Image

മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 31 August, 2015
മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)
യൂണിയന്‍, ന്യൂജേഴ്‌സി: പേര്‍ഷ്യന്‍ ഐതീഹ്യപ്രകാരം സത്യത്തിന്റെയും വെളിച്ചത്തിന്റെയും കാലക്രമേണ സൂര്യന്റെയും ദൈവമാണ് മിത്രാസ്. റോമന്‍ സാമ്രാജ്യത്തിന്റെ വികസനപാതയില്‍ ഒന്ന് മുതല്‍ നാലാം ശതകം വരെയുംത്തില്‍ മിത്രാസ് സങ്കല്പം നിലനിന്നിരുന്നു. ഭാരതീയതയിലേക്ക് വന്നാല്‍ ഋഗ്വേദത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ദൈവമാണ് മിത്ര. ഇറാനിയന്‍ സംസ്‌കാരത്തില്‍ കോണ്‍ട്രാക്ട്, എഗ്രിമെന്റ്, ഉടമ്പടി എന്നും വിവക്ഷണം.

ഐതീഹ്യമെന്തുമാവട്ടെ-ന്യൂജേഴ്‌സിയിലെ കീന്‍ യൂണിവേഴ്‌സിറ്റിയുടെ വില്‍കിന്‍സ് തിയേറ്റര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററില്‍ മിത്രാസ് രാജന്റെയും മിത്രാസ് ഷിറാസിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ മിത്രാസ് ഫെസ്റ്റിവല്‍ വെളിച്ച -ശബ്ദ ദൃശ്യവിന്യാസങ്ങളുടെ സമ്മിശ്രപ്രഭാപൂരങ്ങള്‍ക്കാണ് വേദിയായത്. നിരവധി വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാവുമെങ്കിലും സൂര്യാകൃഷ്ണമൂര്‍ത്തിയുടെ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വ്യക്തിപ്രഭാവങ്ങള്‍ അമേരിക്കയിലും ഉണ്ട് എന്ന് വെളിവാക്കുന്നതായി മിത്രാസ് ഫെസ്റ്റിവല്‍ 2015. കലാമൂല്യമുള്ള ഒരു പെര്‍ഫക്ട് എന്റര്‍റ്റെയിന്‍മെന്റ് പ്രോഗ്രാമിനായുള്ള കുതിച്ചു ചാടലില്‍ ഗാനങ്ങള്‍ക്ക് അതര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രാധാന്യം നല്കിയെന്നതൊഴിച്ചാല്‍ പൊതുവെ ആസ്വാദകഹൃദയങ്ങളെ പിടിച്ചിരുത്താന്‍ പ്രാപ്തമായി എന്ന് കരുതുന്നതിലും തെറ്റില്ല.

ഒരുകാര്യം തീര്‍ച്ച-അമേരിക്കയില്‍ പൊതുവെ കണ്ടുവരുന്ന സ്റ്റേജ് ഷോകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു മിത്രാസ് ഫെസ്റ്റിവല്‍. രാജന്‍ ചീരന്റെ വിഷനെയും ഉദ്ദേശശുദ്ധിയേയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. സംഭവിച്ചതൊക്കെ നല്ലതിന് എന്ന് കരുതുവാനേ കഴിയൂ. അവസാന നിമിഷം സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്ന ആള്‍ കാലുമാറിയതിനും അവാര്‍ഡ് ഏറ്റുവാങ്ങേണ്ടവര്‍ താമസിച്ച് എത്തിയതിനും രാജന്‍ ചീരനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. 

പത്തമ്പതുപേരെ മേയിച്ചു നടത്തി ഇങ്ങനെയൊരു ഷോ നടത്താന്‍ സാധിച്ചത് രാജന്റെ ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ്. ഫ്രാങ്കോ, മന്യ, അക്കരക്കാഴ്ചകള്‍ ഫെയിം താരങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേരെ ഒരു വേദിയില്‍ സമ്മേളിപ്പിച്ചത് നന്നായി. അമേരിക്കയില്‍ അറിയപ്പെടുന്നവരും തങ്ങളുടെ കഴിവുകള്‍ തെളിയിച്ചവരുമായവരെ വേദിയില്‍ എത്തിച്ചതും നന്നായെന്നേ പറയാനാവൂ. യുവജനങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്കിയെന്നതും സ്വാഗതാര്‍ഹം തന്നെ. പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ഒരു താരനിശ സ്‌റ്റൈലിലെന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയില്‍ വൈഭവം പ്രകടിപ്പിച്ചതും ഗംഭീരമായി. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടവരുടെയും നാടകത്തില്‍ അഭിനയിച്ച പ്രമുഖരുടെയും വേഷപകര്‍ച്ചകള്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു. പ്രൊഫഷണല്‍ ഗായകരുടെ ആലാപന ശൈലി ഹൃദ്യമായെങ്കിലും അമച്വര്‍ രംഗത്തുള്ളവരുടേത് എങ്ങനെയുണ്ടായിരുന്നുവെന്നത് ശ്രോതാക്കളുടെ അഭിപ്രായത്തിന് വിടുകയാണ്. ലൈറ്റിംഗിനും ബാക്‌ഡ്രോപ് സെറ്റിംഗിനും വ്യതിരക്തതയുണ്ടായിരുന്നുവെങ്കിലും ഉയര്‍ന്ന നിലവാരം പ്രതീക്ഷിച്ചെത്തിയവരെ നിരാശരാക്കിയോ എന്ന സംശയം അവശേഷിക്കുന്നു.

അമേരിക്കയില്‍ വിവിധരംഗങ്ങളില്‍ പ്രശോഭിക്കുന്നവരെ ആദരിക്കാനുള്ള സന്മനസ് കാട്ടിയതില്‍ മിത്രാസ് ടീം അഭിനന്ദനം അര്‍ഹിക്കുന്നു. ഡാന്‍സ് രംഗത്തുനിന്നും വിദ്യാ സുബ്രഹ്മണ്യം, ദൃശ്യമാധ്യമരംഗത്തുനിന്നുള്ള സജിനി സഖറിയാ, ജോസ്‌കുട്ടി വലിയകല്ലുങ്കല്‍, അജയന്‍ വേണുഗോപാല്‍ എല്ലാവരുടേയും സുഹൃത്തും മികച്ച കലാസ്വാദകനുമായ ദിലീപ് വര്‍ഗ്ഗീസ്, നാടകാചാര്യന്‍ 18 വയസില്‍ തുടങ്ങി 84 വയസ് വരെ കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പി.ടി. ചാക്കോ എന്നിവരെ കണ്ടുപിടിച്ച് ആദരിച്ചത് സ്വാഗതാര്‍ഹം തന്നെ. 

ഫ്രാങ്കോ എന്ന ഗായകന്റെ വിനയവും ശുദ്ധഹൃദയവും മിത്രാസിന് മിത്രതുല്യമായി എന്ന് കരുതുന്നതില്‍ ഒരു തെറ്റുമില്ല. മലയാള സിനിമാരംഗത്തെ മറ്റൊരു ഗായകനും അവകാശപ്പെടാന്‍ കഴിയാത്ത വിനയാന്വിതയും ഭൂമിയോളം താഴ്ന്ന വിശാലമനസ്‌കതയും മിത്രാസിന് തുണയായി എന്ന് പറയുന്നതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. അമച്വര്‍ ഗായകര്‍ക്കൊപ്പം യാതൊരു വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ ചുറ്റും നടമാടിയ എല്ലാ ന്യൂനതകള്‍ക്കുമൊപ്പം ഫ്രാങ്കോ പ്രസന്നവദനനായി പങ്കെടുത്തു എന്നത് മാത്രം മതി അദ്ദേഹത്തിന്റെ ഹൃദയവിശാലത വെളിവാകുവാന്‍.

മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാകാരികള്‍, സാരഥി ബിന്ദ്യാ പ്രസാദിനൊപ്പം ആടിത്തിമിര്‍ത്തു. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ മെറീന നന്നായി നൃത്തം ചെയ്തു. നോക്കുകുത്തിയെ പോലെ വിജുവിനെ കീബോര്‍ഡുമായി സ്‌റ്റേജില്‍ നിര്‍ത്തിയത് അരോചകമായി. ബാക്ക്ഗ്രൗണ്ട് മ്യൂസിക് സ്‌കോര്‍ ചെയ്യുന്നത് ഓഡിറ്റോറിയത്തിനു പിന്നിലുണ്ടായിരുന്ന സൗണ്ട് കണ്‍സോളില്‍ നിന്നുമാണെന്ന് വെളിവാക്കും വിധമായിരുന്നു ഗായകരുടെ അംഗവിക്ഷേപങ്ങള്‍.
സ്റ്റേജില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുവാന്‍ ഫോഗ് മെഷീന് കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും വടിംബ്രേക്ക് പോലെ ഇടയ്ക്കിടെ പുകയൂതി വിടുന്നത് കാണുന്നത് ആത്മാര്‍ത്ഥമായി പറയട്ടെ, ബോറായി.

ശാലിനി രാജേന്ദ്രന്‍, സുമാ നായര്‍ എന്നിവരുടെ ഗാനാലാപനങ്ങള്‍ ഹൃദ്യമായി എന്ന് പറയാതിരിക്കാനാവില്ല. മെഡ്‌ലി പലേടത്തും കണ്ടിട്ടുണ്ടെങ്കിലും രാജന്‍ വിഭാവനം ചെയ്ത രീതി നന്നായിരുന്നു. മനസ്സില്‍ പതിഞ്ഞിട്ടുള്ള പോപ്പുലറായ ഗാനങ്ങളുടെ ചരണങ്ങളില്‍ തുടങ്ങി പിന്നീട് പല്ലവി പാടി അടുത്ത പാട്ടിലേക്ക് ട്രാന്‍സിഷനും അപ്പോഴത്തെ ബാക്ക്‌ഡ്രോപ്പും എല്ലാം മനോഹരമായി. 

നാടകത്തിന്റെ ഇതിവൃത്തം, കേരളീയ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതായിരുന്നുവെങ്കിലും നാടക സങ്കല്പങ്ങളെപ്പറ്റി കുറെക്കൂടി ജാഗരൂകമാകാമായിരുന്നു, അഭിനേതാക്കള്‍ക്കും സംവിധായകനും. ന്യൂനതകളൊക്കെയും മാറ്റി നിര്‍ത്തി പറയട്ടെ, പത്തഞ്ഞൂറു പേരെ ഓഡിറ്റോറിയത്തില്‍ കൊണ്ടു വരാനും ഒപ്പം പത്തമ്പതു പേരെ സ്റ്റേജില്‍ ഒന്നിനു പുറകെ ഒന്നായി അണിനിരത്തുവാനും കഴിഞ്ഞതില്‍ രാജന്‍ ചീരന് അഭിമാനിക്കുവാനേറെ. സാധാരണ മലയാള അസോസിയേഷനുകളില്‍ കാണുന്ന അപ്രമാദിത്വവും നിസ്സഹകരണവും കാമ്പില്ലായ്മയും മൈക്ക് കടിച്ചുപറിച്ചു തിന്നുന്ന പ്രവണതയും എല്ലാം ഒഴിവാക്കിയെന്നത് മിത്രാസ് രാജന് അഭിമാനിക്കുവാന്‍ വക നല്കുന്നതാണ്.

5.30-ന് പ്രോഗ്രാം തുടങ്ങുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. സമയത്തിനു മുന്‍പു തന്നെ കാണികള്‍ ഓഡിറ്റോറിയത്തിലെത്തി, ആദ്യ അനൗണ്‍സ്‌മെന്റ് വരുന്നത് കാത്തിരിപ്പായിരുന്നു. 5.15 മുതല്‍ ആറു മണി വരെയും അടച്ചിട്ട കര്‍ട്ടന്റെ മധ്യഭാഗത്തു കൂടി ആള്‍ക്കാര്‍ നൂണ്ടു കയറിയും ഇറങ്ങിയും, ഇറങ്ങിയും കയറിയും കാഴ്ചക്കാര്‍ക്ക് വേദി അരോചകമാക്കി. ഒരു പ്രൊഫഷണല്‍ പ്രോഗ്രാം നടക്കുന്നിടത്ത് ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ്. 2014-ലെ കന്നി ഷോയ്ക്ക് ശേഷം അന്നുമുതല്‍ ഇന്നുവരെയും ഈ ഷോയ്ക്ക് വേണ്ട തയ്യാറെടുപ്പിലായിരുന്നു എന്നു രാജന്‍ തുടക്കത്തില്‍ പറഞ്ഞത്, രാജനു തന്നെ തിരിച്ചടിയായി. കഴിഞ്ഞ മാസം മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നു പറഞ്ഞിരുന്നുവെങ്കില്‍ കാഴ്ചക്കാര്‍ ചിലപ്പോള്‍ പല ന്യൂനതകളും മറന്നേനെ. ഒരു ചെറിയ കാര്യം കൂടി, സമയകൃത്യത ഒരു വലിയ ഘടകം തന്നെയാണ്. പറഞ്ഞാല്‍ പറഞ്ഞതു പോലെ സമയത്ത് തുടങ്ങുക എന്നത് ഏതൊരു പ്രോഗ്രാമിന്റെയും വിജയഘടം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുക തന്നെ ചെയ്യും. അതിനു മിത്രാസിനു കഴിഞ്ഞില്ലായെന്നത് ഒരു ദുഃഖസത്യമായി തന്നെ നിലകൊള്ളുകയാണ്. 

പേര്‍ഷ്യന്‍ ഐതീഹ്യത്തില്‍ സൂര്യന്‍ പോലും ഉപാസിച്ചിരുന്ന ദൈവമാണ് മിത്രാസ്. ആ മിത്രാസിലേക്കുള്ള ദൂരത്തിലേക്ക് എത്താന്‍ ഇനിയും കല്ലും മുള്ളും നിറഞ്ഞ വഴികള്‍ രാജനു നടന്നു കയറേണ്ടതുണ്ട്. ഈ ഭഗീരഥപ്രയത്‌നത്തിന് അദ്ദേഹത്തിന് എല്ലാ വിധ ആശംസകള്‍...

മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)മിത്രാസിലേക്ക് എത്താന്‍ ഇനിയും എത്ര ദൂരം? (മിത്രാസ് ഫെസ്റ്റിവല്‍ -ഒരാസ്വാദനം-ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക