Image

സംയുക്ത നിക്ഷേപത്തിന് യു.എ.ഇ-ഒമാന്‍ ധാരണ

എം.പി.എ. കോട്ടപ്പള്ളി Published on 10 January, 2012
സംയുക്ത നിക്ഷേപത്തിന് യു.എ.ഇ-ഒമാന്‍ ധാരണ
മസ്കത്ത്: വിവിധ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിന് ഒമാനും യു.എ.ഇയും ധാരണയായി. ഇന്നലെ അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടത്തിയ ഒൗദ്യോഗിക ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ദുഖം ഡ്രൈഡോക് ഉള്‍പ്പെടെയുള്ള ഒമാന്‍ വന്‍ പദ്ധതികളില്‍ യു.എ.ഇയും നിക്ഷേപമിറക്കും.  ദുഖം പദ്ധതിയെ ഒമാന്‍ യു.എ.ഇ നിക്ഷേപ ബന്ധത്തിന്‍െറ അടിത്തറയായാണ് സമ്മേളനം വിലയിരുത്തിയത്. ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് സഅദ് ബിന്‍ മുഹമ്മദ് ബിന്‍ അല്‍ മര്‍ദൂഫ് അല്‍സഅദിയും യു.എ.ഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് ആല്‍ മന്‍സൂരിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിവിധ സാമ്പത്തിക മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനമായത്.

ഒമാന്‍ ഓയില്‍ കമ്പനിയില്‍ യു.എ.ഇയും, ചില യു.എ.ഇ കമ്പനികളില്‍ ഒമാനും സംയുക്ത നിക്ഷേപമിറക്കും. ഇതിന് പിന്നാലെ നിരവധി സംയുക്ത നിക്ഷേപ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമദ് ബിന്‍ ഹസന്‍ അല്‍ ദീബ് അറിയിച്ചു. വ്യവസായ, ടൂറിസം മേഖലകളില്‍ യു. എ.ഇ നിക്ഷേപം നടത്തുമ്പോള്‍ യു.എ.ഇ യിലെ വ്യവസായ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഒമാനും നിക്ഷേപം നടത്തും.

ദുഖം പ്രത്യേക സാമ്പത്തിക മേഖലയുടെ ചെയര്‍മാന്‍ യഹ്യ ബിന്‍ സഈദ് അല്‍ ജാബ്രി, ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖലീല്‍ ബിന്‍ അബ്ദുല്ല അല്‍ ഖുഞ്ചി, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമദ് ബിന്‍ സുലൈമാന്‍ അല്‍ മൈമനി, മന്ത്രാലയം ഉപദേഷ്ടാവ് മുഹ്സില്‍ ബിന്‍ ഖാമിസ് അല്‍ ബലൂഷി എന്നിവര്‍ ഒമാനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. പൊലീസ് ഐ.ജി . ഇസാ ബിന്‍ സഈദ് അല്‍ കിയൂമി, ഒമാന്‍ ഓയില്‍ കമ്പനി സി. ഇ. ഒ അഹമദ് ബിന്‍ സാലിം അല്‍ വഹൈബി എന്നിവരും സന്നിഹ്തരായിരുന്നു.

ഒമാനില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്ന യു.എ.ഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി ഒമാന്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സഈദുമായും കൂടിക്കാഴ്ച നടത്തി.
സംയുക്ത നിക്ഷേപത്തിന് യു.എ.ഇ-ഒമാന്‍ ധാരണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക