Image

അരുവിക്കരയിലെ ആദ്യപ്രതിഷ്‌ഠയും വെള്ളാപ്പള്ളിയും (അനില്‍ പെണ്ണുക്കര)

Published on 06 August, 2015
അരുവിക്കരയിലെ ആദ്യപ്രതിഷ്‌ഠയും വെള്ളാപ്പള്ളിയും (അനില്‍ പെണ്ണുക്കര)
വെള്ളാപ്പള്ളി അങ്ങനെയാണ്‌ .ഏതു ഭരണം വന്നാലും ഈഴവര്‍ക്ക്‌ പ്രയോജനം വേണം .അത്‌ നല്ല കാര്യം .പക്ഷെ അത്‌ സ്വന്തം നേട്ടത്തിനാകരുതെന്നു മാത്രം .ബി ജെ പി കേന്ദ്രത്തില്‍ വന്നതുമുതല്‍ വെള്ളാപ്പള്ളി പല കാര്യങ്ങളിലും ബി ജെ പി അനുകൂല നിലപാടുകള്‍ എടുത്തിരുന്നു .തോഗാടിയയെപ്പോലെ ഉള്ളവര്‍ പിന്നിലുണ്ടെങ്കില്‍ മോഡിയും അമിത്‌ഷായുമൊക്കെ ഒപ്പം കൂടുമെന്ന്‌ വെള്ളാപ്പള്ളി നേരത്തെ തിരിച്ചറിഞ്ഞിരുന്നു .അതാണ്‌ മറ്റു സാമുദായിക നേതാക്കളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നത്‌ .

അമിത്‌ ഷായെ കണ്ടതിനു ശേഷം വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോടു പറഞ്ഞത്‌ എസ്‌.എന്‍.ഡി.പിക്ക്‌ ബി.ജെ.പിയോട്‌ അയിത്തമില്ലെന്നാണ്‌. അതിലൊരു തര്‍ക്കവുമില്ല. ബി.ജെ.പിക്കാണ്‌ ഈഴവരോട്‌ അയിത്തം എന്ന കാര്യം ആര്‍ക്കാണ്‌ അറിയാത്തത്‌? അരുവിക്കര തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിനുണ്ടായ അഭൂതപൂര്‍വമായ വോട്ട്‌ വര്‍ധന എസ്‌.എന്‍.ഡി.പിയുടെ ചെലവിലാണെന്ന്‌ ബി.ജെ.പി നേതൃത്വത്തെ ധരിപ്പിക്കാന്‍ വെള്ളാപ്പള്ളി അന്നുമുതല്‍ക്കെ ശ്രേമിക്കുന്നുണ്ട്‌ . വെള്ളാപ്പള്ളിയുടെ അവകാശവാദത്തെ ബി.ജെ.പി തള്ളിക്കളയാത്തത്‌ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ്‌ കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദെഹികള്‌ക്കെല്ലാം നന്നായി അറിയാം .

എന്നാല്‍ മുഴുവന്‍ മനസ്സും ബി.ജെ.പിക്കു നല്‍കാന്‍ വെള്ളാപ്പള്ളി തയാറാവാത്തതും എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും തള്ളിപ്പറയാത്തതും കച്ചവട രാഷ്ടീയ തന്ത്രത്തിന്റെ ഭാഗമാണെന്നും നമുക്കൊക്കെ അറിയാം . ബി.ജെ.പിക്ക്‌ ഒരിക്കലും എസ്‌.എന്‍.ഡി.പിയുമായി യോജിച്ചു പോകാനാവില്ല. സവര്‍ണ്ണ ഫാസിസം മുഖമുദ്രയാക്കുകയും ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്‌ഠിതമായ ഭരണവ്യവസ്ഥ സ്വപ്‌നംകാണുകയും ചെയ്യുന്ന ആര്‍.എസ്‌.എസ്‌ നിയന്ത്രിക്കുന്ന ബി.ജെ.പി വിമോചന ദൈവശാസ്‌ത്രം എന്ന തത്ത്വം മുന്നോട്ടുവച്ച ശ്രീനാരായണ ഗുരുവിനെ എങ്ങനെയാണ്‌ അംഗീകരിക്കുക? ജാതീയതക്കെതിരെ തന്റെ സമുദായത്തെ നയിച്ച ധിഷണാശാലിയായിരുന്നു ശ്രീനാരായണ ഗുരു. ശ്രീനാരായണ ഗുരു നടത്തിയ ശിവപ്രതിഷ്‌ഠയ്‌ക്കെതിരെ സവര്‍ണര്‍ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ താന്‍ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചത്‌ എന്ന്‌ അവര്‍ക്കു മറുപടി കൊടുത്ത ചരിത്രമാണ്‌ ഗുരുവിന്റേത്‌.

എന്നാല്‍ ബി.ജെ.പി ബാന്ധവം എന്ന ഉമ്മാക്കി കാണിച്ച്‌ കേരളത്തിലെ ഇരു മുന്നണികളേയും ഭയപ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാനുള്ള തന്ത്രമാണ്‌ വെള്ളാപ്പള്ളിയുടേത്‌.

ഇരുമുന്നണികളെയും ഒരേ സമയം സമ്മര്‍ദത്തിലാക്കി തന്‍കാര്യം നേടുക എന്ന പുതിയ രാഷ്ടീയ സാങ്കേതികവിദ്യക്കാണ്‌ വെള്ളാപ്പള്ളി ഇവിടെ രൂപംകൊടുത്തിരിക്കുന്നത്‌. ഉമ്മന്‍ചാണ്ടിയെ പുകഴ്‌ത്തുകയും പിണറായി വിജയനെ വേദനിപ്പിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്‌. ആരുടെ കയ്യിലാണ്‌ അടുത്ത തവണ ഭരണം കിട്ടുക എന്ന്‌ അറിയില്ലല്ലോ. ഹിന്ദു ഭൂരിപക്ഷം അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒരു ശ്വാസത്തില്‍ പറയുകയും മറുശ്വാസത്തില്‍ പിന്നോക്കക്കാരായ ഈഴവര്‍ക്കു കിട്ടാതെപോകുന്ന ആനുകൂല്യങ്ങളെക്കുറിച്ചു വിലപിച്ച്‌ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന ഒരു തന്ത്രം അദ്ദേഹം പണ്ടുമുതല്‍ക്കെ പയറ്റുന്നുണ്ട്‌ .ഇതിനെയൊന്നും ആര്‍ക്കും കുറ്റപ്പെടുത്താന്‍ പറ്റില്ല .പക്ഷെ ശ്രീനാരായണഗുരു ധര്‍മങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടും പണയം വച്ചുകൊണ്ടുമാകരുത്‌ ഇത്തരം നേട്ടങ്ങളെന്നേ അഭ്യര്‍ഥിക്കാനുള്ളു.
അരുവിക്കരയിലെ ആദ്യപ്രതിഷ്‌ഠയും വെള്ളാപ്പള്ളിയും (അനില്‍ പെണ്ണുക്കര)
Join WhatsApp News
നാരദന്‍ 2015-08-06 16:59:30
മിക്കവാറും അദികം  താമസിയാതെ  ഗുരുവിന്‍റെ പ്രതിമക്കു ഗുണ്ടകള്‍ കല്ലേറ് നടത്തും . പിന്നെ വെള്ളാപ്പള്ളി  ഒരു അസ്വമേദം  നടത്തും.. പാവം  ഇഴാവര്‍  പതിവ് പോലെ പറ്റിക്കപെടും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക