Image

നന്‍മയുളള സിനിമ ബജ്‌രംഗ്‌ ഭായിജാന്‍

ആശാ പണിക്കര്‍ Published on 29 July, 2015
നന്‍മയുളള സിനിമ ബജ്‌രംഗ്‌ ഭായിജാന്‍
കരിയറിലെ തന്നെ ഏറ്റവും മികച്ചയാണ്‌ സല്‍മാന്‍ അഭിനയിച്ച ബജ്‌രംഗ്‌ ഭായിജാന്‍ എന്ന ചിത്രമെന്ന്‌ അമീര്‍ ഖാന്‍ മാത്രമല്ല, സിനിമ കണ്ട പ്രേക്ഷകര്‍ മുഴുവന്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. സത്യമാണ്‌. ഇത്‌ നമ്മള്‍ വര്‍ഷങ്ങളായി കണ്ടു പരിചയിച്ച മസില്‍ പെരുപ്പിച്ചു നടന്ന സല്‍മാനല്ല. ഒരു നടന്‍ എന്ന നിലയില്‍ സല്‍മാന്‍ തന്റെ അഭിനയശേഷി മുഴുവന്‍ പുറത്തെടുത്ത സിനിമയാണിത്‌ എന്ന്‌ ചിത്രം കണ്ടിറങ്ങുന്ന ഏതു പ്രേക്ഷകനും സമ്മതിക്കും. എല്ലാത്തിനും ഉപരിയായി ഇന്‍ഡ്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ചിത്രം.

തന്റെ പതിവു ചിത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഇത്തവണ കരുത്തുറ്റ അഭിനയവും നന്‍മയും കൊണ്ടാണ്‌ സല്‍മാന്‍ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്‌. പാക്ക്‌ മണ്ണിലാണ്‌ കഥയുടെ തുടക്കം. പാക്‌ അധിനിവേശ സുല്‍ത്താന്‍പൂരെന്ന സ്ഥലത്തുള്ള ഒരു കൊച്ചുവീട്ടിലാണ്‌ കഥയുടെ തുടക്കം. ഗ്രാമവാസികളായ ചിലര്‍ ഇന്‍ഡ്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ്‌ കളി കാണാന്‍ ഇരിക്കുകയാണ്‌. ക്രീസില്‍ ബാറ്റുമായി നില്‍ക്കുന്നത്‌ ഷാഹിദാണ്‌. ഇതുകണ്ട്‌ പൂര്‍ണഗര്‍ഭിണിയായ ഒരു സ്‌ത്രീ തനിക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനു ഷാഹിദ്‌ എന്നു പേരിടാന്‍ തീരുമാനിക്കുകയാണ്‌. എന്നാല്‍ പിറന്നത്‌ പെണ്ണായതോടെ അവര്‍ തന്റെ കുഞ്ഞിന്‌ ഷാഹിദ എന്നു പേരിടുന്നു. ഷാഹിദയെ അവതരിപ്പിക്കുന്ന ഹര്‍ഷാലി മല്‍ഹോത്ര എന്ന പെണ്‍കുട്ടിയെ പ്രേക്ഷകര്‍ ഒരു കുഞ്ഞുമാലാഖയെ കണക്ക്‌ തങ്ങളുടെ ഹൃദയത്തിലേറ്റും. അത്രയ്‌ക്ക്‌# മികച്ച അഭിനയമാണ്‌ ഹര്‍ഷാലിയുടേത്‌. എന്നാല്‍ സംസാര ശേഷിയില്ലാത്ത ഷാഹിദ ഗ്രാമവാസികളുടെ മുഴുവന്‍ തീരാദുഖമായി തീരുന്നു.

ഇന്‌ഡ്യയിലെ ഒരു ദര്‍ഗയില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിച്ചാല്‍ മകളള്‍ക്ക്‌ സംസാരശേഷി കിട്ടുമെന്ന്‌ പലരും പറഞ്ഞതനുസരിച്ച്‌ ഷാഹിദയുടെ അമ്മ അവളെയും കൊണ്ട്‌ ഇന്‍ഡ്യയിലേക്ക്‌ യാത്ര തിരിക്കുന്നു. എന്നാല്‍ യാത്രയ്‌ക്കിടയില്‍ ഷാഹിദയെ കാണാതാവുകയാണ്‌. മകളെ നഷ്‌ടപ്പെട്ട അമ്മ പാക്‌ അധികൃതരുടെ സഹായത്തോടെ ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ അന്വേഷണം നടത്തിയെങ്കിലും അത്‌ വിഫലമായതിനെ തുടര്‍ന്ന്‌ തിരച്ചില്‍ അവസാനിപ്പിച്ച്‌ അവരെ തിരികെ നാട്ടിലേക്ക്‌ അയക്കുകയാണ്‌.

ഒരു ഗുഡ്‌സ്‌ ട്രെയിനില്‍ കുരുക്ഷേത്ര എന്ന സ്ഥലത്തു വന്നിറങ്ങുന്ന കൊച്ചുഷാഹിദ അവിടെ വച്ചാണ്‌ കടുത്ത ഹനുമാന്‍ ഭക്തനായ പവനെ(സല്‍മാന്‍) കാണുന്നത്‌. അവിടുത്തെ ആളുകള്‍ പവനെ സ്‌നേഹപൂര്‍വം ബജ്‌രംഗ്‌ ബായി എന്നാണ്‌ വിളിക്കുന്നത്‌. സംസാരശേഷിയില്ലാത്ത കുട്ടി ഭക്ഷണത്തിനായി പവന്റെയൊപ്പം കൂടുന്നു. ആദ്യമെല്ലാം കുട്ടിയെ ഒഴിവാക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോലീസുകാരന്‍ കുട്ടിയ ബജ്‌രംഗ്‌ ബായയിക്കൊപ്പം തന്നെ പറഞ്ഞയക്കുന്നു.

അച്ഛന്‍ മരിച്ചതിനാല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നു ജോലി അന്വേഷിക്കുന്ന ബജ്‌രംഗ്‌ ബായി കുട്ടിയുമായി വീട്ടിലേക്ക്‌ പോകുന്നു. ഇന്‍ഡ്യയിലെ തന്നെ എവിടെയോ താമസിച്ചിരുന്ന ഒരു ഹിന്ദു പെണ്‍കുട്ടിയാണ്‌ തന്റെ ഒപ്പം ഉള്ളത്‌ എന്നു വിചാരിച്ചിരുന്ന പവന്‍ അവള്‍ പാക്കിസ്ഥാനിലെ ഒരു മുസ്ലിം പെണ്‍കുട്ടിയാണെന്ന്‌ ഞെട്ടലോടെ തിരിച്ചറിയുന്നു. തികഞ്ഞ യാഥാസ്ഥിതിക ഹിന്ദു കുടുംബമാണങ്കിലും പവന്റെ കുടുംബം മെല്ലെ നിഷ്‌കളങ്കയായ ഷാഹിദയെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു. കുട്ടിയുടെ മാതാപിക്കളെകണ്ടെത്തി അവരെ ഏല്‍പ്പിക്കാന്‍ പവന്‍ ശ്രമിക്കുന്നു. എന്നാല്‍ കുട്ടിക്ക്‌ പാസ്‌പോര്‍ട്ടോ മറ്റ്‌ രേഖകളോ ഒന്നുമില്ലാത്തതിനാല്‍ എംബസി അധികൃതരും കുട്ടിയെ പവനോടൊപ്പം വിട്ടയയ്‌ക്കുകയാണ്‌.

എന്നാല്‍ ഒടുവില്‍ കുട്ടിയെ അവളുടെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ അതിര്‍ത്തി കടക്കാന്‍ തന്നെ പവന്‍ തീരുമാനിക്കുന്നു. സംസാരിശേഷിയില്ലാത്ത കുട്ടിയുമായി അതിര്‍ത്തി കടക്കാന്‍ പവന്‍ നടത്തുന്ന ശ്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ ബാക്കി കഥ. വളരെ ഹദയസ്‌പര്‍ശിയായ ക്‌ളൈമാക്‌സ്‌ രംഗമാണ്‌ ചിത്രത്തിന്റേത്‌. ഏതൊരു പ്രേക്ഷന്റെയും കണ്ണു നനയിക്കുന്ന അവസാന രംഗങ്ങള്‍. കരീന കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
നന്‍മയുളള സിനിമ ബജ്‌രംഗ്‌ ഭായിജാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക