Image

എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)

Published on 23 August, 2015
എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുമ്പോള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കാലത്തേക്ക്‌ ഒരു തിരിച്ചുപോക്ക്‌ അനുഭവപ്പെടുന്ന സുഖമുണ്ട്‌. എന്റെവീട്ടുകാര്‍ എന്നെ ഉപരിപഠനാര്‍ത്ഥം മദിരാശിയിലേക്ക്‌ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു ടീനേജ്‌ കാരനായ എനിക്ക്‌ അല്‍പ്പം പരിഭ്രമവും ഭയാശങ്കകളുമുണ്ടായെങ്കിലും എന്റെ സഹോദരന്‍ അവിടെ വക്കീല്‍ ഭാഗം പഠിക്കാന്‍ നേരത്തെപോയിരുന്നത്‌ കൊണ്ട്‌ മനസ്സിനു ആശ്വാസം തോന്നിയിരുന്നു. മക്കളെ ഏറ്റവും നല്ല വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ പഠിപ്പിക്കുക എന്നത്‌ എന്റെ പ്രിയപിതാവിന്റെ ആഗ്രഹമായിരുന്നു. ഇന്ന്‌ അമേരിക്കയിലേക്കും, ഇംഗ്ലണ്ടിലേക്കും വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍പോകുന്നപോലെയാണ്‌ അന്ന്‌ മദിരാശിയിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ പോയിരുന്നത്‌. മദിരാശിയിലെ പ്രശസ്‌തമായ കോളേജുകളില്‍നിന്നും, നമ്മുടെ മലയാളികളില്‍ സാമ്പത്തിക സ്‌ഥിതി അനുവദിക്കുന്ന വീട്ടിലെവിദ്യാര്‍ത്ഥികള്‍ ബിരുദം നേടിയിരുന്നു.

കല്‍ക്കരിയില്‍ ഓടുന്ന അന്നു കാലത്തെ തീവണ്ടി,യാത്രക്കാര്‍ക്കെല്ലാം ഒരു കരിവേഷം കൊടുക്കുമായിരുന്നു. കാറ്റത്ത്‌ പറന്ന്‌ വരുന്ന കല്‍ക്കരികണങ്ങള്‍ പരന്ന മുഖവുമായി യാത്രക്കാര്‍ ഇരിക്കുന്നത്‌ എന്നെ രസിപ്പിച്ചിരുന്നു. കേരളം കഥകളിയുടെ നാടായതിനാല്‍ അവിടെ നിന്നും വരുന്നയാത്രകാരെ സംബന്ധിച്ചേടത്തോളം അത്‌ രസമാണ്‌.. കഥകളിയിലെ അഞ്ച്‌ വേഷങ്ങളില്‍ ഒന്നാണു്‌ കരി, മറ്റുള്ളവ, കത്തി, താടി, പച്ച, മിനുക്ക്‌. യാത്രക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ എന്റെ മനസ്സിലൂടെ ഓടിയിരുന്നത്‌ കൊണ്ട്‌ സമയം രസകരമായി നീങ്ങികൊണ്ടിരുന്നു. ബിരുദം നേടാനുള്ള എന്റെ യാത്ര എന്റെ ഭാവിയിലേക്ക്യുള്ള ഒരു യാത്രയായിരുന്നു എന്ന്‌ അന്ന്‌ കൗമാരം വിട്ട്‌ യൗവ്വനം തൊട്ടുതുടങ്ങിയ എന്റെ പ്രായത്തിനു ഊഹിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ മദിരാശിയില്‍നിന്നും ബിരുദവും ബിരുദാനന്തബിരുദവും നേടി. വിദ്യാര്‍ഥിയായി അവിടെ ചെന്ന ഞാന്‍ അദ്ധ്യാപകനായി. ഇന്ന്‌ ആ കാലത്തേക്ക്‌ തിരിഞ്ഞ്‌നോക്കുമ്പോള്‍ ജീവിതം ഓരൊ ഘട്ടത്തിലും എന്റെ മുന്നില്‍ എനിക്ക്‌ അനുഗ്രഹമായി പ്രത്യക്ഷപ്പെട്ട നല്ല നിമിഷങ്ങളെ കാണിച്ചുതരുന്നു. നമ്മുടെ വിധി മുമ്പേ എഴുതപ്പെട്ടു എന്ന്‌ പറയുന്നതില്‍ വാസ്‌തവമില്ലാതില്ലെന്ന്‌ എന്റെ ജീവിതാം എന്നെപഠിപ്പിക്കുന്നു..

മദിരാശിയിലെ പ്രസിദ്ധമായ ലയോള കോളേജില്‍ ആണ്‌ എനിക്ക്‌ പ്രവേശനം കിട്ടിയിരിക്കുന്നത്‌. 1540ല്‍ ഇഗ്നേഷ്യസ്‌ ലയോള സ്‌ഥാപിച്ച സന്യാസ സമൂഹാംഗങ്ങളുടെ (Jesuit) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്‌തുതകോളേജ്‌ കത്തോലിക്ക ആചാരങ്ങള്‍കണിശമായി പാലിച്ചിരുന്നു. എല്ലാവിദ്യാര്‍ഥികളും ദിവസേന കുര്‍ബ്ബാന കണ്ടിരിക്കണമെന്ന്‌ നിര്‍ബന്ധമായിരുന്നു. ദൈവീകമായ കാര്യങ്ങളില്‍ എനിക്ക്‌ വിശ്വാസക്കുറവില്ലായിരുന്നെങ്കിലും ചില ദിവസങ്ങളില്‍ ഞാന്‍ അത്‌ ഒഴിവാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടിരുന്നു. അവിടത്തെ അദ്ധ്യാപകന്മാരും, മറ്റ്‌ ജോലികള്‍ വഹിക്കുന്നവരും പുരോഹിതരാണ്‌. കര്‍ശനമായ അച്ചടക്കം പാലിക്കാന്‍ എല്ലാവിദ്യാര്‍ത്ഥികളും ബാദ്ധ്യസ്‌ഥരാണ്‌. ്‌.നാട്ടിലെ സെന്റ്‌തോമസ്സ്‌ കോളേജില്‍ നിന്നും വന്ന ഞാന്‍ ലയോള കോളെജിന്റെ ഭംഗിയും പ്രൗഡിയും കണ്ട്‌ അമ്പരന്ന്‌പോയിട്ടുണ്ട്‌. കോളെജിന്റെ ചിഹ്നമായികൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇങ്ങനെ ആലേഖനം ചെയ്‌തിട്ടുണ്ട്‌. നിന്റെ പ്രകാശം പ്രഭചൊരിയട്ടെ. (Luceat Lux Vestra=Let your light shine) ഇന്നത്തെ ചെന്നൈയുടെ ഹ്രുദയഭാഗമായ നുങ്കംബക്കം എന്ന സ്‌ഥലത്ത ്‌തൊണ്ണുറ്റിയൊമ്പത്‌ ഏക്കറിലായിപരന്ന്‌ കിടക്കുന്ന ആ കോളേജ്‌ ഒരു അത്ഭുതദര്‍ശനമാണു്‌ എനിക്ക്‌ നല്‍കിയത്‌. വരിവരിയായി നട്ട മരങ്ങള്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്ന കോളേജ്‌ കെട്ടിടവും അതിനടുത്തുള്ള ഗോഥിക്ക്‌മാത്രുകയിലുള്ള ഉയര്‍ന്ന ഗോപുരങ്ങള്‍ ഉള്ള പള്ളിയും ഒരു ദൈവീക സാന്നിദ്ധ്യം വിളിച്ചറിയിച്ചിരുന്നു. വിദ്യാലയങ്ങളുടെ ഹ്രുദയം എന്നുപറയാവുന്ന നല്ല ലൈബ്രറി ഈ കോളെജില്‍ ഉണ്ടായിരുന്നു. എന്റെ വിജ്‌ഞാന ത്രുഷ്‌ണയ്‌ക്ക്‌ ശമനം നല്‍കിയത്‌ അവിടത്തെ അലമാരകളില്‍ അടുക്കിവച്ചിരുന്ന പുസ്‌തകങ്ങളാണ്‌. വിദ്യാര്‍ത്ഥി ജീവിതത്തില്‍ പലരും ഉഴപ്പികളയുന്ന നല്ല നിമിഷങ്ങളെ ഞാന്‍ പ്രസ്‌തുതവായനശലായില്‍ ഇരുന്ന്‌ പ്രയോജനപ്പെടുത്തി. വിശാലമായ ആ ലൈബ്രറിയുടെ ഹാളില്‍പലപ്പോഴും ഞാന്‍ ഒറ്റക്ക്‌ മണിക്കൂറുകള്‍ ചിലവഴിടച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയിലെ ക്ലാസിക്ക്‌പുസ്‌തകങ്ങള്‍ വായിക്കാന്‍ എനിക്കവസരം ലഭിച്ചു,

അല്ലെങ്കില്‍ ഞാന്‍ അവസരം ഉണ്ടാക്കി.എന്നിലെ എഴുത്തുകാരനു മാനസികോല്ലാസം നല്‍കിയ പുസ്‌തകങ്ങള്‍ എന്നും ഓര്‍മ്മയില്‍ മങ്ങാതെനില്‍ക്കുന്നു. എന്റെ ജിജ്‌ഞസുവായ മനസ്സ്‌ അറിയാന്‍ ആഗ്രഹിച്ചതെല്ലാം നിര്‍ലോഭം വിളമ്പി തന്ന ആ ലൈബ്രറി എന്നെപോലെ തന്നെ മറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമായിട്ടുണ്ടാകും.

ഈ കോളെജില്‍ പഠിച്ചപ്രശസ്‌തരായ ചിലരുടെ പേരുകള്‍ വായനകാരുടെ അറിവിലേക്കായി ഞാന്‍ പങ്കുവയ്‌ക്കുന്നു. ഇന്ത്യയുടെ മുന്‍രാഷ്‌ട്രപതി ആര്‍ വെങ്കിട്ടരാമന്‍, മുന്‍ധനകാര്യമന്ത്രി, പി. ചിദംബരം, മുന്‍മേഘാലയ ഗവര്‍ണ്ണര്‍ ഡോക്‌ടര്‍ എം.എം. ജെയ്‌ക്കബ്‌, ഏഷ്യനെറ്റിന്റെ സ്‌ഥാപകന്‍ ശ്രീ ശശികുമാര്‍, ശുഭ്രവിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന വര്‍ഗീസ്സ്‌ കുര്യന്‍, ടെന്നീസ്‌ സ്‌റ്റാര്‍ വിജയ്‌ അമൃതരാജ്‌, സിനിമനടന്മാരായ, ചാരുഹാസന്‍, ഭാഗ്യരാജ്‌, വിക്രം, വിശാല്‍, പിന്നെനിങ്ങള്‍ക്ക്‌ സുപരിചിതനായ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പ്രൊഫ എം.ടി. ആന്റണി.

വിദ്യാര്‍ത്ഥി ജീവിതം വളരെ ആനന്ദപൂര്‍ണ്ണമായിരുന്നു. വളരെ നല്ല അദ്ധ്യാപകര്‍, സരസ്വതീകടാക്ഷം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം. സഹപാഠികളില്‍ ഭൂരിപക്ഷവും തമിഴരും, തെലുങ്കരുമായിരുന്നു. കോളേജ്‌കുമാരന്മാരുടെ ഉഴപ്പ്‌ ഒന്നും കോളേജില്‍ അനുവദനീയമല്ലെങ്കിലും അനുവദിക്കുന്ന സമയങ്ങളില്‍ ഹോസ്‌റ്റലില്‍നിന്നും പോയി ചില്ലറ വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു അവര്‍. അവരുടെ അഭിരുചിയുമായി എനിക്ക്‌പൊരുത്തപ്പെടാന്‍ കഴിയാതിരുന്നത്‌കൊണ്ട്‌ ഞാന്‍ ഒരു ഒറ്റയാനായി എന്നുവേണമെങ്കില്‍പറയാം. എനിക്ക്‌ കലാപരമായ കാര്യങ്ങളിലും മ്യൂസിക്ക്‌, മൂവി, സ്‌പോട്‌സ്‌തുടങ്ങിയവയിലും കമ്പമായിരുന്നു. അന്ന്‌ അവിടത്തെ മിനര്‍വ എന്ന പേരായ സിനിമാ തിയ്യേറ്ററില്‍ ഇംഗ്ലീഷ്‌ പടങ്ങള്‍ വന്നിരുന്നു.അതിലൊന്ന്‌ എന്റെ ഓര്‍മ്മയില്‍ വരുന്നത്‌ `ബൈസിക്കിള്‍ തീഫ്‌' എന്ന പടമാണു്‌. യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കുന്ന കലാപ്രസ്‌ഥാനത്തിനു മുന്‍തൂക്കം നല്‍കുന്നവിധമാണിതിന്റെ കഥയും അവതരണവും. സാഹിത്യത്തോട്‌ ബാല്യകാലം മുതല്‍ പ്രതിപത്തി അക്ലെങ്കില്‍ ഒരു തരം അഭിനിവേശമുണ്ടായിരുന്ന എനിക്ക അത്തരം പടങ്ങള്‍ കലാപരമായ സംത്രുപ്‌തി നല്‍കി. ധാരാളം ഹിന്ദി ചിത്രങ്ങളും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

അന്ന്‌ മദ്രാസ്സ്‌ അമേരിക്കയിലെ ഹോളിവുഡ്‌ഡ്‌പോലെയായിരുന്നു. സുന്ദരന്മാരും, സുന്ദരികളും സിനിമാലോകം സ്വപ്‌നം കണ്ട്‌ അവിടേക്ക്‌ ചേക്കേറിയിരുന്നു. കോടമ്പക്കം എന്ന സ്‌ഥലം നടീ-നടന്മാരുടെ വാസസ്‌ഥലമായി. ഒറ്റയാനായി അന്ന്‌ ടൗണില്‍ ഒക്കെ കറങ്ങുമ്പോള്‍ അന്നത്തെ പ്രശസ്‌ത നര്‍ത്തികമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരെ വളരെ അടുത്ത്‌ കണ്ടിരുന്നു. പത്മിനിയുടെ സൗന്ദര്യം അന്ന്‌ യുവാവായിരുന്ന എന്നെഹരം പിടിപ്പിച്ചിരുന്നു. അവര്‍ വളരെ പ്രശസ്‌തയായ ഒരു നടിയാകുമെന്ന്‌ ഞാന്‍ മനസ്സില്‍ കരുതി. പിന്നീട്‌ തമിഴും മലയാളവും വിട്ട്‌ അവര്‍ ഹിന്ദി സിനിമയിലും തന്റെ നടന-അഭിനയ മികവ്‌ കാട്ടിപേരെടുത്തപ്പോള്‍ എന്റെ അനുമാനം തെറ്റിയില്ലെന്ന്‌ ഞാന്‍ അഭിമാനം കൊണ്ടു.

പഠന സമയം കഴിഞ്ഞുള്ള ഒഴിവ്‌ വേളകളില്‍ ഞാന്‍ എന്റെ കലാ-സാഹിത്യ താല്‍പ്പര്യങ്ങളെ പ്രയാണം ചെയ്‌ത്‌കൊണ്ടിരുന്നു. അങ്ങനെയാണ്‌ പ്രശസ്‌ത നടന്‍ സത്യനുമായി ഒരു ചങ്ങാത്തം സ്‌ഥാപിക്കാന്‍ എനിക്ക്‌ കഴിഞ്ഞത്‌. ഒരു നല്ല അഭിനേതാവായിരുന്ന സത്യന്‍ ഒരു നല്ല ഹ്രുദയത്തിന്റെ ഉടമ കൂടിയായിരുന്നു എന്ന്‌ എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അല്‍പ്പം മദ്യത്തിലും സിഗരറ്റിലും വിനോദം കണ്ടെത്തുന്ന എന്റെ സഹപാഠികളില്‍നിന്ന്‌ അകന്ന്‌ സിനിമയും അതെപോലെ കലാ രൂപങ്ങളും കണ്ട്‌ ആസ്വദിച്ചു നടന്നിരുന്ന എനിക്ക്‌ സിനിമ കാണാന്‍ പലപ്പോഴും കൂട്ടയി ഉണ്ടായിരുന്നത്‌ മലയാള സിനിമയുടെ അഭിമാനമായ സത്യനാണ്‌്‌. ഒരിക്കല്‍ ഞങ്ങല്‍ സത്യ്‌ജിത്‌ റേയുടെ പാഥേര്‍ പാഞ്ചാലി കണ്ട്‌കൊണ്ടിരുന്നപ്പോള്‍ അതിലെ ഹ്രുദയസ്‌പര്‍ശിയായ ഒരു രംഗം കണ്ട്‌ സത്യന്‍ കരഞ്ഞു. കെര്‍ചീഫ്‌കൊണ്ട്‌ കണ്ണുകള്‍ ഒപ്പി വലിയനെടുവീര്‍പ്പിടുന്ന സത്യന്‍ ആ രംഗവുമായി ഇഴുകിചേരുകയായിരുന്നു. മലയാളത്തില്‍ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്ല ആ മഹാനടനെ ഞാന്‍ ഇതെഴുതുമ്പോള്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനുനിത്യശാന്തിനേരുന്നു.

പഠിത്തത്തില്‍ വളരെ ശ്രദ്ധപതിപ്പിക്കുന്ന അര്‍പ്പണബോധമുള്ള ഒരു വിദ്യാര്‍ത്ഥിയാണെങ്കിലും സാഹിത്യപരമായ ചില കുത്തിക്കുറിക്കലിനു ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അന്ന്‌ `കേരളപത്രിക' എന്നൊരുമാസിക എറണാക്കുളത്ത്‌ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. ഞാന്‍ അതിലേക്ക്‌ എന്റെ ക്രുതികള്‍ അയക്കുകയും അവര്‍ അത്‌ പ്രസിദ്ധീകരിക്കയും ചെയ്‌തിരുന്നു. അതിനുള്ളപ്രതിഫലം എനിക്ക്‌ ഒരു പോക്കറ്റ്‌മണിയുടെ ഉപകാരം ചെയ്‌തിരുന്നു. അങ്ങനെ സഹപാഠികളുടെ ഇടയിലും അദ്ധ്യാപകരുടെ ഇടയിലും `എഴുത്തുകാരന്‍' എന്ന അസൂയാര്‍ഹമായ ഒരു പദവി ഞാന്‍ വഹിച്ചിരുന്നു. കോളേജ്‌ മാഗസിനുകളിലും എന്റെ രചനകള്‍മുറയ്‌ക്ക്‌ വന്നുകൊണ്ടിരുന്നു. ആയിടക്ക്‌ മദ്രാസ്സില്‍നിന്നും പ്രസിദ്ധീകരിക്ലിരുന്ന ജയകേരളം എന്ന മാസികയിലും എഴുതാന്‍ എനിക്ക്‌ അവസരം കിട്ടിയിരുന്നു. അന്ന്‌ ഞാന്‍ നിര്‍മ്മല്‍കുമാര്‍ എന്ന തൂലികാനാമത്തിലാണു എഴുതിയിരുന്നത്‌.എങ്കിലും അത്‌ ഞാനാണെന്ന്‌ എന്നെ അടുത്ത്‌പരിചയമുള്ളവര്‍ക്കറിയാമായിരുന്നു. സമസ്‌തകേരളപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജയകേരളംഎന്ന മാസിക ചര്‍ച്ചക്കായി ഒരു വിഷയം തേടിയപ്പോള്‍ ഞങ്ങളുടെ അദ്ധ്യാപകന്‍ ഡോക്‌ടര്‍സി. ആര്‍. ക്രുഷണപിള്ള മലയാളി വിദ്യാര്‍ത്ഥികളായ ഞങ്ങളോട്‌ ഒരു പേരുനിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. പലരും പല പേരും പറഞ്ഞെങ്കിലും ഒന്നും സ്വീകാര്യമോ, അനുയോജ്യമോ ആയിരുന്നില്ല.അദ്ദേഹം എന്നോട്‌ചോദിച്ചു. ഞാന്‍ ഉടനെതന്നെപറഞ്ഞു` എഴുത്തുകാരന്റെ സാമൂഹ്യബോധം, ഇന്ന്‌, ഇന്നലെ, നാളേ''. ഇത്‌വലിയ കയ്യടിയോടെ എല്ലാവരും സ്വീകരിച്ചു. കൃഷ്‌ണപിള്ള സാറിനു വളരെസന്തോഷമായി. ഞാനപ്പോള്‍ അതെപോലെ ഒരു രംഗം ഓര്‍മ്മിക്കയായിരുന്നു. എന്റെ ലേഖനം വായിച്ച്‌ `എടോവിദ്വാന്‍'' ഇത്‌ താന്‍ എവിടെ നിന്നെങ്കിലും പൊക്കിയതാണോ എന്ന ചോദിച്ച എന്റെ പ്രിയ ഗുരുനാഥന്‍ മുണ്ടശ്ശേരിമാഷുടെ മുറുക്കി ചുവപ്പിച്ച ചുണ്ടിലെ ചിരി.

മദിരാശി അന്ന്‌ ഇന്നത്തേക്കാള്‍ വളരെവ്യത്യസ്‌ഥമായിരുന്നു. രണ്ട്‌പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ അത്‌ ജന്മം നല്‍കി. ഭാഷയുടെ അടിസ്‌ഥനത്തില്‍ ഭാരതത്തിലെസംസ്‌ഥാനങ്ങള്‍ വിഭജിക്കപ്പെട്ടപ്പോള്‍ വടക്കെ ഇന്തയിലെ ഭാഷകളെ ഇന്ത്യോ-ആര്യന്‍ എന്നും തെക്കെ ഇന്ത്യയിലെ ഭാഷകളെ ദ്രാവിഡിയന്‍ എന്നും വിളിച്ചു. അങ്ങനെ ദ്രാവിഡിയിന്‍ സമൂഹത്തില്‍നിന്നും ഉടലെടുത്തവയാണു ഡി.എം.കെയും ( ദ്രാവിഡമുന്നേറ്റ കഴകം) എ.ഡി.എം.കെയും (അണ്ണാ ദ്രാവിഡ മുന്നേട്ട കഴകം). അക്കാലത്ത്‌ സിനിമകള്‍ക്ക ്‌തിരക്കഥയും ഗാനങ്ങളും രചിച്ചിരുന്ന എം. കരുണാനിധിയും (ശരിയായപേര്‌ ദക്ഷിണാമൂര്‍ത്തി) രാഷ്‌ട്രീയ കളരികളില്‍പയറ്റാന്‍ തയ്യാറായിനിന്നിരുന്നു. സിനിമനടന്മാരേയും അതുമായിബന്ധപ്പെട്ടവരേയും തമിഴര്‍ക്ക്‌ `കടവുള്‍''(ദൈവം) പോലെയായിരുന്നു. ചൂടും, പൊടിയും, നഗരനാട്യവുമുള്ള മദിരാശിയില്‍നിന്നും കോളേജ്‌ അവധിക്ക്‌ നാട്ടിലെത്തുമ്പോള്‍ വിവരിക്കാനാവാത്ത ഒരു സുഖം നമ്മുടെ നാട്‌പകര്‍ന്ന്‌തന്നിരുന്നു. താക്കോല്‍കൊടുക്കാതെ അരുണോദയത്തില്‍ മുഴങ്ങുന്ന അലാറം, ഒരു കൊച്ച്‌ കാറ്റെങ്ങാന്‍വന്നുപോയാല്‍ തെരുതെരെവീഴുന്നപൂമഴ, മാവേലിപാട്ട്‌ പാടുന്ന മലയാളനാട്‌, എങ്ങും ഹരിത ഭംഗിയോടെ നിലകൊള്ളുന്നകേരളം. ഒരു പക്ഷെ ജന്മനാടിനെ ഒത്തിരി സ്‌നേഹിച്ചത്‌കൊണ്ടാകും എനിക്ക്‌പ്രവാസം വിധിക്കപ്പെട്ടത്‌.ഇന്ന്‌ അര നൂറ്റാണ്ടിലേറെ പ്രവാസിയായി കഴിഞ്ഞ ഞാന്‍ എന്റെനാട്‌വിട്ട്‌ പോന്നതില്‍ അധികം ഖേദിക്കുന്നില്ല. പ്രശസ്‌തമായ കലാലയങ്ങള്‍ നമ്മുടെ അയല്‍പക്കത്തുണ്ടാകാന്‍ ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. മദിരാശിയും പരിസരവും ഞാന്‍ എന്റെ ജന്മനാടിനെ പോലെ കണ്‌്‌ അതിനോടിണങ്ങി കഴിഞ്ഞ്‌പോന്നു.

ബിരുദപഠനത്തിനുശേഷം ബിരുദാനന്തരപഠനത്തിനും ഞാന്‍ മദ്രാസ്സില്‍ തന്നെതങ്ങി. ബിരുദത്തിനായി ഞാന്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ എക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌, മലയാളം എന്നിവയായിരുന്നു. പരീക്ഷയില്‍ ഏറ്റവും അധികം മാര്‍ക്ക്‌വാങ്ങിയത്‌ ഇംഗ്ലീഷിനായിരുന്നു. അത്‌കൊണ്ട്‌തന്നെ ഉപരിപഠനത്തിനു മദ്രാസ്‌ പ്രസിഡന്‍സികോളേജില്‍ ചേരാന്‍പോയപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പാള്‍ പ്രൊഫ അയ്യപ്പന്‍പിള്ള എന്നോട്‌ ഇംഗ്ലീഷ്‌ മുഖ്യവിഷയമായി എടുത്ത്‌ പഠിക്കാന്‍ ഉപദേശിച്ചു. എന്നാല്‍ ഞാന്‍ മലയാളം എം.എ.യ്‌ക്ക്‌ ചേരാന്‍ ഇഷ്‌ടപ്പെട്ടു. അവിടെ അന്ന്‌ ഇംഗ്ലീഷ്‌ എം.എ.യ്‌ക്ക്‌പഠിക്കാനായി പില്‍ക്കാലത്ത്‌ മലയാള നോവല്‍ ശാഖയെ പോഷിപ്പിച്ച ഒ.വി വിജയന്‍ ഉണ്ടായിരുന്നു. അന്ന്‌ അദ്ദേഹം സാഹിത്യത്തില്‍ കൈ വച്ചു തുടങ്ങിയിട്ടില്ല മൃദുഭാഷിയും അല്‍പ്പം അന്തര്‍മുഖനുമായിരുന്നു വിജയന്‍.

മദ്രാസ്സിലെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്നും പിന്നെ എന്നെ കാത്തിരുന്നത്‌ അവിടെ തന്നെ അദ്ധ്യാപകനാകുക്ക എന്നാണ്‌. ആ അവസരത്തില്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന ഡോക്‌ടര്‍ കെ.എം. ജോര്‍ജ്‌, ദെല്‍ഹിയില്‍ സാഹിത്യ അക്കാദമിയില്‍ ജോലി കിട്ടിപോയി. എനിക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ ആ ജോലി സ്വീകരിക്കാമെന്ന്‌ അദ്ദേഹം എന്നൊട്‌പറഞ്ഞതനുസരിച്ച്‌ ഞാന്‍ അവിടെ ജോലി ചെയ്യുമ്പോള്‍വീണ്ടും ഒരു വഴിത്തിരിവ്‌ എന്ന പോലെ പ്രൊഫ എം.എന്‍. വിജയന്‍ എന്നോട്‌ ഒരു സഹായം ആവശ്യപ്പെട്ടു. മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹത്തിനു അത്യാവശ്യമായി മൂന്നുമാസത്തെ അവധിവേണമായിരുന്നു. ആ ഒഴിവില്‍ എനിക്ക്‌ ജോലി ചെയ്യാന്‍ കഴിയുമോ എന്ന്‌ അദ്ദേഹം ആരായുകയും ഞാന്‍ അത്‌ സസന്തോഷം സ്വീകരിക്കുകയും ചെയ്‌തു.അന്നു മുതല്‍ എന്റെ പേരിനുമുന്നില്‍ പ്രൊഫസ്സര്‍ എന്ന ബഹുമതി കൂടിചേര്‍ന്നു. അവിടെ വച്ചാണ്‌ ഞാന്‍ സുകുമാര്‍ അഴിക്കോടുമായി പരിചയപ്പെടുന്നത്‌.

(തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)

(തുടരും)
എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)എന്റെ മദിരാശി വിശേഷങ്ങള്‍ (ഓര്‍മ്മക്കുറിപ്പുകള്‍ -4 പ്രൊഫ: എം.ടി. ആന്റണി-തയ്യാറാക്കിയത്‌: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക