Image

കൗമാരസന്ധ്യകള്‍ (നോവല്‍-8: കാരൂര്‍ സോമന്‍)

Published on 19 August, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-8: കാരൂര്‍ സോമന്‍)
അധ്യായം എട്ട്‌

കള്ളിമുള്‍ച്ചെടി



സൂരജ്‌ചേട്ടന്റെ തുണികള്‍ കഴുകിയിട്ടില്ലല്ലോയെന്ന കാര്യം പെട്ടെന്നാണ്‌ ആനന്ദ്‌ ഓര്‍ത്തത്‌. ഇന്നു വല്യമ്മയുടെ കൈയില്‍ നിന്നും തല്ലു കിട്ടിയതു തന്നെ. തല്ല്‌ എങ്ങനെയും സഹിക്കാം, മനസ്സിനേല്‍ക്കുന്ന വേദനയാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. അവന്‍ വേഗത്തില്‍ സൂരജിന്റെ മുറിയിലേക്കു ചെന്നു.

കംപ്യൂട്ടറില്‍ എന്തൊക്കെ ചെയ്യുകയായിരുന്ന സൂരജിന്‌ ആനന്ദ്‌ മുറിക്കുള്ളിലേക്കു കയറി ചെന്നത്‌ ഇഷ്‌ടപ്പെട്ടില്ല.

`എന്താടാ നിനക്കീവിടെ കാര്യം. മിണ്ടാതെയും പറയാതെയും വന്ന്‌, എന്തെങ്കിലും അടിച്ചുമാറ്റാനായിരുന്നോടാ കറുമ്പാ', സൂരജിന്റെ പെട്ടെന്നുള്ള ആക്രോശത്തില്‍ ആനന്ദ്‌ ഒന്നു ഞെട്ടി. ഈയിടെയായി സൂരജ്‌ ചേട്ടനും ഇങ്ങനെയാണ്‌. തൊട്ടതിനും പിടിച്ചതിനുമൊക്കെ തന്നോടു ദേഷ്യപ്പെടുന്നു. തരം കിട്ടിയാല്‍ ഉപദ്രവിക്കുന്നുമുണ്ട്‌. വല്യമ്മയുടെ പണമെടുത്തതു ചോദിച്ചതു മുതല്‍ ഇങ്ങനെയാണ്‌. സൂരജ്‌ ചോദിച്ചതിന്‌ ആനന്ദ്‌ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അവന്‌ ദേഷ്യം ഇരട്ടിച്ചു.

കംപ്യൂട്ടര്‍ ചെയറില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ സൂരജ്‌ ആനന്ദിനെ പിടിച്ചൊരു തള്ളു കൊടുത്തു. അവന്‍ ഭിത്തിയില്‍ തട്ടി നിന്നു. ആനന്ദ്‌ അമ്പരപ്പോടെ സൂരജിനെ നോക്കി.

``അഹങ്കാരി, നോക്കി പേടിപ്പിക്കുന്നോ''

ദേഷ്യപ്പെട്ടു കൊണ്ട്‌ സൂരജ്‌ ആനന്ദിനെ അടിച്ചും ഇടിച്ചും മുറിയുടെ പുറത്തേക്ക്‌ തള്ളി.

അതു കണ്ടതും കിട്ടു സൂരജിന്‌ നേരെ ദേഷ്യപ്പെട്ട്‌ കുരച്ചു. സൂരജ്‌ കിട്ടുവിനെ അടിക്കാനായി ഒരു വടിക്കായി മുറ്റമെല്ലാം തിരഞ്ഞു. മുറിയ്‌ക്കു പുറത്തേക്കുള്ള വീഴ്‌ചയില്‍ ആനന്ദിന്റെ കാലിന്റെ മുട്ടും കൈയും ഉരഞ്ഞ്‌ നീറി.

കോപാഭ്രാന്തനായ സൂരജ്‌ ഒരു വടിയുമായി കിട്ടുവിന്റെ അടുക്കലേയ്‌ക്ക്‌ പാഞ്ഞു. കിട്ടു വടി കണ്ട്‌ ഭയന്നില്ല. ആദ്യമൊരടി കിട്ടി. ഭയന്ന്‌ മാറി. അവന്റെയുള്ളിലും വൈരാഗ്യം ആളി കത്തി. അവന്‍ ശക്തിയായി കുരച്ചു. പിന്നിടുള്ള അടികിട്ടാതെ കിട്ടു ഒഴിഞ്ഞുമാറി.

കിട്ടുവിനെ മര്‍ദ്ദിക്കുന്നതു കണ്ടപ്പോള്‍ ആനന്ദിനു സഹിച്ചില്ല.

``അയ്യോ, ആ മിണ്ടാപ്രാണി എന്തു പിഴച്ചു, ചേട്ടന്‍ എന്നെ എന്തു വേണമെങ്കിലും ചെയ്‌തോളൂ''

തറയില്‍ വീണു കിടന്ന്‌ ആനന്ദ്‌ കരഞ്ഞു കൊണ്ട്‌ എഴുന്നേറ്റ്‌ ചെന്ന്‌ വടിക്ക്‌ പിടിച്ചു. രണ്ടുപേരും പിടിയും വലിയും നടത്തി തറയില്‍ വീണു. കൈയ്യില്‍നിന്ന്‌ തെറിച്ചുപോയ വടിയെടുത്ത്‌ സൂരജ്‌ അവന്റെ പുറത്തും തലയ്‌ക്കും വിലങ്ങനെ അടിച്ചു. അടികൊണ്ട്‌ പുളഞ്ഞ ആനന്ദ്‌ എഴുന്നേറ്റ്‌ ഓടി. സൂരജ്‌ ഒരു വന്യമൃഗത്തെപ്പോലെ അവന്റെ പിറകെയോടി. ആനന്ദിന്റെ കുതിച്ചോട്ടത്തിന്‌ മുന്നില്‍ അവനൊപ്പമെത്താനായില്ല. കിട്ടുവും അവനൊപ്പം പേടിച്ചരണ്ടോടി. ഓടിതളര്‍ന്ന സൂരജ്‌ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

`ഇവിടെ വാടാ കറുമ്പാ... നിന്നെ ഞാനിന്നു കൊല്ലും.''

ആനന്ദ്‌ പേടിച്ചരണ്ട കണ്ണുകളുമായി പറങ്കിമാവിന്‍ മുകളിലേയ്‌ക്കു കയറി. മരകൊമ്പിലിരുന്ന്‌ പൊട്ടിക്കരഞ്ഞു. അവന്‍ വിയര്‍പ്പില്‍ കുളിച്ചു. തലക്ക്‌ കിട്ടിയ അടികൊണ്ട്‌ തലഭാഗം വീര്‍ത്ത്‌ ഒപ്പം വേദനിക്കുകയും ചെയ്‌തു. പുറത്തും നല്ല വേദനയും നീറ്റലുമുണ്ട്‌. തേങ്ങലോടെ കായലിലേയ്‌ക്ക്‌ നോക്കി. കായല്‍ സന്ധ്യക്കൊപ്പം ചേര്‍ന്നൊഴുകി. താഴ്‌വരകളും കായലും ഒരു മൂടല്‍ മഞ്ഞുപോലെ കിടന്നു.

എത്ര ശ്രമിച്ചിട്ടും സങ്കടമടക്കാന്‍ കഴിഞ്ഞില്ല.

ചീറിയടിക്കുന്ന കാറ്റിന്റെ നെടുവീര്‍പ്പുകള്‍ അവന്‍ കേട്ടു.

മരക്കൊമ്പുകളില്‍ കാറ്റ്‌ അലറിയടിക്കുന്നത്‌ കണ്ട്‌ ആനന്ദ്‌ ഭയന്നു.

തന്നെ ഉപദ്രവിക്കുമ്പോഴും സൂരജിന്‌ ഇതെ അലര്‍ച്ചയായിരുന്നു.

പുറത്തെ അസ്ഥികള്‍ ഓരോന്നും വേദനിച്ചു.

ചേട്ടന്‍ മുന്‍കോപിയെന്ന്‌ അവനറിയാം. എന്നാലും എന്നെ ഇത്രയടിക്കാന്‍ ഞാന്‍ എന്ത്‌ തെറ്റാണ്‌ ചെയ്‌തത്‌. കാറ്റില്‍ മൂടിയിഴകള്‍ മുഖത്തേക്ക്‌ വീണു കിടന്നു. പറങ്കിമാവിലേക്ക്‌ വവ്വാലുകള്‍ പറന്നു വന്നു. പറങ്കിമാവുകളില്‍ പറങ്കി പഴം പഴുത്തിട്ടുണ്ടോയെന്ന്‌ തിരക്കാന്‍ എത്തിയതാകാം. മരകൊമ്പിലെങ്ങോ ഒന്നോരണ്ടോ പറങ്കിപഴമുണ്ട്‌. അതിനെ പിഴിഞ്ഞു നീരാക്കി കുടിക്കുമ്പോഴുണ്ടാകുന്ന ചിറകടി ശബ്‌ദം അവന്റെ കാതുകളില്‍ ഭയാനകത വരുത്തി. കായല്‍ തീരത്തേ ഏതോ മരത്തിലിരുന്നു രാക്കുയിലുകള്‍ പാട്ടു പാടുന്നു. അവന്‍ കണ്ണുകള്‍ താഴ്‌ത്തി താഴെക്കു നോക്കി. കിട്ടു മരച്ചുവട്ടിലുണ്ട്‌. പാവം കിട്ടു. എന്നെ രക്ഷപെടുത്താന്‍ വന്നിട്ടും അവനും ഒരടി കിട്ടി. ശരീരം നോവുന്നുണ്ടാകും. ആകാശം ഇരുണ്ടു വരികയും കടല്‍കാറ്റിനൊപ്പം മഴ വരികയും ചെയ്‌തു.

തവളകളുടെ കാര്‍ക്കിച്ചു തുപ്പുന്ന ശബ്‌ദം കായലോരങ്ങളില്‍ മുഴങ്ങി. മഴയില്‍ പുറത്ത്‌ കട്ടപിടിച്ചു കിടന്ന രക്തം ഒലിച്ചുപോയി. മഴയുടെ തലോടല്‍ ഒരു സാന്ത്വാനമായി. ഒരു കൈലിമുണ്ട്‌ മാത്രമാണ്‌ ഉടുത്തിരുന്നത്‌. അത്‌ മഴയില്‍ കുതിര്‍ന്നു. മരത്തില്‍ ഞാണു കിടന്നിരുന്ന വവ്വാലുകള്‍ പറന്നു പോയിരുന്നു. വിറങ്ങലിച്ച മനസ്സുമായി അവന്‍ താഴേക്ക്‌ ഇറങ്ങി. കിട്ടുവിന്റെ തലയില്‍ തലോടി ആശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു.

`കിട്ടു നീ എന്തിനു അങ്ങോട്ടു വന്നത്‌' അടികൊണ്ടില്ലേ? അവന്‍ ഒന്ന്‌ നോക്കി.

മഴയുടെ ശക്തി കൂടി വന്നു.

മഴത്തുള്ളികള്‍ക്കും ദുഃഖമുണ്ട്‌. അത്‌ ഒരു സാന്ത്വനമായി ശരീരത്ത്‌ കൂടി ഒലിച്ചിറങ്ങി.

ശരീരം തണുത്ത്‌ വിറച്ചു.

അവന്‍ എഴുന്നേറ്റ്‌ ചെളി നിറഞ്ഞ മണ്ണിലൂടെ നടന്നു.

വീടിന്റെ പിറകില്‍ ചെന്ന്‌ ജനാലയുടെ വിടവിലൂടെ ഒളിഞ്ഞു നോക്കി.

സൂരജ്‌ അവന്റെ മുറിയിലുണ്ടെന്ന്‌ അവന്‌ മനസ്സിലായി.

മുണ്ടഴിച്ച്‌ പിഴിഞ്ഞ്‌ ദേഹമെല്ലാം തുടച്ചു.

പുറത്ത്‌ നല്ല വേദന തോന്നി. ഒന്നു കൂടി തുടച്ചു. എന്താണ്‌ പുറത്ത്‌ ഇത്ര വേദന. പുറത്തെ മുറിവ്‌ അവന്‍ കണ്ടിരുന്നില്ല. തുണിയിലേയ്‌ക്ക്‌ നോക്കിയപ്പോള്‍ രക്തം പുരണ്ടത്‌ കണ്ടു. ആശങ്കയോടെ നോക്കി. വെറുതെയല്ല പുറം നീറുന്നത്‌.

വീട്ടില്‍ കയറിയാല്‍ ചേട്ടന്‍ ഉപദ്രവിക്കും.

കൊല്ലുമെന്നാണ്‌ പറഞ്ഞത്‌.

മഴ പെരുമഴയായി മണ്ണിലും മരങ്ങളിലും തകര്‍ത്ത്‌ പെയ്യുമായിരുന്നു.

വീടിന്റെ മുന്നിലെ അരണ്ട വെളിച്ചത്തിലൂടെ അവന്‍ മുന്നോട്ട്‌ നടന്നു. ഒപ്പം കിട്ടുവുമുണ്ടായിരുന്നു.

എങ്ങോട്ട്‌ പോകണമെന്ന്‌ അറിയില്ല?

മിനിചേച്ചിയുടെ വീട്ടിലേക്ക്‌ പോയാലോ?

മഴയ്‌ക്കു ശക്തി കൂടി.

ആനന്ദ്‌ ഏറെ നേരം മിനിയുടെ വീടിന്‌ മുന്നില്‍ നിന്നു, അകത്തേയ്‌ക്ക്‌ നോക്കി.

ജനാലക്കുള്ളില്‍ പ്രകാശം തെളിയുന്നു. മിനിച്ചേച്ചി ഒരു നിഴല്‍ പോലെ അകത്തേക്ക്‌ പോകുന്നതവന്‍ കണ്ടു. കിട്ടുവും അവനൊപ്പം നിന്ന്‌ മഴ നനയുകയാണ്‌. വീടിന്റെ ചുവരിലേക്ക്‌ മാറി. വെളിച്ചമില്ലാത്ത ഒരു ഭാഗത്ത്‌ വന്നു നിന്ന്‌ മുണ്ടഴിച്ച്‌ വീണ്ടും പിഴിഞ്ഞു തുടച്ചു. തന്റെ നഗ്നത ആരും കാണാതിരിക്കാനാണ്‌ ഇരുട്ടിലേയ്‌ക്ക്‌ മാറിനിന്നത്‌. ഈറനണിഞ്ഞ തുണിയുമായി അവന്‍ വരാന്തയില്‍ കയറി. വരാന്തയിലെ വെളിച്ചത്തിലൂടെ ജനാലയുടെ അടുത്ത്‌ ചെന്ന്‌ അകത്തേക്ക്‌ നോക്കി.

ചേച്ചിയെ വിളിക്കണോ?

വല്യമ്മ വഴക്ക്‌ പറയുവോ?

ധൈര്യം ചോര്‍ന്നു പോകുന്നതും പോലെ .

എന്താണ്‌ ചേച്ചിയോടു പറയേണ്ടത്‌.

ചേച്ചിയോട്‌ പറഞ്ഞാല്‍ ഇതൊരു വാര്‍ത്തയാക്കുമോ? ഇല്ല ചേച്ചി അത്തരക്കാരിയല്ല. മനസ്സ്‌ കൂടുതല്‍ അസ്വസ്ഥമായി. വരാന്തയുടെ പടിയില്‍ മഴ നനയാതെ നിന്ന കിട്ടുവിന്‌ ദേഷ്യം തോന്നി. വായില്‍ നാക്കില്ലേ ചോദിക്കാന്‍. ഈ തല്ലീയത്‌ ഗൗരവമുള്ള കാര്യമല്ലേ. തൊണ്ട വരണ്ടിരിക്കുകയാണെങ്കില്‍ ഞാന്‍ വിളിക്കാം. ആദ്യം ഒരു മുരള്‍ച്ചയോടെ നോക്കി. എന്നിട്ട്‌ കുരച്ചു. കിട്ടുവിന്റെ ശബ്‌ദം മിനിക്കറിയാം.

അവള്‍ അടുക്കളയില്‍ നിന്ന്‌ പുറത്തേയ്‌ക്ക്‌ വന്നു. ജനാലയിലൂടെ നോക്കിയപ്പോള്‍ ആനന്ദിനെ കണ്ടു. അവള്‍ സംഭ്രമത്തോടെ കതക്‌ തുറന്നു. ഈ കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌.

`എന്തിനാ, ഇങ്ങനെ മഴ നനഞ്ഞേ, എന്തുണ്ടായി.'

മുഖഭാവം കണ്ടപ്പോള്‍ ആശങ്കയോടെ ചോദിച്ചു.

`ഞാന്‍ ചേട്ടന്റെ തുണികള്‍ കഴുകാനെടുക്കാന്‍ ചെന്നപ്പോള്‍ ഒത്തിരി അടിച്ചു. ഓടി മാറിയപ്പോള്‍ എന്റെ പുറം അടിച്ചു പൊട്ടിച്ചു'

അവന്‍ തിരിഞ്ഞ്‌ മുറിഞ്ഞഭാഗം കാണിച്ചു.

മിനിയുടെ മുഖം വിളറി. അവള്‍ക്ക്‌ വല്ലാതെ തോന്നി.

`മോന്‍ ഇവിടെ നില്‍ക്കൂ, ഞാന്‍ മരുന്നു പുരട്ടിത്തരാം.'

അവള്‍ അകത്ത്‌ ചെന്ന്‌ മുറിവിന്‌ പുരട്ടുന്ന മരുന്നും തുണിയുമായി ഓടിയെത്തി.

മുറിവില്‍ മരുന്ന്‌ വെച്ച്‌ കെട്ടി. അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍ സൂരജിനോട്‌ ദേഷ്യമാണ്‌ തോന്നിയത്‌. പെട്ടെന്നവള്‍ അകത്ത്‌ ചെന്ന്‌ ഒരു കൈലി കൊടുത്തിട്ടു പറഞ്ഞു.

`മോന്‍ ഇത്‌ മാറിയുടുക്ക്‌. നനഞ്ഞ തുണി ഉടുത്താല്‍ പനി പിടിക്കും.'

അവന്‍ തുണി മാറിയിട്ടു അരഭിത്തിയില്‍ ഇരുന്നു. ആനന്ദിന്‌ എന്തു ചെയ്യണമെനന്ന്‌ അറിയില്ലായിരുന്നു. എങ്ങനെ വീട്ടിലേക്കു പോകും. എങ്ങനെ പോകാതിരിക്കും. ചെന്നാല്‍ ചേട്ടന്‍ കൊല്ലും. ചെന്നില്ലെങ്കില്‍ വല്യമ്മ കൊല്ലും. അവന്‍ ഉച്ചത്തില്‍ കരയണമെന്നുണ്ടായിരുന്നു. മിനിചേച്ചി കണ്ടാലെന്തു വിചാരിക്കുമെന്നോര്‍ത്ത്‌ അവന്‍ കുനിഞ്ഞിരുന്നു. അവന്റ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ആ വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യണം. ഒപ്പം തല്ലും കൊള്ളണം. ഈശ്വരാ ഇതാണോ നരകം?

``അവന്‍ ഒത്തിരിയടിച്ചോ?''
മിനി സ്‌നേഹത്തോടെ അന്വേഷിച്ചു.
``ഒത്തിരി അടിച്ചു.'' അവന്‍ തലയില്‍ മുഴച്ചു നിന്നത്‌ മിനിയുടെ കൈ പിടിച്ച്‌ തൊട്ടുകാണിച്ചു.
കൈയുടെ ഉള്‍ഭാഗത്തും അടിയുടെ പാട്‌ കാണിച്ചു.
``അല്ല എനിക്കു മനസ്സിലാകുന്നില്ല. തുണിയെടുക്കാന്‍ ചെന്നതിന്‌ അവന്‍ എന്തിനാ അടിച്ചത്‌?''
``ചേട്ടനോട്‌ ചോദിക്കാതെ മുറിയില്‍ കേറിയില്ലേ. അതാ.''

``അവനാരാ ഇവിടുത്തെ മുഖ്യമന്ത്രിയോ? എന്തായാലും കഷ്‌ടം നിന്റെ കാര്യം. നിനക്ക്‌ മറ്റ്‌ എവിടെയെങ്കിലും പോയി ജീവിച്ചൂടെ ഇവരുടെ തല്ലും ചവിട്ടും കൊള്ളാതെ.''

``ഞാന്‍ പോകും ചേച്ചീ. എന്റെ അച്ഛന്‍ പോയ നാള്‍ മുതല്‍ ഞാനിത്‌ അനുഭവിക്കുകയാണ്‌.''
അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി കണ്ണീര്‍ താഴേയ്‌ക്ക്‌ ഇറ്റിറ്റു വീണു.

ആ കണ്ണുനീര്‍ കണ്ടു നിന്ന മിനിയുടെ ഹൃദയത്തെ വല്ലാതെ സ്‌പര്‍ശിച്ചു. ഒരു വീടിന്റെ ഔദാര്യത്തിലാണ്‌ ജീവിക്കുന്നതും. എതിര്‍ത്തൊന്നും പറയാനുള്ള ശക്തിയില്ല. എനിക്കാണെങ്കില്‍ അടുക്കളജോലിയും റബര്‍ഷീറ്റുണക്കുന്ന ജോലിയുമാണ്‌. മറ്റ്‌ ജോലികളെല്ലാം ചെയ്യുന്നത്‌ അവനാണ്‌. അവന്‍ അവരുടെ സഹായത്തിന്‌ കൈ നീട്ടാറുമില്ല. മാടിനെപ്പോലെ പണിയെടുത്തിട്ടും എന്തിനാണ്‌ ഇങ്ങനെ തല്ലുവാങ്ങുന്നത്‌. ഞാന്‍ ഈ വീട്ടില്‍ വന്ന നാള്‍ മുതല്‍ ഇത്‌ കണ്ടുകൊണ്ടിരിക്കയാണ്‌.

രവിയേട്ടന്‍ ഇതിനൊടൊന്നും പ്രതികരിക്കാത്തത്‌ എന്താണ്‌?
സ്‌ത്രീകളുടെ പ്രിയങ്കരനല്ലേ.
അങ്ങോട്ടുമിങ്ങോട്ടും പ്രശംസിക്കാനേ അറിയുമായിരിക്കൂ.
അവള്‍ അകത്തേക്ക്‌ പോയി.
കാപ്പിക്ക്‌ അടുപ്പില്‍ വെള്ളം വച്ചു.

കുട്ടികള്‍ക്ക്‌ മാനസിക വൈകല്യമുണ്ടാകാന്‍ ഇതൊക്കെ ധാരാളം. ഈ നരക ജീവിതത്തെ അതിജീവിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. മറ്റ്‌ എവിടെയെങ്കിലും പോയി ജീവിക്കുക. പാട്ടുപാടിയായാലും ജീവിച്ചൂടെ? ഈ കൊച്ചിനെയിട്ട്‌ കഷ്‌ടപ്പെടുത്തുന്നത്‌ കാണാന്‍ വയ്യ. രവിയേട്ടന്‍ വരുമ്പോള്‍ ഒരു നിര്‍ണ്ണായക തീരുമാനമെടുപ്പിക്കണം. സ്വന്തം മോനോടു കാട്ടുന്ന താല്‌പര്യത്തിന്റെ നാലിലൊന്നുപോലും ഈ കുട്ടിയോടു കാട്ടാറില്ല. എന്തോ മാനസികമായ വിരോധം അവരില്‍ കുടികൊള്ളുന്നതായിട്ടാണ്‌ തോന്നുന്നത്‌. അതല്ലെങ്കില്‍ ചാവാന്‍ കിടക്കുന്ന അവന്റെ അമ്മയെയെങ്കിലും ഒന്ന്‌ പോയി കാണില്ലേ. കഴിഞ്ഞമാസം അവരെയൊന്ന്‌ കാണാന്‍ പോയത്‌ വീട്ടില്‍ പോകുന്നുവെന്ന്‌ പറഞ്ഞിട്ടാണ്‌. എന്താണെന്ന്‌ മനസ്സിലാകുന്നില്ല. എന്തൊക്കെയോ സരള മറച്ചു വയ്‌ക്കുന്നുണ്ട്‌. ആര്‍ക്കറിയാം. ആ വീട്ടില്‍ നടന്നിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌. തന്തയോടോ തള്ളയോടോ വിരോധമുണ്ടെങ്കില്‍ ഈ കുട്ടിയോടു കാട്ടുന്നത്‌ നന്നല്ല. മിനി കട്ടന്‍ കാപ്പിയും ബിസ്‌ക്കറ്റുമായി പുറത്തു വന്നു. കുളിരുന്ന തണുപ്പില്‍ ആ ചുടൂള്ള കാപ്പി അവന്‌ മനോധൈര്യം പകരുന്നതായിരുന്നു. ഒരു ബിസ്‌ക്കറ്റ്‌ അവന്‍ വരാന്തപ്പടിയില്‍ കിടന്ന കിട്ടുവിനും കൊടുത്തു.

``മോന്‍ അമ്മയെ കണ്ടിട്ട്‌ എന്തു പറഞ്ഞു?''
``ഒന്നും പറഞ്ഞില്ല. എന്റെ അമ്മയുടെ അസുഖം എന്താ മാറാത്തേ?''

``ആരു പറഞ്ഞു മാറില്ലെന്ന്‌. നീ പ്രാര്‍ത്ഥിക്ക്‌. മോന്‍ കാപ്പി കുടിച്ചിട്ട്‌ വീട്ടിലേക്ക്‌ ചെല്ല്‌.'' അത്‌ കേട്ടപ്പോള്‍ അവന്റെ മനസ്സില്‍ ഭയം നിഴലിച്ചു. അവന്‍ പറഞ്ഞു.

``ഞാന്‍ വല്യമ്മ വന്നിട്ടേ പോകൂ. ഇല്ലെങ്കില്‍ ചേട്ടന്‍ എന്നെ കൊല്ലും.''
മിനി ചെറുതായൊന്ന്‌ പുഞ്ചിരിച്ചു. അവനെ സ്വാന്തനിപ്പിച്ചു പറഞ്ഞു.
``നീ പേടിക്കാതിരിക്ക്‌. അവന്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല. എന്തായാലും രവിയേട്ടന്‍ വരട്ടെ''

ഉള്ളിലുണ്ടായ അവന്റെ തേങ്ങല്‍ മാറി. മിനിചേച്ചിയെന്നും സഹായിക്കാനും ആശ്വസിപ്പിക്കാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ. മുറ്റത്തെ മഴ ശമിച്ചുവെങ്കിലും കായലിന്റെ മറുകരയില്‍ മഴയുടെ ആരവം കേട്ടു. തണുത്ത കാറ്റ്‌ വീശിക്കൊണ്ടിരുന്നു.

``പുതിയ പാട്ട്‌ കാസറ്റ്‌ എന്നാ ഇറങ്ങുന്നെ?''
``ഉടനെ ഇറക്കുമെന്നാ മ്യൂസിക്‌ ടീച്ചര്‍ പറഞ്ഞത്‌.''
``നിന്റെ കഷ്‌ടകാലം ഒന്ന്‌ മാറി കിട്ടാനാ എന്റെ പ്രാര്‍ത്ഥന.''

അവന്‍ പുഞ്ചിരിച്ചു. അവന്റെ മനോഹരങ്ങളായ പാട്ടുകള്‍ ഈ മണ്ണില്‍ ഒരിക്കല്‍ മുഴങ്ങാതിരിക്കില്ല. കായല്‍ക്കരയില്‍ നിന്ന്‌ മന്ദമായൊഴുകുന്ന പ്രവാഹം പോലെ കാറ്റില്‍ അവന്റെ പാട്ടുകള്‍ അലകള്‍ ഉയര്‍ത്താറുണ്ട്‌. അതും എത്രയെത്ര മനുഷ്യരില്‍ അലയടിച്ചെത്തുമെന്ന്‌ ആരറിഞ്ഞു. അവന്‍ കുറ്റാക്കുറ്റിരുട്ടിലേക്ക്‌ നോക്കുമ്പോള്‍ രവി അവിടേയ്‌ക്കു വന്നു.

``ആരാ ഇത്‌? എന്താ ഇവിടെ?''
രവി അന്വേഷിച്ചു. മിനി നടന്ന കാര്യം വിവരിച്ചു.
``ഞാനെന്തു ചെയ്യാനാ? നിന്റെ കാര്യത്തില്‍ എനിക്കും ദുഃഖമുണ്ട്‌.''
രവി ഉദാസീനതയോടെ പറഞ്ഞു.
മിനി അവന്റെ പുറവും തലയും കൈയും കാണിച്ചു കൊടുത്തു.
രവി അനുതാപത്തോടെ നോക്കി.

ഇതൊന്നും തന്റെ പരിധിയില്‍പ്പെട്ട കാര്യമല്ല. സരളയുടെ വീട്ടുകാര്യങ്ങളില്‍ താന്‍ ഇടപെടുന്നത്‌ ഇഷ്‌ടമല്ലെന്ന്‌ അവരെങ്ങാനും തുറന്നു ചോദിച്ചാല്‍ എന്തുത്തരം കൊടുക്കും. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ നാല്‌ കാശ്‌ കയ്യില്‍ വരുന്ന കാലമാണ്‌. സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സരളയെ ലക്ഷങ്ങളുമായി സമീപിക്കുന്നത്‌ നേരില്‍ കാണുന്നു. ഇന്നും ഒരാളുടെ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടിട്ടാണ്‌ വരുന്നത്‌. സരളയ്‌ക്ക്‌ കിട്ടുന്ന തുകയില്‍ ഒരു പങ്ക്‌ തനിക്കും കൂടിയുള്ളതാണ്‌. സ്ഥാനാര്‍ത്ഥികള്‍ നല്‌കുന്ന തുകയുടെ കനമനുസരിച്ചിരിക്കും വോട്ടു ചെയ്യണോ അതോ എതിര്‍ സ്ഥാനാര്‍ത്ഥിക്ക്‌ വോട്ടു ചെയ്യണോ എന്ന്‌ തീരുമാനിക്കും. അതിനിടയില്‍ ഇതൊക്കെ പറയാന്‍ താനെന്തിന്‌ മെനക്കെടണം.

രവി മിണ്ടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ മിനി പറഞ്ഞു.
``രവിയേട്ടാ ഈ കൊച്ചിനോടു കാട്ടുന്ന അനാവശ്യം കുറെ കൂടുന്നുണ്ട്‌. അതൊന്ന്‌ പറയണം.''
രവി അവളെ സൂക്ഷിച്ചു നോക്കി.
അവള്‍ പറയുന്നതിലും കാര്യമില്ലാതില്ല. ഇവരില്‍ ആരാണ്‌ തനിക്ക്‌ ഗുണപ്പെടുന്നത്‌. തനിക്ക്‌ അവര്‍ക്കൊപ്പമല്ലേ നില്‌ക്കാന്‍ പറ്റൂ. തന്റെ തൊഴിലും അതല്ലേ.

``മിനീ, സരളയുടെ മുന്‍പിന്‍ നമ്മള്‍ വെറും തൊഴിലാളികള്‍ മാത്രമാണ്‌. ആനന്ദും അതിലൊന്ന്‌ മാത്രം. ഈ വീട്‌ തീര്‍ക്കാന്‍ പണം തന്ന്‌ സഹായിച്ചത്‌ പെട്ടെന്നങ്ങ്‌ മറക്കാന്‍ പറ്റുമോ?, വരൂ, ഞാന്‍ നിന്നെ എന്തായാലും വീട്ടില്‍ കൊണ്ടു വിടാം. രാത്രി തനിച്ചു പോകണ്ട''

അവന്‍ രവിക്കൊപ്പം നടന്നു. കിട്ടുവും അവരെ പിന്‍തുടര്‍ന്നു. അവിടെ ചെന്നപ്പോള്‍ സരള സൂരജിനെ വഴക്കു പറയുന്ന രംഗമാണ്‌ കാണാന്‍ കഴിഞ്ഞത്‌. സരള അവരെ കണ്ടപ്പോള്‍ ഒന്നു തണുത്തു.

ആനന്ദിനെ കണ്ടയുടനെ മുഴങ്ങുന്ന ശബ്‌ദത്തില്‍ അവര്‍ ചോദിച്ചു.

``എവിടെയായിരുന്നു നീ.''
ഒന്നു ഭയന്നെങ്കിലും ധൈര്യം സംഭരിച്ച്‌ ആനന്ദ്‌ പറഞ്ഞു,
``എന്നെ കൊല്ലുമെന്നു പറഞ്ഞു. അതാ വരാഞ്ഞേ.''
അതു കേട്ടതും സരളയ്‌ക്കു ദേഷ്യം ഇരട്ടിച്ചു.
``അങ്ങനെ പറഞ്ഞാല്‍ നീ വീടുവിട്ടു പോകുമോ?''
ഒരു നിമിഷം. എവിടെ നിന്നോ ഉരുണ്ടു കൂടിയ ധൈര്യത്തില്‍ ആനന്ദ്‌ രണ്ടും കല്‍പ്പിച്ചു പറഞ്ഞു.
``ങാ പോകും, എനിക്കിങ്ങനെ തല്ലുകൊള്ളാന്‍ വയ്യ. എന്നെ ഇവിടെ തല്ലിക്കൊല്ലില്ലെന്ന്‌ എന്താ ഉറപ്പ്‌.''
ആ വാക്കുകള്‍ അവരെ ആശയകുഴപ്പത്തിലാക്കി.
മുമ്പൊരിക്കലും കാണാത്ത മുഖഭാവമായിരുന്നു അവന്റെ മുഖത്ത്‌. കണ്ണുകള്‍ക്ക്‌ തീഷ്‌ണതയേറിയിരുന്നു

``നിനക്ക്‌ ഈ വീടുവിട്ട്‌ പോകണം അല്ലേടാ, അഹങ്കാരീ?''
സരള നിന്നു വിറയ്‌ക്കുകയായിരുന്നു.
``ഞാന്‍ പോകും.''
അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു.

എല്ലാവരും സ്‌തംഭിച്ചു പോയി. അതുവരെ അവരൊന്നും കണ്ടില്ലാത്ത ഒരു മുഖഭാവമായിരുന്നു അപ്പോഴവന്‌.


(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക