Image

കര്‍ണാടകത്തില്‍ നഴ്‌സുമാര്‍ 14 മുതല്‍ സമരത്തിലേക്ക്

Published on 11 January, 2012
കര്‍ണാടകത്തില്‍ നഴ്‌സുമാര്‍ 14 മുതല്‍ സമരത്തിലേക്ക്

ബാംഗ്ലൂര്‍: ഉത്തരേന്ത്യയിലും കേരളത്തിലും നഴ്‌സുമാര്‍ തുടങ്ങിവെച്ച സമരം കര്‍ണാടകത്തിലേക്കും വ്യാപിക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14 മുതല്‍ സമരം തുടങ്ങാനാണ് തീരുമാനം. കര്‍ണാടകത്തില്‍ മൊത്തം നഴ്‌സുമാരുടെ എണ്ണത്തില്‍ എഴുപതു ശതമാനം മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിസുരക്ഷ ഉറപ്പില്ല. മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസം നല്‍കുന്ന തങ്ങളുടെ സ്വന്തം ദുരിതം കാണാന്‍ ആരുമില്ലെന്ന അവസ്ഥയാണെന്ന് ബാംഗ്ലൂരിലെ പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിനി ദീപ എം. തങ്കച്ചന്‍ പറയുന്നു.

മൂന്നും നാലും വര്‍ഷമായിട്ടും നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചു നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല 12-15 മണിക്കൂര്‍ ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നു. അധികജോലിക്ക് കൂടുതല്‍ വേതനമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

കേരളത്തിലും ഡല്‍ഹിയിലും മുംബൈയിലും നടന്ന സമരങ്ങള്‍ തങ്ങള്‍ക്ക് പ്രചോദനം നല്‍കിയതായി കോട്ടയം സ്വദേശി ദീപു എസ്. കുമാര്‍ പറഞ്ഞു. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തങ്ങള്‍ സംഘടിക്കുമെന്ന് ദീപു പറഞ്ഞു.

സേവന, വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ട് നഴ്‌സസ് അസോസിയേഷന്‍ 14 മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ആസ്പത്രികളിലും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

മലയാളികളടക്കം പതിനായിരക്കണക്കിന് നഴ്‌സുമാരാണ് കര്‍ണാടകത്തിലെ വിവിധ ആസ്പത്രികളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പലരും കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ആസ്പത്രികളടക്കമുള്ളയിടങ്ങളില്‍ സമരം ആരംഭിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ പറഞ്ഞു.

രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍പോലും ആസ്പത്രി അധികൃതരോ സര്‍ക്കാറോ തയ്യാറാവുന്നില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആസ്പത്രികളിലടക്കം നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ടിന്റെയും മറ്റും പേരില്‍ തടഞ്ഞുവെക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെക്കിട്ടാന്‍ പലപ്പോഴും വലിയ തുക നല്‍കേണ്ടിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടാമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനല്‍കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക