Image

ഡച്ച്‌ രാജ്ഞി ബിയാട്രിക്‌സിന്‌ ഒമാനില്‍ വന്‍ സ്വീകരണം

Published on 11 January, 2012
ഡച്ച്‌ രാജ്ഞി ബിയാട്രിക്‌സിന്‌ ഒമാനില്‍ വന്‍ സ്വീകരണം
മസ്‌കറ്റ്‌: ഒമാനില്‍ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഡച്ച്‌ രാജ്ഞി ബിയാട്രിക്‌സ്‌ വില്‌ളേമിനക്ക്‌ ഊഷ്‌മള വരവേല്‍പ്‌. അല്‍അലാം പാലസില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സഈദ്‌ രാജ്ഞിയെ വരവേറ്റു. കുതിരപട്ടാളത്തിന്‍െറ അകമ്പടിയോടെയാണ്‌ രാജ്ഞിയെ കൊട്ടാരത്തിലേക്ക്‌ ആനയിച്ചത്‌.

സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഒമാനും നെതര്‍ലന്‍റ്‌സും സാമ്പത്തികവ്യവസായകാര്‍ഷിക മേഖലകളില്‍ സഹകരിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും വാണിജ്യവ്യവസായ മന്ത്രാലയങ്ങള്‍, സാമ്പത്തിക മന്ത്രാലയങ്ങള്‍, കാര്‍ഷികഗവേഷണ മന്ത്രാലയങ്ങള്‍ എന്നിവയാണ്‌ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌.

ഒമാനെ പ്രതിനിധീകരിച്ച്‌ ശൈഖ്‌ സഅദ്‌ ബിന്‍ മുഹമ്മദ്‌ ആല്‍സഅദിയാണ്‌ ധാരണയില്‍ ഒപ്പിട്ടത്‌. ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളിലെയും ചെറുകിട വ്യവസായ സംരഭങ്ങളുടെ വളര്‍ച്ചക്കായി പരസ്‌പരം സാങ്കേതിക സൗകര്യങ്ങളും വിവരങ്ങളും കൈമാറും. നേരത്തേ അല്‍അലാം പാലസില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ്‌ ഫഹദ്‌ ബിന്‍ മഹ്മൂദ്‌ ആല്‍സഈദ്‌, ദിവാന്‍ ഓഫ്‌ റോയല്‍ കോര്‍ട്ട്‌ മന്ത്രി സയ്യിദ്‌ ഖാലിദ്‌ ബിന്‍ ഹിലാല്‍ ആല്‍ബുസൈദി, റോയല്‍ ഓഫീസ്‌ മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ ആല്‍നുഅ്‌മാനി, പ്രതിരോധമന്ത്രി സയ്യിദ്‌ ബദര്‍ ബിന്‍ സൗദ്‌ ബിന്‍ ഹരീബ്‌ ആല്‍ബുസൈദി, ആഭ്യന്തരമന്ത്രി സയ്യിദ്‌ ഹമൂദ്‌ ബിന്‍ ഫൈസല്‍ ആല്‍ബുസൈദി, നിയമമന്ത്രി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്ല ബിന്‍ സാഹിര്‍ ആല്‍ഹിനായ്‌, ധനകാര്യമന്ത്രി ദാര്‍വിഷ്‌ ബിന്‍ ഇസ്‌മാഈല്‍ ആല്‍ബലൂഷി എന്നിവരും രാജ്ഞിയെ സ്വീകരിക്കാനെത്തിയിരുന്നു.

ഡച്ച്‌ കിരീടാവകാശി വില്യം അലക്‌സാന്‍ഡര്‍, ഭാര്യ മാക്‌സിമ രാജകുമാരി, ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ മാക്‌സിം ജാക്വസ്‌ മാര്‍സല്‍ വെറാഗന്‍, വിദേശകാര്യമന്ത്രി യുറി റോസന്താല്‍, റോയല്‍കോര്‍ട്ട്‌ മന്ത്രി മാര്‍കോ ഹീന്‍സ്‌, രാജ്ഞിയുടെ അഡ്‌ജൂറ്റന്‍റ്‌ ജനറല്‍ എച്ച്‌. മോര്‍സിങ്ക്‌, ഒമാനിലെ ഡച്ച്‌ അംബാസഡര്‍ സ്‌റ്റെഫാന്‍ വാന്‍ വെര്‍ഷ്‌ എന്നിവരാണ്‌ ഡച്ച്‌ പ്രതിനിധി സംഘത്തിലുള്ളത്‌.
ഡച്ച്‌ രാജ്ഞി ബിയാട്രിക്‌സിന്‌ ഒമാനില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക