Image

നമ്മുടെ ഓണം പൊന്നോണം (ജോര്‍ജ്‌ തുമ്പയില്‍)

Published on 26 August, 2015
നമ്മുടെ ഓണം പൊന്നോണം (ജോര്‍ജ്‌ തുമ്പയില്‍)
``മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...''

കറുകറുത്ത കര്‍ക്കിടകം പെയ്‌തൊഴിഞ്ഞ്‌ ഹൃദ്യമായ പൊന്നിന്‍ചിങ്ങമെത്തുമ്പോള്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍ക്ക്‌ ഇന്ന്‌ പ്രസക്തിയുണ്ടോ? ടിവി ചാനലുകളിലും, അലങ്കരിച്ച ഷോപ്പിങ്‌ കോംപ്ലക്‌സുകളിലും, പത്രത്താളുകളിലെ മനോഹരമായ പരസ്യങ്ങളിലുമൊക്കെ ആശംസകള്‍ നിറയുമ്പോള്‍ മാത്രമാണ്‌ കേരളീയര്‍ ഇന്ന്‌ ഓണത്തെക്കുറിച്ച്‌ ഓര്‍ക്കുന്നതു തന്നെ. ഇത്‌ യാഥാര്‍ത്ഥ്യമാണ്‌. കേരളീയര്‍ക്ക്‌ ഇന്ന്‌ ഓണം ഷോപ്പിങ്‌ ഫെസ്റ്റിവലായി കഴിഞ്ഞിരിക്കുന്നു. നിഷേധിക്കാനാവുമോ ഈ സത്യം?

വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന്‌ ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന മഹാബലി സങ്കല്‍പത്തെക്കുറിച്ച്‌ കേരളം മറന്നു തുടങ്ങിയത്‌ എത്ര പെട്ടെന്നാണ്‌. തലമുറകളിലേക്ക്‌ കൈമാറേണ്ടിയിരുന്ന സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്റെ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെ നമുക്ക്‌ കൈമോശം വന്നിരിക്കുന്നു.

ഓരോ ഓണക്കാലവും നമുക്ക്‌ സമ്മാനിക്കുന്നത്‌ വാസ്‌തവത്തില്‍ കാണം വിറ്റം ഓണം ഉണ്ണണം എന്ന കേരളീയ അജന്‍ഡ മാത്രമാണ്‌. അങ്ങനെ ഉണ്ണാന്‍ തക്ക വിധം നാം സാമ്പത്തിക സാമൂഹിക സുരക്ഷിതരാണോ എന്നു സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഓണസ്സദ്യ വിഭവസമൃദ്ധമാക്കാന്‍ പാവങ്ങള്‍പോലും ശ്രദ്ധിക്കുന്നു. ഉപ്പേരിയും പായസവും പഴംനുറുക്കും പപ്പടവുമില്ലാത്ത ഓണസ്സദ്യ ഇല്ലതന്നെ. ''കാണം വിറ്റും ഓണമുണ്ണണം'' എന്ന ചൊല്ല്‌ അപ്പാടെ അനുസരിക്കാറില്ലെങ്കിലും ഓണത്തില്‍ പിശുക്കുകാട്ടാന്‍ മലയാളിക്ക്‌ കഴിയാറില്ല.ഓണസ്സദ്യക്കുശേഷം മുതിര്‍ന്നവര്‍ വെടിവട്ടത്തിന്‌ സമയം കണ്ടെത്തുകയും കുട്ടികള്‍ പലതരത്തിലുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്ന പതിവിന്‌ കാര്യമായ മാറ്റം ഇക്കാലത്തുണ്ടായിട്ടുണ്ട്‌. 'റെഡിമെയ്‌ഡ്‌' ഓണവുമായെത്തുന്ന ടി.വിയിലെ അസംഖ്യം ചാനലുകളില്‍ തളച്ചിടപ്പെടുകയാണ്‌ ഇന്നത്തെ ആഘോഷവേളകള്‍. ഉത്സവങ്ങളുടെ പിന്നാന്തളികയിലേക്ക്‌ ഒന്നു ചിന്തിക്കുമ്പോള്‍ ഇത്‌ ആഘോഷിക്കപ്പെടേണ്ടതു തന്നെയാണെന്ന ധാരണയില്‍ നാമെത്തും. കാരണം, കേരളീയര്‍ക്ക്‌ ഓണം ഒരു പിന്‍തിരിഞ്ഞു നടക്കലാണ്‌. ധാര്‍മ്മികമായ മൂല്യങ്ങളേ വരവേല്‍ക്കലാണ്‌. സത്യവും, സമത്വവും, സുന്ദരവുമായ മൂന്നു ത്രികാലങ്ങളെ സ്വയം വരിക്കലാണ്‌. ഓണത്തെക്കുറിച്ച്‌ പലതുണ്ട്‌ കഥകള്‍. മഹാബലി, ബുദ്ധന്‍, ചേരമാന്‍ പെരുമാള്‍ എന്നിവരെയൊക്കെ അതിന്റെ കേന്ദ്രസ്ഥാനത്ത്‌ നിര്‍ത്തുന്നു. എന്തൊക്കെയായാലും, നമുക്ക്‌ അതിന്റെ ധാര്‍മ്മികവിശാലതയെക്കുറിച്ച്‌ ചിന്തിക്കുന്നതാണ്‌ ഉത്തമം.

കേരളത്തില്‍ പ്രചാരത്തിലിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ ഓണം എന്ന്‌ വാദിക്കുന്നവരുണ്ട്‌. `ശ്രാവണം' എന്ന സംജ്ഞ ബൗദ്ധമാണെന്നും ശ്രവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക്‌ ബുദ്ധന്‍ നല്‍കിയ മഞ്ഞവസ്‌ത്രത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടെന്നും ഇവര്‍ പറയുന്നു.

വില്യം ലോഗന്‍െറ `മലബാര്‍ മാന്വല്‍' എന്ന ചരിത്രാന്വേഷണ ഗ്രന്ഥത്തില്‍, ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്‌ മക്കയിലേക്ക്‌ യാത്രയായത്‌ ഒരു തിരുവോണ നാളിലാണ്‌ എന്നു പറയുന്നു. അതിന്റെ സൂചനയാണത്രേ ഓണാഘോഷം. പരശുരാമന്‍ കേരളം സന്ദര്‍ശിക്കാനെത്തുന്നതിന്റെ ഓര്‍മ്മയ്‌ക്കായാണ്‌ കേരളീയര്‍ ഓണമാഘോഷിക്കുന്നതെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. ദ്രാവിഡരുടെ മേല്‍ ആര്യന്മാര്‍ നടത്തിയ അധിനിവേശത്തിന്‍െറ ആഘോഷമായി ഓണത്തെ ചിലര്‍ കാണുന്നു. ഓണം ഒരു വിളവെടുപ്പുത്സവമാണെന്ന്‌ ചില ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചിങ്ങമാസം വിളവെടുപ്പുകാലമാണ്‌. തിരുവോണം മലബാറില്‍ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നും വര്‍ഷാവസാനം തിരുവോണത്തിന്റെ തലേന്നാളായി കാണുന്നുവെന്നും സൂചനകളുണ്ട്‌. ചരിത്രം ഇങ്ങനെ പലതാണെങ്കിലും നാം കേരളീയര്‍, മഹാബലിയെ തന്നെ മുന്നില്‍ നിര്‍ത്തിയാണ്‌ ഓണാഘോഷത്തിനിറങ്ങുന്നത്‌.

ഓണക്കാറ്റ്‌, ഓണവെയില്‌, ഓണനിലവ്‌, ഓണത്തുമ്പി ഒക്കെയും മലയാളികള്‍ക്കൊരനുഭൂതിയാണ്‌. നാടാകെ കൊയ്‌ത്തിന്‍െറ ബഹളമായിരുന്ന ഒരു കാലമുണ്ടായിരുന്നു, കേരളത്തില്‍. ഇന്ന്‌ പാടങ്ങള്‍ മലയിടിച്ച്‌ നിരത്തി വികസനത്തിന്റെ കണക്കുകള്‍ നിരത്താനുള്ള വ്യഗ്രതയില്‍ പ്രകൃതിയുടെ ഔദാര്യത്തിനും സമൃദ്ധിക്കുമൊക്കെ എന്തു വില. `നിറ'യും `പൊലി'യും എന്ന വാക്കുകളൊക്കെയും കണികാണാനേയില്ല, കേള്‍ക്കാനേയില്ല. കൂനക്കൂട്ടിയിട്ടുള്ള മൂടയില്‍ `നെല്ലുപെരുകണേ' എന്ന പ്രാര്‍ഥനകള്‍ എവിടെയോ പോയ്‌മറഞ്ഞിരിക്കുന്നു. കൊയ്‌ത്തു തുടങ്ങി ആദ്യം ചെത്തിയെടുക്കുന്ന കറ്റ ക്ഷേത്രത്തില്‍ വഴിപാടായി കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു, മുന്‍പ്‌. എന്നാല്‍ ഇന്നോ?

അന്ന്‌, ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാര്‍ഷിക പ്രവര്‍ത്തനത്തിനിടയില്‍ ഒരേയൊരു പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്‌. `നിറയും' 'പൊലി'യും. `ഇല്ലംനിറ' (വീടു നിറയട്ടെ), `വല്ലംനിറ' (കുട്ട നിറയട്ടെ), `കൊല്ലംനിറ' (വര്‍ഷം മുഴുവന്‍ നിറയട്ടെ), `പത്തായംനിറ', `നാടുപൊലി', `പൊലിയോപൊലി' എന്നിങ്ങനെയായിരുന്നു പ്രാര്‍ത്ഥന. ഓണത്തെക്കുറിച്ചുള്ള വിസ്‌മൃതിയിലേക്ക്‌ ഈ പ്രാര്‍ത്ഥനയും മടങ്ങുമ്പോള്‍, കേരളീയര്‍ ധാര്‍മ്മികമൂല്യങ്ങളെയും സങ്കല്‍പ്പങ്ങളെയും കൂടിയാണ്‌ അടിയറ വയ്‌ക്കുന്നത്‌.

കേരളത്തില്‍ എന്നുമുതല്‍ക്കാണ്‌ ഓണമാഘോഷിച്ചു തുടങ്ങിയതെന്ന്‌ കൃത്യമായി അറിയാന്‍ ചരിത്രരേഖകളില്ല. പ്രാചീന ശാസനങ്ങളിലും കാവ്യങ്ങളിലും ഓണത്തെക്കുറിച്ച്‌ സൂചനകളുണ്ട്‌. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു കഥാപശ്ചാത്തലം ഓണത്തിനുണ്ട്‌. വാമനന്‍ മഹാബലിയുടെ സര്‍വാധികാരസീമയായ ഭൂമിയെ ഒരു പാദം കൊണ്ടു നിറച്ച്‌, ദിക്കുകളെ കൈകളെക്കൊണ്ട്‌ അളന്നുനിന്ന കഥ ശരിക്കും കേരളീയ സമൂഹം ആവര്‍ത്തിക്കേണ്ടതാണ്‌. രണ്ടാമത്തെ അടി സ്വര്‍ഗ്ഗലോകത്തെ അതിക്രമിച്ചുനിന്നു. മൂന്നാമത്‌ അടിവയ്‌ക്കുന്നതിന്‌ വിശ്വങ്ങളില്‍ അണുഭാഗം ശേഷിച്ചില്ല. ഇത്‌, കേരളീയ സമൂഹത്തിന്റെ സമകാലിക പ്രതിസന്ധിയായി കാണുമ്പോഴറിയാം ഓണത്തിന്റെ ഇന്നത്തെ പ്രസക്തി.

വാമനന്‍ മഹാബലിയോടു പറയുന്നു: ``അങ്ങ്‌ എനിക്കു തന്നത്‌ മൂന്നു ചുവടു തറയാണ്‌. രണ്ടു ചുവടു ഞാന്‍ അളന്നു. മൂന്നാമത്തേത്‌ അളക്കുവാന്‍ തറ കാണിച്ചുതരിക.''

ശിരസു നമിച്ച്‌ ബലി മൂന്നാമത്തെ ചുവട്‌ അതില്‍ വച്ചുകൊള്ളുവാന്‍ അനുവദിച്ചു. വാമനന്റെ പാദസ്‌പര്‍ശത്തില്‍ ബലി പാതാളത്തിലേക്കാണ്ടു. മഹാവിഷ്‌ണുവിന്റെ അവതാരമായി വന്ന വാമനന്‍ മൂന്നു ലോകങ്ങളും മൂന്നടിയാക്കി അളന്ന ഈ ഘട്ടത്തെ ഒരിക്കലെങ്കിലും കേരളത്തിന്റെ ന്യൂ ജനറേഷന്‍ അതിന്റെ ആന്തരികാര്‍ത്ഥത്തില്‍ തിരിച്ചറിയുമ്പോഴാണ്‌ ഓണം യാഥാര്‍ത്ഥ്യമാവുന്നത്‌. അല്ലാതെ, തീയേറ്ററുകള്‍ക്കും ടിവി ചാനലുകള്‍ക്കും ബിവറേജ്‌ കേര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക്‌ മുന്നിലുമൊന്നും ആടിത്തിമര്‍ക്കുന്നതല്ല ഓണം.

ആശ്രയമില്ലാതെ ഉഴന്നുനടക്കുന്ന ഒരു മുനികുമാരന്റെ വേഷത്തില്‍ തന്റെ യജ്ഞഭൂമിയിലേക്കു വന്ന മഹാവിഷ്‌ണുവിനു മുന്നില്‍ പാതാളത്തോളം ശിരസ്സു നമിച്ചുനില്‍ക്കുന്ന അസുരരാജാവായ മഹാബലിയെ ഒരിക്കലെങ്കിലും നാം സ്‌മരിക്കേണ്ടതുണ്ട്‌. അദ്ദേഹത്തെ പൂജിക്കേണ്ടതുണ്ട്‌. പൂവിടലും കൊരവയിടലും സദ്യവട്ടമൊരുക്കിയും വരവേല്‍ക്കേണ്ടതുണ്ട്‌.

എന്നാല്‍, ഓണക്കാലത്ത്‌ ഇപ്പോള്‍ പൂവിടാനൊക്കെ എവിടെ നേരം? വാട്‌സ്‌ ആപ്പും, ഫേസ്‌ബുക്കും ഉള്ളപ്പോള്‍ അതിലൂടെ ഷെയര്‍ ചെയ്യുന്ന പൂക്കളത്തോളം വരില്ല മുറ്റത്ത്‌ ഇടുന്ന പൂക്കളമെന്ന്‌ പുതുതലമുറ അറിയുന്നു. കുറച്ചുകൊല്ലം മുമ്പ്‌ പൂക്കളമത്സരങ്ങള്‍ ഉണ്ടായിരുന്നു. ആ പൂക്കളമിടാനുള്ള പൂക്കള്‍ പൂക്കടകളില്‍ നിന്നാണ്‌ വാങ്ങാറ്‌. ആ പൂക്കള്‍ തമിഴ്‌നാട്ടില്‍ നിന്നാണ്‌ കൊണ്ടുവരുന്നത്‌. കേരളമിന്ന്‌ പൂവില്ലാ നാടും പൂക്കാനാടുമാണല്ലോ. അത്തം തൊട്ട്‌ ഉത്രാടം വരെ പൂവിടും. പൂരാടത്തുന്നാള്‍ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി നിഴലിലുണക്കി ചെങ്കല്ലരച്ച്‌ ചുവപ്പിക്കും. ഉത്രാടത്തിന്‍ നാള്‍ രാത്രി തൃക്കാക്കരപ്പനെ അരിമാവുകൊണ്ടണിയിക്കും. ഉണ്ടാക്കിയ ഉടനെ തൃക്കാക്കരയപ്പന്റെ നെറുകയില്‍ നാലുഭാഗത്തും ഈര്‍ക്കിലി കൊണ്ട്‌ തുളകള്‍ ഉണ്ടാക്കും. ആ തുളകളില്‍ പൂക്കള്‍ കുത്തും.

തൃക്കാക്കരയപ്പനെ വെക്കുന്നത്‌ മുറ്റത്തെ പൂക്കളത്തിലല്ല. മൂലത്തുനാള്‍ തന്നെ പൂക്കളത്തിന്റെ സ്ഥാനത്ത്‌ കളിമണ്ണ്‌ കൊണ്ട്‌ പൂത്തറയുണ്ടാക്കും. ആ തറ ചെങ്കല്ലരച്ച്‌ ചോപ്പിച്ച്‌ അരിമാവുകൊണ്ടണിഞ്ഞ്‌ അതില്‍ ആവണപ്പലക വെച്ച്‌ അതിന്‍ മേല്‍ നാക്കില വെച്ച്‌ തുമ്പക്കുടം ഞൊറിയും.

ഉത്രാടത്തിന്‍ നാള്‍ രാത്രി അത്താഴം കഴിഞ്ഞാണ്‌ തിരുവോണത്തിന്‍ നാള്‍ ഉച്ചയ്‌ക്ക്‌ വിളമ്പാനുള്ള പഴം നുറുക്ക്‌ അടുപ്പത്തു വെക്കുക. കറുത്ത പുള്ളിക്കുത്തുവീണ പഴമാണ്‌ പഴംനുറുക്കിന്‌ നല്ലത്‌. ചെമ്പുകലത്തില്‍ കാല്‍ഭാഗം വെള്ളമൊഴിച്ച്‌ അതിന്റെ മേലെ വാഴയണകള്‍ മുറിച്ചുപാകി തട്ടുണ്ടാക്കി ആ തട്ടിന്‍മേലാണ്‌ പഴംനുറുക്ക്‌ വെക്കുക. വെള്ളം തിളച്ചുണ്ടാകുന്ന ആവി പഴം നുറുക്കിന്‍മേല്‍ തട്ടിയാണ്‌ അത്‌ വേവേണ്ടത്‌. ഉച്ചയ്‌ക്ക്‌ ഊണിനു വിളമ്പുന്നതിനു മുമ്പ്‌ അടുപ്പത്ത്‌ നിന്ന്‌ എടുത്ത്‌ നിലത്ത്‌ ഒരു നാക്കില തുടച്ച്‌ വൃത്തിയാക്കി വെച്ച്‌ ആ നാക്കിലയില്‍ കുത്തി നിറുത്തണം. അപ്പോള്‍ ആവികൊണ്ട്‌ പഴം നുറുക്കിന്‍മേലുള്ള വെള്ളം വാര്‍ന്നുപോകും. ഇത്‌ ഇന്നത്തെ ഇന്‍സ്റ്റന്റ്‌ സദ്യയോടൊപ്പം കിട്ടുമോ ? ആഘോഷത്തിന്റെ കാതലാണിത്‌.

തിരുവോണം ദിവസം വീട്ടിലെ കാരണവര്‍ അനന്തിരവര്‍ക്ക്‌ പുളിയിലക്കര മുണ്ട്‌ കൊടുക്കും. ഓണത്തിന്‌ എല്ലാവരും തളത്തില്‍ ഒരുമിച്ചിരുന്ന്‌ ഉണ്ണണം. കോടിയലക്കിയതുടുത്ത്‌ വേണം ഉണ്ണാനിരിക്കുന്നത്‌. ഊണിനുള്ള കറികള്‍ കാളന്‍, ഓലന്‍, നേന്ത്രക്കായ എരിശ്ശേരി എന്നിവയെല്ലാമാണ്‌. ഒരു കൊല്ലം പഴകിയ പുളികൊണ്ടുണ്ടാക്കിയ പുളിയിഞ്ചിയും നാരങ്ങാക്കറിയും ഇഞ്ചിതൈരുമാകാം. ഇങ്ങനെയൊക്കെ ഓണം ആഘോഷിച്ച നാളുകള്‍ നാം ഓര്‍ക്കുന്നുണ്ടോ?

നൂറ്റാണ്ടുകളായി കേരളം ഓണമാഘോഷിക്കുന്നു. ധര്‍മത്തില്‍ അധിഷ്‌ഠിതമായ, സമത്വസുന്ദരമായ ഭൂതകാലത്തിന്റെ പുനര്‍സ്‌മൃതി. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനങ്ങളില്ലാത്ത സുന്ദരമായ കാലത്തിന്റെ ഓര്‍മ. നാമോരോരുത്തരും മനസ്സില്‍ താലോലിക്കുന്ന സങ്കല്‌പം. അതൊരു യാഥാര്‍ഥ്യമായിരുന്നു എന്ന വിശ്വാസം മലയാളിയെ വീണ്ടും വീണ്ടും ഓണമാഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നു. അതാണ്‌ വേണ്ടത്‌. പ്രസന്നമായ പ്രകൃതി ജീവജാലങ്ങളിലും പ്രസന്നതയുണര്‍ത്തുന്നു എന്നു പറയും പോലെ,

പൂവായ പൂവെല്ലാം പിള്ളേരറുത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി പൂവേ പൊളി...

കേരളീയ സമൂഹത്തിന്റെ എല്ലാ ധര്‍മ്മങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌ എല്ലാവര്‍ക്കും ഓണാശംസകള്‍.
നമ്മുടെ ഓണം പൊന്നോണം (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
damodar charuvil 2015-08-27 18:16:06
വിദ്യയുടെ ധരിമ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക