Image

സംസ്ഥാന സിനിമാ അവാര്‍ഡും, വിവാദങ്ങളും (തമ്പി ആന്റണി)

Published on 12 August, 2015
സംസ്ഥാന സിനിമാ അവാര്‍ഡും, വിവാദങ്ങളും  (തമ്പി ആന്റണി)
അവാര്‍ഡിനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുമ്പ്‌ ഈ അവാര്‍ഡ്‌ എന്നുപറഞ്ഞാല്‍ എന്താണന്ന്‌ ആദ്യം മനസിലാക്കണം. ഒരു കമ്മറ്റിയില്‍ ഇരിക്കുന്ന കുറേപേര്‍ കൂടി അവര്‍ക്കിഷ്ടപെട്ട സിനിമക്ക്‌ അവാര്‍ഡു കൊടുക്കുന്നു. അതു കിട്ടിന്നതിനല്ലേ ഈ ഭാഗ്യം എന്നൊക്കെ പറയുന്നത്‌ .അത്‌ എല്ലാവര്‍ക്കും ഇഷ്ടപെടണമെന്നു വാശിപിടിക്കുന്നതാണ്‌ ഈ വിവാദങ്ങള്‍ക്കെല്ലാം കാരണം. ഒരു കലാകാരനെ വിലയിരുത്തുന്നതിന്റെ അന്തിമ വിധികര്‍ത്താക്കള്‍ ഒരിക്കലും അവരല്ല . ജനങ്ങള്‍ തന്നെയാണ്‌ . അതിനുതന്നെ നമുക്ക്‌ എത്രയോ ഉദാഹരണങ്ങളുണ്ട്‌ . തിലകന്‍ , നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍, ഇന്ദ്രന്‍സ്‌,ജഗതി ശ്രീകുമാര്‍ , ദിലിപ്‌, ഇന്നസന്‍റ്‌ , കെ.പി.എ.സി ലളിത, സുകുമാരി, അടൂര്‍ ഭവാനി അങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്‌ മലയാളത്തില്‍ . ഇവര്‍ക്കാര്‍ക്കും ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടില്ല. അതുകൊണ്ട്‌ ഇവരൊക്കെ മോശം നടന്മാരും നടികളുമാണന്നു ആരെങ്കിലും പറഞ്ഞതായിട്ടുപോലും കേട്ടിട്ടില്ല. നേരെ മറിച്ചും അങ്ങനെതന്നെയാണ്‌. ദേശീയ പുരസ്‌ക്കാരം കിട്ടിയവരാരും ലോകത്തര നടന്മാരും ആണെന്ന്‌ എല്ലാവരും സമ്മതിക്കുമെന്നും തോന്നുന്നില്ല. അമ്മയെ കൊന്നാലും രണ്ടു പക്ഷമുണ്ട്‌ .ഓരോര്‍ത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ . പിന്നെ പലരും ചിലര്‍ക്ക്‌ അവാര്‍ഡു കൊടുത്തേ തീരൂ എന്നു എന്നു വെറുതെ വാശിപിടിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്‌. അതും അവാര്‍ഡുകള്‍ അവര്‍ക്കുപോലും മടുത്തുകാണും.

ഗായകന്‍ യേശുദാസ്‌ കുറച്ചുവര്‍ഷങ്ങള്‍ അവാര്‍ഡ്‌ സ്വീകരിക്കുന്നില്ല എന്ന്‌ തീരുമാനിച്ച വിവരം ഇപ്പോഴാണ്‌ ഓര്‍ത്തത്‌. പിന്നീട്‌ മറ്റാരും അതു പിന്തുടരാഞ്ഞതുകൊണ്ട്‌ അദ്ദേഹംതന്നെ ആ തീരുമാനം മാറ്റുകയായിരുന്നു എന്നാണു അറിഞ്ഞത്‌. ഒത്തിരി അവാര്‍ഡു കിട്ടിയവര്‍ക്ക്‌ അങ്ങനെ ഒരു തീരുമാനം എടുക്കുന്നതില്‍ തെറ്റില്ല എന്നുതന്നെയാണ്‌ തോന്നുന്നത്‌. പദ്‌മശ്രീയും മറ്റും അങ്ങനെ ഒരിക്കല്‍ മാത്രമേയുള്ളൂ. അതില്‍ ആര്‍ക്കും ഒരു പരാതിയുമില്ലതാനും . അങ്ങനെയാകുബോള്‍ അവാര്‍ഡു കമ്മറ്റിക്കും എളുപ്പം . ഈശ്വരാ രക്ഷപെട്ടു കൊടുത്തവര്‍ക്ക്‌ ഇനി കൊടുക്കേണ്ടല്ലോ എന്നൊന്ന്‌ ആശ്വസിക്കാമെല്ലൊ .അതുപോലെ ദേശീയ അവാര്‍ഡു മുതല്‍ കിട്ടി മടുത്തവര്‍ ധാരാളമുണ്ട്‌ നമ്മുടെ സിനിമയില്‍. അവര്‍ക്കുപൊലും വേണ്ടാത്ത പൂച്ചെണ്ടുകള്‍ക്കുവേണ്ടി വെറുതെ നമ്മളെന്തിനാണ്‌ വിലപിക്കുന്നത്‌. ഒക്കെ സര്‍ക്കാരു കാര്യം മുറപോലെ നടക്കും. ആദ്യംതന്നെ മത്സരിക്കുന്ന സിനിമകളുടെ എണ്ണം കുറക്കുക. അതിന്‌ ആദ്യം മുന്‍കൈ എടുക്കേണ്ടത്‌ നിര്‍മ്മാതാക്കളാണ്‌ . നിങ്ങളൊക്കെ പുശ്ചിച്ചു തള്ളുന്ന അവാര്‍ഡ്‌ പടമെടുക്കുന്ന ചില പാവപ്പെട്ട കലാകാരന്മാര്‍ പാടുപെട്ട്‌ സിനിമയെടുക്കുന്നുണ്ട്‌. അവര്‍ക്കുവേണ്ടിയെങ്കിലം ഒന്നു മാറിക്കൊടുത്തുകൂടെ. സാറ്റിലൈറ്റ്‌ റൈറ്റും അത്യാവശ്യം കാശുമൊക്കെ ജനങ്ങലില്‍നിന്നു കിട്ടുന്നുണ്ടല്ലോ . പിന്നെയെന്തിനീ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നു.

അവാര്‍ഡിനായി എന്തെങ്കിലും പടത്തില്‍ ഉണ്ടെങ്കില്‍ മാത്രം അവാര്‍ഡിനയക്കുക. ഇനി കലാകാരന്മാരോട്‌ ഒരുപദേശം കൂടി.ഏതു പടമാണങ്കിലും അതില്‍ വര്‍ക്ക്‌ചെയ്യുമ്പോള്‍ അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുക പിന്നെയെല്ലാം അവാര്‍ഡ്‌ കമ്മറ്റിയുടെ കൈയ്യിലാണ്‌ എന്ന്‌ സമാധാനിക്കുക. താന്‍ പാതി ദൈവം പാതി എന്നൊക്കെ പറയുന്നതുപോലെ . ഏതോ സിനിമയില്‍ ജഗതി പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്‌ `കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി` അല്ല പിന്നെ....

വരൂ, അല്‌പം മലയാളം പഠിക്കൂ..According to John Paul ( Chairman)
ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ജോണ്‍പോളിന്റെ ജൂറി എഴുതിയുണ്ടാക്കിയ മലയാളത്തില്‍ നിന്ന്‌ ചില ഭാഗങ്ങള്‍.. സ്റ്റാറ്റസ്‌ എഴുതുമ്പോള്‍ ഉപകരിക്കും grin emoticon
മികച്ച സംവിധായകന്‍ സനല്‍കുമാര്‍
ജഡബന്ധിതമായ ജീവിതത്തെ തുടര്‍യാനത്തില്‍ ആത്മീയതയുടെ വെളിപാടുകളായി പരിണമിപ്പിച്ചുണര്‍ത്തിയ ദൃശ്യാവിഷ്‌കാരവൈഭവത്തിന്‌.

മികച്ച നടന്‍ നിവിന്‍ പോളി
പാത്രാവിഷ്‌കാരത്തില്‍ അവനവനെ ത്യജിച്ചുള്ള പകര്‍ന്നാട്ടത്തിലെ അനായാസതയ്‌ക്ക്‌.

മികച്ച നടി നസ്രിയ
കഥാപാത്രങ്ങളുടെ ഭാവസൂക്ഷ്‌മങ്ങളിലെ പ്രസരിപ്പിനെയും നിസ്സഹായതയെയും ആത്മാവിലേക്കാവാഹിച്ചുകൊണ്ട്‌ അനായാസ സുന്ദരമായി കാഴ്‌ചവെച്ച പ്രകാശനത്തിന്‌.

മികച്ച ചിത്രം ഒറ്റാല്‍
കഥാതഥത്തിന്റെ ചോരനേരുതേമ്പിനില്‍ക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരമികവ്‌ ആദരണീയം.

ഇത്രയും വായിച്ചതിന്‌ എല്ലാവര്‍ക്കും നന്ദി. വെറും നന്ദിയല്ല, എന്റെ ആത്മാവിലേക്കാവാഹിച്ച ചോരനേരുതേമ്പിനില്‍ക്കുന്ന ജഡബന്ധിതമല്ലാത്ത ഒരായിരം നന്ദി.

വാലറ്റം

എല്ലാം കഴിഞ്ഞു ഇനി കമ്മറ്റിയുടെ വിശദീകരണമാണ്‌ എറ്റവും രെസകരം . പണ്ടൊരു കണിയാരു പെരക്കു തീപിടിച്ചപ്പോള്‍ അയല്‍പക്കത്തേക്കൊടി വിവരം പറഞ്ഞു. പക്ഷെ പറഞ്ഞത്‌ മുഴുവനും സംസ്‌കൃതത്തിലായിരുന്നു .എല്ലാവര്‍ക്കും മനസിലായിവന്നപ്പോഴേക്കും പുര കത്തി ചാബലായി .അതുപോലെയാണ്‌ ചില എഴുത്തുകാരും പ്രാസംഗികരും . ആര്‍ക്കും അറിയാന്‍പാടില്ലാത്ത പദങ്ങള്‍ വെച്ചങ്ങു നിറക്കും . അവര്‍ക്ക്‌ അവരുടെ അറിവിലുള്ള സാമര്‍ഥ്യം മുഴുവന്‍ കിട്ടുന്ന അവസരംകൊണ്ട്‌ പ്രകടിപ്പിക്കും . അവരെയാണ്‌ സാഹിത്യഭാഷയില്‍ "Literary fraud " എന്നു വിളിക്കുന്നത്‌. എന്തിനാണ്‌ ഇത്രയധികം അവര്‍ കഷ്ടപെടുന്നത്‌. സാധാരണക്കാര്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ അങ്ങെഴുതിയാല്‍ പോരെ അല്ലെങ്കില്‍ പറഞ്ഞാല്‍ പോരേ . ഫേസ്‌ ബുക്കില്‍ എഴുതുന്ന ചില നല്ല എഴുത്തുകാരേപോലും ഇക്കൂട്ടര്‍ പുശ്ചിച്ചു തള്ളുന്നത്‌ അതുകൊണ്ടാണ്‌. പ്രവാസികളാണങ്കില്‍ പിന്നെ പറയുകയും വേണ്ട. അതോ ഇനി ഈ സോഷ്യല്‍ മീഡിയയുടെ പ്രാധാന്ന്യം മനസിലാക്കതുകൊണ്ടാണോ എന്നും അറിയില്ല . അവാര്‍ഡു കമ്മറ്റിയും ഏതാണ്ടതുപോലെയാണ്‌ . അവാര്‍ഡിനെ പറ്റി എന്തെങ്കിലും ചോദിച്ചാല്‍ കമ്മറ്റി അംഗങ്ങള്‍ ഇങ്ങനെ ആര്‍ക്കും മനസിലാകാത്ത ഭാഷയില്‍ എന്തെങ്കിലും പുലമ്പികൊണ്ടിരിക്കും. എല്ലാവര്‍ക്കും മനസിലായി വരുബോഴേക്കും വിവാദങ്ങള്‍ മുഴുവനും കെട്ടടങ്ങുകയും ചെയ്യും .
സംസ്ഥാന സിനിമാ അവാര്‍ഡും, വിവാദങ്ങളും  (തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക