Image

സി.പി.എമ്മിനു എതിരെ തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം

Published on 09 August, 2015
സി.പി.എമ്മിനു എതിരെ തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം
 വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ആത്മാർത്ഥതയുണ്ടെങ്കിൽ ചെയ്യേണ്ടത്.  അതുമാത്രമേ മാർഗമുള്ളൂ.

കൊല്ലം: സി.പി.എമ്മിനു രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. സി.പി.എം നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് എതിര്‍പ്പെന്ന് തുഷാര്‍ ആരോപിക്കുന്നു. ന്യൂനപക്ഷ പ്രീണനം സി.പി.എം നടത്തുന്നു. മറ്റു മതങ്ങളെ പുണരുകയും അവരുടെ മതാചാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഈഴവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പാര്‍ട്ടി തള്ളിപറയുന്നു. സി.പി.എമ്മിന്‍െറ ഭീഷണി കണ്ട് ഭയക്കുന്നവരല്ല എസ്.എന്‍.ഡി.പി എന്നും കേരളകൗമുദി ദിനപത്രത്തില്‍ 'രാഷ്ട്രീയ ജന്മിമാരുടെ വിലാപം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ തുഷാര്‍ പറയുന്നു.

സി.പി.എം കഴിഞ്ഞ കാലങ്ങളില്‍ പാവപ്പെട്ടവരോടും പിന്നാക്കകാരോടും ആഭിമുഖ്യം പുലര്‍ത്തിയ പാര്‍ട്ടിയാണ്. ഭൂപരിഷ്കരണം അടക്കമുള്ള വിഷയങ്ങളില്‍ അതിന്‍െറ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് കോര്‍പറേറ്റുകളുടെ പാര്‍ട്ടിയായി സി.പി.എം മാറുന്നതാണ് കണ്ടത്. കശുവണ്ടി, കയര്‍, ചെത്ത് തൊഴിലാളി മേഖലകളുടെ പുനരുദ്ധാരണത്തിന് വേണ്ടി സി.പി.എം ഒന്നും ചെയ്യുന്നില്ല.

മംഗലാപുരത്തെ ക്ഷേത്രങ്ങളിലെ അനാചാരങ്ങളെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാര്‍ട്ടി പി.ബി അംഗം എന്തുകൊണ്ട് കേരളത്തിലെ അനാചാരങ്ങളെപ്പറ്റി പറയുന്നില്ളെന്ന് തുഷാര്‍ ചോദിക്കുന്നു. സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും അയിത്താചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പലയിടത്തും നടക്കുന്ന ബ്രാഹ്മണ ഭോജനം പോലുള്ള പരിപാടികളില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. ബി.ജെ.പിയോട് യാതൊരു താത്പര്യവും എസ്.എന്‍.ഡി.പിക്കില്ല. ബി.ജെ.പി പാളയത്തില്‍ യോഗത്തെ കെട്ടാനുള്ള നടപടി ഉണ്ടായിട്ടില്ല. സാമൂഹ്യനീതി എവിടെ നിന്നു ലഭിക്കുന്നോ അവരോടൊപ്പം നില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ ജന്മിമാരുടെ വിലാപം
തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തിലെ രാഷ്ട്രീയ ജന്മിമാര്‍ ഇപ്പോള്‍ പരിഭ്രാന്തിയിലാണ്. കുടിയാന്മാര്‍ തങ്ങളുടെ പിടിയില്‍ നിന്ന് മോചിതരാകുന്നതാണ് പ്രശ്‌നം. ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ അന്നത്തെ ജന്മിമാര്‍ വിലപിച്ചപോലെ ആധുനിക ലോകത്തെ രാഷ്ട്രീയ ജന്മിമാരുടെ വിലാപമാണ് ഇപ്പോള്‍ കേരളത്തില്‍ കേള്‍ക്കുന്നത്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ചതിനെ ചൊല്ലി വിപ്‌ളവ പാര്‍ട്ടി നേതൃത്വം കാട്ടുന്ന വെപ്രാളം കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ തമാശയാണ്. അതിന്റെ പേരില്‍ എസ്.എന്‍.ഡി.പി യോഗത്തിനും നേതൃത്വത്തിനുമെതിരെ പാര്‍ട്ടി നേതാക്കള്‍ ലേഖനപരമ്പരകളിലായാണ് ആക്ഷേപശരങ്ങളുതിര്‍ക്കുന്നത്. ഇത്രയ്ക്ക് അസ്വസ്ഥമാകാന്‍ യോഗം ഒരു പാര്‍ട്ടിയുടെയും പോഷകസംഘടനയല്ലല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേടിക്കൊടുത്ത സൗഭാഗ്യങ്ങള്‍ എണ്ണിയെണ്ണിപ്പറയുകയാണിപ്പോള്‍. മറ്റുസംസ്ഥാനങ്ങളില്‍ നിലവിലുള്ള ജാതി വിവേചനങ്ങള്‍ കേരളത്തിലില്ല, അതിനെ അനുകൂലിക്കുന്ന സവര്‍ണ പാര്‍ട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് യോഗത്തിന്റെ അസ്ഥിവാരം തോണ്ടും അങ്ങിനെ നീളുന്നു വാദങ്ങള്‍. മുന്നറിയിപ്പുകളും ആശങ്കകളും ഒരുപിടിയാണ്.

കേരളത്തിലെ സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിന്റെ കുത്തക തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായാണ് ഇക്കൂട്ടരുടെ രംഗപ്രവേശം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവശജന വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ഇതുവരെ പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ഉദയം ചെയ്യും മുമ്പേ അവകാശപ്പോരാട്ടങ്ങളുമായി കേരളത്തില്‍ ആദ്യമായി പടപൊരുതിയ പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. യോഗം. ശ്രീനാരായണ ഗുരുദേവന്‍ നേതൃത്വം നല്‍കിയ നവോത്ഥാന നീക്കങ്ങളാല്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തിറക്കി വിളവെടുത്ത നേട്ടം മാത്രം ഇവര്‍ അവകാശപ്പെട്ടാല്‍ മതി. അയിത്തോച്ചാടനവും പന്തിഭോജനവും വൈക്കം സത്യാഗ്രഹവും മാറുമറയ്ക്കല്‍ സമരവും ഗുരുവായൂര്‍ സത്യാഗ്രഹവും കായല്‍ സമരവും മറ്റും നടക്കുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊടിപോലുമില്ലായിരുന്നു. ഭൂപരിഷ്‌കരണം നിയമം കൊണ്ടുവന്ന് കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും രക്ഷിച്ചെന്ന് പറയുന്ന സി.പി.എം. അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു കൂടി പറയണം.

കേരളത്തിലെ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ രക്ഷകരായി കണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തന്നെയാണ്. ഇപ്പോഴും ഇവരുടെ അടിത്തറ പിന്നോക്കവിഭാഗങ്ങള്‍ തന്നെ. അവരെ മറന്ന് ന്യൂനപക്ഷപ്രീണനവും തന്‍കാര്യലാഭവും നോക്കി നടന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു എന്നെങ്കിലും അണികള്‍ക്ക് സത്യം മനസിലാകുമെന്ന്.

വീരവാദങ്ങള്‍ പറയുമ്പോള്‍ തങ്ങള്‍ സംരക്ഷിച്ചുവന്ന കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി കൂടി വിശദീകരിക്കണമായിരുന്നു. ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന പരമ്പരാഗത വ്യവസായങ്ങളുടെ സ്ഥിതിയെന്തായി. അതില്‍ ജോലി ചെയ്തിരുന്ന ദശലക്ഷക്കണക്കിന് പാവപ്പെട്ട പിന്നാക്കക്കാരുടെ അവസ്ഥയെന്താണ്. മൗനം തന്നെ അതിന് മറുപടിയുമാകുന്നു. ഇടതുപാര്‍ട്ടികളുടെ പോര്‍ മുഖത്തെ ശബ്ദമായിരുന്നു കയര്‍, ചെത്ത്, കശുഅണ്ടി, നെയ്ത്ത്, കൃഷി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍. ആലപ്പുഴയിലെ കയര്‍വ്യവസായം അമ്പേ തകര്‍ന്നടിഞ്ഞു, ചെത്ത് തൊഴിലാളികള്‍ ഇപ്പോള്‍ മെയ്ക്കാടുപണിയെടുത്താണ് ജീവിക്കുന്നത്, കൊല്ലത്തെ അവശേഷിക്കുന്ന കശുഅണ്ടി ഫാക്ടറികളില്‍ കരിഞ്ഞുതീരുകയാണ് പാവം തൊഴിലാളികള്‍, നെയ്ത്ത്, ബീഡി വ്യവസായം അന്യം നിന്നു, കൃഷിഭൂമി നികത്തി പാര്‍ട്ടി ഓഫീസുകള്‍ വരെ പണിതപ്പോള്‍ പാവം കര്‍ഷകതൊഴിലാളികള്‍ തൂമ്പ ഉപേക്ഷിച്ചു.

ഈ വ്യവസായങ്ങളെ കൈപിടിച്ചുയര്‍ത്താന്‍, ആധുനികവത്കരിക്കാന്‍, ചെറുവിരലനക്കാന്‍ തങ്ങളുടെ സ്വന്തം തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വിപ്‌ളവപാര്‍ട്ടികളൊന്നും മെനക്കെട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെയും കൊല്ലത്തെയും തൊഴിലാളി കുടുംബങ്ങളില്‍ എങ്ങിനെയാണ് അടുപ്പ് പുകയുന്നതെന്ന് അന്വേഷിച്ചാല്‍ നന്നായിരിക്കും.

ചുരുക്കിപറഞ്ഞാല്‍ അണികളുടെ കുത്തകയായിരുന്ന ഒരു പരമ്പരാഗത വ്യവസായത്തെയും ഈ പാര്‍ട്ടികള്‍ രക്ഷിച്ചില്ല. ആഡംബര പാര്‍ട്ടി ആഫീസുകളും പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിനിടെ ആ കുടുംബങ്ങളുടെ കണ്ണീര്‍ കാണാന്‍ ആരുമുണ്ടായില്ല. സ്വന്തം അണികളുടെ ക്ഷേമം അന്വേഷിക്കാത്ത പാര്‍ട്ടിയെ എന്തിന്റെ പേരിലാണ് അവര്‍ പിന്തുണയ്‌ക്കേണ്ടത്. ചോദ്യം ചെയ്തവരൊക്കെ പാര്‍ട്ടി വിരുദ്ധരായി. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ എന്ത് വികസനപ്രവൃത്തികളാണ് ശ്രദ്ധേയമായുണ്ടായത്. പാര്‍ട്ടിക്ക് വേണ്ടി വെട്ടാനും കൊല്ലാനും ചാകാനും വോട്ടുചെയ്യാനും മാത്രം വിധിക്കപ്പെട്ടവരാണോ പിന്നാക്കക്കാര്‍. പാര്‍ട്ടിപ്രക്ഷോഭങ്ങളില്‍ ന്യൂനപക്ഷസവര്‍ണ സമുദായങ്ങളില്‍ നിന്ന് കൊടിപിടിക്കാന്‍ എത്രപേരു വരുന്നു. പാര്‍ട്ടി രക്തസാക്ഷികളുടെ എണ്ണമെടുക്കുമ്പോള്‍ പിന്നോക്കാരല്ലാത്തവര്‍ എത്ര പേരുണ്ട്. തങ്ങളുടെ ത്യാഗങ്ങളൊക്കെ പാഴായെന്ന തിരിച്ചറിവു വന്നപ്പോള്‍ അവര്‍ മാറി ചിന്തിച്ചു തുടങ്ങിയെന്നതാണ് സത്യം.

ഒരു കാലത്ത് ലളിതജീവിതത്തിനും അന്തസുള്ള പെരുമാറ്റത്തിനും മാതൃകയായിരുന്നു കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍. അണികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നേതാക്കള്‍ക്ക് പകരം കോര്‍പ്പറേറ്റ് ശൈലിയും അധികാരത്തിന്റെ ഹുങ്കുമായി അണികളെ അടക്കിഭരിക്കാനാണ് ഇന്നത്തെ നേതാക്കളുടെ ശ്രമം.പഴയ പോലെ വിപ്‌ളവം മാത്രം പറഞ്ഞ് അണികളെ കൂടെനിറുത്താനാവില്ല. പുതിയ തലമുറ കാര്യങ്ങളെല്ലാം മനസിലാക്കുന്നവരാണ്. അവര്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചാല്‍ അതിന് എസ്.എന്‍.ഡി.പി. യോഗത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പുരോഗമന പ്രസ്ഥാനമാണെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കി യോഗം നേതാക്കളെ പുലഭ്യം പറഞ്ഞ് പിന്നോട്ടു നടക്കുകയല്ല വേണ്ടത്. തലമുറകളുടെ മാറ്റം അറിയാനുള്ള കഴിവില്ല് ഇല്ലെങ്കില്‍ അത് ആര്‍ജിക്കണം. എസ്.എന്‍.ഡി.പി യോഗത്തിന്റെ സജീവമായ ഇടപെടല്‍ ഈഴവ സമുദായാംഗങ്ങളുടെ ഇടയില്‍ പുതിയ ചിന്താധാരകള്‍ സൃഷ്ടിക്കാനും സാമ്പത്തിക സ്വാശ്രയത്തിനും വഴിയൊരുക്കാനും ഇടയായി. ചുരുങ്ങിയ കാലം കൊണ്ട് ഈഴവ കുടുംബങ്ങളിലെ സ്ത്രീകളുടെ ക്ഷേമത്തിന് 5000 കോടിയോളം രൂപയുടെ മൈക്രോഫിനാന്‍സ് പദ്ധതി യോഗം നടത്തുന്നുണ്ട്. സംഘടിത ഇടത് പ്രസ്ഥാനങ്ങള്‍ക്ക് ഇതുപോലെ എത്രയോ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാമായിരുന്നു.

വലതുപാര്‍ട്ടികളുടെ ശക്തി സ്രോതസായ ന്യൂനപക്ഷജനവിഭാഗങ്ങള്‍ ദിനം പ്രതി സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതി നേടിയതും നമ്മുടെ കണ്‍മുന്നിലാണ്. സംഘടിത വോട്ടുബാങ്കുമായി അവര്‍ ഭൂരിപക്ഷ സമുദായങ്ങളെ മറികടന്ന് പോയതും പാര്‍ട്ടി കണ്ടില്ല. അര്‍ഹതപ്പെട്ടതും അല്ലാത്തതും ന്യൂനപക്ഷങ്ങള്‍ വിലപേശി സ്വന്തമാക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ കുടുംബവ്യവസായം പോലെ ഇവര്‍ കൊണ്ടുനടന്നു. വലതു ഭരിച്ചാലും ഇടതുഭരിച്ചാലും വിദ്യാഭ്യാസം, ധനം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ഇവരുടെ കുത്തകയായി. ഭൂരിപക്ഷ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെട്ടു.

എന്നിട്ടും ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ന്യൂനപക്ഷ പ്രീണന തന്ത്രങ്ങളുമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു സി.പി.എം. ന്യൂനപക്ഷ മേധാവിത്വത്തിനെതിരെ ഹൈന്ദവ ഐക്യമെന്നത് യോഗം ലക്ഷ്യമാണ്. പിന്നോക്കക്കാര്‍ എന്നും തങ്ങളുടെ വോട്ടുബാങ്കുകളായി നില്‍ക്കുമെന്ന മിഥ്യാധാരണയില്‍ നിന്ന് ഇനിയും മാറാന്‍ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് യോഗവിരുദ്ധ ലേഖനങ്ങള്‍. സി.പി.എമ്മിനും കോണ്‍ഗ്രസിനും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊക്കെ അവരവരുടെ അജണ്ടകളുണ്ടാകും. അതുപോലെ തന്നെ എസ്.എന്‍.ഡി.പിക്കും അജണ്ടയുണ്ട്.

സാമൂഹ്യനീതിയെന്നതാണ് ആ അജണ്ട. അത് നല്‍കുന്നത് ആരാണെന്ന് മാത്രം നോക്കേണ്ട കാര്യമേ യോഗത്തിനുള്ളൂ. എസ്.എന്‍.ഡി.പി യോഗത്തെ ബി.ജെ.പിയുടെ തൊഴുത്തില്‍ കൊണ്ടു കെട്ടാന്‍ ശ്രമമെന്നാണ് ആരോപണം. ഇടതു തൊഴുത്തില്‍ ഇത്രയും കാലം പട്ടിണി കിടന്ന ഈഴവരുള്‍പ്പടെയുള്ള പിന്നോക്കക്കാരെക്കുറിച്ച് അദ്ദേഹം ഇപ്പോഴെങ്കിലും ഒന്നും ചിന്തിക്കണം. സാമൂഹ്യനീതിക്ക് നിരക്കാത്തത് ഏതുപാര്‍ട്ടി ചെയ്താലും യോഗം അതിനെ ശക്തിയുക്തം എതിരിടും. അവിടെ സി.പി.എമ്മെന്നോ, ബി.ജെ.പിയെന്നോ, കോണ്‍ഗ്രസെന്നോ വ്യത്യാസമുണ്ടാകില്ല. ഇത്രയും കാലം കേരളം ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് തരാന്‍ കഴിയാതിരുന്നത് ആര് തന്നാലും അത് വാങ്ങുക തന്നെ ചെയ്യും. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയോട് ചര്‍ച്ചയാകാന്‍ പാടില്ലെന്ന് പറയാന്‍ ഇവര്‍ക്ക് എന്ത് ധാര്‍മികത. അരമനകളും പള്ളികളും മര്‍ക്കസുകളും കയറി നിരങ്ങുന്ന വിപ്‌ളവപാര്‍ട്ടി നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമെന്തിനാണ് അയിത്തം.

പിന്നോക്ക സമുദായത്തില്‍പ്പെട്ട ഉശിരുള്ള നൂറുകണക്കിന് യുവനേതാക്കളുള്ള സി.പി.എം ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി കെട്ടിയിറക്കിയ ഡോ.മനോജ് കുരിശിങ്കല്‍, സിന്ധുജോയി, സുനില്‍ സി.കുര്യന്‍, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ ഇപ്പോഴെവിടെയാണ്. ഈഴവ സമുദായം ഹിന്ദുമതത്തിന്റെ ഭാഗം തന്നെയാണ്. തങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും തള്ളിപ്പറയുകയും മറ്റു മത നേതാക്കളുടെ കാലു കഴുകി വെള്ളംകുടിക്കുകയും ചെയ്യുന്ന നേതാക്കളെ ഇപ്പോഴും സ്തുതിക്കണമെന്നാണ് പറയുന്നത്. ചവിട്ടുംതോറും തൊഴുകയും തൊഴുമ്പോഴെല്ലാം ചവിട്ടുകൊള്ളുകയും ചെയ്യും ജനസമൂഹമായി ഈഴവര്‍ ഇനിയും കിടക്കുമെന്ന വ്യാമോഹത്തിലാണ് ഇടതുപക്ഷം.

നാരായണഗുരുദേവന്റെ ആദര്‍ശങ്ങള്‍ തന്നെയാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ മൂലക്കല്ല്. അതോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും പറഞ്ഞ ഗുരുദേവന്റെ വാക്കുകള്‍ തന്നെയാണ് യോഗം പിന്തുടരുന്നത്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ സംഘടിതശക്തി കൊണ്ട് തന്നെ നേടിയെടുക്കാനാണ് യോഗത്തിന്റെ പരിശ്രമം. അതിന് ഗുരുദേവന്‍ ഉപദേശിച്ച കാര്യങ്ങള്‍ ഈഴവര്‍ക്ക് വേണ്ടി മാത്രമല്ല, മനുഷ്യരാശിക്ക് വേണ്ടിയാണ്. ആ വചനങ്ങള്‍ ഈഴവരും പിന്നോക്കക്കാരും മാത്രം പാലിക്കണമെന്നാണ് ഇവരുടെ പക്ഷം.

മംഗലാപുരത്തെ ചില ക്ഷേത്രങ്ങളിലെ ബ്രാഹ്മണഭോജനത്തെക്കാളും എച്ചിലില്‍ ഉരുളുന്നതിനെക്കാളും മ്‌ളേച്ഛമായ കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നത് ഇവരാരും അറിയുന്നില്ലേ. സ്വന്തം സംസ്ഥാനത്ത് ഇപ്പോഴും നിലകൊള്ളുന്ന അനാചാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് മനപ്പൂര്‍വമാണ്. ഇടതു പ്രസ്ഥാനങ്ങളുടെ കളിത്തൊട്ടിലായ കേരളത്തില്‍ എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അവര്‍ണര്‍ക്ക് വിലക്കുണ്ട്. മാളയിലെ പാമ്പുമേക്കാട്ട് മന നാഗക്ഷേത്രത്തില്‍ മാസങ്ങള്‍ക്ക് മുമ്പു വരെ അവര്‍ണര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡൊഴികെ മറ്റ് നാല് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും എന്തുകൊണ്ട് ഒരു അബ്രാഹ്മണ പൂജാരി പോലുമില്ല. ദേവസ്വം നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന് 2002ല്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും ഇടതുഭരണകാലത്തുപോലും എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല. എത്രയോ ദേവസ്വം ക്ഷേത്രങ്ങളിലെ നമസ്‌കാര മണ്ഡപങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. കേരളത്തിലെ ഗൗഡസാരസ്വതരുടെ പ്രധാന ക്ഷേത്രങ്ങളില്‍ നടക്കുന്ന ബ്രാഹ്മണ ഭോജനത്തെക്കുറിച്ച് പാര്‍ട്ടി ഇതുവരെ അറിഞ്ഞില്ലെന്നാണോ പറയുന്നത്.

ഇവര്‍ ഭയക്കുന്നത് ഈഴവസമുദായത്തിന്റെ പുനരുത്ഥാനത്തെയാണ്. എസ്.എന്‍.ഡി.പി.യോഗം ഇനിയും ശക്തമായാല്‍ തങ്ങളുടെ അടിത്തറ കുലുങ്ങുമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയതിന്റെ വൈഷമ്യങ്ങളാണ് ദൃശ്യമാകുന്നത്. കാലടിയിലെ മണ്ണൊലിച്ചുപോകുന്നത് അറിയുമ്പോഴുള്ള വിഭ്രാന്തിയിലാണവര്‍. എന്നിട്ടും കാര്യങ്ങള്‍ തിരിച്ചറിയാനും തെറ്റുകള്‍ തിരുത്താനും തയ്യാറുമല്ല. പുലഭ്യം പറഞ്ഞതുകൊണ്ട് പേടിച്ചു പിന്മാറുന്നവരല്ല യോഗവും സാരഥികളും. ഇനിയെങ്കിലും ഇത്തരം തറവേലകള്‍ നിറുത്തി യാഥാര്‍ത്ഥ്യബോധത്തോടെ പിന്നോക്കസമുദായങ്ങളുടെ,വിശേഷിച്ച് ഈഴവസമുദായത്തിന്റെ വിശ്വാസം  വീണ്ടെടുക്കാന്‍ ശ്രമിക്കുകയണു ആത്മര്‍ഥതയുണ്ടെങ്കില്‍ ച്‌യ്യെണ്ടത്. അതു മാത്രമെ മാര്‍ഗമുള്ളു

http://news.keralakaumudi.com/news.php?nid=0cfcd21cb5be348d2b25725a16732c69

Join WhatsApp News
keraleeyan 2015-08-09 05:10:24
തുഷാര മോനും അച്ചനും കേരള കൗമുദിയും കേരളീയ സംസ്‌കാരം തകര്‍ത്തേ അടങ്ങൂ എന്ന വാശിയിലാണെന്നുവ്യക്തം. ക്രിസ്ത്യാനിക്കും മുസ്ലിമിനും കൂടുതല്‍ എന്തോ കിട്ടിയിയിട്ടൂണ്ട് എന്ന നുണ ഇവ ആവര്‍ത്തിക്കുന്നു. എന്തുകൊണ്ടാണു ഈഴവരും മറ്റും സാമ്പത്തികമായി പിന്നിലായത്? ഹിന്ദു മതം അവരെ താഴ്ന്ന ജാതിയാക്കി.സവര്‍ണര്‍ അവരെ അടിച്ചമര്‍ത്തി. ചില ജോലികളില്‍ ഒതുക്കി. ഉയരാന്‍ സമ്മതിച്ചില്ല.
ക്രിസ്ത്യാനികല്‍ക്ക് പാശ്ചാത്യ ബന്ധവും മുസ്ലിംകള്‍ക്ക് ഗള്‍ഫ് ജൊലികളും കുറച്ചൊക്കെ ഉയര്‍ച്ചക്കു സഹായിച്ചു. അതിനു അവരോട് അസൂയപ്പെടുന്നതിനു പകരം വളരാനല്ലെ നോക്കേണ്ടത്? അതോ തമ്മില്‍ തല്ലാമെന്നൊ?
കേരളം ഗുജറത്തല്ല. തമ്മില്‍ തല്ലാന്‍ കരുത്തുള്ള മൂന്നു സമുദായങ്ങളുള്ളിടത്ത് വര്‍ഗീയത് കൊണ്ട് ഈഴവര്‍ക്ക് കൂടുതല്‍ എന്തെങ്കിലും കിട്ടാന്‍ പോകുന്നോ? ആര്‍.എസ്.എസ്. കേരളത്തില്‍ ശക്തിപ്പെട്ടപ്പോള്‍ മുസ്ലിം വര്‍ഗീയതതയും വളര്‍ന്നു. ഈ അവസ്ഥ നല്ലതണോ? അതു പോലെ എത്ര ഹിന്ദു ഐക്യം പറഞ്ഞാലും സവര്‍ണരും അവര്‍ണരും ഒന്നാകാന്‍ പോകുന്നില്ല. മറിച്ച് സാമ്പത്തിക ഉയര്‍ച്ച നേടിയാല്‍ ജാതിക്ക് അറുതി വരും.
താണ ജാതിക്കാര്‍ ക്രെസ്തവ സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യമായ അമേരിക്കയില്‍ വന്നു ജാതിയില്‍ നിന്നു മോചിതരായി. പക്ഷേ അവര്‍ പിന്നീടു ക്രൈസ്തവരുടെ ഏറ്റവും വലിയ ശത്രുക്കളായി. എന്തൊരു വിരോധാഭാസം
എസ് കെ 2015-08-09 07:59:37
തുഷാര്‍ വെള്ളാപ്പള്ളി ഇതെഴുതിയെന്ന് വിശ്വസിക്കാന്‍   സാധിക്കുന്നില്ല. ശ്രീ നാരായണഗുരുവിനെ അക്ഷരാര്‍ഥത്തില്‍ അപമാനിക്കുന്ന വിവരക്കേടുകള്‍ വിളിച്ചു പറയുന്ന ഒരു കുടുംബമാണ് ഇന്ന് ശ്രീ നാരായണ പരിപാലന യോഗത്തെ നയിക്കുന്നത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക