Image

മഹത്തായ ഒരു കലാലയത്തിന്റെ ശനിദശ (ലേഖനം: സാം നിലമ്പള്ളില്‍.)

Published on 08 August, 2015
മഹത്തായ ഒരു കലാലയത്തിന്റെ ശനിദശ (ലേഖനം: സാം നിലമ്പള്ളില്‍.)
കേരള രാഷ്‌ട്രീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ മഹാരഥന്മാര്‍ പഠിക്കയും പഠിപ്പിക്കുകയും ചെയ്‌തിട്ടുള്ള മഹദ്‌സ്ഥാപനമാണ്‌ എറണാകുളം മഹാരാജാസ്‌ കോളജ്‌. പേരുപോലെതന്നെ അന്തസ്‌ പുലര്‍ത്തിയിരുന്ന കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത്‌ പരിതപിക്കാത്തവര്‍ ചുരുക്കം. ഞാന്‍ നാട്ടിലായിരുന്നപ്പോള്‍ ആയിരുന്നു അവിടെ നാല്‍പത്‌ ദിവസത്തെ ഉപരോധസമരം നടന്നത്‌. കേരളത്തലെ അനേകം പ്രൈവറ്റ്‌ കോളജുകള്‍ക്ക്‌ സ്വയംഭരണം അനുവദിച്ചതിന്റെ കൂട്ടത്തില്‍ മഹാരാജാസിനെയും യുജിസി അംഗീകരിച്ചതിന്റെ പേരില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍, പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ വാലായ എസ്‌ എഫ്‌ ഐയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരം. സ്വയംഭരണം കിട്ടിക്കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ തോന്ന്യവാസം പഴയതുപോലെ നടക്കത്തില്ല എന്ന ഭയം കൊണ്ടാണ്‌ എസ്‌എഫ്‌ഐ ഹാലിളക്കിയത്‌. ഇടതപപക്ഷ അനുഭാവികളായ ഒരുപറ്റം അധ്യാപകരുടെ പന്തുണയും അവര്‍ക്കുണ്ടായിരുന്നു.

സമരം ചെയ്‌ത അധ്യാപകരെ സ്ഥലംമാറ്റിയും മറ്റും സര്‍ക്കാര്‍ പ്രതികരിച്ചെങ്കിലും കോളജ്‌ തുറപ്പിക്കാന്‍ ചെറുവിരല്‍പോലും അനക്കിയില്ല. പുതിയ അദ്ധ്യായന വര്‍ഷത്തേക്ക്‌ അഡ്‌മിഷന്‍ നടക്കേണ്ട സമയം. കലാലയ ജീവിതത്തിന്‌ അവസരം കാത്ത്‌ കഴിയുന്ന നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ വെളിയില്‍. കോളജ്‌ അക്ഷരാര്‍ത്ഥത്തില്‍ അടച്ചുപൂട്ടിയിരിക്കയാണ്‌, കേരളത്തിലെ ചില ഫാക്‌ട്ടറികള്‍ പോലെ. പ്രന്‍സിപ്പാളിനെപ്പോലും അകത്തേക്ക്‌ വിടുന്നില്ല. പരിപൂര്‍ണ സ്തംഭനത്തിന്റെ നാല്‍പത്‌ അദ്ധ്യായന ദിവസങ്ങള്‍. മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണുനീര്‍ കാണണം എന്ന മട്ടിലുള്ള സര്‍ക്കാര്‍ നയം. സമരം ചെയ്‌ത്‌ തുലയട്ടെ എന്നാണ്‌ സര്‍ക്കാര്‍ ചിന്തിച്ചത്‌. അവസാനം നാല്‍പതാം നാള്‍ സമരക്കാരെ ചര്‍ച്ചക്കായി വിളിച്ചു. ഇടതു പക്ഷത്തിന്റെ എല്ലാ സമരങ്ങളുംപോലെ ഇതും എങ്ങനെയെങ്കിലും അവസാനിപ്പിച്ചല്‍ മതിയെന്ന ചിന്തയിലായിരുന്നു എസ്‌എഫ്‌ഐയും അവരടെ തലതൊട്ടപ്പന്മാരും. സര്‍ക്കാര്‍ വിളിച്ചതും ഓടിയെത്തിയതും യാതൊരു ഉപാധികളും കൂടാതെ സമരം പന്‍വലിച്ചതും പെട്ടന്നായിരുന്നു.

എന്തിനുവേണ്ടി ആയിരുന്നു മഹത്തായ കലാലയത്തെ ശ്വാസം മുട്ടിച്ചു കൊണ്ടുള്ള സമരം? ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. നാല്‍പത്‌ ദിവസത്തെ സമരം കൊണ്ട്‌ യാതൊന്നും നേടിയില്ല. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഭാവി തകരാറിലാക്കിയ ആഭാസത്തരം. കോളജിന്റെ നയപരമായ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിക്കും എന്ന ഡിമാന്‍ഡ്‌ മാത്രമാണ്‌ അംഗികരിച്ചത്‌. ഇതിനുവേണ്ടി ആയിരുന്നോ കലാലയത്തെ ശ്വാസംമുട്ടിച്ചത്‌? കോളജിന്റെ സ്വയം ഭരണം അതുപോലെ തുടരുകയും ചെയ്യും.

മഹാകവി ജി. ശങ്കരക്കുറുപ്പ്‌ , സുകുമാര്‍ അഴീക്കോട്‌ മുതലായ സാഹിത്യനായകന്മാര്‍ പഠിപ്പിക്കുകയും എ.കെ. ആന്റണി, വയലാര്‍ രവി മുതലായ രാഷ്‌ട്രീയ നേതാക്കള്‍ പഠിക്കുകയും ചെയ്‌ത കലാലയമാണ്‌ മഹാരാജാസ്‌ കോളജ്‌. ഉപരോധത്തെ പ്രോത്സാഹിപ്പിച്ച ഇടതുപക്ഷ നേതാക്കന്മാര്‍ ആരെങ്കിലും അവിടെ പഠിച്ചിട്ടുണ്ടോയെന്ന്‌ അറിയില്ല. കോളജിന്റെ പടി കണ്ടിട്ടില്ലാത്തവരാണല്ലോ അവരുടെ തലപ്പത്ത്‌ വിരാജിക്കുന്നവര്‍. എന്നാല്‍ ഇടതുപക്ഷ അനുഭാവികളായ ഒരുപറ്റം അധ്യാപകര്‍ സമരം ചെയ്‌ത വിദ്യര്‍ത്ഥികളോടൊപ്പം പങ്കെടുക്കുകയും സമരം ചെയ്‌ത ദിവസങ്ങളിലെ ശമ്പളം പറ്റുകയും ചെയ്‌തെന്ന്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്താണ്‌ ഇവരുടെ തത്വസംഹിത, രാഷ്‌ട്രീയ ആദര്‍ശ്ശം? നോക്കുകൂലി വാങ്ങുന്ന ചട്ടമ്പികളും ഇവരും തമ്മില്‍ എന്താണ്‌ വ്യത്യാസം? അധ്യാപകന്‍ എന്ന പേരിനു തന്നെ കളങ്കം സൃഷ്‌ടിക്കുന്ന ഇവരെ ജോലിയില്‍നിന്ന്‌ പിരിച്ചുവിടാന്‍ ധൈര്യപ്പെടാത്ത സര്‍ക്കാരും അധിക്ഷേപം അര്‍ഹിക്കുന്നു.

അമേരിക്കയിലേക്ക്‌ പോരുന്നതിന്റെ തലേദിവസം മഹാരാജാസ്‌ കോളജിന്റെ പടിക്കല്‍കൂടി യാത്ര ചെയ്‌തപ്പോള്‍ അവിടെ വലിയൊരു ചുവന്ന ബാനര്‍ കെട്ടിത്തൂക്കിയിരിക്കുന്നത്‌ കണ്ടു. അതില്‍ എഴുതിയിരുന്നത്‌ എന്താണെന്ന്‌ അറിയണോ? `ചുവപ്പു കോട്ടയിലേക്ക്‌ സ്വാഗതം' എന്ന്‌. പുതുതായി കോളജില്‍ എത്തുന്ന കുട്ടികളെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള എസ്‌എഫ്‌ ഐ യുടെ സന്ദേശമാണ്‌ ബനറില്‍. മഹത്തായ കലാലയത്തെ ചുവപ്പു കോട്ടയാക്കി മാറ്റിയിരിക്കുന്നു. എനിക്ക്‌ ചിരിക്കാനും കരയാനും തോന്നി. ഞാന്‍ മഹാരാജാസ്‌ കോളജിലല്ല പഠിച്ചതെങ്കിലും ഒരിക്കല്‍ ആദരവോടെ മാത്രം നോക്കികണ്ടിരുന്ന കലാലയത്തിന്റെ ഗതികേടോര്‍ത്ത്‌ സഹതപിക്കാനേ എനിക്ക്‌ ആകുമായിരുന്നുള്ളു.
മഹത്തായ ഒരു കലാലയത്തിന്റെ ശനിദശ (ലേഖനം: സാം നിലമ്പള്ളില്‍.)
Join WhatsApp News
G. Puthenkurish 2015-08-08 08:18:45

It is sad to see that the College once stood up among other college like a king is attacked by the political termites of Kerala .  Many great people studied in that college. 

 FAMOUS ALUMNI

·         Swami Chinmayananda (Late)

·         Changampuzha Krishnapillai - Famous Lyrist in Malayalam (Late)

·         A K Antony- former Chief Minister of Kerala

·         N S Madhavan IAS- Creative writer in Malayalam 

·         Justice K. Sukumaran- Justice, Supreme Court

·         Justice Usha Sukumaran- Justice, Supreme Court

·         K Kasturirangan- former ISRO Chairman

·         Dr Isaac Thomas- Finance Minister, Kerala

·         Prof. K Babu Joseph-former Vice Chancellor, CUSAT,

·         Dr K S Radhakrishnan- Vice Chancellor, Sanskrit University

·         Dr M S Valliathan- Scientific Adviser to Govt. of Kerala

·         Bharath Mammootty- Multi lingual mega star

·         T V R Shenoy - Renowned Journalist

·         K. Sachidanandan - Secretary, Kendra Sahithya Academy

·         Prof. K.V. Peter - Vice Chancellor, Kerala Agricultural University

Justice K.G. Balakrishnan, Chief Justice, Supreme Court The list continues and Alumni proudly declare

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക