Image

വനഭൂമി കൈയേറ്റത്തിന് പച്ചക്കൊടി കാട്ടരുത്

Madhyamam Published on 05 August, 2015
വനഭൂമി കൈയേറ്റത്തിന് പച്ചക്കൊടി കാട്ടരുത്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണെന്ന ഒരൊറ്റക്കാരണത്താല്‍ സര്‍ക്കാറുകള്‍ക്ക് എന്തുംചെയ്യാം എന്നാണോ? പ്രതിപക്ഷം എതിര്‍ക്കുകയില്ല അഥവാ എതിര്‍പ്പ് ദുര്‍ബലമായിരിക്കും എന്നതിനാല്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്നുണ്ടോ? കഴിഞ്ഞദിവസം സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവും ഭേദഗതിചെയ്ത് പുറത്തിറക്കിയ ഉത്തരവാണ് ഈ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഉത്തരവുപ്രകാരം 2005 ജൂണ്‍ ഒന്നുവരെ ഭൂമി കൈയേറി കൈവശംവെച്ചവര്‍ക്കെല്ലാം പട്ടയം നല്‍കും. നിലവിലെ ചട്ടപ്രകാരം 1971 വരെ റവന്യൂ ഭൂമിയും 1977 വരെ വനഭൂമിയും കൈവശപ്പെടുത്തിയവര്‍ക്ക് മാത്രമായിരുന്നു പട്ടയം. നിലവില്‍ പതിച്ചുനല്‍കുന്നത് പരമാവധി ഒരേക്കര്‍ മാത്രമാണെങ്കില്‍ മേലില്‍ നാലേക്കര്‍വരെ പതിച്ചുനല്‍കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനപരിധി 30,000 രൂപയില്‍നിന്ന് മൂന്നുലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. പതിച്ചുകിട്ടിയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറരുതെന്ന വ്യവസ്ഥയും ഇളവ് ചെയ്തു.
മുഖ്യമായും ഇടുക്കി ജില്ലയില്‍ കാലാകാലങ്ങളില്‍ എസ്റ്റേറ്റുടമകളും ഭൂമാഫിയയും കുടിയേറ്റക്കാരുമെല്ലാം ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയും റവന്യൂ ഭൂമിയും കൈയേറിപ്പിടിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നത് അനിഷേധ്യസത്യമാണ്. സംസ്ഥാനത്തിന്‍െറ പാരിസ്ഥിതിക സന്തുലനത്തെപ്പോലും ഗുരുതരമായി ബാധിക്കുന്ന ഈ കൈയേറ്റം സര്‍വശക്തിയുമുപയോഗിച്ച് തടയുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ട സര്‍ക്കാറുകള്‍ ഭൂമാഫിയയുടെയും കൈയേറ്റക്കാരുടെയും സമ്മര്‍ദത്തിനും അവിഹിതസ്വാധീനത്തിനും വഴങ്ങി കൈയേറ്റം നിയമാനുസൃതമാക്കാനും പട്ടയം നല്‍കാനുമാണ് ഉദ്യുക്തമായത്. വോട്ട് ബാങ്ക് ഭദ്രമാക്കുക എന്ന അജണ്ടയും ഈ അധാര്‍മിക നടപടിക്കുണ്ട്. 1971 വരെയുള്ള റവന്യൂ ഭൂമി കൈയേറ്റങ്ങള്‍ക്കും 1977 വരെയുള്ള വനഭൂമി കൈയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കിയതായിരുന്നു ആദ്യഘട്ടം. പിന്നീട് കൈയേറ്റങ്ങള്‍ അനിയന്ത്രിതമായി തുടര്‍ന്നപ്പോള്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരനെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറിഞ്ഞി സങ്കേതത്തില്‍പോലും വന്‍തോതിലുള്ള വനഭൂമികൈയേറ്റം നടന്നതായി കണ്ടത്തെിയിരുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ റവന്യൂ, വനഭൂമി തിരിച്ചുപിടിക്കാനോ ഒരു പ്രായോഗികനടപടിയും സ്വീകരിച്ചില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റഭൂമി ഒഴിപ്പിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളെ ഭരണ-പ്രതിപക്ഷ ഭേദംകൂടാതെ കൂട്ടായി എതിര്‍ത്തു തോല്‍പിച്ചത് കേരളം കണ്ടതാണ്.  നോട്ടിനും വോട്ടിനും വേണ്ടി എന്തുംചെയ്യാന്‍ മടിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സര്‍ക്കാറുകളും ചേര്‍ന്ന് പരിസ്ഥിതിലോലമായ പശ്ചിമഘട്ടമലനിരകളും ഭൂപ്രകൃതിയും നിബിഡ വനങ്ങളും നീരുറവകളുമെല്ലാം കൈയേറിപ്പിടിച്ച് റിസോര്‍ട്ടുകളും കോണ്‍ക്രീറ്റ് വനങ്ങളുമാക്കിമാറ്റുന്ന പ്രക്രിയയാണ് കേരളത്തില്‍ അനുസ്യൂതം നടക്കുന്നത്. പശ്ചിമഘട്ടത്തെക്കുറിച്ച രംഗനാഥന്‍ കമ്മിറ്റി പഠന റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ പള്ളിയും പട്ടക്കാരും കൈയേറ്റക്കാരും കൈകോര്‍ത്തപ്പോള്‍ അവരുടെ സംരക്ഷണത്തിനും പ്രതിരോധത്തിനും വലതുപക്ഷവും ഇടതുപക്ഷവും ഒരുപോലെ മത്സരിക്കുകയായിരുന്നല്ളോ. കസ്തൂരിരംഗന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖലകളില്‍ പുരോഹിതന്മാര്‍ നേതൃത്വംനല്‍കിയ അക്രമണാസക്ത പ്രക്ഷോഭത്തിനിടയില്‍ വനംവകുപ്പ് കാര്യാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും അനേകശ്ശതം ഏക്കര്‍ വനങ്ങള്‍ കത്തിച്ചുകളയുകയും ചെയ്തിട്ടും അതിന്‍െറ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചതാണ് സമീപകാല സംഭവം. ഇടതുപക്ഷം അതിനെതിരെ മിണ്ടിയതുമില്ല. കോഴിക്കോട്ടെ പടക്കംപൊട്ടിയ കേസുപോലും എന്‍.ഐ.എക്ക് വിട്ട സംസ്ഥാന സര്‍ക്കാറുകളുടേതാണ് ഈ ഇരട്ടത്താപ്പെന്നോര്‍ക്കണം.
ഇപ്പോഴത്തെ ഉത്തരവ് 2005 വരെയുള്ള റവന്യൂ-വനംഭൂമിയുടെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി എന്നതുമാത്രമല്ല പ്രശ്നം. അതിന്‍െറ യഥേഷ്ടമുള്ള കൈമാറ്റം അനുവദിക്കുകകൂടി ചെയ്തതോടെ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രദേശവും വനമേഖലയും വെട്ടിവെടിപ്പാക്കി റിസോര്‍ട്ടുകളും നിര്‍മാണങ്ങളും ഉയര്‍ത്താന്‍ തുറന്ന അവസരമൊരുങ്ങി എന്നതുകൂടിയാണ്. അവയില്‍ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുമിത്രാദികളാണ് കൈയടക്കിവെച്ചിരിക്കുന്നതെന്നതും രഹസ്യമല്ല. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പുപോലും ഈ കൈയേറ്റക്കാരുടെ ഒൗദാര്യത്തിലാണ്. കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിനെ കെ.പി.സി.സിയിലും പ്രതിപക്ഷത്തും പലരും ചോദ്യംചെയ്തു. ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍ തുടങ്ങിയ കോണ്‍ഗ്രസ് എം.എല്‍.എമാരും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ഇടുക്കി, പത്തനംതിട്ട ഡി.സി.സികളും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും എതിര്‍പ്പിന്‍െറ സ്വരം ഉയര്‍ത്തി. മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചചെയ്തിട്ടില്ളെന്ന പരാതിയും ഉയര്‍ന്നു. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളിലെയും തുടര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെയും വിജയമാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. അതറിയാവുന്ന പാര്‍ട്ടിയും മുന്നണിയും മറുവാക്ക് പറയാന്‍ ധൈര്യപ്പെടില്ളെന്ന് അദ്ദേഹം കരുതി. ഇതേകാരണത്താല്‍ പ്രതിപക്ഷത്തിന്‍െറ ഭിന്നാഭിപ്രായവും സന്ദിഗ്ധവും ദുര്‍ബലമായിരിക്കുമെന്നും കണക്കുക്കൂട്ടി. പക്ഷേ, വ്യക്തിതാല്‍പര്യങ്ങളുടെയോ പാര്‍ട്ടി താല്‍പര്യങ്ങളുടെയോ എന്തിന്‍െറ പേരിലായാലും വനഭൂമി, റവന്യൂ ഭൂമി  കൈയേറ്റങ്ങള്‍ക്ക് പച്ചക്കൊടി കാട്ടാന്‍ മാത്രമുതകുന്ന ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ മനുഷ്യസ്നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും തയാറെടുക്കുന്നുവെന്നും, ഉത്തരവ് കോടതി സ്റ്റേ ചെയ്താല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവുമെന്നും തിരിച്ചറിഞ്ഞതിനാലാവണം തല്‍ക്കാലം ഭേദഗതി ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അത്രയുംനല്ലത്. പക്ഷേ, ഭൂമാഫിയയുടെ പിടിമുറുകിയാല്‍ വീണ്ടും ഇത്തരം ഉത്തരവുകള്‍ പ്രതീക്ഷിക്കാം. ജനങ്ങള്‍ ജാഗ്രതപാലിക്കണം.
Join WhatsApp News
GEORGE V 2015-08-06 07:23:11

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുല്ത്തകിടിയുടെ വേരെവിടെ മക്കളേ?

കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!

കാറ്റുകള്പുലര്ന്ന പൂങ്കാവെവിടെ മക്കളേ?

കുട്ടിക്കരിംകുയില്കൂവിത്തിമിര്ക്കുന്ന

കുട്ടനാടന്പുഞ്ചയെവിടെന്റെ മക്കളേ?

 

അയ്യപ്പപ്പണിക്കര്


വിദ്യാധരൻ 2015-08-06 09:05:23
കാടും പോയി മേടും പോയി 
കാട്ടു പുൽത്തകിടിയും പോയി 
കാട്ടു പൂഞ്ചോലയും പോയി 
കാറ്റ് പുലരുന്ന പൂങ്കാവും  പോയി 
കുട്ടിം കരിം കുയിൽ കൂവാതെയായി 
കുട്ടനാട്പുഞ്ച മാറ്റി പറമ്പാക്കി 
കാടന്മാർ കേരളത്തിൽ ബാക്കിയായി 
വെറും കാടന്മാർ ബാക്കിയായി 

1. കേരളത്തിൽ പറമ്പ് എന്ന് ആധാരത്തിൽ ഇല്ലെങ്കിൽ നല്ല വില കിട്ടില്ല 
    കേരളത്തിൽ പലരും വില്ലേജ് ഓഫീസുകളിൽ കൈക്കൂലി കൊടുത്ത് 
   പാടം, കണ്ടം, പുഞ്ച ഇവയൊക്കെ പറമ്പാക്കിയാൽ മാത്രമേ വില്പന 
   നടക്കുകയുള്ളു.

2. കാടന്മാർ എന്ന വാക്ക് ' ഭാവനയും വിവേകവും, മുൻപിൻ ചിന്തകൾ  ഇല്ലാത്തവരും 
   എന്ന അർത്ഥത്തിൽ എടുക്കണം. കാട്ടിൽ പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന മനുഷ്യർ കാപട്യം          ഇല്ലാത്തവരുമാണ്. അവരുമായി ദയവ് ചെയുത് നാട്ടിലെ കാടന്മാരുമായി 
താരതമ്യപ്പെടുത്തരുതെന്നു   അപേക്ഷിക്കുന്നു .
പാഷാണം 2015-08-06 09:35:05
നാട്ടിലെ കാടെല്ലാം വെട്ടി തെളിച്ചു
പാറ പൊട്ടിച്ചു,, പാടം നികത്തി
മണല് വാരി നദി ഉണങ്ങി .
നാട്ടിലെ കാടന്മാര്‍* മാഫിയ ആയി
വന്‍ കെട്ടിടങ്ങള്‍  പൊട്ടി ആടുന്നു ഒലിക്കുന്നു
മലവും മാലിന്നവും കെട്ടികടക്കുന്നു
തമിഴു നാട്ടിന്‍ വിഷം തിന്നും മലയാളിക്  ഒന്നും പ്രശ്നം അല്ല.
വിദ്യാധരൻ 2015-08-06 10:37:24
'പാഷാണം' തിന്നിട്ടും ചാകാതൊരുത്തൻ 
'നാട്ടീന്നു ജീവനോടെ തിരിച്ചെത്തി'  (സാം നിലമ്പള്ളിൽ )
വായിക്കു നീ പോയതുടൻ 
പേടിച്ചു വിറച്ചു  മരിക്കും  
കേരളം ഭീകരം! ഘോരം !  
മരണ കുടുക്കാണാ  നാട് 
അവിടാണ് കാലന്റെ  വീട് 
പോത്തിനെ മാറ്റിയവൻ 
പായുന്നു വാഹനംമേറി 
നാടിനെ കുട്ടിച്ചോറാക്കാൻ 
വന്നു പിറന്നവർ ഏറെ 
മാന്തുന്നു സർവ്വതും മാന്തി 
നാടിനെ കോളം ആക്കി 
ഇല്ല ഖജനാവിൽ പണം 
എല്ലാം സ്വിസ്സ് ബാങ്കിലാ 
നാടിനെ നാന്നാക്കിടണ്ടോർ (സഖറിയ)
വന്നു കറങ്ങുന്നിവിടെ (അമേരിക്കയിൽ )
'പട്ടി നക്കിച്ചു വെന്നും'
എല്ലാം നശിപ്പിച്ചു വെന്നും 
ചുറ്റി നടന്നു ആക്രോശിച്ചു 
'പാഷാണം' മെങ്കിലും നീ 
ആളൊരു നല്ലവനാ.
തുടരുക നീ നീതിയിൻ യുദ്ധം 
പടരട്ടെ അത് ഇവിടെയെല്ലാം!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക