Image

‘എം.ടി ചിത്രം, ചരിത്രം’ പ്രദര്‍ശനം തുടങ്ങി

Published on 21 August, 2015
‘എം.ടി ചിത്രം, ചരിത്രം’ പ്രദര്‍ശനം തുടങ്ങി
കോഴിക്കോട്: കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടില്‍നിന്ന് കഥയുടെ നാലുകെട്ടിലെ പെരുന്തച്ചനിലേക്കുള്ള എം.ടിയുടെ യാത്രയുടെ ചരിത്രം, ചിത്രങ്ങളിലൂടെ അനുഭവവേദ്യമാകുന്ന ‘എം.ടി ചിത്രം, ചരിത്രം’ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. ഒരു നിമിഷാര്‍ധത്തില്‍ സംഭവിക്കുന്ന ഓരോ ചിത്രത്തിലും ഫോട്ടോഗ്രാഫറുടെ സൂക്ഷ്മതയും കാമറയുടെ സാങ്കേതിക മികവും മാത്രമല്ല, കാലംകൂടിയുണ്ടെന്ന് നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നു ഈ പ്രദര്‍ശനം. മലയാള സാഹിത്യലോകത്തെ കുലപതികള്‍, ചലച്ചിത്ര താരങ്ങള്‍, യാത്രകള്‍, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ തുടങ്ങി വ്യക്തികളും സംഭവങ്ങളുമെല്ലാം വിഷയമാവുന്ന അപൂര്‍വതകളുടെ സമ്മേളനമാണ് പ്രദര്‍ശനത്തിലെ ഓരോ ചിത്രവും. ഓരോന്നിനും പറയാനുള്ളത് കാലത്തിന്‍െറ കഥതന്നെയും.

കിടന്നും ഇരുന്നും വായിക്കുന്ന എം.ടിയുടെ ചിത്രം വെളിച്ചത്തിന്‍െറയും നിഴലിന്‍െറയും അപൂര്‍വ മിശ്രണമാണെങ്കില്‍, ഡല്‍ഹി രാജ്പഥ് റോഡിലൂടെ നടന്നുനീങ്ങുന്ന എഴുത്തുകാരന്‍ സാഹിത്യത്തിലെ തലയെടുപ്പിനെക്കൂടി പ്രതീകവത്കരിക്കുന്നു. പേരമകന്‍ മാധവിന്‍െറ കുസൃതി ആസ്വദിക്കുന്ന ചിത്രത്തില്‍ മുത്തച്ഛന്‍െറ വാത്സല്യം നിറയുമ്പോള്‍, പ്രേംജിയും വൈലോപ്പിള്ളിയും തകഴിയും ജോസഫ് മുണ്ടശ്ശേരിയും ഒന്നിച്ചുള്ള ചിത്രം എഴുത്തുകുലത്തിലെ ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്.

ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ദയാല്‍ ശര്‍മ എന്നീ രാഷ്ട്രപതിമാരില്‍നിന്ന് ദേശീയ അവാര്‍ഡ് സ്വീകരിക്കുന്ന എം.ടി, മൂകാംബിക ദേവിക്ക് മുന്നില്‍ പ്രാര്‍ഥനാനിര്‍ഭരനായി നില്‍ക്കുന്ന എം.ടി,വിവിധ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള അപൂര്‍വ ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. പുനലൂര്‍ രാജന്‍, റസാഖ് കോട്ടക്കല്‍, പി. മുസ്തഫ, ബി. ജയചന്ദ്രന്‍, കെ.ആര്‍. വിനയന്‍, അജീബ് കോമാച്ചി എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ വിവിധ കാലങ്ങളില്‍ പകര്‍ത്തിയ 100ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 48 വര്‍ഷം മുമ്പുള്ളതു തൊട്ട് രണ്ടു ദിവസം മുമ്പ് വരെയുള്ളതാണ് ചിത്രങ്ങള്‍.

ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ദര്‍ശനത്തിലെ ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു സാങ്കേതികവിദ്യയോട് തനിക്ക് താല്‍പര്യമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഫോട്ടോഗ്രഫിയോട് മാത്രമാണെന്ന് മറുപടി പ്രസംഗത്തില്‍ എം.ടി പറഞ്ഞു. എന്നാല്‍, ഫോട്ടോക്ക് നിന്നുകൊടുക്കാന്‍ താല്‍പര്യമില്ല. ഫോട്ടോഗ്രഫിയില്‍ കലയുടെ ഒരംശമുണ്ട്. എന്നാല്‍, ഇന്ന് അദ്ഭുത സൃഷ്ടികളൊന്നും ഫോട്ടോഗ്രഫിയില്‍ ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, ബി. ജയചന്ദ്രന്‍, കെ.ആര്‍. വിനയന്‍, അജീബ് കോമാച്ചി എന്നിവര്‍ സംസാരിച്ചു. ഫോട്ടോഗ്രാഫര്‍മാരും റസാഖ് കോട്ടക്കലിനു വേണ്ടി ഭാര്യ സത്യഭാമയും എം.ടിയില്‍നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ സ്വാഗതവും സെക്രട്ടറി ടി.കെ. ബാലനാരായണന്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം 26 വരെ നീണ്ടുനില്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക