Image

സുഷ്‌മയുടെ ദീനാനുകമ്പയും മറ്റ്‌ ന്യായീകരണങ്ങളും (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)

Published on 09 August, 2015
സുഷ്‌മയുടെ ദീനാനുകമ്പയും മറ്റ്‌ ന്യായീകരണങ്ങളും (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)
വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജ്‌ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവന ലളിത്‌ മോഡി- വ്യാപം കുംഭകോണം വിഷയങ്ങളെ തുടര്‍ന്ന്‌ സ്‌തംഭിച്ചു നില്‍ക്കുന്ന പാര്‍ലമെന്റ്‌ വര്‍ഷകാല സമ്മേളനത്തെ പുനരുജ്ജീവിപ്പിക്കുകയില്ലെന്നത്‌ വ്യക്തമായിരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി സുഷ്‌മയുടെ പ്രസ്‌താവനയെ വെറും നാടകമായിട്ടാണ്‌ വിശേഷിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുഷ്‌മയുടെ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെയാണ്‌ തള്ളിയത്‌. ലളിത്‌ മോഡി ഇടപാടില്‍ സുഷ്‌മയുടെ കുടുംബത്തിന്‌ എത്ര രൂപയാണ്‌ ലഭിച്ചതെന്നും രാഹുല്‍ ആരായുകയുണ്ടായി.

ലളിത്‌- വ്യാപം വിഷയങ്ങളും, 25 കോണ്‍ഗ്രസ്‌ അംഗങ്ങളെ ലോക്‌സഭയില്‍ നിന്നും സ്‌പീക്കര്‍ സുമിത്ര മഹാജന്‍ അഞ്ചു ദിവസത്തേത്ത്‌ പുറത്താക്കിയതും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്‌. 11 ബില്ലുകളാണ്‌ ഇരു സഭകളുടേയും അനുമതിക്കായി കാത്തിരിക്കുന്നത്‌. ഇതില്‍ സാമ്പത്തികപരിഷ്‌കരണ സംബന്ധിയായ ഭൂമിയേറ്റെടുക്കല്‍ ബില്ലും ഗുഡ്‌സ്‌ ആന്‍ഡ്‌ സര്‍വീസ്‌ ടാക്‌സ്‌ ബില്ലും ഉള്‍പ്പെടുന്നു. സുഷ്‌മയും രാജസ്ഥാന്‍ മുഖ്യമന്ത്രി (ബി.ജെ.പി) വസുന്ധരരാജെ സിന്ധ്യയും ലളിത്‌ വിവാദത്തിലും മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി (ബി.ജെ.പി) ശിവരാജ്‌ സിംഗ്‌ ചൗഹാനും വ്യാപം കുംഭകോണത്തിലും രാജിവെച്ചില്ലെങ്കില്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിക്കുമെന്ന ഭീഷണിയാണ്‌ കോണ്‍ഗ്രസ്‌ നയിക്കുന്ന പ്രതിപക്ഷം നടപ്പിലാക്കുന്നത്‌. ബില്ലുകളുടെ അനിശ്ചിതത്വത്തെ തുടര്‍ന്നുള്ള പ്രതിസന്ധി ഒരുവശത്ത്‌, പാര്‍ലമെന്റ്‌ നടത്തിപ്പിനായുള്ള കോടിക്കണക്കിന്‌ രൂപയുടെ പാഴ്‌ചിലവ്‌ മറുവശത്ത്‌. മന്ത്രിമാര്‍ രാജിവെയ്‌ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന കടുംപിടുത്തമാണ്‌ ഗവണ്‍മെന്റിന്‌. രാജിയില്ലെങ്കില്‍ പാര്‍ലമെന്റും ഇല്ലെന്ന്‌ കോണ്‍ഗ്രസും.

സുഷ്‌മയുടെ പ്രസ്‌താവനയും മറ്റ്‌ ന്യായീകരണങ്ങളും പ്രശ്‌നപരിഹാരത്തിന്‌ ഒട്ടും സഹായിച്ചില്ലെന്ന്‌ മാത്രമല്ല അത്‌ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കി. അതുപോലെ തന്നെ 25 കോണ്‍ഗ്രസ്‌ എം.പിമാരുടെ പുറത്താക്കല്‍ പ്രതിപക്ഷത്തെ ഒറ്റക്കെട്ടാക്കുകയും ഊര്‍ജ്ജം നഷ്‌ടപ്പെട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസിന്റെ സമരത്തിന്‌ പുതിയൊരു ഉണര്‍വ്‌ പകരുകയും ചെയ്‌തു.

സുഷ്‌മയുടെ പ്രസ്‌താവന പരസ്‌പരവിരുദ്ധമായിരുന്നു. ലളിത്‌ മോഡിയെ ഒരുപ്രകാരത്തിലും താന്‍ സഹിയിച്ചിട്ടില്ലെന്ന്‌ സുഷ്‌മ വാദിക്കുന്നു. അതേ ശ്വാസത്തില്‍ തന്നെ സുഷ്‌മ പറയുന്നു തികച്ചും മനുഷ്യത്വപരമായ ഒരു സാഹചര്യത്തില്‍, ദീനാനുകമ്പകൊണ്ട്‌, അര്‍ബുദ ചികിത്സയില്‍ പോര്‍ച്ചുഗലിലുള്ള ലളിത്‌ മോഡിയുടെ ഭാര്യയുടെ ഓപ്പറേഷന്‍ സംബന്ധിച്ച്‌ താന്‍ വെറും ഒരു സഹായം മാത്രമേ ചെയ്‌തിട്ടുള്ളുവെന്ന്‌. ഇതിനെ ഒന്ന്‌ വിശദീകരിച്ചുകൊണ്ട്‌ സുഷ്‌മ പറയുന്നു താന്‍ സഹായിച്ചത്‌ മോഡിയെ അല്ല മോഡിയുടെ ഭാര്യയെ ആണെന്ന്‌. ശരിയാണ്‌. സുഷ്‌മ സഹായിച്ചത്‌ മോഡിയുടെ ഭാര്യയെ ആണ്‌. അതായത്‌ മോഡിയുടെ ഭാര്യയിലുടെ മോഡിയെ ആണ്‌ സഹായിച്ചതെന്നും പറയാം. മോഡിയുടെ ഭാര്യ ജീവിതത്തിനും മരണത്തിനും ഇടയില്‍ ആണ്‌. ആ നിര്‍ണ്ണായക നിമിഷത്തില്‍ മോഡി തന്റെ അടുത്തുണ്ടായിരിക്കണമെന്ന്‌ മോഡിയുടെ ഭാര്യയ്‌ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. മാത്രവുമല്ല, മോഡി ചില കടലാസുകള്‍ ഓപ്പറേഷന്‌ മുമ്പ്‌ ഒപ്പിട്ടുകൊടുക്കുകയും ചെയ്യണം. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഇന്ത്യയുടെ ഒരു പൗരയെ സഹായിച്ചതില്‍ തെറ്റുണ്ടോ?- സുഷ്‌മ ചോദിക്കുന്നു. സുഷ്‌മ വീണ്ടും ചോദിക്കുന്നു- ഇങ്ങനെ ഒരു സാഹചര്യത്തില്‍ സോണിയ മറിച്ച്‌ എന്തെങ്കിലും ചെയ്യുമായിരുന്നോ? തികച്ചും വികാരപരമായ ഒരു ചോദ്യമാണ്‌ സുഷ്‌മ ചോദിച്ചത്‌.

ഇവിടെ വികാരത്തിന്റെ യാതൊരു ആവശ്യവുമില്ല. ലളിത്‌ മോഡിയുടെ ഭാര്യയുടെ അഭിലാഷം സാധിച്ചുകൊടുക്കുക തന്നെ വേണം. അതിന്‌ നിയമപരമായ ഒരു മാര്‍ഗ്ഗം സ്വീകരണക്കണമെന്നു മാത്രം.

ഇന്ത്യയുടെ വിദേശകാര്യമന്ത്രിക്ക്‌ അറിഞ്ഞുകൂടെ ആരാണ്‌ ലളിത്‌ മോഡി എന്ന്‌. അറിയാതിരിക്കാന്‍ വഴിയില്ലല്ലോ? കാരണം സുഷ്‌മയുടെ ഭര്‍ത്താവും മകളും ആണ്‌ രണ്ടു പതിറ്റാണ്ടിലേറെയായി മോഡിയുടെ അഭിഭാഷകര്‍. സുഷ്‌മയ്‌ക്ക്‌ അറിയില്ലായിരുന്നോ മോഡി പതിനഞ്ചിലേറെ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ്‌ ആക്‌ടിന്റെ (ഫെമ) ലംഘന കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ 'ബ്ലൂ കോര്‍ണര്‍' നോട്ടീസില്‍ പെട്ട വ്യക്തിയാണെന്ന്‌.? ഈ കേസുകള്‍ കള്ളപ്പണം വെള്ളപ്പണം ആക്കല്‍, വാതുവെയ്‌പ്‌, മാച്ച്‌ ഫിക്‌സിംഗ്‌ തുടങ്ങിയ ഉള്‍പ്പെടുന്നവയാണ്‌. മോഡിയുടെ പാസ്‌പോര്‍ട്ട്‌ ഒരിക്കല്‍ കണ്ടുകെട്ടിയതാണെന്നും പിന്നീട്‌ മേല്‍കോടതി അതു തിരിച്ചുകൊടുത്തതായിരുന്നുവെന്നും ഈ ഉത്തരവിനെ വീണ്ടും മേല്‍കോടതിയില്‍ ചോദ്യം ചെയ്‌ത്‌ തിരുത്താവുന്നതായിരുന്നുവെന്നും അതിന്റെ പിന്നില്‍ ഭരണകക്ഷി രാഷ്‌ട്രീയം ഉണ്ടായിരുന്നുവെന്നും സുഷ്‌മയ്‌ക്ക്‌ അറിയാവുന്നതായിരുന്നു.

എന്തുകൊണ്ട്‌ സുഷ്‌മ മോഡിയെ സഹായിക്കാനായി, അല്ല മോഡിയുടെ ഭാര്യയെ സഹായിക്കുവാനായി, ഇത്ര തിടുക്കവും രഹസ്യവും ആയ ഒരു നീക്കം വ്യക്തിപരമായി നടത്തി? (ഇതുപോലെ രഹസ്യമായ ഒരു നീക്കം ആണ്‌ വസുന്ധര രാജെയും മോഡിയുടെ ബ്രിട്ടീഷ്‌ പൗരത്വത്തിന്റെ കാര്യത്തില്‍ നടത്തിയത്‌). സുഷ്‌മ എന്തുകൊണ്ടാണ്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരേയെ ലണ്ടനിലെ ഇന്ത്യന്‍ എംബസിയേയോ ഇതില്‍ ഉള്‍പ്പെടുത്താതിരുന്നത്‌? എന്തുകൊണ്ട്‌ ഇതിനുള്ള മറുപടി സുഷ്‌മയുടെ പ്രസ്‌താവനയില്‍ ഉണ്ടായില്ല? പാര്‍ലമെന്റിനും പാര്‍ലമെന്റിലൂടെ ജനങ്ങള്‍ക്കും ഇതറിയുവാനുള്ള അവകാശമില്ലേ?

സുഷ്‌മ പറയുന്നത്‌ ശരിയാണ്‌. സുഷ്‌മ വാക്കാല്‍ മാത്രമേ ലളിത്‌ മോഡിക്കുവേണ്ടി വാദിച്ചിട്ടുള്ളൂ. ഒന്നും ഔദ്യോഗിക രേഖയില്‍ വരുത്തിയിട്ടില്ല. അതുകൊണ്ടാണ്‌ പ്രസ്‌താവനയില്‍ സുഷ്‌മ ഊന്നിപ്പറയുന്നത്‌ താന്‍ ഒന്നും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോട്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌. നല്ല ലോ പോയിന്റാണിത്‌. അതുപോലെ തന്നെ കുറ്റങ്ങളില്‍ ഉള്‍പ്പെടാത്ത ഒരു വ്യക്തിയെ (മോഡിയുടെ ഭാര്യ) ആണ്‌ താന്‍ സഹായിച്ചത്‌. ഇതും ഒരു നല്ല ലോ പോയിന്റാണ്‌. ജനങ്ങള്‍ പമ്പരവിഡ്‌ഢികള്‍ ആണെങ്കില്‍. നിഷ്‌കളങ്കയായ സുഷ്‌മ പാര്‍ലമെന്റ്‌ പ്രസ്‌താവനയില്‍ പറയുന്നു തന്റെ നിര്‍ദേശപ്രകാരമാണ്‌ യാത്രാരേഖകള്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ലളിത്‌ മോഡിക്കുവേണ്ടി ശരിപ്പെടുത്തിയതെങ്കില്‍ തീര്‍ച്ചയായും ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അധികാരികള്‍ ഇതു രേഖാമൂലം സാക്ഷ്യപ്പെടുത്തുമായിരുന്നുവെന്ന്‌.

ശരിയാണ്‌, ബുദ്ധിമതിയായ സുഷ്‌മ ഒന്നും എഴുത്തില്‍ വരുത്തിയിട്ടില്ല. പകരം ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണര്‍ ജയിംസ്‌ ബേവനോടും, ലേബര്‍ പാര്‍ട്ടി എം.പി കീത്ത്‌ വാസിനോടും സുഷ്‌മ തന്റെ അഭീഷ്‌ടം വാക്കാല്‍ അറിയിക്കുകയാണുണ്ടായത്‌. കീത്ത്‌ വാസ്‌ ബ്രിട്ടീഷ്‌ ഇമിഗ്രേഷന്‍ ഡയറക്‌ടര്‍ സാറാ റാപ്‌സനെ ഈ വിവരം ഇമെയില്‍ മുഖേന അറിയിക്കുകയും ചെയ്‌തു. അതായത്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ലളിത്‌ മോഡിക്ക്‌ യാത്രാനുമതി നല്‍കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്‌ യാതൊരു എതിര്‍പ്പും ഇല്ല. ഇതുമൂലം രണ്ട്‌ ഗവണ്‍മെന്റുകളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‌ യാതൊരു ഉലച്ചിലും തട്ടുകയില്ല. ഇത്‌ 2014 ജൂലൈ പതിനൊന്നിനാണ്‌ സംഭവിക്കുന്നത്‌. അതിനാണ്‌ സുഷ്‌മ പറയുന്നത്‌ താന്‍ ഒരിക്കലും മോഡിയുടെ യാത്രാനുമതിക്കായി ശിപാര്‍ശ ചെയ്‌തിട്ടില്ല എന്ന്‌! മറിച്ച്‌, ബ്രിട്ടീഷ്‌ നിയമം അനുസരിച്ച്‌ എന്തുവേണമെങ്കിലും ചെയ്‌തുകൊള്ളുവെന്ന്‌ ഉപദേശിക്കുക മാത്രമേ ചെയ്‌തിട്ടുള്ളുവെന്ന്‌. സുഷ്‌മയ്‌ക്ക്‌ അറിയാം യു.പി.എ ഗവണ്‍മെന്റ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ കര്‍ശനമായ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌ മോഡിക്ക്‌ യാത്രാനുമതി നല്‍കരുതെന്ന്‌. അതിനെയാണ്‌ സുഷ്‌മ മറികടന്നത്‌. അപ്പോള്‍ എന്താണ്‌ അതിന്റെ അര്‍ത്ഥം? സുഷ്‌മ മോഡിക്ക്‌ യാത്രാനുമതി നല്‍കാന്‍ വ്യക്തമായ നിര്‍ദേശം നല്‍കുകയല്ലായിരുന്നോ? സുഷ്‌മ ഇത്‌ പറയാതെ പറയുകയല്ലായിരുന്നോ? താന്‍ അങ്ങനെയൊന്നും പറഞ്ഞില്ല നിയമാനുസൃതം തീരുമാനം എടുത്തുകൊള്ളുക, അത്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുകയില്ലെന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ ലോ പോയിന്റാണ്‌. പക്ഷെ, യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന്‌ വിഡ്‌ഢികള്‍ക്കുപോലും മനസിലാകും.

സുഷ്‌മ മോഡിയുടെ ഭാര്യയുടെ ആഗ്രഹം സഫലീകരിക്കരുതായിരുന്നെന്ന മനുഷ്യത്വരഹിതമായ നിലപാട്‌ ആരും സ്വീകരിക്കുകയില്ല. പക്ഷെ, ഒരു മന്ത്രിയെന്ന നിലയില്‍ സുഷ്‌മയ്‌ക്ക്‌ മറ്റുചില ഉത്തരവാദിത്വങ്ങളുണ്ട്‌. ഭരണഘടനയേയും ദേശസ്‌നേഹത്തേയും മറികടന്നുള്ള ദീനാനുകമ്പ ഒരു മന്ത്രിക്ക്‌ ഭൂഷണമല്ല. എന്തുകൊണ്ട്‌ സുഷ്‌മ പിടികിട്ടാപ്പുള്ളിയായ മോഡിയെ ആദ്യം ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ മുമ്പാകെ ഹാജരാക്കിയില്ല. അതിനുശേഷം ഒരു താത്‌കാലിക യാത്രാനുമതി പോര്‍ച്ചുഗലിലേക്ക്‌ ഇഷ്യൂ ചെയ്‌തില്ല? ഇതൊക്കെ ചെയ്‌തിരുന്നുവെങ്കില്‍ സുഷ്‌മ നിയമാനുസൃതമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന്‌ തീര്‍ച്ചയായും പറയാമായിരുന്നു. അതല്ലാത്തിടത്തോളംകാലം സുഷ്‌മ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നെ പറയാനാകൂ. സുഷ്‌മ ഗുരുതരമായ നടപടി ചട്ടലംഘനം നടത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ സുഷ്‌മ ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവന വെറും ഒരു വാചകകസര്‍ത്ത്‌ മാത്രമാണ്‌. ഒരു വൈകാരിക ഭീഷണി മാത്രമാണ്‌.
സുഷ്‌മയുടെ ദീനാനുകമ്പയും മറ്റ്‌ ന്യായീകരണങ്ങളും (ഡല്‍ഹി കത്ത്‌: പി.വി. തോമസ്‌)
Join WhatsApp News
A C George 2015-08-09 09:37:32
You are exactly right Mr. P V Thomas. An independent and impartial view.
George V 2015-08-09 12:31:16
ശ്രീ പി വി തോമസ്‌ impartial & Independent ആയതു ബി ജെ പി യുടെ കേസ് ആയതു കൊണ്ടാണ്. വ്യക്തമായ കോണ്‍ഗ്രസ്‌ ചായ്‌വ് കാണിക്കുന്ന ഒരു മുതിർന്ന പത്ര പ്രവർത്തകൻ ആണ് ശ്രീ തോമസ്‌ എന്ന് അദ്ധേഹത്തെ അറിയുന്ന ആരും സമ്മതിക്കും. 
A C George 2015-08-09 17:46:17
I know that. But now I am expressing only about this particular case/subject about Susma Swaraj. That is what he (P V Thomas)has written in his article here. I am only refering to that. Not any thing else. Each article or view points has to taken case by case and to the context.This case it make sense. Do you think that Susma telling the truth and be justified? My case I am equally against the misdeeds commited by the UPA lead by the Congress. But every thing has to be taken case by case.
GEORGE V 2015-08-10 07:21:49
ശ്രീ എ സി George,  താങ്കളോട് പൂർണമായും യോജിക്കുന്നു. ഒരിക്കലും സുഷമയെ ന്യായീകരിക്കാൻ സാദിക്കില്ല.  നമ്മുടെ രാഷ്ട്രീയക്കാർ എന്നും ഇത് പോലെ വേണ്ട പെട്ടവരെ സഹായിച്ചു പോരുന്നവർ ആണ്.   Adil Shahryar  എന്ന കളി കൂട്ട് കാരനെ രാജിവ് ഗാന്ധി ന്യൂയോർക്ക്‌ ജയിലിൽ നിന്നും  മോചിപ്പിച്ചത് ഒരു ഉദാഹരണം മാത്രം. പക്ഷെ ഇവിടെ ഇതിനെല്ലാമുപരി ബെല്ലാരി മുതൽ ഇങ്ങോട്ടുള്ള സോണിയ ഗാന്ധിയും സുഷമയും തമ്മിലുള്ള  വൈരാഗ്യം ഒരു ഖടകം അല്ലെ എന്ന് സോണിയ ഗാന്ധിയുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ തോന്നിപോകും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക