Image

എന്റെ പ്രഥമ ഗുരുനാഥനൊപ്പമുള്ള ഓണസ്‌മരണ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌)

Published on 26 August, 2015
എന്റെ പ്രഥമ ഗുരുനാഥനൊപ്പമുള്ള ഓണസ്‌മരണ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌)
വയലേലക്കരയിലാ കുന്നിന്റെയുച്ചിയില്‍
വെയിലത്തു വെട്ടിത്തിളങ്ങുമാ ചെറുകുടില്‍
നാലു കാല്‍ തൂണിലായ്‌ ചാണകം മെഴുകിയൊരു
ഓലമേലാപ്പിട്ട കൊച്ചു നാട്ടുപള്ളിക്കൂടം
കാറ്റിലും വെയിലിലും ഊയലാടീടുമൊരാ
ഓലക്കുടിലിന്റെ നാലുവശം തുറന്നുള്ള
ആകാശത്തൂവെള്ളിവെളിച്ചത്തിലാ കൊട്ടിലില്‍
വിണ്ണിന്റെ കാന്തിയിലാ ഗ്രാമീണ ശാന്തതയില്‍
മണ്ണില്‍ വിലയിച്ചൊരെന്‍ കുടില്‍പ്പള്ളിക്കൂടത്തില്‍
മുന്നും നാലും വയസുള്ളെട്ടുപത്തു പൈതങ്ങള്‍
കൊച്ചോലത്തടുക്കും എഴുത്തോലയുമടുക്കി
പേടിച്ചരണ്ടു ചുവടു വച്ചെത്തും വേളയില്‍
കയ്യില്‍ വടിയുമായ്‌ തലയിലൊരു കെട്ടുമായ്‌
ഒറ്റമുണ്ടും തോളില്‍ കച്ചത്തോര്‍ത്തുമണിഞ്ഞൊരാ
ആശാനണഞ്ഞീടവേ ചാടിയെണീറ്റാദരം
`വന്ദനം ആശാനെ'ന്നുുച്ചത്തിലുരചെയ്‌തതും
കൈകൂപ്പി മിഴിപുട്ടി പ്രാര്‍ത്ഥന ചൊല്ലിയതും
ആശാനാണുലകിന്റെ മേലാവായാ ബാലകര്‍
ആശാന്‍ പള്ളിക്കൂടത്തിലാമോദം മേവിയതും,
പിഞ്ചുവിരലാല്‍ പൂഴിയിലക്ഷരം കോറിച്ചും
തെറ്റുമ്പോള്‍ കൈവെള്ളയില്‍ ചൂരലടി യേള്‍പ്പിച്ചും
ദാഹിക്കെ പുളിമാങ്ങ, ഉപ്പു്‌ ജലമേകിയും
ലാളിത്യഗ്രാമീണ ശാന്തസംപുഷ്ട ബാല്യവും
സന്തുഷ്ടിചേര്‍ത്തതാം ഭൗമ സ്വര്‍ല്ലോക നിവാസം!
ചിട്ടയാര്‍ന്നുള്ളൊരാ ഗുരുകുലാഭ്യസനത്തിന്‍
മാധുര്യമിന്നുമെന്‍ സ്‌മരണയില്‍ നിറയുന്നു
ഓണത്തിനു പുകല പുളിക്കര നേര്യതും
ആശാനു നേദിക്കെന്‍ നെറുകയില്‍ കൈവച്ചതും
പള്ളിക്കൂടമുറ്റം ചുറ്റം തൂത്തു വെടിപ്പാക്കി
പൂക്കളം തൊടിയിലെ പൂക്കളാലൊരുക്കലും
മുറ്റത്തെ മാങ്കൊമ്പില്‍ കെട്ടും ഊഞ്ഞാലിലാട്ടവും
മുന്നാമോണത്തിനാശാനെ0പ്പം ഓണസദ്യയും
ഓണക്കോടിമടിത്തുമ്പില്‍ ചേര്‍ക്കുമുപ്പേരിയും
ഓര്‍മ്മയിലിപ്പൊഴും നറുമലര്‍ വിതറവേ,
നാട്ടുപള്ളിക്കൂടങ്ങള്‍തന്‍ നിര്‍മ്മല ബന്ധങ്ങള്‍
ലോകത്തിന്നേതു കോണിലാണെങ്കിലുമാത്മാവില്‍
ആലക്തികദീപ പ്രശോഭിതമായ്‌ നില്‍ക്കവേ,
ഓണമിന്നു വെറും പ്രഹസനമായ്‌ മാറവേ
പാക്കറ്റു സദ്യ കോടിയും പൂക്കളും സൗലഭ്യം
കിട്ടാത്തതൊന്നുണ്ടിന്നു നിര്‍മ്മല സ്‌നേഹശാന്തി
സര്‍വ്വം യാന്ത്രികം ഓണം വിഷുവും പ്രവാസിയായ്‌
നാലാളു കൂടി കോടിയുടുത്തോണമൊരുങ്ങാന്‍
മാധ്യമങ്ങളില്‍ പടം പ്രൗഢിയില്‍ പടരുവാന്‍
നഷ്ടസ്വപ്‌നങ്ങള്‍ താലോലിച്ചാശ്വാസം കൊള്ളുവാന്‍
വിങ്ങുന്ന മനസ്സുമായ്‌ പ്രവാസിയായ്‌ ഞാനിന്നും
ദീപ്‌ത നഷ്ടസ്‌മൃതികളില്‍ സംതൃപ്‌തയായ്‌ മേവൂ..

Happy Onam Geetings to all my Malayalee Friends all over the world !
എന്റെ പ്രഥമ ഗുരുനാഥനൊപ്പമുള്ള ഓണസ്‌മരണ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌)
Join WhatsApp News
Sudhir Panikkaveetil 2015-08-26 19:18:59
ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുർ ദേവോ
മഹേശ്വരാ .. ഗുരുർ സാക്ഷാത് പര ബ്രഹ്മ തസ്മേയ
ശ്രീ ഗുരു വേ നമഹ... ഈ മാത്രം നന്നായി
അറിയുന്ന കവയിത്രി. വാക്കുകളെകൊണ്ടുള്ള
അവരുടെ ഗുരുപൂജാര്ച്ച്ചനാ.. നന്നായി..

വിദ്യാധരൻ 2015-08-27 08:30:25
ഉണ്ടായിരുന്നൊരു കാലം അതുപോലെ 
എന്നാലിന്നതരൊർമ്മയായി നില്ക്കുന്നു 
വയലുകൾ ഒക്കെയും പറമ്പായി മാറി 
വില്ലെജ്  ഓഫീസറന്മാരുടെ കീശ വലുതായി 
കുന്നിന്റെ ഉച്ചിയിൽ കുടില് കാണാതായി 
അവിടൊക്കെ വില്ലകൾ വന്നു വിലസി 
ചാണകം നല്കുവാൻ കാളകൾ ഇല്ലാതായി 
കാളകൾ ഷാപ്പിലെ കറിക്കൂട്ടായി മാറി
ഓലമേഞ്ഞ പള്ളിക്കൂടം അപ്ത്യക്ഷമായി 
നാട്ടിലൊക്കയും പ്രൈവറ്റ് സ്കൂളായി  
ആശാന്മാരോക്കെയും അദ്ധ്യാപകരായി
നാടിൻ  മുഖാച്ഛായ  ഒന്നാകെ മാറി 
നാട്ടിൽ പെരുകി ചതിയും കള്ളവും 
കള്ളപറകളും നാഴിയും വർദ്ധിച്ചു 
പെണ്ണുങ്ങൾക്ക് വഴിനടക്കാനാവാതായി 
വേലിതന്നെ വിളവു തിന്നുന്നപോലെ 
മന്ത്രിതന്ത്രികൾ രാഷ്ട്രീയക്കാരോക്കയും 
നാട് കട്ട് മുടിച്ചു വിലസി വിളയാടി 
മന്തിമാർ എംപി മാർ കൂടാതെ മാവേലി 
ഓണം ഘോഷിക്കാൻ അമേരിക്കയിലെത്തി 
ഓലക്കുടയേന്തി കള്ളു വയറുമായി 
ഒത്തിരി മലയാളികൾ നിരന്നു നില്ക്കുന്നു 
മാവേലി വേഷം കെട്ടി ഒന്ന് വിലസുവാൻ 
പോയാകാലങ്ങൾ തിരിച്ചു വരില്ലിനി 
ഒള്ള കാലത്തെ ഉൾകൊള്ളനാവില്ല 
ആയതാൽ അർഥംമില്ലാത്തോരീ-
യോണത്തിൻ  ഓർമയെ കുത്തികുറിക്കുന്നു 
നിങ്ങളോടുചേർന്ന്  ഞാനും ഈ താളിൽ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക