Image

പച്ചഗോപുരങ്ങളുടെ ശിരസ്സില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 74?: ജോര്‍ജ്‌ തുമ്പയില്‍)

Published on 01 August, 2015
പച്ചഗോപുരങ്ങളുടെ ശിരസ്സില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 74?: ജോര്‍ജ്‌ തുമ്പയില്‍)
മോഹിപ്പിക്കുന്ന കാഴ്‌ചകളാണ്‌ നെല്ലിയാമ്പതിയിലേത്‌. പൂക്കള്‍, മരങ്ങള്‍, കിളികള്‍, ചിത്രശലഭങ്ങള്‍ പിന്നെ കോടമഞ്ഞിന്റെ ഹൃദയഹാരിയായ കാഴ്‌ചകളും. എത്ര വൈവിധ്യമാണ്‌ പ്രകൃതി ഇവിടെ ഒരുക്കിവച്ചിരിക്കുന്നത്‌. അഗസ്‌ത്യകൂടത്തിലേക്കുള്ള യാത്രയാണ്‌ ഈ വഴി നടന്നപ്പോള്‍ എനിക്ക്‌ ഓര്‍മ്മ വന്നത്‌. സഹ്യസാനുക്കളിലെ ഈ കാഴ്‌ചകള്‍ നുകരനാവുകയെന്നത്‌ ഭാഗ്യമാണ്‌. ഈ ഭാഗ്യം അനുഭവിക്കാന്‍ ഈ ജന്മത്തില്‍ കഴിയുകയെന്ന ദിവ്യത ഓര്‍ത്ത്‌ അറിയാതെ ഈശ്വരനെ നമിച്ചു പോയി. നഗരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നവരൊക്കെയും ഒരിക്കലെങ്കിലും ഈ വഴിയിലൂടെ നടന്നു കയറണം. പ്രകൃതിയെ തൊട്ടറിയണം.

സമുദ്രനിരപ്പില്‍ നിന്ന്‌ എത്രയോ അടി ഉയരത്തില്‍ പൂവിട്ടു നില്‍ക്കുന്ന ഒരു ഓര്‍ക്കിഡിനെ ഞാന്‍ ക്യാമറയിലാക്കി. ഇടയ്‌ക്ക്‌ ഒരു മയില്‍ നൃത്തം വച്ച്‌ മുന്നിലേക്ക്‌ വന്നു. അതൊരു പെണ്‍ മയിലായിരുന്നു. തൊട്ടു പിന്നാലെ, ഒരു ആണമയിലും കുറുകിയെത്തി. അത്‌ പീലി വിരിച്ചിരുന്നില്ല. മാനത്ത്‌ മഴക്കാര്‍ വരുമ്പോഴാണത്രേ അവ പീലി വിടര്‍ത്തിയാടുന്നത്‌. അത്‌ ഒരു മരക്കൊമ്പിലേക്ക്‌ ചാടിക്കയറി ഇരിപ്പായി. മറ്റൊരു മരത്തില്‍ അപൂര്‍വ്വമായി ഈ ഭാഗങ്ങളില്‍ കാണുന്ന മലയണ്ണാന്‍ ഇരിക്കുന്നത്‌ കണ്ടു. എന്തൊരു വൈവിധ്യമാര്‍ന്ന നിറമാണതിന്‌. എടുത്ത്‌ ഓമനിക്കാന്‍ തോന്നി. ഞങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നു മനസ്സിലാക്കിയതോടെ, അത്‌ ചാടിയോടി മറ്റൊരു മരക്കൊമ്പിലേക്ക്‌ കയറി.

നടത്തം തുടരുകയായിരുന്നു. പോബ്‌സിന്റെ ചായത്തോട്ടത്തിനിടയിലൂടെ അല്‌പം നേരം നടന്നപ്പോള്‍ വിശാലമായ മലയിറക്കത്തില്‍ സുന്ദരമായ തേയിലത്തോട്ടങ്ങളിലൂടെ പനോരമിക്ക്‌ വ്യൂ കണ്ടെത്തി. പിന്നെയും നടപ്പു തുടര്‍ന്ന്‌ സീതാര്‍കുണ്ടിലെ വ്യൂപോയന്റില്‍ എത്തി. ദൂരെ എത്രയോ അടി താഴ്‌ചയില്‍ പാലക്കാട്‌. വന്യമായ സൗന്ദര്യമുള്ള ഒരു വ്യൂ പോയിന്റാണിത്‌. സന്ദര്‍ശകരുടെ സുരക്ഷയൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. കാര്യമായ ടൂറിസം പരിപാലനം ഇവിടേക്ക്‌ എത്തിനോക്കിയിട്ടില്ല. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഒരു ബോര്‍ഡ്‌ പോലും ഈ ഭാഗത്തെങ്ങും കണ്ടില്ല. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച്‌ ടൂറിസത്തെ ഉയര്‍ത്തുന്ന കേരള സര്‍ക്കാര്‍ ഈ ഭാഗത്തൊന്നും തന്നെ തങ്ങളുടെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു തോന്നി. അല്ലെങ്കില്‍ പ്രകൃതിയുടെ ഈ കന്യാവനങ്ങളെ തൊടേണ്ടെന്ന ബോധപൂര്‍വ്വമായ നടപടിയായിരിക്കാം. എങ്കിലും കാഴ്‌ചക്കാരനെ ഉത്തേജിപ്പിക്കുന്നതും മുന്നറിയിപ്പ്‌ നല്‍കുന്നതുമായി എന്തെങ്കിലുമൊരു ബോര്‍ഡ്‌ ഇവിടെ സ്ഥാപിക്കുന്നതില്‍ തെല്ലും തെറ്റില്ലെന്നു തോന്നി.

ഈ മലമടക്കുകള്‍ക്കു മുന്നില്‍ നിന്നപ്പോള്‍ അറിയാതെ ഓര്‍ത്തു പോയത്‌ ഊട്ടിയിലെ ദോഡാബേട്ടും കൊഡൈക്കനാലിലെ സൂയിസൈഡ്‌ പോയിന്റുമാണ്‌. ഓര്‍മ്മകള്‍ ഓരോന്നിനും അനുബന്ധമായി കടന്നുവരുന്നത്‌ എത്ര സുഖമുള്ള കാര്യമാണ്‌. ഓരോന്നിനും ഓരോ ഛായയാണ്‌. ഓരോന്നിനും പ്രകൃതി നല്‍കുന്നത്‌ ഓരോ വൈവിധ്യമാണ്‌. കാഴ്‌ചയ്‌ക്കും കാഴ്‌ചക്കാരനും മാത്രമാണ്‌ വ്യത്യാസം വരുന്നത്‌. ചില ചിത്രങ്ങളെടുത്തു. മഞ്ഞ്‌ കയറി വരുന്നുണ്ട്‌. പ്രകൃതിയെ നിശബ്‌ദത ശരിക്കും ആകര്‍ഷകമായി തോന്നി. മുന്നോട്ടു പോയപ്പോള്‍ ആരോ കെട്ടിയ കുറച്ച്‌ ബാരിക്കേഡുകള്‍ കണ്ടു. ഇവിടെ നിന്ന്‌ താഴേയ്‌ക്ക്‌ നോക്കിയപ്പോള്‍ വിശാലമായ കൊക്ക കണ്ടു. കണ്ണ്‌ താഴെ എത്തുന്നില്ല. ആഴത്തിലേക്ക്‌ നോക്കുമ്പോള്‍ പേടി തോന്നുന്നുണ്ടായരുന്നു. ചെവിയിലേക്ക്‌ കുത്തിക്കയറുന്ന ശീതക്കാറ്റ്‌ അടിച്ചു കയറുന്നു. പച്ചപ്പിന്റെ കടുത്ത നിറം കണ്ണുകളെ ശരിക്കും മദിക്കുന്നു. പരുന്തുംപാറയില്‍ നിന്നപ്പോള്‍ ഒരിക്കല്‍ ഇങ്ങനെ തോന്നിയിട്ടുണ്ടായിരുന്നു. അന്ന്‌ പരിചിതരായ സൗഹൃദങ്ങള്‍ ഒപ്പമുണ്ടായിരുന്നത്‌ ഒരു ബലം നല്‍കിയെങ്കില്‍ ഇവിടെ അത്‌ അത്രയ്‌ക്കങ്ങ്‌ ഏശിയിരുന്നില്ല.

പേടിയോടെ മാത്രമേ നമുക്കു ആ മലമടക്കിന്റെ അറ്റത്തേക്ക്‌ പോകാനാവുന്നുള്ളൂ. ഏകദേശം അരകിലോമീറ്ററോളം ആ കുന്നിന്റെ അരികിലൂടെ നടക്കാന്‍ പറ്റും. സമാന്തരമായി ഉള്ള മറ്റൊരു മല നമ്മെ നമ്മള്‍ നില്‍ക്കുന്ന ഉയരം ഇടക്കിടക്ക്‌ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുനു. ഇടക്ക്‌ കുറച്ച്‌ കുരങ്ങിന്‍ കൂട്ടങ്ങള്‍ ഞങ്ങളേ തേടിയെത്തി. ദൂരെ മലയുടെ ചായ്‌വില്‍ ആട്ടിന്‍പറ്റങ്ങള്‍. അത്‌ വരയാടുകളാണ്‌. അവ ഒറ്റയ്‌ക്ക്‌ ആരെയും കൂസാതെ നിന്നു തീറ്റ തേടുന്നു. പിന്നെ, ചാടി മുനമ്പുകളെ വെല്ലുവിളിക്കുന്നു. ഇപ്പോള്‍ താഴേയ്‌ക്ക്‌ പതിക്കുമെന്ന തോന്നലില്‍ നിന്ന്‌ ബാലന്‍സോടെ അടുത്ത അള്ളിലേക്ക്‌ കയറുന്നു. ട്രപ്പീസ്‌ കളിക്കാരെ പോലെയാണ്‌ അവയുടെ ഓട്ടം. മലമടക്കുകളില്‍ ജീവിക്കുന്നതിന്റെ ധൈര്യം. അതിനെ ക്യാമറയിലേക്ക്‌ പകര്‍ത്താന്‍ ആവുന്നതും ശ്രമിച്ചെങ്കിലും ദൂരം കൂടുതലായിരുന്നതിനാല്‍ ക്യാമറ ലെന്‍സുകളില്‍ അവ്യക്തമായേ അവ പതിഞ്ഞുള്ളു. പ്രകാശവും നന്നേ കുറവായിരുന്നു. ഇത്ര ദൂരം നടന്നിട്ടും ക്ഷീണം തോന്നിയതേയില്ല. പതുക്കെ തണുപ്പിന്റെ കട്ടി കുറഞ്ഞ്‌ ചെറിയ ചൂടിലേക്ക്‌ മാറുകയാണ്‌ നെല്ലിയാമ്പതി. മലയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ നടന്ന ഞങ്ങള്‍ കുറച്ച്‌ വിശ്രമിച്ചു. ഇടയ്‌ക്ക്‌ കരുതിയിരുന്ന ബിസ്‌ക്കറ്റുകളും വെള്ളവും കഴിച്ചു. പിന്നെ മെല്ലെ തിരിച്ചു നടന്നു. വണ്ടിയില്‍ കയറി മടക്കയാത്രയ്‌ക്ക്‌ ഒരുങ്ങി. അതിനു മുന്‍പ്‌ പുലയന്‍പാറ എന്ന സ്ഥലം കാണണമെന്നു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ പറഞ്ഞു.

ഇവിടെ സര്‍ക്കാര്‍ വക ഒരു ഫാം ഹൗസ്‌ ഉണ്ട്‌. യാത്ര അവിടേക്കായി. വലിയൊരു ഗേറ്റ്‌ കടന്ന്‌ ഫാം ഹൗസിലേക്ക്‌ കയറി. മനോഹരമായ ഒരു പ്രദേശമാണിവിടെ. ശരിക്കും കാര്‍ഷിക വിളകള്‍ മനോഹരമായി വിന്യസിച്ചിരിക്കുന്നു. സീസണില്‍ ഓറഞ്ച്‌ നിറയാറുണ്ട്‌. ജൂണ്‍ ജൂലായ്‌ മാസങ്ങളാണ്‌ സീസണ്‍. മഴക്കാലത്ത്‌ മഞ്ഞിനൊപ്പവും ഓറഞ്ചും പൊഴിയും. ഈ ഓറഞ്ചുകള്‍ പൊള്ളാച്ചി ചന്തയിലേക്കും അവിടെ നിന്നു അതിരുകള്‍ കടന്ന്‌ കേരളത്തിലേക്കും തിരിച്ചെത്തും. സര്‍ക്കാര്‍ ഫാമാണെങ്കിലും പണിക്കാരില്‍ കേരളക്കാര്‍ വളരെ കുറവ്‌. എവിടെയും തമിഴ്‌ സംസാരിക്കുന്നവര്‍ മാത്രം. കാബേജും തക്കാളിയും ബീന്‍സും പേരക്കയും പഴുത്തു നില്‍ക്കുന്നതു കണ്ടു. ഒരു ഓര്‍ക്കിഡ്‌ ഫാമും ഉണ്ടിവിടെ. ഒരേക്കറിനു പുറത്ത്‌ സ്ഥലത്ത്‌ ക്യഷി ചെയ്യുന്നുണ്ടത്രേ...

വിശപ്പിന്റെ വിളി ഉയര്‍ന്നു തുടങ്ങി. അടുത്ത കണ്ട ഹോട്ടലിലേക്ക്‌ ഓടിക്കയറുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. അവിടെ നല്ല കഞ്ഞിയും പയറും പപ്പടവും ഉണ്ടെന്നു പറഞ്ഞപ്പോള്‍ മറ്റൊന്നുമാലോചിച്ചില്ല. കഴിക്കാന്‍ ആളുകള്‍ വളരെ കുറവായിരുന്നു. അതു കൊണ്ടു തന്നെ ആവശ്യത്തിന്‌ ഭക്ഷണവും കിട്ടി. ഭക്ഷണവും ചെറിയ വിശ്രമവും കഴിഞ്ഞ്‌ ഇറങ്ങാനുള്ള ഒരുക്കമായി. തിരിച്ചുപോണ വഴിയിലാണ്‌ അടുത്ത വ്യൂ പോയിന്റായ കേശവന്‍ പാറ. മലഞ്ചരിവില്‍ ഒരു വല്യ പാറക്കൂട്ടമാണത്‌. കൈ കാട്ടിയില്‍ നിന്നും ഇടത്തോട്ട്‌ പോയിട്ട്‌ എ വി റ്റി യുടേ ഫാക്ടറിക്കു സമീപമാണ്‌ കേശവന്‍ പാറ. പോത്തുണ്ടി ഡാമിന്റെ വിശാലമായ ഒരു കാഴ്‌ച ഇവിടെ നിന്നും ലഭിക്കും. ആ കാഴ്‌ചയും കണ്ട്‌ നെല്ലിയാമ്പതി ചുരമിറങ്ങിയപ്പോള്‍ മനസ്സില്‍ അവശേഷിച്ചത്‌ കാഴ്‌ചകളുടെ ഹരിതഭംഗിയാര്‍ന്ന പച്ചഗോപുരങ്ങളായിരുന്നു. അതൊരു ഉന്മത്ത കാഴ്‌ചയായി മനസ്സില്‍ തങ്ങി നിന്നു...

(തുടരും)
പച്ചഗോപുരങ്ങളുടെ ശിരസ്സില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 74?: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക