Image

സേതുലക്ഷ്‌മിയുടെ അവാര്‍ഡും മറഞ്ഞിരിക്കുന്ന പ്രതിഭകളും

അനില്‍ പെണ്ണുക്കര Published on 11 August, 2015
സേതുലക്ഷ്‌മിയുടെ അവാര്‍ഡും മറഞ്ഞിരിക്കുന്ന പ്രതിഭകളും
അങ്ങനെ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ ജോണ്‍ പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വീതിച്ചുനല്‍കി. എല്ലാം ഭദ്രം. സമാന്തര സിനിമാപ്രവര്‍ത്തകര്‍ക്കും, വാണിജ്യ സിനിമാ പ്രവര്‍ത്തകര്‍ക്കും സന്തോഷം. ന്യൂജനറേഷന്‍കാര്‍ക്കും സന്തോഷം. നിവിന്‍ പോളി നല്ല നടന്‍, നസ്‌റിയ നടി അങ്ങനെപോകുന്നു അവര്‍ഡ്‌ കഥ.

എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ മലയാളിക്ക്‌ നെഞ്ചോട്‌ ചേര്‍ത്തുവെയ്‌ക്കാവുന്ന രണ്ട്‌ പ്രതിഭകളുണ്ട്‌. മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട സനല്‍കുമാര്‍ ശശിധരനും, മികച്ച സ്വഭാവന നടിയായി തെരഞ്ഞെടുക്കപ്പെട്ട സേതുലക്ഷ്‌മി ചേച്ചിയും.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത `ഒരാള്‍പൊക്കം' എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിലും, വിതരണത്തിലും, ചിത്രീകരണരീതിയിലുമൊക്കെ ഒരു സംവിധായകന്‍ നടത്തിയ സമരമാണ്‌ സനലിന്‌ ഈ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്‌. ഒരു സംവിധായകന്റെ സ്വപ്‌നം എന്താണ്‌? തന്റെ സിനിമ എല്ലാവരും കാണുക എന്നതാണ്‌. 'സിനിമാവണ്ടി' എന്ന പേരില്‍ ഒരു ഒമ്‌നി വാനില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ തന്റെ സിനിമയുമായി യാത്ര ചെയ്യുക. ഓരോ സ്ഥലത്തും തന്റെ ചിത്രത്തെ സ്വീകരിക്കുന്നവര്‍ക്കു മുന്നില്‍ തന്റെ സിനിമ കാണിക്കുക `ഫീഡ്‌ബാക്ക്‌' നേരിട്ടെടുക്കുക എന്ന ശൈലി ഈ സിനിമാ സംവിധായനകനെ ജനകീയനാക്കുന്നു.

അമേരിക്കന്‍ മലയാളിയും, നവസിനിമാ സങ്കല്‍പങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുകയും ചെയ്യുന്ന പ്രകാശ്‌ ബാരെ നായകനായ സിനിമകൂടിയാണ്‌ സനലിന്റെ ഒരാള്‍പൊക്കം. എന്തുകൊണ്ടും ജൂറിയുടെ തീരുമാനം തെറ്റിയില്ല എന്നതാണ്‌ എന്റെ അഭിപ്രായം. സനല്‍ തന്റെ സമരമുഖം ഇനിയും തുറക്കട്ടെ എന്ന്‌ ആഗ്രഹിക്കുന്നു.

ഹൗ ഓള്‍ഡ്‌ ആര്‍യു എന്ന സിനിമയില്‍ മഞ്‌ജുവാര്യരേക്കാള്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ്‌ സേതുലക്ഷ്‌മി ചേച്ചി. ഇരുത്തംവന്ന ഒരു സ്റ്റേജ്‌ ആര്‍ട്ടിസ്റ്റിനു പെര്‍ഫോം ചെയ്യാവുന്ന ഒരു കഥാപാത്രം. മഞ്‌ജു ചെയ്‌ത കഥാപാത്രത്തെ കഥയുടെ നിര്‍ണ്ണായക വഴിത്തിരിവില്‍ വഴിതിരിച്ചുവിട്ട കഥാപാത്രം. കാണികളുടെ കണ്ണ്‌ നനയിപ്പിച്ച കഥാപാത്രം. ഒരുപക്ഷെ `ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്‌' എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ച വേഷം അവാര്‍ഡ്‌ നേടേണ്ട ഒന്നായിരുന്നു. എങ്കിലും ഒരു നടികൂടി അംഗീകരിക്കപ്പെട്ടുവല്ലോ.

ഇനിയും ഒരാളെക്കുറിച്ചുകൂടി പറയുവാനുണ്ട്‌. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്‌ നിവിന്‍ പോളി മാത്രമല്ല. സുദേവ്‌ നായര്‍ എന്നൊരു നടനുമുണ്ട്‌. `ലൈഫ്‌ പാര്‍ട്ട്‌ണര്‍' എന്ന സിനിമയിലെ പ്രകടനത്തിനാണ്‌ സുദേവ്‌ നായര്‍ക്ക്‌ അവാര്‍ഡ്‌. നാളെയുടെ നടന്‍. നാം അറിയാതെ പോയ, പോകുന്ന നടന്‍. നമുക്ക്‌ നിവിന്‍പോളിയെ അറിയൂ. അതാണ്‌ മലയാളിയുടേയും മലയാള സിനിമയുടേയും കുഴപ്പം. സനലിനും, സേതുലക്ഷ്‌മി ചേച്ചിക്കും, സുദേവിനും അഭിനന്ദനങ്ങള്‍. ഒപ്പം അവാര്‍ഡ്‌ ജേതാക്കള്‍ക്കും. ജയ്‌ മലയാളി സിനിമ.
സേതുലക്ഷ്‌മിയുടെ അവാര്‍ഡും മറഞ്ഞിരിക്കുന്ന പ്രതിഭകളുംസേതുലക്ഷ്‌മിയുടെ അവാര്‍ഡും മറഞ്ഞിരിക്കുന്ന പ്രതിഭകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക