Image

കഥാകാരനായ കൃഷിക്കാരന്റെ ഓണസമ്മാനം (ശശി ചെറായി)

Published on 02 September, 2015
കഥാകാരനായ കൃഷിക്കാരന്റെ ഓണസമ്മാനം (ശശി ചെറായി)
എല്ലാ മനുഷ്യരിലും കലാവാസനയുള്ളതുപെലെ കൃഷിയെ ഒരു കലയായി കാണുന്നവരുമുണ്ട്‌. കര്‍ഷകനായ തകഴിയുടെ ശിഷ്യനും ശാസ്‌ത്ര-സാഹിത്യ-കായിക രംഗത്ത്‌ ബഹുമുഖ പ്രതിഭയുമായ കാരൂര്‍ സോമന്റെ ഭവനത്തില്‍ ഓണവിരുന്നിനെത്തുമ്പോഴാണ്‌ മറ്റുള്ളവര്‍ക്ക്‌ ആവേശവും അവബോധവും പകരുന്നവിധത്തില്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഓണസമ്മാനം കണ്ടത്‌. അതില്‍ മുന്തിരി, ആപ്പിള്‍, പിയേഴ്‌സ്‌, പ്ലം എന്നിവയായിരുന്നു. സ്‌നേഹിതര്‍ക്ക്‌ കൊടുക്കാനായി കരുതിയ സമ്മാനപ്പൊതികള്‍ എനിക്കും കിട്ടി. ജീവിതത്തിന്റെ നേര്‍കാഴ്‌ചകളില്‍ അക്ഷരസൃഷ്‌ടിയിലൂടെ മാത്രമല്ല കൃഷിയിലും ആ സൃഷ്‌ടി നടത്താനാകുമെന്ന്‌ തെളിയിക്കുന്നു. ലണ്ടനിലെ ഇസ്‌താമിലുള്ള വീടിന്‌ പിറകിലെ കുറച്ചുസ്ഥലത്ത്‌ കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കണ്ടത്‌ നല്ലൊരു കര്‍ഷകന്‌ മണ്ണിനോടുള്ള അഭേദ്യമായ ബന്ധത്തെയാണ്‌ കാണിക്കുന്നത്‌. കാരൂരുമായുള്ള അഭിമുഖത്തില്‍ നിന്നും രോഗങ്ങള്‍ ബാധിച്ച മൃഗങ്ങളുടെ മാംസം അകത്താക്കുന്നവര്‍, വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നവര്‍, രാസപദാര്‍ത്ഥങ്ങളുള്ള ശീതള പാനിയങ്ങള്‍ കുടിക്കുന്നവരൊക്കെയും പലവിധ രോഗങ്ങളാല്‍ എരിഞ്ഞടങ്ങി ജീവിതത്തോടെ അടിയറവ്‌ പറയുന്നവരാണ്‌. രോഗങ്ങള്‍ തരാത്ത ചക്ക കഴിക്കാന്‍ ആര്‍ക്കും മനസ്സില്ല. അതിന്‌ പകരം വിഷമുള്ളപച്ചക്കറികളും രോഗമുള്ള മാംസവും കഴിക്കാന്‍ അത്യുത്സാഹമാണ്‌. സ്വന്തം വീട്ടില്‍ പച്ചക്കറിയുണ്ടാക്കാനോ ഒരു വാഴ നട്ടുനനച്ച്‌ വളര്‍ത്താനോ മനസ്സില്ല. അതിനും പാണ്ടിനാട്ടില്‍ നിന്നുവരുന്ന വിഷം നിറഞ്ഞ ഏത്തവാഴക്കതന്നെ വേണം. പശുവിന്‌ പുല്ല്‌ അമൃത്‌ എന്നപോലെ ഇന്ന്‌ മലയാളിക്ക്‌ ഇതെല്ലാം അമൃതാണ്‌. ഇന്നത്തെ മലയാളിയുടെ ഭക്ഷണ രീതി വായില്‍ തേനും അകത്ത്‌ വിഷവുമായിട്ടാണ്‌.

ചാരുംമൂട്‌-താമരക്കുളത്തെ ഹരിതവര്‍ണ്ണമായ നെല്‌പ്പാടങ്ങളും, പാടശേഖരങ്ങളും വാഴത്തോപ്പുകളും കരിമ്പിന്‍തോട്ടങ്ങളും കണ്ടുവളര്‍ന്ന കാരൂര്‍ ചെറുപ്പത്തില്‍തന്നെ സ്വന്തം വീട്ടിലെ ഒരു കൂലിപ്പണിക്കാരനായും കൃഷിക്കാരനുമായിട്ടാണ്‌ ജീവിതമാരംഭിക്കുന്നത്‌. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലംമുതലെ സ്വന്തമായി കൃഷിയും, ആടുകളും, കോഴികളുമുണ്ടായിരുന്നു. അന്നുമുതല്‍ പാഠപുസ്‌തകങ്ങളടക്കമുള്ള ചിലവുകള്‍ താങ്ങാനാവാതെ വന്നപ്പോള്‍ ഒരു മോഷ്‌ടാവും ഉള്ളില്‍ വളര്‍ന്നു. അന്നത്തെ മോഷണവസ്‌തുക്കള്‍ തേങ്ങ, കുരുമുളക്‌, പറങ്കിയണ്ടി, നെല്ല്‌ മുതലയാവയായിരുന്നു. കൃഷിയിലും മോഷണത്തിലും ചെറുപ്പത്തില്‍തന്നെ വേണ്ടുന്ന ശിക്ഷണം കിട്ടിയിരുന്നു. ചെമ്മീന്‍ നോവല്‍ തകഴിയുടെ വീട്ടില്‍ നിന്നാണ്‌ മോഷ്‌ടിച്ചത്‌. അത്‌ വാങ്ങാന്‍ കാശില്ലായിരുന്നു. ബീഹാറിലായിരുന്ന കാലം കൈയ്യില്‍ കാശില്ലാതെ വരുമ്പോഴൊക്കെ കടയില്‍ നിന്ന്‌ ബ്രഡ്‌ മോഷ്‌ടിക്കുകയും, തിരക്കുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട്‌ കാശുകൊടുക്കാതെ പോകാനുള്ള കഴിവുണ്ടായിരുന്നു. വടക്കേ ഇന്‍ഡ്യയിലെ മിക്ക ട്രെയിന്‍ യാത്രയും ടിക്കറ്റ്‌ എടുക്കാതെയായിരുന്നു. ഇപ്പോള്‍ മോഷണമില്ല. കൃഷിയിലാണ്‌ താല്‌പര്യം. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളം ചാണകം വാരി ചുമന്ന്‌ കൃഷിസാധനങ്ങള്‍ക്ക്‌ ഇടാറുണ്ടായിരുന്നു. ഇന്നത്തെ എത്ര കുട്ടികള്‍ ചാണകം വാരുന്നവരുണ്ട്‌. ഇന്നവര്‍ക്ക്‌ ചാണകം മാത്രമല്ല മണ്ണും ഇഷ്‌ടമല്ല . ചാണകത്തിന്റെ ദുര്‍ഗന്ധം മാറ്റി കുറെ മധുരം ചേര്‍ത്ത്‌ ഉണ്ടകളാക്കി പുതിയ പേരില്‍ മധുരപലഹാരമായി കൊടുത്താല്‍ കഴിച്ചുകൊള്ളും. മണ്ണ്‌ കുഴിച്ചാല്‍ കിട്ടുന്നത്‌ പൊന്നാണ്‌ കിട്ടുന്നതെന്ന്‌ അവര്‍ക്കറിയില്ല. മക്കളെ കറുത്ത കണ്ണും വെളുത്ത ചോറും കൊടുത്തു വളര്‍ത്തണമെന്ന്‌ പഴമക്കാര്‍ പറയാറുണ്ടായിരുന്നു. ഇന്നത്‌ കാണുന്നുണ്ടോ? എത്ര മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ പച്ചക്കറിയുണ്ടാക്കുന്നുണ്ട്‌. അല്ലെങ്കില്‍ കൃഷി ചെയ്യുന്നുണ്ട്‌. ഭൂമി സ്വന്തമായി ഇല്ലാഞ്ഞിട്ടാണോ? ശരീരത്തിന്‌ രക്തവും മാംസവും ആരോഗ്യവും തരുന്ന കൃഷിയോടുള്ള നമ്മുടെ സമീപനത്തിന്‌ മാറ്റം വരാതെ നാടിനെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന്‌ മുക്തി നേടാനാവില്ല. പാഠ്യവിഷയങ്ങളിലൂടെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടികളെ കൃഷിക്കാരനാക്കാന്‍ കഴിയും. ഇതിന്‌ ആദ്യപാഠം തുടങ്ങേണ്ടത്‌ സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയാണ്‌. ഇവരില്‍ നല്ലൊരു വിഭാഗം പറയുന്നത്‌ സമയം ഇല്ലെന്നാണ്‌. ഇവര്‍ക്ക്‌ കലികാല - കലകള്‍, സിനിമ, സീരിയലുകള്‍ കണ്ടിരിക്കുന്നതില്‍ ഒരു സമയകുറവുമില്ല. വിനോദത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെക്കുന്നവര്‍ക്ക്‌ മണ്ണിനെ പൊന്നാക്കി മാറ്റാന്‍ കഴിയാത്തത്‌ മടികൊണ്ടാണ്‌. ഇവിടെ അദ്ധ്വാനമാണ്‌ വേണ്ടതെന്ന്‌ ചാനലുകള്‍ കണ്ടിരിക്കുന്നവര്‍ മനസ്സിലാക്കണം. ദൃശ്യമാധ്യമങ്ങളില്‍ വേഷം കെട്ടിയാടുന്നവരെ കണ്ടിരിക്കുന്നവരില്‍ എന്തൊരഭിമാനമാണുള്ളത്‌. ഈ പ്രച്ഛന്നവേഷക്കാരെ കണ്ടിരുന്നു സായൂജ്യമടയുന്ന മാതാപിതാക്കള്‍ സ്വന്തം കുട്ടികള്‍ക്ക്‌ ഭക്ഷിക്കാന്‍ കൊടുക്കുന്നതും വിഷമാണെന്ന്‌ മറക്കരുത്‌. ഇന്നത്തെ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്‌ നടീനടന്മാരാണ്‌. മത്സരങ്ങളില്‍ പഠിപ്പിക്കുന്നതും സിനിമകളാണ്‌. ഈ കമ്പോളസംസ്‌കാരത്തെ തിരിച്ചറിയാന്‍ മൂല്യബോധമുള്ള മാതാപിതാക്കള്‍ തയ്യാറാകണം. ഇതിലൂടെന്തു നേട്ടമാണ്‌ സമൂഹത്തിനുള്ളത്‌? ഇല്ലെങ്കില്‍ ഒരു ജീര്‍ണ്ണിച്ച സംസ്‌കാരിത്തിനടിമകളായി നമ്മുടെ കുട്ടികള്‍ മാറുമെന്നതിന്‌ സംശയമില്ല. കര്‍ഷകനെ പ്രതിപാദിക്കുന്ന മണ്ണിന്റെ കഥകള്‍ പറയുന്ന രണ്ടിടങ്ങഴി, മണ്ണിന്റെ മാറില്‍, വിഷകന്യക, സംക്രാന്തി തുടങ്ങി ശ്രേഷ്‌ട സാഹിത്യ കൃതികളെപ്പറ്റി നമ്മുടെ കുട്ടികള്‍ക്ക്‌ എന്തെങ്കിലുമറിയാമോ? അറിവില്ലാത്തതുപോലെ അറിവുകളും വേണ്ടെന്നാണോ? അവാര്‍ഡ്‌ പുസ്‌തകങ്ങള്‍ മാത്രം വായിച്ചാല്‍ അറിവുണ്ടാകണമെന്നില്ല.

ഗള്‍ഫ്‌ മലയാളികളും വിഷാംശമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണ്‌. എത്ര മാസങ്ങള്‍, വര്‍ഷങ്ങള്‍ ഓരോരോ രാജ്യങ്ങളില്‍ നിന്നുവരുന്ന ഫ്രീസ്സറിലിരിക്കുന്ന മാംസമടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ച്‌ തടിച്ചുകൊഴുക്കുന്നവരെ കാണാം. യൗവ്വനക്കാരായവരെ രോഗം അധികം ബാധിക്കാറില്ലെങ്കിലും പ്രായമാകുന്തോറും പലവിധ രോഗങ്ങള്‍ അവരെയും പിടികൂടൂന്നുണ്ട്‌. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ചേരുന്ന വ്യായാമമില്ല. ഗള്‍ഫില്‍ കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തതാണ്‌ അതിന്‌ കാരണം. അവരുടെ ദൈനംദിന ജീവിതം നിത്യവും മാരകമാംവിധം അപകടമല്ലെങ്കിലും പണം കണ്ടു മറ്റുള്ളതെല്ലാം മറക്കുന്നു. കേരളത്തിലേതുപോലെ ഗള്‍ഫ്‌കാരന്റെ പണവും വിഷംതിന്നുന്നതിന്‌ ചികിത്സിക്കാനാണ്‌ ഉപയോഗിക്കുന്നത്‌. ആശുപുത്രികാര്‍ക്ക്‌ ചാകരയുടെ കാലം. പാശ്ചാത്യരാജ്യങ്ങളില്‍ വളരെ ചുരുക്കം ആള്‍ക്കാരാണ്‌ ചെറിയ കൃഷികള്‍ ചെയ്യുന്നത്‌. മടിയന്മാരായ മലയാളികള്‍ കൃഷി ചെയ്യാറില്ല. കൃഷിക്ക്‌ തടസ്സമായിട്ടുള്ളത്‌ ഇവിടുത്തെ മഞ്ഞും തണുപ്പുമാണ്‌. അഞ്ചാറു മാസങ്ങള്‍ മാത്രമേ ഇവിടെ കൃഷിക്കാവശ്യമായ ചൂട്‌ ലഭിക്കാറുള്ളു. വിവിധ രാജ്യങ്ങളില്‍ നിന്ന്‌ വരുന്ന പച്ചക്കറികളും മറ്റ്‌ സാധനങ്ങളുടെയും പരിശോധനാഫലങ്ങള്‍ പുറത്തുവരാറുണ്ട്‌. അതിന്‌ പൂര്‍ണ്ണ പരിശോധനയെന്ന്‌ പറയാനാവില്ല. ഇവിടെ വില്‌ക്കുന്ന ഏതു സാധനമായാലും അതിന്റെ ഗുണനിലവാരം പരിശോധനക്ക്‌ വിധേയമാകുന്നുവെന്ന്‌ ഭയം കച്ചവടക്കാര്‍ക്കുണ്ട്‌. അത്‌ ഭക്ഷണശാലകള്‍ക്കും ഏറെ ബാധകമാണ്‌. നമ്മുടെ പിതാമഹന്‍മാര്‍ കൃഷിക്കാരായതിനാല്‍ അവരിലധികം പേരും രോഗികളായിരുന്നില്ല. നമ്മുടെ ജീവിതവും ഭക്ഷണരീതികളും മാറിയതിനാല്‍ നമ്മളില്‍ കൂടുതല്‍ പേരും വിവിധരോഗങ്ങളുമായി ജീവിക്കുന്നവരാണ്‌. വിഷബാധയുള്ള രോഗമുള്ള, രോഗാണുക്കളുള്ള പച്ചക്കറികള്‍, പലഹാരങ്ങള്‍, ഭക്ഷണങ്ങള്‍ മാംസങ്ങള്‍ കച്ചവടം ചെയ്‌ത്‌ കാശുണ്ടാക്കുന്നവരെ നിയമം വഴി നിയന്ത്രിക്കാനോ, ശിക്ഷിക്കാനോ നമുക്ക്‌ കേരളത്തില്‍ കഴിയുന്നില്ല. ഓരോ ഭക്ഷണപദാര്‍ത്ഥങ്ങളും ഒരു ലാബില്‍ പരിശോധന കഴിയുമ്പോള്‍ മാത്രമെ അതിലെ ഭയാനകത നമ്മള്‍ക്ക്‌ മനസിലാകൂ. ഓരോ കുടുംബവും ജൈവപച്ചവളത്തിലൂടെ കൃഷിയിലേര്‍പ്പെട്ടാല്‍ നമ്മിലേക്ക്‌ പത്തിവിടര്‍ത്തിയാടി വരുന്ന വിഷപാമ്പിനെ അകറ്റി നിറുത്താനാകും. ഇന്‍ഡ്യയില്‍ പട്ടിണിയില്‍ കഴിയുന്ന ബഹുഭൂരിപക്ഷവും ജനങ്ങളെ കൃഷിക്കാരാക്കി മാറ്റിയാല്‍ പട്ടിണിയും ദാരിദ്ര്യവും മാറും. വോട്ട്‌ ബാങ്ക്‌ എന്ന നിഗൂഡ ലക്ഷ്യമുള്ളവര്‍ അതിന്‌ ശ്രമിക്കുന്നില്ല. അക്രമണകാരികളായുള്ള രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം കൃഷിക്കാരന്‍ ആകുകയെന്നുള്ളതാണ്‌. വിനോദോപാധികളില്‍ മുഴുകയിരിക്കുന്നവര്‍ക്ക്‌ ഇതൊരു വിനോദമാക്കാം അല്ലാത്തവര്‍ ഞരമ്പുരോഗികളായി കഴിയട്ടെ.
കഥാകാരനായ കൃഷിക്കാരന്റെ ഓണസമ്മാനം (ശശി ചെറായി)കഥാകാരനായ കൃഷിക്കാരന്റെ ഓണസമ്മാനം (ശശി ചെറായി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക