Image

അബ്ദുള്‍ കലാമിനെ വിമര്‍ശിക്കുന്നവരോട്...(ജയമോഹനന്‍ എം)

Published on 29 July, 2015
അബ്ദുള്‍ കലാമിനെ വിമര്‍ശിക്കുന്നവരോട്...(ജയമോഹനന്‍ എം)
അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ അബ്ദുള്‍ കലാം ഇതിഹാസ തുല്യമായ ഓര്‍മ്മയായി മാറി കഴിഞ്ഞു. ഭാരതം ഈ വിയോഗത്തെയോര്‍ത്ത് വിതുമ്പുമ്പോഴും എതിര്‍ ശബ്ദങ്ങള്‍ക്ക് കുറവില്ല. പ്രത്യേകിച്ചും ചില ഇസ്ലാമിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും വിമര്‍ശനങ്ങള്‍ സാഹചര്യത്തിനും അവസരത്തിനും യഥാര്‍ഥ്യത്തിനും നിരക്കാത്തതായി മാറിയിരിക്കുന്നു.

അബ്ദുള്‍ കലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്തായതിനാല്‍ അദ്ദേഹം ഹൈന്ദവ ഫാസിസ്റ്റുകളുടെ കുഴലൂത്തുകാരനായിരുന്നുവെന്ന് ഒരു വിമര്‍ശനം. സായിബാബയെയും അമൃതാനന്ദമയിയെയും സന്ദര്‍ശിച്ചിട്ടുള്ള കലാം എങ്ങനെ ശാസ്ത്രഞ്ജനാകും എന്നാണ് ചിലരുടെ വാദം. മറ്റു ചിലര്‍ ഗുജറാത്ത് കലാപ കാലത്ത് അദ്ദേഹം മൗനിയായിരുന്നു എന്ന് വിമര്‍ശിക്കുന്നു.

ഇസ്ലാം മതമൂല്യങ്ങളെ അദ്ദേഹം മുറകെ പിടിച്ചില്ല എന്നതാണ് മറ്റൊരു വിമര്‍ശനം.
എന്നാല്‍ അബ്ദുള്‍ കലാമിന്റെ മഹത്വം തിരിച്ചറിയാത്തവരാണ് ഇത്തരം മണ്ടത്തരങ്ങള്‍ പുലമ്പുന്നത് എന്നേ പറയാനുള്ളു. സാധാരണത്വം നിറഞ്ഞ ചുറ്റുപാടുകളില്‍ ജനിച്ച് രാജ്യത്തിന്റെ അഭിമാനമായ ടെക്‌നോക്രാറ്റിലേക്കും ശാസ്ത്രഞ്ജനിലേക്കും അധ്യാപകനിലേക്കുമുള്ള കലാമിന്റെ വളര്‍ച്ചയും വഴിയുമറിയാത്തവരാണ് ഇന്ന് അദ്ദേഹത്തിനെതിരെ പുലമ്പുന്നത്.

ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി ഹെലികോപ്ടറുകള്‍ ഡിസൈന്‍ ചെയ്താണ് അബ്ദുള്‍ കലാം അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്ന അബ്ദുള്‍ കലാം ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എല്‍.വി മൂന്നിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു.
1970ലും 90ലും വിജയകരമായി പരീക്ഷിച്ച പി.എസ്.എല്‍.വി, എസ്.എല്‍.വി പ്രോജക്ടുകളുടെ പിന്നിലും അബ്ദുള്‍ കലമായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് എസ്.എല്‍.വിയുടെ സാങ്കേതിക അടിത്തറയില്‍ ബാലസ്ടിക് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള ഗവണ്‍മെന്റിന്റെ ഔദ്യോഗിക അംഗീകാരം ഇല്ലെങ്കില്‍ പോലും ഇന്ദിരാഗാന്ധിയുടെ രഹസ്യസഹായമുണ്ടായിരുന്നു.

പ്രതിരോധ മന്ത്രിയായിരുന്ന ആര്‍.വെങ്കിട്ടരാമന്റെ നിര്‍ദ്ദേശ പ്രകാരം അബ്ദുള്‍ കലാമും ഡോക്ടര്‍ വി.എസ് അരുണാചലവും ഇന്റിഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പോഗ്രാം പദ്ധതി ആരംഭിക്കുകയും അബ്ദുള്‍ കലാം അതിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയിരിക്കുകയും ചെയ്തു.
ഇന്ത്യയുടെ മിസൈല്‍ പദ്ധതികള്‍ക്ക് വര്‍ഷങ്ങളോളം ചുക്കാന്‍ പിടിച്ചത് ഡോക്ടര്‍ അബ്ദുള്‍ കലമായിരുന്നു. അഗ്നി, പ്രിഥ്വി മുതലായ മിസൈലുകള്‍ വികസിപ്പിച്ചത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്.

1992മുതല്‍ 99വരെ ഡി.ആര്‍.ഡി.ഒയുടെ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ മുഖ്യ സയന്റിഫിക്ക് അഡൈ്വസറുമായിരുന്നു. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തോടെ അബ്ദുള്‍ കലാം ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ആണവ ശാസ്ത്രഞ്ജന്‍മാരില്‍ ഒരാളിയ മാറി.

2012ല്‍ അബ്ദുള്‍ കലാം ഡോക്ടര്‍സോമരാജുമായി ചേര്‍ന്ന് ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഒരു ടാബ്ലറ്റ് പി.സി കണ്ടുപിടിക്കുന്നു. അത് ഇന്ന് കലാം - രാജു ടാബ്ലറ്റ് എന്ന് അറിയപ്പെടുന്നു.

പ്രസിദ്ധീകരിച്ച പതിമൂന്നോളം പുസ്തകങ്ങള്‍, അതില്‍ സ്വന്തം ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെക്കുന്നവ മുതല്‍ 2020 - എ വിഷന്‍ ഫോര്‍ ദി ന്യൂ മിലേനിയം പോലെ ഇന്ത്യയുടെ ഭാവിയെ പറ്റി തനിക്കുള്ള ആശയങ്ങളും പങ്കുവെക്കുന്നു. ഒപ്പം ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും നടത്തിയ പ്രഭാഷണങ്ങള്‍. ക്ലാസുകള്‍. തലമുറകള്‍ക്ക് പ്രചോദനകരമായ നിരവധി വാക്കുകള്‍....

എല്ലാത്തിനും ഉപരിയായി ഇത്രയും ഉന്നതമായ അവസഥകളില്‍ എത്തിയപ്പോഴും ഒരു ശരാശരി മനുഷ്യനില്‍ കാണാവുന്ന തരത്തിലുള്ള യാതൊരു കളങ്കവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇല്ലായിരുന്നു. തീര്‍ത്തും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിത്വം.

ഇത്രയും ഉന്നതമായ വസ്തുതകള്‍ അബ്ദുള്‍ കലാമിന് ഉണ്ടായിരിക്കുമ്പോഴും അതൊന്നും ചര്‍ച്ച ചെയ്യാതെ കലാം അമ്പലത്തില്‍ പോകുമായിരുന്നു അമൃതാനന്ദമയിയെ കാണുമായിരുന്നു എന്നൊക്കെയുളള വിമര്‍ശനം നടത്തുന്നത് തീര്‍ത്തും വിലകുറഞ്ഞ കാര്യമാണ്.

സത്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയ് രാഷ്ടപതിയാവാന്‍ അബ്ദുള്‍ കലാമിനെ ക്ഷണിക്കുന്നതിന് മുമ്പു തന്നെ ഇന്ദിരാഗാന്ധി മുതല്‍ നരസിംഹറാവു വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രീയങ്കരനായിരുന്നു അബ്ദുള്‍ കലാം.

ഇനി ഗുജറാത്ത് കലാപകാലത്തെ കാര്യം. യാതൊരു രാഷ്ട്രീയ ഇടപെടലും ഇല്ലാതെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഒരു ടെക്‌നോക്രാറ്റായിരുന്നു ഗുജറാത്ത് കലാപകാലത്ത് അബ്ദുള്‍ കലാം. ആ സമയം അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളില്‍ പ്രസ്താവനകള്‍ നടത്തുന്ന ഒരു സ്ഥാനത്തായിരുന്നില്ല ഉണ്ടായിരുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഹിന്ദുത്വ അജണ്ടക്കായി എഴുതുകയോ സംസാരിക്കുകയോ കലാം ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.

ഇനി സായിബാബയെ കണ്ടതും അമൃതാനന്ദമയിയെ കണ്ടതുമാണെങ്കില്‍ അത് തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം മാത്രമാണല്ലോ. അതെങ്ങനെയാണ് ഒരു മനുഷ്യനെ വിമര്‍ശിക്കാനുള്ള കാരണമാകുന്നത്.

യഥാര്‍ഥത്തില്‍ കലാമിന് നേരെ ഉയരുന്ന സൈബര്‍ സഖാക്കളുടെയും വിപ്ലവകാരികളുടെയും വിമര്‍ശനങങള്‍ പുരോഗമനമല്ല തികച്ചും പ്രതിലോമകരം മാത്രമാണ്. ഏറ്റവും കുറഞ്ഞത് ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം മറിച്ച് നമ്മെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം എന്ന് പറഞ്ഞു പഠിപ്പിച്ച വലിയ മനുഷ്യന്റെ ദീര്‍ഘ വീക്ഷണങ്ങളെയെങ്കിലും അംഗീകരിക്കുക. കാരണം എ.പി.ജെ അബ്ദുള്‍ കലാം തലമുറകള്‍ക്ക് മാര്‍ഗദീപം തന്നെയായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും.
അബ്ദുള്‍ കലാമിനെ വിമര്‍ശിക്കുന്നവരോട്...(ജയമോഹനന്‍ എം)
Join WhatsApp News
George V 2015-07-29 05:04:02
മത തീവ്ര വാദികളുടെ വിമർശനങ്ങലെകാൽ വേദനിപ്പിച്ചത് ശ്രീ അച്ചുതാനന്ദൻ ഒരിക്കൽ തമാശ പറഞ്ഞതാണ്, 'മുകളിലേക്ക് വാണം വിടുന്ന വിദ്വാൻ'. അതും കേരളത്തിന്റെ വികസനവും ആയി ബന്ദപ്പെട്ട ശ്രീ കലാമിന്റെ ഒരു പ്രസ്താവന ഇഷ്ടപ്പെടാതെ വന്നപ്പോൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക