Image

മഞ്‌ജു വാര്യര്‍ ഇനിയും ഉയരങ്ങളിലേക്ക്‌

Published on 18 August, 2015
മഞ്‌ജു വാര്യര്‍ ഇനിയും ഉയരങ്ങളിലേക്ക്‌
രണ്ടാം വരവില്‍ മഞ്‌ജു ഒരു സൂപ്പര്‍ നായികയായി മഞ്‌ജു മാറുമോ എന്നത്‌ ഏവര്‌ക്കും സംശയമുണ്ടായിരുന്ന കാര്യമാണ്‌. എന്നാല്‍ സംശയിക്കേണ്ട മലയാള സിനിമയെ അത്ഭുതപ്പെടുന്ന ഉയരത്തിലേക്ക്‌ മഞ്‌ജു കുതിക്കുകയാണ്‌. ഒരു പക്ഷെ ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസമായി മാറാന്‍ പോകുന്ന ചിത്രത്തില്‍ നായികയായി എത്തിക്കൊണ്ടായിരിക്കും മഞ്‌ജു അത്ഭുതം കാഴ്‌ച വെക്കുക.

എം.ടിയുടെ രണ്ടാമൂഴം സിനിമയാകാനുള്ള സാധ്യതകള്‍ വീണ്ടും തെളിയുമ്പോള്‍ അതിലെ നായികയായി എത്തുക മഞ്‌ജു വാര്യരാണെന്നാണ്‌ അണിയറ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ്‌ നിര്‍മ്മാണ കമ്പിനിയാണ്‌ രണ്ടാമൂഴം വീണ്ടും സിനിമയാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന്നത്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഹരിഹരന്‍ രണ്ടാമൂഴം സിനിമയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും മലയാള സിനിമയില്‍ ഒതുങ്ങാത്ത ബജറ്റ്‌ മൂലം ആ പ്രോജക്‌ട്‌ പിന്‍വലിക്കുകയായിരുന്നു. അന്ന്‌ മോഹന്‍ലാലിനെ ഭീമനായും നായിക കഥാപാത്രമായ പഞ്ചാലിയെ ഐശ്വര്യ റായിയായും നിശ്ചയിച്ചിരുന്നു. മമ്മൂട്ടി, അമിതാഭ്‌ ബച്ചന്‍, വിക്രം തുടങ്ങി വന്‍ താര നിരയിലാണ്‌ ചിത്രം പ്ലാന്‍ ചെയ്‌തത്‌. എന്നാല്‍ ഇത്രയും വലിയ ബജറ്റ്‌ മലയാളത്തില്‍ താങ്ങാന്‍ കഴിയാത്തതായി മാറിയതിനാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു.

ഇപ്പോള്‍ ബോളിവുഡ്‌ നിര്‍മ്മാണ കമ്പിനി ചിത്രം സാധ്യമാക്കാനായി മുമ്പോട്ടു വന്നിരിക്കുന്നു. അമീര്‍ ഖാനെ ഭീമനായി കാസ്റ്റ്‌ ചെയ്‌തുകൊണ്ട്‌ 200 കോടിയുടെ ബജറ്റില്‍ രണ്ടാമൂഴം ഒരുക്കാനാണ്‌ പ്ലാന്‍. ഇവിടെ ചിത്രത്തിലെ കേന്ദ്ര നായികാ കഥാപാത്രമാകുന്ന പഞ്ചാലിയുടെ റോളിലേക്ക്‌ പരിഗണിക്കപ്പെടുന്നത്‌ മഞ്‌ജു വാര്യരാണെന്നാണ്‌ സൂചനകള്‍. നാഷണല്‍ ലെവലില്‍ തന്നെ ഒരു ബ്രാന്‍ഡ്‌ ഐക്കണായി മാറിയ മഞ്‌ജുവിന്റെ അഭിനയ പ്രതിഭയാണ്‌ ഈയൊരു പ്രോജക്‌ടിലേക്ക്‌ അവരെ എത്തിക്കുന്നത്‌. ഐശ്വര്യയെയും, വിദ്യാബാലനെയും പിന്തള്ളിയാണ്‌ മഞ്‌ജു ഈ സ്‌പെയിസിലേക്ക്‌ എത്തുക.

ഇംഗ്ലീഷിലും ഹിന്ദിയിലുമായിട്ടാണ്‌ ചിത്രം നിര്‍മ്മിക്കുക. ഓസ്‌കാര്‍ വേദി ലക്ഷ്യമിട്ട്‌ ഒരുക്കുന്ന മാസ്റ്റര്‍ പീസ്‌ തന്നെയായിരിക്കും ചിത്രം. അങ്ങനെയെങ്കില്‍ മലയാളത്തിന്റെ നോവല്‍ സാഹിത്യത്തിലെ ക്ലാസിക്കിനെ ലോകോത്തര വേദികളിലേക്ക്‌ ദൃശ്യാവിഷ്‌കാരം ചെയ്യുന്ന പ്രോജക്‌ടായിരിക്കുമിത്‌. ഇതിന്റെ ഭാഗമാകുന്നതോടെ മഞ്‌ജുവെന്ന പേര്‌ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി മാറുകയും ചെയ്യും.

പോയ വര്‍ഷം ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്‌ജു വാര്യരുടെ തിരിച്ചു വരവിന്‌ അരങ്ങൊരുങ്ങിയപ്പോള്‍ ആരും കരുതിയിരുന്നില്ല മഞ്‌ജു ഉയരങ്ങളില്‍ നിന്ന്‌ ഉയരങ്ങളിലേക്ക്‌ കുതിക്കുമെന്ന്‌. നിസാരം കുടുംബ പ്രശ്‌നത്തില്‍ നിന്നുമുള്ള ഒരു സ്‌ത്രീയുടെ ഇറങ്ങിപ്പോക്കും പിടിവാശിയുമൊക്കെയായി മഞ്‌ജുവിന്റെ സിനിമാ പ്രവേശനത്തെ വ്യാഖ്യാനിച്ചവര്‍ നിരവധി. കൂട്ടുകാരികളുടെ നിര്‍ബന്ധത്തില്‍ ഗ്ലാമര്‍ ലോകത്തേക്ക്‌ മകളെ ഉപേക്ഷിച്ച്‌ തിരിച്ചു വന്ന സ്‌നേഹമില്ലാത്ത സ്‌ത്രീയെന്ന ലേബല്‍ വരെ പലരും മഞ്‌ജു ചാര്‍ത്തി നല്‍കി.

എന്നാല്‍ മഞ്‌ജുവിന്റെ വരവ്‌ എന്നും തന്റെയുള്ളില്‍ ഉറഞ്ഞു കിടന്നിരുന്ന കലയുടെ പ്രതിഭത്തിളക്കത്തിലേക്കുള്ള തിരിച്ചു വരവ്‌ തന്നെയായിരുന്നുവെന്നാണ്‌ ഇപ്പോള്‍ കാലം തെളിയിക്കുന്നത്‌. നായകന്‍മാര്‍ മാത്രം അരങ്ങു വാഴുന്ന മലയാള സിനിമയില്‍ നായികയുടെ ആധിപത്യം ഉറപ്പിച്ചു മഞ്‌ജു. റാണി പത്മിനി എന്ന പുതിയ ചിത്രവും നായികയുടെ മാത്രം പേരില്‍ തീയറ്ററിലെത്താന്‍ പോകുന്ന ചിത്രമാണ്‌. നായകന്‍ വേണ്ട നായിക മാത്രമേ ഉള്ളുവെങ്കിലും തിയറ്ററില്‍ മാര്‍ക്കറ്റുണ്ട്‌ എന്ന സാഹചര്യം മലയാളത്തില്‍ സൃഷ്‌ടിക്കുവാന്‍ മഞ്‌ജുവിന്‌ കഴിഞ്ഞുവെന്നത്‌ നിസാര കാര്യമല്ല. സൂപ്പര്‍താരങ്ങള്‍ മാത്രം കഴിയുന്ന മലയാളത്തില്‍ ഒരു നായികയ്‌ക്ക്‌ ഇത്രയും ചെയ്യാന്‍ കഴിയുന്നത്‌ തന്നെ അത്ഭുതമാണ്‌.

(മഞ്‌ജു വാര്യര്‍ കാക്കിയിടുന്നു)

എന്നാല്‍ സ്‌ത്രീ കഥാപാത്രങ്ങളുടെ സ്ഥിരം ചട്ടക്കൂടുകള്‍ വീണ്ടും പൊളിക്കുന്ന മഞ്‌ജുവിനെയാണ്‌ ഇനിയും കാണാന്‍ പോകുന്നത്‌. തീപ്പൊരി ചിതറുന്ന പഞ്ച്‌ ഡയലോഗുകളുമായി വെള്ളിത്തിരയില്‍ പോലീസ്‌ വേഷത്തില്‍ തിളങ്ങാന്‍ പോകുകയാണ്‌ ഇനി മഞ്‌ജു വാര്യര്‍. രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ മഞ്‌ജു വാര്യര്‍ പോലീസ്‌ വേഷത്തിലെത്തുന്നത്‌. മലയാള സിനിമയില്‍ സുരേഷ്‌ ഗോപിയും, മമ്മൂട്ടിയുമൊക്കെ മാത്രം പോലീസ്‌ നായകന്‍മാരായി തിളങ്ങിയിട്ടുള്ളപ്പോള്‍ വാണി വിശ്വനാഥ്‌ മാത്രമായിരുന്നു കുറച്ചെങ്കിലും അതിനൊരു അപവാദമായി മാറിയത്‌. എന്നാല്‍ ഒരു ക്ലാസിക്ക്‌ ആക്ഷന്‍ സിനിമയോ പോലീസ്‌ റോളോ വാണിക്കും ചെയ്യാന്‍ സാധിച്ചിട്ടില്ല. സാധാരണ കൊമേഴ്‌സ്യല്‍ സിനിമക്കപ്പുറം വാണിയും പോയില്ല.

എന്നാല്‍ മഞ്‌ജു ഈ പതിവ്‌ തെറ്റിക്കുമെന്ന്‌ ഉറപ്പ്‌. കമ്മീഷണറും ഭരത്‌ ചന്ദ്രന്‍ ഐ.പി.എസുമൊക്കെ ഏറ്റെടുത്ത നായക പരിവേഷത്തെ ആവോശത്തോടെ കൈയ്യടിക്കുന്ന പ്രേക്ഷക ലോകത്തിലേക്ക്‌ നായികയുടെ പോലീസ്‌ റോള്‍ ഗംഭീരമാക്കിക്കൊണ്ട്‌ മഞ്‌ജു ഉടന്‍ കടന്നു വരും. മാത്രമല്ല സിനിമയില്‍ പഞ്ച്‌ ഡയലോഗുകള്‍ ഇറക്കിക്കൊണ്ട്‌ പുതിയ ചലച്ചിത്രഭാഷ്യം തീര്‍ക്കും. നായകന്റെ മാത്രമല്ല നായികയുടെ പഞ്ച്‌ ഡയലോഗും ഇനി തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമെന്ന്‌ തീര്‍ച്ച.

കാമ്പുള്ള സിനിമകളുമായി ബോളിവുഡ്‌ മാറ്റത്തിന്റെ പാതയിലേക്ക്‌ മാറിയപ്പോള്‍ വിദ്യാബാലനും കങ്കണാ റാവുത്തും, പ്രീയങ്കാ ചോപ്രയുമൊക്കെ സ്വന്തം നിലയില്‍ സിനിമ വിജയിപ്പിക്കുകയും കേന്ദ്രകഥാപാത്രങ്ങളായി മാറുകയും ചെയ്‌തിരുന്നു. ഇതേ ട്രാക്കിലാണ്‌ മലയാളത്തില്‍ ഇപ്പോള്‍ മഞ്‌ജു ഓടുന്നത്‌. ബോളിവുഡില്‍ കൂടി മഞ്‌ജു ചുവടുറപ്പിക്കുമെങ്കില്‍ ഇനിയൊരു `പാന്‍ ഇന്ത്യന്‍ നായിക'യെ തന്നെയാകും ഇന്ത്യന്‍ സിനിമ കാണുക. മലയാളത്തില്‍ നിന്ന്‌ ഉയരങ്ങളിലേക്ക്‌ കുതിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ നായിക.
മഞ്‌ജു വാര്യര്‍ ഇനിയും ഉയരങ്ങളിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക