Image

പ്രേമത്തോട്‌ കമലിനെന്താണിത്ര കലിപ്പ്‌

ജയമോഹനന്‍ എം Published on 27 July, 2015
പ്രേമത്തോട്‌ കമലിനെന്താണിത്ര കലിപ്പ്‌
മാങ്ങയുള്ള മാവിലേ കല്ലെറിയു എന്ന പഴഞ്ചൊല്ല്‌ അന്വര്‍ഥമാക്കുന്നതാണ്‌ പ്രേമം സിനിമക്ക്‌ നേരെയുള്ള വിമര്‍ശനങ്ങള്‍. മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ ഗണത്തിലേക്ക്‌ പ്രേമം കടന്നു കയറിയപ്പോഴും വിമര്‍ശനങ്ങള്‍ക്ക്‌ കുറവൊന്നുമില്ല. `ഈ പ്രേമം സിനിമയിലെന്തോന്ന്‌ പ്രേമം ഇരിക്കുന്നു എന്നു വരെ വിമര്‍ശനങ്ങള്‍ കടത്തു'. ഈ പ്രേമം കാണുന്ന തലമുറയ്‌ക്ക്‌ എന്തിന്റെ കുഴപ്പമാണ്‌ എന്ന്‌ ചോദിച്ചു കൊണ്ട്‌ കടന്നു വന്നത്‌ ഗായകന്‍ ജി.വേണു ഗോപാലാണ്‌.

എന്നാല്‍ ഏറ്റവും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്‌ സംവിധായകന്‍ കമലാണ്‌. പ്രേമം അപകടകരമാണെന്നും പുതു തലമുറയെ വഴിതെറ്റിക്കുന്നതാണെന്നുമാണ്‌ കമലിന്റെ വിമര്‍ശനം. ഒപ്പം പ്രേമത്തിന്റെ അണിയറക്കാരെ അങ്ങേയറ്റം വിമര്‍ശിക്കുന്ന തരത്തില്‍ പ്രേമത്തിന്റെ വ്യാജസിഡി വിവാദത്തെയും കമല്‍ വിമര്‍ശിക്കുന്നു. വ്യാജ സിഡി പുറത്തുവരുന്നത്‌ ആദ്യ സംഭവമൊന്നുമല്ലെന്നും പ്രേമത്തിന്റെ അണിയറക്കാര്‍ ഇതൊക്കെ അനാവശ്യ വാര്‍ത്തയും വിവാദവുമാക്കിയെന്നുമാണ്‌ കമലിന്റെ അഭിപ്രായം.

പ്രേമത്തില്‍ നായകന്‍ ജോര്‍ജ്ജ്‌ അയാളുടെ ടീച്ചറായ മലരിനെ പ്രണയിക്കുന്നതിനെയും പിന്നെ ക്ലാസില്‍ വെള്ളമടിക്കുന്നതുമെല്ലാം കമല്‍ വിമര്‍ശിക്കുകയാണ്‌. ഇതൊന്നും നമ്മുടെ സംസ്‌കാരത്തിന്‌ ചേര്‍ന്നതല്ലെന്നും യുവതലമറുയെ വഴിതെറ്റിക്കുമെന്നുമാണ്‌ കമല്‍ രോഷം കൊള്ളുന്നത്‌.

അല്ലയോ കമല്‍സാര്‍. ഒരു കാര്യം ചോദിച്ചോട്ടെ, താങ്കളുടെ മഴയെത്തും മുന്‍പേ എന്ന സിനിമയില്‍ നായകനായ കോളജ്‌ പ്രൊഫസര്‍ നന്ദകുമാര്‍ വര്‍മ്മയെ (മമ്മൂട്ടി) അയാളുടെ ക്ലാസിലെ വിദ്യാര്‍ഥിനി ശ്രുതി പ്രണയിക്കുന്നുണ്ട്‌. അധ്യാപികയെ വിദ്യാര്‍ഥി പ്രണയിക്കുന്നത്‌ പോലെ തന്നെ പ്രശ്‌നമാകില്ലേ സാര്‍ വിദ്യാര്‍ഥിനി അധ്യാപകനെ പ്രണയിക്കുന്നത്‌. പിതാവിന്‌ തുല്യം കാണേണ്ട അധ്യാപകനെ പ്രണയിക്കുന്ന വിദ്യാര്‍ഥിനിയുടെ കഥ സിനിമയാക്കുന്നതിന്‌ സാറിനില്ലാത്ത വൈക്ലബ്യം എന്തിനാണ്‌ പ്രേമം സിനിമ കാണുമ്പോഴുണ്ടാകുന്നത്‌.

പിന്നെ ക്ലാസില്‍ കയറി വെള്ളമടിക്കുന്ന കാര്യം. പ്രേമം സിനിമയില്‍ ക്ലാസില്‍ കയറി വെള്ളമടിക്കുന്ന രംഗങ്ങള്‍ ഏത്‌ ചെറുപ്പക്കാരനെയും പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. പക്ഷെ ഇത്‌ മലയാള സിനിമയിലെ പുതിയ സംഭവമൊന്നുമല്ലല്ലോ സാര്‍. മോഹന്‍ലാല്‍ എന്ന നടന്റെ താരപരിവേഷത്തില്‍ വെള്ളമടിച്ച്‌ എന്തും ചെയ്യുന്ന പൂവള്ളി ഇന്ദുചൂഡന്‍ സ്റ്റൈല്‍ കഥാപാത്രങ്ങള്‍ക്ക്‌ വലിയ പങ്കായിരുന്നില്ലേ ഉണ്ടായിരുന്നത്‌. താങ്കളുടെ തന്നെ അയാള്‍ കഥയെഴുതുകയാണ്‌ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു മുഴുക്കുടിയനായിട്ടല്ലേ അഭിനയിക്കുന്നത്‌. വെള്ളമടിയെ ഗ്ലോറിഫൈ ചെയ്യുകയും ആസ്വദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സിനിമ തന്നെയല്ലേ സാര്‍ പറഞ്ഞു വരുമ്പോള്‍ അയാള്‍ കഥയെഴുതുകയാണ്‌ എന്ന സിനിമയും.

അതെ, അങ്ങനെ തന്നെയാണ്‌. എന്ന്‌ ഇക്കാലമത്രയും താങ്കള്‍ക്ക്‌ തോന്നാതിരുന്ന വെള്ളമടി പ്രശ്‌നം പ്രേമം സിനിമയില്‍ മാത്രമായിട്ടെങ്ങനെ തോന്നി. അപ്പോള്‍ പ്രശ്‌നം മദ്യപാനമോ, ക്ലാസിലിരുന്ന്‌ മദ്യപാനമോ അല്ല. താങ്കളിലെ കാരണവര്‍ക്ക്‌ പുതുതലമുറക്കാരുടെ പുതിയ സിനിമ അല്‌പം പോലും പിടിക്കുന്നില്ല എന്നതാണ്‌ കാരണം.

മുമ്പ്‌ മേജര്‍ രവി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചപ്പോള്‍ മേജര്‍ രവിയെ വിമര്‍ശിക്കാന്‍ മുമ്പില്‍ നിന്നയാളാണ്‌ കമല്‍. കലാകാരന്‍മാര്‍ വിഗ്രഹാരാധകരല്ല വിഗ്രഹങ്ങള്‍ തച്ചു തകര്‍ക്കുന്നവരാണ്‌ എന്നാണ്‌ അന്ന്‌ താങ്കള്‍ പറഞ്ഞത്‌. പെരുമാള്‍ മുരുകന്‍ എന്ന തമിഴ്‌ നോവലിസ്റ്റിന്റെ നോവല്‍ ഹിന്ദു സംഘടനകളുടെ ആവശ്യപ്രകാരം നിരോധിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ച വ്യക്തിയാണ്‌ താങ്കള്‍. ആവിഷ്‌കാര സ്വാതന്ത്ര്യം ഏത്‌ സാഹചര്യത്തിലും ഉണ്ടാവേണ്ടതാണ്‌. സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചെറുക്കാന്‍ പാടില്ല എന്നാണ്‌ താങ്കള്‍ അന്ന്‌ പറഞ്ഞത്‌.

എന്നിട്ട്‌ അല്‍ഫോണ്‍സ്‌ പുത്രന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ താങ്കള്‍ എന്തുകൊണ്ട്‌ പ്രശ്‌നവല്‍കരിക്കുന്നു. ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത എന്നൊക്കെ പറയുന്നത്‌ താങ്കള്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ പുരോഗമന പരമായി കാണുകയും അതിന്‌ സൗഹൃദത്തിന്റെ മാനങ്ങള്‍ നല്‍കുകയും വേണം. അങ്ങനെയെങ്കില്‍ മലര്‍ എന്ന ടീച്ചറെ ജോര്‍ജ്ജ്‌ എന്ന വിദ്യാര്‍ഥി പ്രേമം സിനിമയില്‍ പ്രേമിക്കുന്നത്‌ ഒരു തെറ്റേയല്ല. തെറ്റു തോന്നുന്നത്‌ താങ്കളിലെ പഴമക്കാരനാണ്‌. അതുപോലെ തന്നെ അല്‌പം മദ്യപിച്ച്‌ ക്ലാസില്‍ കയറാന്‍ ജോര്‍ജ്‌ എന്ന കോളജ്‌ ഹീറോയിക്ക്‌ തോന്നിയെങ്കില്‍ അതൊരു സിനിമയായി മാത്രം കണ്ട്‌ വിട്ടു കളയാനുള്ള മാനസിക വലുപ്പം താങ്കളിലെ കലാകാരന്‍ കാണിക്കേണ്ടതുണ്ട്‌. എന്നാല്‍ പ്രേമത്തോട്‌ വിമര്‍ശനം നടത്തി താങ്കള്‍ താങ്കളിലെ കലാകാരനെ തന്നെ വിലകുറച്ചു കളഞ്ഞു.

പ്രേമത്തിന്റെ വന്‍ വിജയത്തിന്‌ പിന്നില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന്‍ പറഞ്ഞ കാര്യങ്ങളാല്‍ സത്യത്തോട്‌ ഏറെ അടുത്തു നില്‍ക്കുന്നത്‌. ജോര്‍ജ്ജ്‌ എന്ന നായകന്റെ ബാലിശമായ ഒരു പ്രണയവും പിന്നെ ക്യാംപസില്‍ അല്‌പം ഹീറോയിസം കലര്‍ന്ന പ്രണയവും അവസാനം മുപ്പതുകളിലെ യഥാര്‍ഥ പ്രണയവുമാണ്‌ പ്രേമത്തില്‍ അവതരിപ്പിക്കുന്നത്‌. ഈ മൂന്ന്‌ പ്രണയാവസ്ഥകളിലൂടെയും കടന്നു പോകാത്ത ശരാശരി മലയാളിയുണ്ടാവില്ല. ഏതൊരു പ്രായക്കാരനും അവന്റെ ഏതെങ്കിലുമൊരു നാളുകളോട്‌ ഈ പ്രേമത്തിലെ സ്വീക്കന്‍സുകള്‍ റിലേറ്റ്‌ ചെയ്യാന്‍ കഴിയുന്നുണ്ട്‌.

ഇത്‌ തന്നെയാണ്‌ പ്രേമത്തിന്റെ വിജയവും. ഈ വിജയം അല്‍ഫോണ്‍സ്‌ പുത്രന്‍ എന്ന സംവിധായകന്‍ വിജയം തന്നെയാണ്‌. കൃത്യമായ ചേരുവകള്‍ ചേര്‍ത്ത്‌ വെച്ച്‌ അല്‍ഫോണ്‍സ്‌ നേടിയ നല്ല വിജയം. അത്‌ ആഘോഷിക്കുന്നതാവട്ടെ ഇന്നത്തെ പ്രേക്ഷകനും. അപ്പോള്‍ പിന്നെ പ്രേമത്തിനെതിരെ വരുന്ന കലിപ്പ്‌ വിമര്‍ശങ്ങള്‍ കഴമ്പില്ലാത്തത്‌ തന്നെ എന്ന്‌ പറയാതെ വയ്യ. കമല്‍ തീര്‍ച്ചയായും ഈ സിനിമ ഒന്നുകൂടി കാണുന്നത്‌ നന്നായിരിക്കും. ഒരുപക്ഷെ രണ്ടാംവട്ട കാഴ്‌ചയില്‍ കാര്യങ്ങള്‍ നന്നായിട്ടുണ്ട്‌ എന്ന്‌ തോന്നിയാലോ...
പ്രേമത്തോട്‌ കമലിനെന്താണിത്ര കലിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക