Image

ഓണത്തിന്‌ മമ്മൂട്ടി - ലാല്‍ മത്സരം (ജയമോഹനന്‍ എം)

Published on 15 August, 2015
ഓണത്തിന്‌ മമ്മൂട്ടി - ലാല്‍ മത്സരം (ജയമോഹനന്‍ എം)
ഓണക്കാലം കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷ സമയമായിരിക്കുമെങ്കിലും കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി ഓണം സിനിമകള്‍ റിലീസിന്‌ കുറവായിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ ഓണക്കാലത്ത്‌ തീര്‍ത്തുമുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ യുവതാര ചിത്രങ്ങളായിരുന്നു ഓണക്കാലത്ത്‌ തിയറ്ററുകളിലെത്തുക. എന്നാല്‍ ഇക്കുറി കഥ മാറുകയാണ്‌. മോഹന്‍ലാലും മമ്മൂട്ടിയും ഒരുപോലെ ഓണത്തിന്‌ തിയറ്ററുകളിലെത്തുന്നു. ഒപ്പം കുഞ്ചാക്കോ ബോബന്‍ സിനിമയും റിലീസ്‌ ഉറപ്പിച്ചു കഴിഞ്ഞു. പൃഥ്വിരാജ്‌ ചിത്രവും ഓണത്തിന്‌ എത്തുമെന്ന്‌ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്‌. എന്തായാലും ഇക്കുറി ഓണം പൊടിപൊടിക്കുമെന്ന്‌ തീര്‍ച്ച.

മോഹന്‍ലാലിന്റെ ലോഹം

മോഹന്‍ലാലിന്റെ ലോഹം തന്നെയാണ്‌ ഓണം സിനിമകളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്‌. എക്കാലത്തെയും ഹിറ്റ്‌ കോമ്പിനേഷനായ ലാല്‍ - രഞ്‌ജിത്ത്‌ കൂട്ടുകെട്ട്‌, രഞ്‌ജിത്ത്‌ വലിയ ഇടവേളയ്‌ക്കു ശേഷം ചെയ്യുന്ന ആക്ഷന്‍ സിനിമ എന്നിങ്ങനെ ഒരുപാട്‌ മാനങ്ങളുണ്ട്‌ ലോഹത്തിന്‌. ഒരൊറ്റ ദിവസം നടക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയിലാണ്‌ ലോഹം പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. ടാക്‌സി ഡ്രൈവര്‍ രാജുവായി ലാല്‍ അഭിനയിക്കുന്നു എന്നാണ്‌ പ്രചാരണമെങ്കിലും ജോണ്‍ ഡേവിഡ്‌ എന്ന പോലീസ്‌ ഓഫീസറാണ്‌ ലാല്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

സ്വര്‍ണ്ണക്കടത്ത്‌ സംഘത്തെ പിടികൂടാനായി നടത്തുന്ന സ്‌പൈ ഓപ്പറേഷനാണ്‌ സിനിമയുട ഇതിവൃത്തം. ലാല്‍ പഞ്ച്‌ ഡയലോഗുകളും ആക്ഷന്‍ മാനറിസങ്ങളുമായി എത്തുന്നു എന്നതുകൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്‌ ഇതിനകം ലോഹം. ആന്‍ഡ്രിയ ജെറുമിയയാണ്‌ ചിത്രത്തിലെ നായിക. ലോഹം ക്ലീന്‍ എന്റര്‍ടെയിനറാണെങ്കില്‍ സകല ബോക്‌സ്‌ ഓഫീസ്‌ റിക്കോര്‍ഡുകളെയും തകര്‍ക്കുന്ന പ്രതികരണമാവും ലോഹത്തിന്‌ തിയറ്ററുകളില്‍ നിന്ന്‌ ലഭിക്കുക എന്നുറപ്പ്‌.

ഉട്ടോപ്യയിലെ രാജാവ്‌

നിരവധി പരാജയങ്ങള്‍ക്ക്‌ പിന്നാലെ മമ്മൂട്ടിയുടെ ഏക വിജയ പ്രതീക്ഷയാണ്‌ ഉട്ടോപ്യയിലെ രാജാവ്‌. കമലിനോട്‌ മമ്മൂട്ടി ആവശ്യപ്പെട്ട്‌ ചെയ്‌ത സിനിമയാണ്‌ സത്യത്തില്‍ ഉട്ടോപ്യയിലെ രാജാവ്‌. അത്രത്തോളം പരാജയങ്ങള്‍ മമ്മൂട്ടിയെ ബുദ്ധിമുട്ടിച്ചിരിക്കുന്നുവെന്ന്‌ ചുരുക്കം.

ഒരുപക്ഷെ ഉട്ടോപ്യയിലെ രാജാവ്‌ കൂടി പരാജയപ്പെട്ടാല്‍ അത്‌ ഒരു മെഗാതാരത്തിന്റെ കരിയറിന്റെ പടിയിറക്കത്തിന്റെ ആരംഭം കൂടിയായിരിക്കും. അല്ലെങ്കില്‍ മമ്മൂട്ടി ഇനി സുന്ദര നായക സ്വരൂപത്തെ നിര്‍ബന്ധിതമായി ഉപേക്ഷിക്കും.

ഇങ്ങനെയൊരു പശ്ചാത്തലമാണ്‌ ഉട്ടോപ്യയിലെ രാജാവിനുള്ളത്‌. ആമേന്റെ തിരക്കഥാകൃത്ത്‌ പി.എസ്‌ റഫീക്കാണ്‌ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛന്‍ പലര്‍ക്കായി നല്‍കിയ സ്വത്തുക്കള്‍ തിരിച്ചു പിടിക്കാന്‍ സി.വി സ്വതന്ത്ര്യന്‍ എന്ന മകന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം. വിജയിച്ചാലും പരാജയപ്പെട്ടാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം കൂടിയായി ഇതുമാറും.

ജമ്‌നാപ്യാരി

മധുര നാരങ്ങയുടെ വിജയം ചാക്കോച്ചന്‌ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന്‌ തീര്‍ച്ച. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്‌ കുഞ്ചാക്കോ ബോബന്‍ ജമ്‌നാപ്യാരിയുമായി കളത്തിലിറങ്ങുന്നത്‌. ചാക്കോച്ചന്‍ ആദ്യമായി തൃശ്ശൂര്‍ ഭാഷ സംസാരിച്ചുകൊണ്ട്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്‌.

നോര്‍ത്ത്‌ ഇന്ത്യയില്‍ കണ്ടുവരുന്ന പ്രത്യേകതരം ആടു വര്‍ഗത്തിന്‌ പറയുന്ന പേരാണ്‌ ജമ്‌നാപ്യാരി. ഈ ആടുമായി ബന്ധപ്പെട്ട കഥയാണ്‌ ജമനാപ്യാരിയുടേത്‌. ഓട്ടോറിക്ഷാ ഡ്രൈവര്‍ വാസൂട്ടന്‍ എന്നാണ്‌ ചിത്രത്തില്‍ ചാക്കോച്ചന്റെ കഥാപാത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. തോമസ്‌ സൊബാസ്റ്റ്യനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. അജുവര്‍ഗീസും നീരജ്‌ മാധവനും ഈ ചിത്രത്തില്‍ ചാക്കോച്ചനൊപ്പം എത്തുന്നു.

കുഞ്ഞുരാമായണം

അട്ടിമറി പ്രതീക്ഷയുമായി എത്തുന്ന ചിത്രം വിനീത്‌ ശ്രീനിവാസന്റെ കുഞ്ഞുരാമായണമാണ്‌. ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിനീതും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും തുല്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. അജു വര്‍ഗീസ്‌, നീരജ്‌ മാധവ്‌ തുടങ്ങി വിനീത്‌ ചിത്രത്തിലെ സ്ഥിരം ടീമുകളും ഈ സിനിമയിലുണ്ട്‌.

എണ്‍പതുകളില്‍ നടക്കുന്ന ഒരു കഥയായിട്ടാണ്‌ കുഞ്ഞുരാമായണം ഒരുക്കുന്നത്‌. ചിത്രത്തിലെ സല്‍സ പാട്ട്‌ ഇതിനോടകം ഹിറ്റായി കഴിഞ്ഞിട്ടുമുണ്ട്‌. എന്നാല്‍ സ്ഥിരം ന്യൂജെന്‍ സിനിമ എത്രത്തോളം വിജയിക്കുമെന്നത്‌ കുഞ്ഞുരാമായണത്തിന്റെ ഭാവി തീരുമാനിക്കും.

ഡബിള്‍ ബാരല്‍

ഒരു ലാറ്റിനമേരിക്കന്‍ സിനിമാ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റൈലിഷ്‌ ചിത്രമാണ്‌ ഡബിള്‍ ബാരല്‍. അടിയില്ല വെടി മാത്രം എന്നതാണ്‌ ചിത്രത്തിന്റെ ടാഗ്‌ലൈന്‍. മലയാളത്തിലെ ഏറ്റവും വലിയ താരനിരയെയും ചിത്രം അണിനിരത്തുന്നു. അതുപോലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റും. പൃഥ്വിരാജ്‌, ആര്യ, ഇന്ദ്രജിത്ത്‌, സണ്ണി വെയിന്‍, ആസിഫ്‌ അലി, സ്വാതി റെഡ്ഡി, ഇഷാ ഷെര്‍വാണി, പേളി മാനേയി എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ലിജോ പല്ലിശേരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു.

ഗോവയിലെ ഗ്യാങുകളുടെ കഥയാണ്‌ വേറിട്ട സിനിമാറ്റിക്ക്‌ ശൈലിയില്‍ ഡബിള്‍ ബാരലില്‍ പറയുന്നത്‌. കഞ്ഞു ചിമ്മിക്കുന്ന ആക്ഷനും ചെയ്‌സുമെല്ലാം ചിത്രത്തിലുണ്ട്‌. മാത്രമല്ല ചിത്രത്തിന്‌ മാറ്റു കൂട്ടുന്നത്‌ ചിത്രത്തിലെ വേഷ സംവിധാനങ്ങളാണ്‌. പുറത്തു വന്ന ടീസറുകളില്‍ ചിത്രത്തിന്റെ സ്റ്റൈലിസേഷന്‍ വ്യക്തമാണ്‌.

പൃഥ്വിരാജിന്റെ ആഗസ്റ്റ്‌ സിനിമയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്‌ ഏറ്റവും വലിയ വൈഡ്‌ റിലീസ്‌ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നതിനാല്‍ ഓണത്തിന്‌ തിരക്കിന്‌ ശേഷമാകും ചിത്രം റിലീസ്‌ ചെയ്യുക.
ഓണത്തിന്‌ മമ്മൂട്ടി - ലാല്‍ മത്സരം (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക