Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2015
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി
ഷിക്കാഗോ: സമൃദ്ധമായ ഓണം- ഒറ്റ വാക്യത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. എക്കാലവും പ്രത്യേകതകളുള്ള ഓണമാണ്‌ ഐ.എം.എ ജനങ്ങള്‍ക്ക്‌ കാഴ്‌ചവെച്ചിട്ടുള്ളത്‌. ഇത്തവണയും അത്‌ ആവര്‍ത്തിച്ചു.

മലബാര്‍ കേറ്ററിംഗ്‌ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. കാര്‍ഷിക വിഭവങ്ങളുടെ വഞ്ചിയുടെ പ്രദര്‍ശനം കാണികളേവരുടേയും പ്രശംസ പടിച്ചുപറ്റി. കൃത്യം 6.30-ന്‌ തന്നെ ചെണ്ടമേളം ആരംഭിച്ചു. ആകാശത്തോളം ഉയരുന്ന നാദധ്വനി. ഷിക്കാഗോയിലെ ചെണ്ട കലാകാരന്മാരുടെ കരവിരുത്‌ കാണികളെ ഏറെ ആകര്‍ഷിച്ചു. താലപ്പൊലിയേന്തിയ മലയാളി മങ്കമാര്‍ അണിനിരന്നപ്പോള്‍ ഘോഷയാത്രയ്‌ക്ക്‌ തുടക്കമായി. പുലികളിയും, മുത്തുക്കുടകളും, വിശിഷ്‌ടാതിഥികളോടൊത്ത്‌ നീങ്ങിയ ഘോഷയാത്ര കേരളത്തിലെ ഗ്രാമത്തിലെ ഓണാഘോഷത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഷിക്കാഗോയിലെ മലയാളി പ്രവാസികള്‍ക്ക്‌ അനുഭവപ്പെട്ടത്‌. ഈ സന്തോഷത്തില്‍ അണിചേരുവാന്‍ മലയാളികള്‍ മാത്രമല്ല, നല്ലൊരു സംഖ്യ ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും സമീപവാസികളായ ഇസ്രയേല്‍ വംശജരും ഉള്‍പ്പെട്ടിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ്‌ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ മുഖ്യാതിഥിയായി എയര്‍ ഇന്ത്യ മിഡ്‌വെസ്റ്റ്‌ റീജിയന്‍ മാനേജര്‍ നകുല്‍ ചന്ദ്‌ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. കോര്‍ ബിഷപ്പ്‌ കുര്യാക്കോസ്‌ തോട്ടുപുറം ഓണസന്ദേശം നല്‍കി. മാനവീകതയാണ്‌ ഓണം നല്‍കുന്ന പാഠമെന്ന്‌ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യോഗത്തില്‍ ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ഫൊക്കാനാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സന്തോഷ്‌ നായര്‍, ഫൊക്കാന മുന്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനില്‍കുമാര്‍ പിള്ളയായിരുന്നു പരിപാടികളുടെ അവതാരകന്‍.

പൊതുയോഗത്തിനുശേഷം കലാപരിപാടികള്‍ ആരംഭിച്ചു. ഷിക്കാഗോയിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച രണ്ടു മണിക്കൂര്‍ നീണ്ട കലാസദ്യ ഷിക്കാഗോ മലയാളികള്‍ക്ക്‌ വേറിട്ടൊരു അനുഭവമായിരുന്നു. കലാപരിപാടികള്‍ക്കിടയില്‍ ഐ.എം.എ ബോട്ട്‌ ക്ലബ്‌ അവതരിപ്പിച്ച സ്റ്റേജിലെ വള്ളംകളി ഗൃഹാതുര സ്‌മരണകളുണര്‍ത്തുന്നതായിരുന്നു.

പരിപാടികള്‍ പലതുമുണ്ടായിട്ടും തുച്ഛമായ പ്രവേശന ഫീസില്‍ ശ്രദ്ധേയമായൊരു ഓണാഘോഷം മലയാളിക്ക്‌ സമ്മാനിക്കാന്‍ അസോസിയേഷനു കഴിഞ്ഞ സംതൃപ്‌തിയിലാണ്‌ പ്രവര്‍ത്തകര്‍.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായിഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായിഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായിഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക