Image

കട ബാധ്യതയില്ലാത്ത സ്വപ്നങ്ങളുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പും ഡോ. റോയിയും

Published on 03 September, 2015
കട ബാധ്യതയില്ലാത്ത സ്വപ്നങ്ങളുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പും ഡോ. റോയിയും
ഒരു ബില്യന്‍ ആസ്തി (വിറ്റുവരവല്ല) ഉള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനെങ്കിലും ഡോ. റോയ് സി.ജെ ഇപ്പോഴും തൊഴിലാളിയാണ്. ഒന്നാം തീയതി ശമ്പളം കിട്ടുമ്പോള്‍ സന്തോഷം. തൊഴിലാളിയെപ്പോലെ തന്നെ ഇപ്പോഴും ജോലി ചെയ്യുന്നു.

സ്വന്തം ശമ്പളത്തില്‍ നിന്നും എടുത്താണ് പ്രത്യേക സമ്മാനങ്ങളും സഹായങ്ങളുമൊക്കെ നല്‍കുന്നത്. കമ്പനിക്കാശല്ലെന്നര്‍ത്ഥം. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷത്തില്‍ സ്‌പോണ്‍സറായതിനു പുറമെ കലാപരിപാടികള്‍ തുടങ്ങും മുമ്പ് മികച്ച കലാപരിപാടിക്ക് 3000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച അദ്ദേഹം ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തു. തുക 1000 പ്രഖ്യാപിച്ചാലും ഇതേ ശ്രദ്ധ ലഭിക്കുമായിരുന്നു. പക്ഷെ കോണ്‍ഫിഡന്റ് ഗ്രൂപ്പും ചെയര്‍മാനുമാകുമ്പോള്‍ പ്രതീക്ഷകള്‍ കവച്ചുവെയ്ക്കുന്നു.

ഡോ. റോയിയുടെ പ്രവര്‍ത്തനങ്ങളിലും കോണ്‍ഫിഡന്റിന്റെ വിജയകഥയിലും ഉയരത്തില്‍ പറക്കുന്ന പക്ഷിയുടെ കണ്ണുണ്ട്. വലിയ സ്വപ്നങ്ങളും വലിയ നേട്ടങ്ങളും. ഒരു ദശാബ്ദം കൊണ്ട് ഇത്രയേറെ വിജയംവരിച്ച കമ്പനികള്‍ അപൂര്‍വ്വം. വലുതായി ചിന്തിച്ചില്ലെങ്കില്‍ എങ്ങനെ വലുതാകാനാകുമെന്നദ്ദേഹം ചോദിക്കുന്നു.

ഗ്രൂപ്പിന്റെ ലോഗോയില്‍ കഴുകനാണു.പക്ഷികളുടെ രാജാവ്, അകലത്തിലുള്ള കാര്യങ്ങള്‍ കാണാന്‍ പറ്റുന്ന കണ്ണുകള്‍.
 
വിജയത്തിനു വേറേയും ചേരുവകകളുണ്ട്. തലപ്പത്തുള്ളവരാരും മദ്യം തൊടുകപോലുമില്ല. (അങ്ങനെയുള്ളവര്‍ക്ക് അമേരിക്കയില്‍ എങ്ങനെ സംരംഭങ്ങള്‍ തുടങ്ങാനാവുമെന്നാണ് അമേരിക്കന്‍ മലയാളികളുടെ സന്ദേഹം).

വിജയങ്ങളൊന്നും തലയ്ക്ക് പിടിച്ചിട്ടില്ല. അതിനാല്‍ മുതലാളിയായല്ല, വെറും ഡോ. റോയിയായാണ് എല്ലാവരോടും ഇടപെടുന്നത്.

വലുതായി ചിന്തിച്ചില്ലെങ്കില്‍ എങ്ങനെ വലുതാകാനാകുമെന്നദ്ദേഹം ചോദിക്കുന്നു. ചെറിയ രീതിയില് തുടങ്ങി ക്രമേണ പടര്‍ന്നുകയറുകയെന്നതാണു വാണിജ്യവ്യവസായ രംഗത്തെ ബ്രാന്‍ഡുകളുടെ പതിവുരീതി.കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ശ്രദ്ധേയമാക്കുന്നത് അതില്‍ നിന്നു വ്യതസ്തമായി ചിന്തിച്ചു എന്നതാണു. ശരിയായ ആസൂത്രണത്തിലൂടെ പെട്ടെന്നു വളര്‍ച്ച നേടാന്‍ സാധിച്ചതോടൊപ്പം വിവിധ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാനായി എന്നതും നേട്ടമായി.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ സൗധങ്ങള്‍ (താമസിക്കാനുള്ളവയും, ബിസിനസിനും) പണിത് ദക്ഷിണേന്ത്യയില്‍ ആധിപത്യമുറപ്പിച്ച കോണ്‍ഫിഡന്റിനു കടങ്ങളില്ല. സീറോ ഡെബ്റ്റ് കമ്പനി. വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണെന്നും സ്വപ്നങ്ങള്‍ വിലയ്ക്ക് വില്‍ക്കാവുന്നതല്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇതു സാധിതമായതിന്റെ സാമ്പത്തികശാസ്ത്രം സാധാരണക്കാരനു മനസ്സിലായെന്നു വരില്ല. ആദ്യം നഗരപ്രാന്തങ്ങളില്‍ വലിയതോതില്‍ സ്ഥലം വാങ്ങിയിടുന്നു. ക്രമേണ അതിനു വലിയ വില ഉണ്ടാകുന്നു. അവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മൂല്യം പിന്നേയും ഉയരുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് സീറോ ഡെബ്റ്റ് ആണെങ്കിലും ഹോസ്പിറ്റാലിറ്റി ഡിവിഷനില്‍ വ്യത്യാസമുണ്ട്. അതു മനുഷ്യന്റെ സ്വപ്നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടതല്ലെന്നതുതന്നെ പ്രധാന കാരണം.

കമ്പനി വലിയ വളര്‍ച്ച നേടിയെങ്കിലും ഇതൊന്നും വെറും ഭാഗ്യംകൊണ്ടല്ലെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കഠിനാധ്വാനം കൂടാതെ ഒരു വിജയവും ആര്‍ക്കും ഉണ്ടാകാറില്ല. അല്ലെങ്കില്‍ പിന്നെ വല്ല ലോട്ടറിയും അടിക്കണം.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും വിജയപതാക പാറിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് അമേരിക്കയിലേക്കും വൈകാതെ ചേക്കേറും. റിയല്‍ എസ്റ്റേറ്റും ഹോസ്പിറ്റാലിറ്റിയും തന്നെ മേഖലകള്‍. വിദഗ്ധമായ പഠനത്തിനുശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ എത്തണമെന്നതായിരുന്നു ചെറുപ്പത്തിലെ മോഹം. അതുണ്ടായില്ലെങ്കിലും ഹ്യൂലെറ്റ് പായ്ക്കാര്‍ഡിലും മറ്റും ഉന്നതശ്രേണിയില്‍ ജോലി ചെയ്തശേഷമാണ് മറ്റൊരു അഭിലാഷമായിരുന്ന ബിസിനസ് രംഗത്തേക്ക് തിരിഞ്ഞത്.

ബാംഗ്ലൂരിലെ പ്രധാനപ്പെട്ട നാലു ഹോട്ടലുകള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റേതാണ്. സാധനസാമിഗ്രികള്‍ വാങ്ങിച്ചുകൂട്ടിവയ്ക്കില്ലെന്നതാണ് റിയല്‍ എസ്റ്റേറ്റില്‍ കടബാധ്യത വരാത്തതിനു ഒരു കാരണമെന്നു അദ്ദേഹം വിശദീകരിച്ചു. ബില്‍ഡിംഗിനുള്ള സാമിഗ്രികള്‍ മൂന്നു ദിവസത്തേക്കുള്ളതേ വാങ്ങൂ. പിന്നീട് വില കൂടിയാലും കുറഞ്ഞാലും പ്രശ്‌നമില്ല. തങ്ങളുടെ പണം വെറുതെ കിടക്കുന്നില്ല.

കടം ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നദ്ദേഹം പറയുന്നു. ക്രെഡിറ്റ് കാര്‍ഡും മറ്റും ഉള്ളപ്പോള്‍ കഴിവിലും കൂടുതല്‍ ചെലവിടാന്‍ തോന്നും. അതിനാല്‍ കൈയ്യില്‍ ഉള്ളത് ഡെബിറ്റ് കാര്‍ഡ് മാത്രം.

കലകള്‍ക്കും മറ്റും സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത് കലയോടുള്ള സ്‌നേഹവും, പ്രോത്സാഹിപ്പിക്കണമെന്ന ആഗ്രഹവും കൊണ്ടാണ്. ആയിരം ഹല്‍വ ഉണ്ടാക്കുന്നയാള്‍ ഒരു ഹല്‍വ വെറുതെ കൊടുത്താല്‍ സ്ഥാപനം പൂട്ടുകയൊന്നുമില്ലല്ലോ.

കലകള്‍ ഇഷ്ടമാണെങ്കിലും സീരിയലുകളൊന്നും സ്‌പോണ്‍സര്‍ ചെയ്യില്ല. പക്ഷെ റിയാലിറ്റി ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യും.

സിനിമാ രംഗത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പ് സജീവമാണു. പരാജയപ്പെട്ട കാസനോവ തുടങ്ങി എതാനും ചിത്രങ്ങള്‍ കമ്പനി നിര്‍മ്മിച്ചു. സിനിമ നഷ്ടമായാലും അതില്‍ നിന്നുള്ള പരസ്യം വലുതായിരുന്നു.


ദീര്‍ഘദൃഷ്ടിയോടു കൂടി ആസൂത്രണം നടത്തുന്നതും ശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നതും ടീം സ്പിരിറ്റുമാണു വിജയമന്ത്രം. ബാങ്ക് വായ്പ സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടോടെയായിരുന്നു തുടക്കം.
ആഗോള സാമ്പത്തിക മാന്ദ്യം ഗ്രൂപ്പിനെ ബാധിച്ചില്ലെന്നു ഡോ. റോയ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.കടബാധ്യത ഇല്ലാതിരുന്നതിനാല്‍ മാന്ദ്യകാലത്തു നിര്‍മാണം നിര്‍ത്തേണ്ടി വന്നില്ല.

കെട്ടിട നിര്‍മ്മാണ രംഗത്തു പലതരം പദ്ധതികളാണു ഗ്രൂപ്പ് നടപ്പാക്കിവരുന്നത്. ഗോള്‍ഫ് കമ്മ്യൂണിറ്റി, വില്ലകള്‍, ടൗണ്‍ഷിപ്പുകള്‍, വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍, സോഫ്‌റ്റ്വെയര്‍ ടവറുകള്‍, പാര്‍ക്കുകള്‍, ടൗണ്‍ഷിപ്പുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ.

ക്വാളിറ്റി മാനേജ്‌മെന്റ് സംവിധാനത്തിന് ഐ.എസ്.ഒ. 90012008 അംഗീകാരവും പാരിസ്ഥിതിക മാനേജ്‌മെന്റ് സംവിധാനത്തിന് ഐ.എസ്.ഒ. 14001:2004 അംഗീകാരവും നിലനിര്‍ത്തുന്നുണ്ട്. ഓരോ പദ്ധതിക്കും അതാതു മേഖലകളിലെ വിദഗ്ദ്ധരെ ഏല്പിക്കുന്നു. ചാംപ്യന്‍ റീഫ് ഗോള്‍ഫ് കോഴ്‌സ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍, അന്താരാഷ്ട്ര പ്രശസ്ഥനായ ശ്രദ്ധേയനായ ബില്‍ കെസ്‌നറെ കൊണ്ടു വന്നു. 1450 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് കമ്മ്യൂണിറ്റിയാണുകോണ്‍ഫിഡന്റ് ചാംപ്യന്‍ റീഫ്.

ഏവിയേഷന് രംഗത്തെ തുടക്കമെന്ന നിലയില്‍ അഞ്ചു വര്‍ഷം മുന്‍പ് വിമാനംവാങ്ങി.

ഗിയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണു വിദ്യാഭ്യാസ പദ്ധതി.ബാംഗ്ലൂര്‍ സര്‍ജാപൂരിലെ കോണ്‍ഫിഡന്റ് കനോപ്പസ് എന്ന ടൗണ്‍ഷിപ്പിന്റെ ഭാഗമായാണ് കോണ്‍ഫിഡന്റ്ഗിയര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍.മോണ്ടിസ്സോറി മാതൃകയിലുള്ള പഠന രീതിയാണ് ഇവിടെ.

ഡോ. റോയ്അഞ്ചു വര്‍ഷം മുന്‍പ് പറഞ്ഞു: ബിസിനസ് ചിന്തകള്‍ സജീവമായ മനസ്സായിരുന്നു എന്റേത്. ജോലി ചെയ്തുകൊണ്ടായിരുന്നു തുടക്കം. ബി.പി.എല്‍., ടി.വി.എസ് ഇലക്ട്രോണിക്‌സ്, എച്ച്.പി. എന്നീ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. എച്ച്.പിയില്‍ പ്ലാനിംഗ് വകുപ്പിന്റെ തലവനായിരുന്നു. പിന്നീട് ബാംഗ്ലൂരില്‍ കെട്ടിടനിര്‍മാണ കമ്പനിയില്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഈ ജോലികള്‍ എനിക്കു സമ്മാനിച്ച അനുഭവസമ്പത്ത് പറഞ്ഞറിയിക്കാവുന്നതല്ല. സ്വന്തമായൊരു ബിസിനസ് എന്ന പദ്ധതിക്കു തുടക്കമിട്ടതും ഈ ജോലിത്തിരക്കുകള്‍ക്കിടയില്‍ തന്നെ.

രണ്ടു കാര്യങ്ങളാണു ഞങ്ങളുടെ കരുത്ത്. കടമില്ലാത്ത കമ്പനിയെന്നതും ഉപഭോക്താക്കളുടെ തികഞ്ഞ വിശ്വാസം നേടാനായി എന്നതും.
കടം തരുന്ന ബാങ്കുകളുടെ പെരുമാറ്റം മഴയില്ലാത്തപ്പോള്‍ കുട തരികയും മഴ പെയ്തു തുടങ്ങുമ്പോള്‍അതെടുത്തു മാറ്റുകയും ചെയ്യുന്ന തരത്തിലുള്ളതാണ്. സീറോ ഡെറ്റ് കമ്പനി എന്ന ആശയം കെട്ടിടനിര്‍മ്മാണ രംഗത്ത് അവതരിപ്പിച്ചതു തന്നെ ഞങ്ങളാണ്.

ഞങ്ങളില്‍ നിന്നു വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നവരുടെ വിശ്വാസം വളരെ പ്രധാനമാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണു കോണ്‍ഫിഡന്റ് ഗ്രൂപ്പ് വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിര്‍മ്മാണത്തിന്റെ ഏതു ഘട്ടത്തിലും ഉപഭോക്താക്കള്‍ക്കു തങ്ങളുടെ വീടിന്റെയോ ഫ്‌ളാറ്റിന്റെയോ ജോലി പുരോഗമിക്കുന്നതെത്രമാത്രം എന്ന് വെബ്‌സൈറ്റ് നോക്കി സ്വയം ബോദ്ധ്യപ്പെടാം.

പ്രശ്‌നങ്ങള്‍ നേരിട്ടു ചെയര്‍മാന്റെ അടുക്കലെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റിനെ വ്യവസായമായിത്തന്നെ കണ്ടാണു പ്രവര്‍ത്തിക്കുന്നത്.

പ്രതിസന്ധികള്‍ പലതും വഴിയില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ ഓരോ വീഴ്ചയെയും ഒരു അവസരമായി കാണുകയാണ് എന്റെ രീതിയെന്നതിനാല്‍ തളര്‍ച്ച ഉണ്ടായതേ ഇല്ല. നിയമത്തിന്റെ വഴികളിലൂടെ തന്നെ മുന്നോട്ടുപോയാണു പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത്.

കേവലം ബാംഗ്ലൂരില്‍ കേന്ദ്രീകരിക്കുന്നതു ശരിയല്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു കേരളത്തിലേക്കും ദൂബായിയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചത്

ആറു മേഖലകളാണു പ്രവര്‍ത്തനത്തിനായി തെരഞ്ഞടുത്തിരിക്കുന്നത്. ഇന്‍ഫ്രസ്ട്രക്ചര്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എജുക്കേഷ്, ഹെല്‍ത്ത് കെയര്‍, എന്റര്‍ടെയ്ന്‍ മെന്റ് എന്നിവ.
കമ്പനി അപ്പര്‍ കാക്കനാട്ട് നിര്‍മിച്ചിട്ടുള്ള കോണ്‍ഫിഡന്റ് അട്രിയ മൂന്നിന് 7 സ്റ്റാര്‍ പദവി ലഭിച്ചിരുന്നു.
കട ബാധ്യതയില്ലാത്ത സ്വപ്നങ്ങളുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പും ഡോ. റോയിയും
Join WhatsApp News
Justice 2015-09-12 20:39:31
Jobi ,the idea star singer still he did not get the flat because he want to pay tax 400000 Rs for tax.
What a nonsense that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക