Image

മാതാപിതാക്കള്‍ വിശ്വാസപരിശീലകര്‍ - മാര്‍പാപ്പ

Published on 11 January, 2012
മാതാപിതാക്കള്‍ വിശ്വാസപരിശീലകര്‍ - മാര്‍പാപ്പ
വിദ്യാദാനമെന്ന വെല്ലുവിളിയാര്‍ന്ന ദൗത്യം അത്ഭുതാവഹമായി നിറവേറ്റാന്‍ മനുഷ്യന്‍റെ പ്രഥമ അധ്യാപകനായ ദൈവത്തോട് സഹകരിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ജനുവരി എട്ടാം തിയതി ഞായറാഴ്ച ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ സിസ്റ്റെയിന്‍ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദിവ്യബലിമധ്യേ മാര്‍പാപ്പ പതിനാറു കുഞ്ഞുങ്ങള്‍ക്കു മാമോദീസാ നല്‍കി.
മാതാപിതാക്കളും ജ്ഞാനസ്നാന മാതാപിതാക്കളും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയും കൂദാശകളും വഴിയായി കൃപാവരത്തില്‍ ജീവിക്കേണ്ടത്
സുപ്രധാനമാണ്. അറിവും ദൈവസ്നേഹവും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാന്‍ പരിശുദ്ധാത്മാവ് നമുക്കു കൃപ നല്‍കുന്നു. വിദ്യാദാനത്തിന്‍റെ അടിസ്ഥാന ഘടകമാണ് പ്രാര്‍ത്ഥനയെന്നും മാര്‍പാപ്പ എടുത്തുപറഞ്ഞു.

വിശ്വാസം വേദനിക്കുന്നവരുടെ ഉറപ്പുള്ള സങ്കേതം : മാര്‍പാപ്പ
രോഗികള്‍ക്കും വേദനിക്കുന്നവര്‍ക്കും എല്ലായ്പ്പോഴും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍പാപ്പ. ഇരുപതാം ലോക രോഗീ ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ രോഗികള്‍ക്കും പീഡിതര്‍ക്കും പാപ്പ പ്രോത്സാഹനം പകര്‍ന്നത്. ദൈവവചനം ശ്രവിച്ചുകൊണ്ടും, വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടേയും, കൂദാശകളുടെ സ്വീകരണത്തിലൂടെയും തങ്ങളുടെ വിശ്വാസം പരിപോഷിപ്പിക്കാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു. 2012 ഫെബ്രുവരി പതിനൊന്നാം തിയതിയാണ് സാര്‍വ്വത്രീക സഭ ഇരുപതാം ലോക രോഗീ ദിനം ആചരിക്കുന്നത്. എഴുന്നേറ്റു പൊയ്ക്കൊള്ളുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു ( ലൂക്കാ 17 : 19) എന്നതാണ് ഇരുപതാം ലോക രോഗീ ദിനത്തിന്‍റെ പ്രമേയം.
അനുതാപത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും കൂദാശയും രോഗീ ലേപനവും ഉള്‍പ്പെടുന്ന സുഖപ്പെടുത്തലിന്‍റെ കൂദാശകളെക്കുറിച്ച് ലോക രോഗീ ദിന സന്ദേശത്തില്‍ പാപ്പ ഊന്നിപറഞ്ഞു. ഈ കൂദാശകള്‍ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടും മരണത്തോടും ഐക്യപ്പെടുവാന്‍വേണ്ട കൃപനല്‍കുന്നു. കുമ്പസാരം, രോഗീലേപനം എന്നീ കൂദാശകള്‍ക്കൊപ്പം ദിവ്യകാരുണ്യ സ്വീകരണത്തിനും പ്രാധാന്യം നല്‍കണമെന്ന് പാപ്പ ഉത്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായുള്ള സംസര്‍ഗത്തിലൂടെ ക്രിസ്തുവുമായുള്ള ബന്ധം വര്‍ദ്ധിക്കുന്നു. ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിക്കാതെ ഭവനങ്ങളിലും ആശുപത്രികളിലും കഴിയുന്ന വിശ്വാസികള്‍ക്കു ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അജപാലകരെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. രോഗവും വേദനയും പലപ്പോഴും അസ്വാസ്ഥ്യത്തിലേക്കും നിരാശയിലേക്കും നിപതിക്കാനുള്ള പ്രലോഭനം നല്‍കുമെങ്കിലും സ്വന്തം തെറ്റുകളും വീഴ്ച്ചകളും തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയുവാനുള്ള അവസരമായി അതു മാറ്റാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.
(from Vatican Radio)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക