Image

ജോണ്‍ പോളിനും കൂട്ടര്‍ക്കും കാഴ്ച മങ്ങിയോ? (വിവാദങ്ങളവസാനിക്കാതെ സ്റ്റേറ്റ് അവാര്‍ഡ്)

ജയമോഹനന്‍ എം. Published on 11 August, 2015
ജോണ്‍ പോളിനും കൂട്ടര്‍ക്കും കാഴ്ച മങ്ങിയോ? (വിവാദങ്ങളവസാനിക്കാതെ സ്റ്റേറ്റ് അവാര്‍ഡ്)
മികച്ച നടനും നടിക്കുമുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഒരു കോമഡി വാര്‍ത്തപോലെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അര്‍ഹതയില്ലാത്ത പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ നിവിന്‍ പോളിയും നസ്‌റിയയും തയാറാകുമോ എന്ന ചോദ്യത്തില്‍ തുടങ്ങി അവാര്‍ഡ് വാര്‍ത്ത കേട്ട് നസ്‌റിയ ജോണ്‍ പോളിന് വട്ടായോ (ജൂറി ചെയര്‍മാന്‍) എന്ന് ചോദിച്ചുവെന്ന് വരെയുള്ള കമന്റുകളാല്‍ സജീവമാണ് സൈബര്‍ ലോകം.

നടനും സംവിധായകനുമായ ജോയ് മാത്യുവും ആക്ഷേപഹാസ്യ വിമര്‍ശനവുമായി പുരസ്‌കാര നിര്‍ണ്ണയത്തിനെതിരെയെത്തി. ഞാന്‍ ചെയ്യാത്ത തിരക്കഥയ്ക്കും സംവിധാനത്തിനും അവാര്‍ഡ് ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട് എന്ന് കളിയാക്കിക്കൊണ്ടാണ് അര്‍ഹതയില്ലാത്ത പുരസ്‌കാരങ്ങള്‍ക്കെതിരെ ജോയ് മാത്യു രംഗത്തെത്തിയത്. ചലച്ചിത്ര ലോകത്ത് പലരും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

മുന്നറിയിപ്പിലെ പ്രകടനത്തിന് അപര്‍ണയ്ക്കും, ബാംഗ്ലൂര്‍ഡെയ്‌സിലെ പ്രകടനത്തിന് പാര്‍വതിക്കും ലഭിക്കാത്ത അവാര്‍ഡ് എങ്ങനെ വെറും കുട്ടിക്കളി സിനിമ അവതരിപ്പിച്ച നസ്‌റിയക്ക് നല്‍കി എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യാതൊരു സാധ്യതയും നല്‍കുന്നതല്ല നസ്‌റിയയുടെ പുരസ്‌കാരം എന്ന് തന്നെയാണ് എല്ലാവരും വിലയിരുത്തുന്നത്.

എന്നാല്‍ ആരാധകരുടെ ഇടയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത് മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ അവസാന റൗഡില്‍ പുരസ്‌കാരത്തില്‍ നിന്ന് പിന്തള്ളപ്പെട്ടതാണ്. മുന്നറിയിപ്പിലെ മമ്മൂട്ടിയുടെ സി.കെ രാഘവന്‍ എന്ന കഥാപാത്രം സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നതായിരുന്നു. മലയാള സിനിമയില്‍ തന്നെ അപൂര്‍വ്വമായ പ്രകടനമായിരുന്നു മുന്നറിയിപ്പില്‍ മമ്മൂട്ടി കാഴ്ചവെച്ചത്. അതിനേക്കാള്‍ മികവോടെ വര്‍ഷം എന്ന സിനിമയില്‍ മമ്മൂട്ടിയൊരു നൊമ്പരമായി പെയ്തിറങ്ങുകയും ചെയ്തു.

എന്നാല്‍ ഒരു വാദഗതിക്കായി മമ്മൂട്ടിയെപ്പോലൊരു സീനിയര്‍ നടനെ വീണ്ടുമൊരു അവാര്‍ഡിന് പരിഗണിക്കുന്നതിനേക്കാള്‍ യുവാക്കള്‍ക്ക് അവസരം കൊടുക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ ഒരു മറു ചോദ്യവുമുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നു എന്നു പറയാന്‍ ഇത് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കുന്നതല്ലല്ലോ ഏറെ ക്രെഡിബിലിറ്റി നിലനിര്‍ത്തേണ്ട ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാരമല്ലേ?.

ഇനി മമ്മൂട്ടിയെ മാറ്റിനിര്‍ത്തിയെന്ന് കരുതുക പക്ഷെ ജയസൂര്യയെ മാറ്റിയതിന് എന്ത് നീതീകരണമാണ് പറയുവാനുള്ളത്. അപ്പോത്തിക്കിരിയിലെ സുബിന്‍ ജോസഫ് എന്ന കഥാപാത്രമായി അതി മനോഹര പ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. ജയസൂര്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നു കൂടിയാണ് അപ്പോത്തിക്കിരിയിലേത്. ശരീരഭാരം ഒരുപാട് കുറച്ച് കഥാപാത്രമാകാന്‍ ജയസൂര്യ നടത്തിയ തയാറെടുപ്പുകള്‍ പോലും അഭിനന്ദനീയമായിരുന്നു. എന്നിട്ടും ജയസൂര്യയെ തഴഞ്ഞത് നീതികരിക്കാവുന്നതല്ല.

മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിക്കാതിരുന്നത് സമീപകാലത്തെ വിളക്ക് വിവാദമാണെന്നും ആരോപണങ്ങളുണ്ട്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനൊപ്പം കുറച്ച് നാളുകള്‍ക്ക് മുമ്പ് മമ്മൂട്ടി പങ്കെടുത്ത ഒരു ചടങ്ങില്‍ അബ്ദുറബ്ബ് വിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതിനെ മമ്മൂട്ടി വേദിയില്‍ വെച്ചു തന്നെ എതിര്‍ത്തിരുന്നു. വിളക്ക് കത്തിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ വിശ്വാസം എന്ന് മമ്മൂട്ടി വേദിയില്‍ വെച്ചു തന്നെ ചോദിക്കുകയും ചെയ്തു. ഇത് ഭരണ കക്ഷിയിലെ പ്രമുഖരായ ലീഗിനെ ചൊടിപ്പിച്ചുവെന്നും സ്വതവേ ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടിയെ മാറ്റിനിര്‍ത്താന്‍ ഇത് കാരണമായി എന്നുമാണ് ആരോപണങ്ങള്‍ ഉയരുന്നത്.

ഇതേ പോലെ തന്നെ ഭരണ മുന്നണിക്ക് തീര്‍ത്തും അസ്വസ്ഥത പടര്‍ത്തുന്ന ചില ഒറ്റയാള്‍ സമരങ്ങള്‍ ജയസൂര്യയും നടത്തിയിരുന്നു. കൊച്ചിയിലെ റോഡിന്റെ അവസ്ഥയെ ചൊല്ലിയായിരുന്നു ജയസൂര്യയുടെ പ്രശ്‌നങ്ങള്‍. കൊച്ചിയിലെ മോശം റോഡുകളെക്കുറിച്ച് നിരന്തരം പ്രതികരിച്ചിരുന്ന ജയസൂര്യ ഒരിക്കല്‍ തൊഴിലാളികളെയും കൂട്ടി രാത്രിയില്‍ സ്വന്തമായി മെയിന്‍ റോഡിലെ കുഴികള്‍ നികത്തി. ഈ സംഭവം വിവാദമാകുകയും ചെയ്തു. ഭരണ മുന്നണിയുടെ ഇമേജ് മോശമാക്കിയ ഈ സംഭവത്തിന് പ്രതികാരമെന്നോണം ജയസൂര്യയുടെ കൊച്ചിയിലെ വീട് കായല്‍ നികത്തിയാണെന്ന് കൊച്ചി നഗരസഭ ആരോപണം ഉന്നയിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ ഈ രണ്ട് നടന്‍മാരോടും യുഡിഎഫിലെ പ്രമുഖര്‍ക്കുള്ള എതിര്‍പ്പാണ് അവാര്‍ഡില്‍ നിന്നും തഴയപ്പെടുന്നതിന് കാരണമായത്. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള മമ്മൂട്ടിയെ സംബന്ധിച്ച് ഇതൊരു കാര്യമായ നഷ്ടമല്ല നഷ്ടമല്ല എങ്കില്‍കൂടി ജയസൂര്യക്ക് ഇതൊരു നഷ്ടം തന്നെയാണ്. ചാനല്‍ അവാര്‍ഡുകള്‍ക്ക് പോലും പരിഗണിക്കപ്പെടാതിരുന്ന ചിത്രങ്ങളും വ്യക്തികളും സ്റ്റേറ്റ് അവാര്‍ഡുകള്‍ നേടുമ്പോള്‍ സ്വാഭാവികമായും സംശയങ്ങള്‍ ഉയരുക തന്നെ ചെയ്യും.

പ്രധാനപ്പെട്ട മറ്റൊരു വസ്തുത മുഖ്യധാര സിനിമകള്‍ക്ക് വന്നിട്ടുള്ള അവാര്‍ഡുകള്‍ ഒരിക്കലും സമാന്യ ജനം അംഗീകരിച്ചിട്ടുള്ളതായിരുന്നില്ല എന്നതാണ്. പലപ്പോഴും അവാര്‍ഡ് നിര്‍ണയത്തിന് എത്തുന്ന സിനിമകളില്‍ പലതും ജനം കണ്ടിട്ടുള്ളതാവണമെന്നില്ല. ഇത്തവണയും മികച്ച ചിത്രമായ ജയരാജിന്റെ ഒറ്റാല്‍ തിയറ്ററിലെത്തി പ്രേക്ഷകര്‍ കണ്ട സിനിമയല്ല. പക്ഷെ ഓം ശാന്തി ഓശാനയിലെ നസ്‌റിയയുടെ അഭിനയം പ്രേക്ഷകര്‍ കണ്ടതും ഏതെങ്കിലും മികച്ച പ്രകടനത്തോട് താരതമ്യം ചെയ്യുകയോ, ഇനി മികച്ച പ്രകടനമെന്ന് അഭിപ്രായപ്പെടുകയോ ചെയ്ത ഒന്നല്ല. പിന്നീട് എങ്ങനെയാണ് ഈ പ്രകടനം ജൂറിക്ക് സൂപ്പറായി തോന്നിയത് എന്നതാണ് സംശയം.

ജോണ്‍ പോള്‍ ജൂറി ചെയര്‍മാനായപ്പോള്‍ പഴയ സിംഹത്തിന് പുത്തന്‍ കുട്ടികളുടെ പിള്ളാരുകളി ഒരു മഹാസംഭവമായി തോന്നിയതാകാനാണ് സാധ്യത. അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയില്‍ എത്തുന്നവര്‍ക്കും അത് സംഘടിപ്പിക്കുന്ന സര്‍ക്കാരിനും കലയുടെ കാര്യത്തില്‍ രാഷ്ട്രീയമോ മറ്റ് സ്ഥാപിത താത്പര്യങ്ങളോ വ്യക്തിവൈരാഗ്യങ്ങളോ ഇല്ലാതെയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കുറി സ്റ്റേറ്റ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പല താത്പര്യങ്ങളും കടന്നു കൂടിയിട്ടുണ്ട് എന്നു തന്നെയാണ് മനസിലാക്കേണ്ടത്. അല്ലെങ്കില്‍ ഒരു കാര്യം ഉറപ്പാണ്, ജോണ്‍ പോളിനും കൂട്ടര്‍ക്കും കാഴ്ച മങ്ങിയിരുന്നു....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക