Image

അയാള്‍ ഞാനല്ല: അവകാശ വാദങ്ങളില്ലാതെ ഒരു കൊച്ചു ചിത്രം

ആശ പണിക്കര്‍ Published on 06 August, 2015
അയാള്‍ ഞാനല്ല: അവകാശ വാദങ്ങളില്ലാതെ ഒരു കൊച്ചു ചിത്രം
ഒരിടവേളയ്‌ക്കു ശേഷം തിയേറ്ററുകളില്‍ എത്തിയ ഫഹദ്‌ ഫാസിലിന്റെ ചിത്രം അയാള്‍ ഞാനല്ല, പ്രതീക്ഷകള്‍ ഒന്നുമില്ലാതെ വരുന്ന പ്രേക്ഷകര്‍ക്ക്‌ സന്തോഷം നല്‍കുന്ന ചിത്രമാണ്‌. സംവിധായകന്‍ രഞ്‌ജിത്തിന്റെ കഥയില്‍ നടന്‍ വിനീത്‌ കുമാര്‍ സംവിധാനം ചെയ്‌ത ആദ്യ സിനിമ. മികച്ച അഭിനയം കൊണ്ടും മനസില്‍ തങ്ങി നില്‍ക്കുന്ന ചില കോമഡി നമ്പറുകളും കൊണ്ട്‌ ഫഹദ്‌ തന്റെ കഥാപാത്രത്തെ മികച്ചതാക്കി.

എടുത്തുപറയത്തക്ക വിധം പുതുമകള്‍ ഈ ചിത്രത്തിന്‌ അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ അത്തരം പുതുമകള്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്ന്‌ ചിത്രം കാണുന്നവര്‍ക്ക്‌ ബോധ്യമാകും. കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു കൊച്ചു സിനിമ. അതാണ്‌ അയാള്‍ ഞാനല്ല എന്ന ചിത്രം.
കേരളത്തില്‍ നിന്ന്‌ നാട്‌ വിട്ട്‌ ഗുജറാത്തില്‍ അമ്മാവനോടൊപ്പം ടയര്‍ റീസോള്‍ ജോലി ചെയ്യുന്ന ആളാണ്‌ പ്രകാശന്‍ എന്ന ചെറുപ്പക്കാരന്‍. ഇരുവരുടേയും ഉറ്റ ചങ്ങാതിയാണ്‌ അരവിന്ദേട്ടന്‍. എന്നാല്‍ അമ്മാവന്‍ മരിക്കുന്നതോടെ പ്രകാശന്‍ ഒറ്റയ്‌ക്കാവുന്നു. പോരാത്തതിന്‌ ലക്ഷങ്ങളുടെ കടവും. നാട്ടിലെ തന്റെ സ്വത്ത്‌ വിറ്റ്‌ കടം വീട്ടാനായി പ്രകാശന്റെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ കഥയില്‍.

സിനിമയുടെ ആദ്യ പകുതി മുഴുവന്‍ ഗുജറാത്തി കാഴ്‌ചകളും ജീവിതവുമാണ്‌. മലയാളത്തില്‍ അത്രയൊന്നും പരിചയമില്ലാത്ത കാഴ്‌ചകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ആദ്യപകുതി. അവിടെ ചിത്രീകരിച്ച ഗാനങ്ങളും ശ്രദ്ധേയമാണ്‌. രണ്ടാം പകുതിയില്‍ മറ്റൊരു പശ്ചാത്തലത്തിലേക്ക്‌ കഥയുടെ ഗതി മാറുന്നു. സ്ഥാലം വില്‍ക്കാന്‍ ബംഗളുരുവിലെത്തുന്ന പ്രകാശന്‍ അവിടെ മറ്റൊരാളായി വേഷം മാറി ജീവിക്കുന്നതാണ്‌ പിന്നീട്‌ സിനിമയുടെ കഥ. ഒട്ടും അവകാശവാദങ്ങളില്ലാതെ എത്തിയ സിനിമയില്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും തന്നെയില്ല. മാത്രവുമല്ല, ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്നെക്കൊണ്ടു കഴിയും വിധത്തില്‍ ചിത്രം ആകര്‍ഷകമാക്കാന്‍ വിനീത്‌ ശ്രമിച്ചിട്ടുണ്ട്‌. എന്നാല്‍ രഞ്‌ജിത്തിന്റെ കഥയിലെ സംഭവവികാസങ്ങളെ പ്രേക്ഷകര്‍ക്ക്‌ ആകാംക്ഷയുണര്‍ത്തുന്ന രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ വിനീതിനു കഴിഞ്ഞില്ല എന്നത്‌ ചിത്രത്തിന്റെ പോരായ്‌മയാണ്‌. വിനീതിനെ പോലെ ചെറുപ്പക്കാരനായ ഒരു സംവിധായകന്റെ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചടുലതയോ ത്രില്ലിങ്ങായ വഴിത്തിരിവുകളോ ഒന്നും തന്നെ ഇതില്‍ കാണാന്‍ കഴിയില്ല. എങ്കിലും പ്രേക്ഷകന്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ ശുഭ പര്യവസാനമാണ്‌ ചിത്രത്തിന്‌.

ഗുജറാത്തിയായും കൊയിലാണ്ടിക്കാരനായ ചെറുപ്പക്കാരനായും ഫഹദ്‌ മിന്നുന്ന അഭിനയം തന്നെയാണ്‌ കാഴ്‌ച വച്ചത്‌. കോര്‍പ്പറേറ്റ്‌ ലുക്കുള്ള കഥാപാത്രങ്ങളില്‍ നിന്നും ഫഹദിന്‌ ഒരു മോചനമായിരിക്കും ഈ ചിത്രത്തിലെ പ്രകാശന്‍. മൃദുല മുരളിയും ദിവ്യ പിള്ളയുമാണ്‌ നായികമാര്‍. ടി.ജി രവി, രണ്‍ജി പണിക്കര്‍, ടിനി ടോം, ബിജോയ്‌ വര്‍ഗീസ്‌ എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍. ലോലിതന്‍, ബോബി എന്നിവര്‍ ഹാസ്യരംഗങ്ങളില്‍ മികച്ചു നിന്നു.

ശ്യാംദത്തിന്റെ ഛായാഗ്രഹണവും മനു രമേശിന്റെ സംഗീതവും മനോജിന്റെ ചിത്ര സംയോജനവും മികച്ചതായി. ഈ ചിത്രത്തിന്റെ വിജയം സംവിധായകന്‍ വിനീതിനെന്ന പോലെ ഫഹദിനും നിര്‍ണായകമാണ്‌. അതിന്‌ സമ്മതിക്കേണ്ടത്‌ പ്രേക്ഷകരാണ്‌.
അയാള്‍ ഞാനല്ല: അവകാശ വാദങ്ങളില്ലാതെ ഒരു കൊച്ചു ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക