ മക്കാറിക്
അഭിവന്ദ്യ തോമസ് മോമ യൗസേബിയോസ്
അഭിവന്ദ്യ ഗീവര്‍ഗീസ് മോമ ദിവനാസിയോസ്
അഭിവന്ദ്യ യൂഹാന്നോന്‍ മോമ ക്രിസോസ്റ്റം
അഭിവന്ദ്യ ഫിലിപ്പോസ് മോമ സതേഫാനോസ്
അഭിവന്ദ്യ പോള്‍ ലഹെര്‍ദെ

ക്ലാസുകള്‍ നയിക്കുന്നവര്‍

റവ.ഡോ.ജോസഫ് പാംപ്ലാനി
റവ.ഡോ.എബ്രഹാം ഒറപ്പാങ്കല്‍
റവ.തോമസ് ബെറ്റ്‌സ് 
ഡോ.മനോജ് മാത്യൂ
എം.എസ്.കരോളിന്‍ ഡിര്‍ക്‌സ് 

കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങള്‍

മൂന്ന് രാത്രികളിലെ കലാപരിപാടികള്‍ ചിരിയരങ്ങ്
വിശ്വാസ പഠനവേദികള്‍
പാനല്‍ ചര്‍ച്ചകള്‍
യുവജനസംഗമം
സുവിശേഷ പ്രസംഗം
ക്വിസ് മത്സരം
സാംസ്‌കാരിക ഘോഷയാത്രയും പൊതു സമ്മേളനവും
ഒന്‍പതാമത് മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ നോര്‍ത്ത് അമേരിക്ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക