Image

ഇതാ ഓരോണം കൂടി- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 27 August, 2015
ഇതാ ഓരോണം കൂടി- മീട്ടു റഹ്മത്ത് കലാം
'മാവേലി നാടുവാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ'
അക്ഷരങ്ങളുമായി ചങ്ങാത്തം കൂടുന്നതിനും മുന്‍പ് മലയാളിയുടെ മനസ്സില്‍ ഈ വരികള്‍ പതിഞ്ഞുകഴിഞ്ഞിരിക്കും. കണ്ടും കേട്ടും 'ഓണം'  ആഘോഷത്തിനപ്പുറം ഹൃദയത്തോട് ഒട്ടിച്ചേര്‍ന്ന എന്തോ ഒന്നാണ് നമുക്ക്. ഓര്‍മ്മ ഉറയ്ക്കും മുന്‍പ് ഉള്ളില്‍ മുളപൊട്ടിയ വിത്തിന് ഐതീഹ്യപ്പെരുമയുടെ വളക്കൂറ് കൂടിയായപ്പോള്‍ അതങ്ങ് വളര്‍ന്നു പന്തലിച്ച് പറഞ്ഞറിയിക്കാനാകാത്ത സുഖാനുഭവമായി. അതുകൊണ്ടുതന്നെ ഓണം എന്ന രണ്ടക്ഷരം മലയാള മണ്ണിന് ആഘോഷത്തിന്റെ അവസാനവാക്കാണ്.

എത്ര കാതങ്ങള്‍ ദൂരെ ഇരുന്നാലും ഒന്ന് കാതോര്‍ത്താല്‍ ഓണത്തിന്റെ ആര്‍പ്പുവിളിയും കുരവയിടലും കാതില്‍ അലയടിയ്ക്കും. കണ്ണടച്ച് ചാരിയിരിക്കേണ്ട താമസമേയുളളൂ, തൂശനിലയില്‍ വിളമ്പിയ തുമ്പപ്പൂചോറും നാലുതരം പായസം കൂട്ടിയ സദ്യവട്ടവും കൊതിപ്പിക്കുന്ന ഗന്ധവുമായി നാസേന്ദ്രിയങ്ങളെ തുളച്ചുകയറും. ലോകത്തിന്റെ ഏതു കോണിലെ യന്ത്രവല്‍കത്രജോലിയില്‍ മുഴുകിയാലും ഓണം അവന്റെ മേല്‍ കസവു നേരിയതിന്റെ നന്മ പുതപ്പിക്കും.
കലാലയത്തിലെ മുത്തശ്ശി മരക്കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടിയതും തിരുവാതിരപ്പദത്തിന്റെ ഈണത്തില്‍ കൈകൊട്ടിക്കളിച്ചതും വടംവലി, മലയാളിമങ്ക പോലുള്ള മത്സരങ്ങളില്‍ പങ്കെടുത്തതും ഓര്‍ത്ത് ഗൃഹാതുരത്വത്തില്‍ മുഴുകുമ്പോള്‍ ന്യൂജെന്‍ ഓണക്കാഴ്ചയിലേയ്ക്കുകൂടി ശ്രദ്ധ തിരിയാം.
'പ്രേമം' സിനിമയുടെ പകര്‍ച്ചപ്പനിയില്‍ കൂളിങ് ഗ്ലാസ്സ് വച്ച് കൈലിമുണ്ടും കുര്‍ത്തയും ധരിച്ചെത്തുന്ന യുവകോമളന്മാര്‍ സമത്വമെന്ന ആശയം മുറുകെ പിടിക്കുമ്പോഴും അച്ചടക്കത്തിന്റെയും സംസ്‌കാരത്തിന്റെയും കണ്ണികള്‍ക്ക് ഇളക്കം തട്ടിയത് കാണാതെ വയ്യ.

സ്‌ക്കൂള്‍തലത്തില്‍ അത്തപ്പൂക്കള മത്സരത്തിന് പൂക്കളമൊരുക്കാന്‍ വീടുകളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവന്നിരുന്ന കാലം മാറി, പണം പിരിച്ച് വാശിയേറിയതും ഭംഗിയും ചെലവും കൂടിയതുമായ യജ്ഞത്തിലേയ്ക്ക് കടന്നു. പിന്നീട് പണപ്പിരിവ് ആഘോഷത്തിന്റെ പലഘട്ടത്തിലും തുടുരന്ന കാഴ്ചയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചു. അതിരുവിട്ട ആഘോഷങ്ങള്‍ക്കായി ജീപ്പും പ്രകടനവും എയര്‍ എന്‍ജിനും ഒക്കെ വാടകയ്‌ക്കെടുക്കാന്‍ പണം സ്വരൂപിച്ചതുവരെ ആയി കാര്യങ്ങള്‍. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ ആഘോഷത്തിമിര്‍പ്പിന് ചൂടാറും മുന്‍പേ അടൂര്‍ ക്യാമ്പസ് വാര്‍ത്തയില്‍ നിറഞ്ഞതാണ്. വിദ്യാര്‍ത്ഥി സമൂഹത്തെച്ചൊല്ലി ആശങ്കയുണര്‍ത്തുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കോളേജുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ തങ്ങള്‍ പിന്നിലാകരുതെന്ന ചിന്തയാണ് വിദ്യാര്‍ത്ഥികളെ ഭരിക്കുന്നത് അക്കൂട്ടര്‍ ഒന്നോര്‍ക്കണം. രാജ്യത്തിനും പ്രജകള്‍ക്കുമായി സ്വയം ബലി അര്‍പ്പിച്ച മാവേലി മന്നനെ നമ്മള്‍ ഇങ്ങനെ ഒക്കെയാണോ സ്വീകരിക്കേണ്ടത്. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ യുവത്വത്തെയും വരും തലമുറകളെയും പ്രേരിപ്പിക്കാന്‍, മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ട്.
പ്രകടിപ്പിക്കാന്‍ കഴിയാത്തൊരുതരം അതൃപ്തി കുത്തിനിറച്ചാണ് ഭൂരിപക്ഷം മലയാളികളുടെയും ദിനങ്ങള്‍ നീങ്ങുന്നത്. വിഷം കലര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പച്ചക്കറി വാങ്ങിക്കേണ്ട ഗതികേട് പലപ്പോഴും ഉണ്ടാകുന്നു. എന്തിനുമേതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ നിവൃത്തിയില്ല. പെരുകുന്ന രോഗങ്ങള്‍, വിലക്കയറ്റം, എങ്ങും തുറിക്കുന്ന കച്ചവടക്കണ്ണുകള്‍, തൊഴില്‍ രാഹിത്യം തുടങ്ങി പല പ്രശ്‌നങ്ങള്‍ മുന്നില്‍ നെഞ്ചുവിരിച്ചുനില്‍ക്കുമ്പോള്‍, ഭരണസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുകയും അഴിമതിയുടെ ഒഴുക്കില്‍ ഒരിലപോലെ നീങ്ങിയും പൊതുജനം മടുത്തുപോകും. യൗവനം രക്തത്തിളപ്പിന്റെ വല്ലാത്ത കാലയളവായതുകൊണ്ട് ആ മടുപ്പ് പ്രതിഷേധമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ പലപ്പോഴും നിനയ്ക്കാത്ത പ്രത്യാഘാതങ്ങള്‍ക്കത് വഴിവയ്ക്കും.

കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദരമായ ഭരണം കാഴ്ചവച്ച മാവേലിത്തമ്പുരാന്‍ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭരിച്ചാല്‍ കേരളത്തിന്റെ ഛായതന്നെ മാറും. കൃഷിയിലും സംസ്‌കൃതിയിലും എന്നോ കൈമോശം വന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനായാല്‍ നമ്മുടെ സംസ്ഥാനം രാജ്യത്തിന് വലിയൊരു മുതല്‍ക്കൂട്ടാകും. അങ്ങനെയൊരു ആശയത്തിലേയ്ക്ക് നടന്നടുക്കുക എന്നതാണ്, ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ ആണ്ടിലൊരിക്കന്‍ വന്നെത്തുന്ന സ്‌നേഹനിധിയായ ആ ചക്രവര്‍ത്തിയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നല്‍കാവുന്ന ഊഷ്മളമായ വരവേല്‍പ്പ്.

ഇതാ ഓരോണം കൂടി- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
Krishnankutty Nair 2015-08-27 19:35:23
നല്ല ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക