Image

ഓണത്തിന് മലയാള സിനിമകളുടെ ഘോഷയാത്ര; ഇത്തവണയെത്തുന്നത് അഞ്ചെണ്ണം

Published on 20 August, 2015
ഓണത്തിന് മലയാള സിനിമകളുടെ ഘോഷയാത്ര; ഇത്തവണയെത്തുന്നത് അഞ്ചെണ്ണം

ഓണം എന്നും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ചാകരയാണ്. ഇത്തവണയും കാര്യം വ്യത്യസ്തമല്ല. അഞ്ച് ചിത്രങ്ങളാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്താന്‍ ഈ ഓണത്തിന് തിയേറ്ററുകളിലെത്തുന്നത്.

സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യമാണ് ഇത്തവണത്തെ ഓണചിത്രങ്ങളുടെ പ്രത്യേകത. മോഹന്‍ലാലിന്റെ ലോഹം, മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ്, പൃഥ്വിരാജിന്റെ ഡബിള്‍ ബാരല്‍, കുഞ്ചാക്കോ ബോബന്റെ ജമ്‌നാ പ്യാരി, വിനീത് ശ്രീനിവാസന്റെ കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളാണ് ഓണത്തിന് മാറ്റ് കൂട്ടാന്‍ എത്തുന്നത്. ഇവയില്‍ ആദ്യമെത്തുന്നത് ലോഹമാണ്. സ്പിരിറ്റിനു ശേഷം രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലോഹത്തിന് പ്രതീക്ഷകള്‍ വാനോളമാണ്. ഒരു വലിയ ഇടവേളയ്ക്കുശേഷം മോഹന്‍ലാല്‍ മീശ പിരിക്കുന്നു എന്ന പ്രത്യേകതയും ലോഹത്തിനുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഥ പറയുന്ന ലോഹത്തിന്റെ രചന നിര്‍വഹിക്കുന്നതും രഞ്ജിത്താണ്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത കാമറാമാനായ എസ്. കുമാറിന്റെ മകനായ കുഞ്ഞുണ്ണി എസ്. കുമാറാണ്. സംഗീതം ശ്രീവല്‍സന്‍ ജെ.മേനോന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലോഹം ആഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും. 

മമ്മൂട്ടി ചിത്രമായ 'ഉട്ടോപ്യയിലെ രാജാവ്' സംവിധാനം ചെയ്യുന്നത് കമലാണ്. 2006ല്‍ പുറത്തിറങ്ങിയ 'കറുത്ത പക്ഷി'കള്‍ക്ക് ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ഉട്ടോപ്യയിലെ രാജാവ് ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. സി.വി. സ്വതന്ത്രര്‍ എന്ന രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്. 'ആമേന്‍' എന്ന ചിത്രത്തിനു ശേഷം പി.എസ്. റഫീക്ക് രചന നിര്‍വഹിക്കുന്ന ഉട്ടോപ്യയിലെ ജൂവല്‍ മേരിയാണ് നായിക. നീല്‍ ഡികുഞ്ഞയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ഔസേപ്പച്ചനും.

ഗ്രാന്‍ഡ് ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂറും നിര്‍മ്മിക്കുന്ന ഉട്ടോപ്യയിലെ രാജാവ് ആഗസ്റ്റ് 27ന് തിയേറ്ററുകളിലെത്തും. ആമേനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരലില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജിനു പുറമെ ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സ്വാതി റെഡ്ഡി, ഇഷാ ഷെര്‍വാനി, രചന നാരായണന്‍കുട്ടി, ചെമ്പന്‍ വിനോദ്, വിജയ് ബാബു, അനില്‍ മുരളി, പേളി മാനി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒരു കോമിക്ക് ത്രില്ലറാണ്.

ഒരുവര്‍ഷത്തിലേറെ സമയം ചെലവഴിച്ച് നിര്‍മ്മിച്ച ഡബിള്‍ ബാരലിന്റെ രചന നിര്‍വഹിക്കുന്നതും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി തന്നെയാണ്. അഭിനന്ദന്‍ രാമാനുജന്‍ കാമറയും പ്രശാന്ത് പിള്ള സംഗീതവും കൈകാര്യം ചെയ്യുന്നു. വളരെയധികം കൗതുകമുണര്‍ത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ കഥാസാരത്തെക്കുറിച്ചുള്ള ഒരു വിശദാംശവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മായാബസാറിനു ശേഷം തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ജമ്‌നാ പ്യാരിയില്‍ ഒരു ഓട്ടോ െ്രെഡവറിന്റെ വേഷത്തിലാണ് കുഞ്ചാക്കോബോബന്‍ വരുന്നത്. ആദ്യമായി ചാക്കോച്ചന്‍ തൃശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ജമ്‌നാ പ്യാരിക്കുണ്ട്. പുതുമുഖം ഗായത്രി സുരേഷ് നായികയാവുന്ന സിനിമയില്‍ നീരജ് മാധവ്, ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട് എന്നിവരുമുണ്ട്. ആര്‍.ജെ. ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ ഇലങ്കുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറും ക്യാമറ കൈകാര്യം ചെയ്യുന്നത് അനീഷ് ലാലുമാണ്.

വിനീത് ശ്രീനിവാസനും സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന 'കുഞ്ഞിരാമായണം' സംവിധാനം ചെയ്യുന്നത് നവാഗതനായ ബേസില്‍ ജോസഫാണ്. ദുബായ് കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുഞ്ഞിരാമായണത്തില്‍ അജു വര്‍ഗീസ്, മാമുക്കോയ, നീരജ് മാധവ്, ഇന്ദ്രന്‍സ്, ആര്യ, ബിജുക്കുട്ടന്‍, ദീപക് പരംസോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. സ്രിന്ദ അഷാബാണ് നായിക. 'തിര'യ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രമാണ് കുഞ്ഞിരാമായണം. ജസ്റ്റിന്‍ പ്രഭാകറാണ് സംഗീത സംവിധായകന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇഫേറര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയാണ് കുഞ്ഞിരാമായണം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക