Image

ആദരവിന്റെ പുഷ്പങ്ങള്‍ (സെപ്റ്റംബര്‍-5-അദ്ധ്യാപകദിനം സ്‌പെഷല്‍ ലേഖനം)

മീട്ടു റഹ്മത്ത് കലാം Published on 04 September, 2015
ആദരവിന്റെ പുഷ്പങ്ങള്‍ (സെപ്റ്റംബര്‍-5-അദ്ധ്യാപകദിനം സ്‌പെഷല്‍ ലേഖനം)
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, സര്‍വ്വോപരി അദ്ധ്യാപകനുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചാം തിയതിയാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിനത്തില്‍ മറ്റൊരു മഹത്‌വ്യക്തിത്വത്തെക്കൂടി ഓര്‍ക്കാതെ വയ്യ- പ്രസിഡന്റ്, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്റെ മിസൈല്‍മാന്‍ തുടങ്ങി 'എന്തായി സ്മരിക്കപ്പെടാനാണ്' ആഗ്രഹം എന്ന സഹപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'അദ്ധ്യാപകന്‍' എന്ന മറുപടി പറഞ്ഞ് അത്ഭുദപ്പെടുത്തിയ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.

അദ്ദേഹം അവസനായാത്രപോയതും പഠിപ്പിച്ചുകൊണ്ടായിരുന്നു. ആഗ്രഹിച്ചതുപോലെ അന്ത്യനിമിഷവും പ്രിയപ്പെട്ട കര്‍മ്മമണ്ഡലത്തില്‍ എന്നത് ചെയ്ത നന്മയുടെ ഫലം.(ഷില്ലോങ്ങില്‍ ഐഐഎമ്മില്‍ പ്രഭാഷണത്തിനിടെ ജൂലൈ 28, 2015) ആണ് കലാമിന്റെ വിടവാങ്ങല്‍.
'മാതാ പിതാ ഗുരു ദൈവം' എന്നതില്‍ ഗുരുവിന് ദൈവത്തെക്കാള്‍ സ്ഥാനം കല്പിക്കുന്നതാണ് ഭാരതീയ സംസ്‌കാരം. ശിഷ്യന്റെ മനസ്സിലെ ഇരുട്ട് നീക്കി വെളിച്ചം പകരുന്നവനാണ് യഥാര്‍ത്ഥ ഗുരു. 
സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവ നേടിയെടുക്കാനും ജീവിതം കൊണ്ടും നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത എ.പി.ജെ. ഗുരു എന്ന വാക്കിന്റെ പൂര്‍ണ്ണതയാണ്. 
കുട്ടികളുമായി സമയം ചെലവഴിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന കലാം, അവരില്‍ ഇന്ത്യയുടെ സമൃദ്ധമായ ഭാവി കണ്ടു. യുവാക്കാളുമായി ഒരു മാസ്മരിക ബന്ധം വളരെ പെട്ടെന്ന് വളര്‍ത്തിയെടുക്കാന്‍ വല്ലാത്തൊരു പാടവം അദ്ദേഹം പ്രകടിപ്പിച്ചു. കലാം സംവദിച്ചിരുന്നത് ഹൃദയം കൊണ്ടാണ്. അതുകൊണ്ടു തന്നെ ആ ഭാഷയിലെ സ്‌നേഹത്തിന്റെ  നനവ് ചുറ്റുമുള്ളവര്‍ തിരിച്ചറിയുകയും ഏറ്റവും ജനകീയനായ രാഷ്ട്രപതിയായി അദ്ദേഹത്തെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു.

രാമേശ്വരത്തെ  ഒരു ചെറിയ സ്‌കൂളിലായിരുന്നു അബ്ദുള്‍ കലാമിന്റെ പഠനം ഫീസ് കൊടുക്കാന്‍ പലപ്പോഴും കാശുണ്ടായിരുന്നില്ല. സെന്റ് ജോസഫ് കോളേജിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം സ്‌കോളര്‍ഷിപ്പോടെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിംഗില്‍ നിന്ന് എയറണോട്ടിക്കല്‍ എന്‍ജിനിയറായി പുറത്തിറങ്ങിയതോടെ ഇന്ത്യയ്ക്ക് അഗ്നിച്ചിറകുകള്‍ മുളച്ചു വികസനത്തെയും, വിജ്ഞാനത്തെയും സമന്വയിപ്പിക്കുന്ന അപൂര്‍വ്വ രസക്കൂട്ട് അദ്ദേഹം നമുക്ക് തന്നു.

2014-ല്‍ എന്റെ പത്താം ക്ലാസ് പരീക്ഷയുടെ അവധിക്കാലത്താണ് അബ്ദുള്‍ കലാമിന്റെ 'വിങ്‌സ് ഓഫ് ഫയര്‍' വായിക്കുന്നത്. അദ്ദേഹത്തിനൊരു കവിത എഴുതി അയയ്ക്കുമ്പോള്‍ മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കവിത നന്നായിരിക്കുന്നു, എഴുത്ത് കൈവിടരുത്, എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ സന്ദേശം രാഷ്ട്രപതി ഭവനില്‍ നിന്ന് കോട്ടയത്തെ എന്റെ വീട്ടില്‍  എത്തി. അതെനിക്ക് വലിയൊരു പ്രചോദനമായി. എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ പ്രവൃത്തിമേഖല തിരഞ്ഞെടുക്കുന്നതില്‍ അബ്ദുള്‍ കലാം എന്ന പ്രതിഭ ഒരു നിയോഗമായിട്ടുണ്ട് എന്നുവേണം അനുമാനിക്കാന്‍. വരുന്ന തലമുറകള്‍ക്ക് കൂടി പഠിക്കാനുള്ളത് ബാക്കി വെച്ചാണ് ദീര്‍ഘദര്‍ശിയായ ആ മഹാഗുരു യാത്രയായത്.

അക്കൗണ്ടില്‍ വന്‍സമ്പാദ്യമില്ലാതെ ഒട്ടേറെപ്പേരുടെ സ്‌നേഹവും ആദരവും നേടി അവസാന ശ്വാസം വരെ വിജയപേടകത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ജീവിതം മഹത്തായ പാഠപുസ്തകമാണ്. താന്‍ മരിക്കുമ്പോള്‍ അവധി നല്‍കരുതെന്നും അധിക ജോലി ചെയ്യുകയാണ് വേണ്ടതെന്നുമുള്ള പാഠം മരണാനന്തരം ഓരോര്‍മ്മപ്പെടുത്തലായി. വന്ദ്യഗുരുവിന് ആദരവിന്റെ ആയിരം പൂക്കള്‍…..

ആദരവിന്റെ പുഷ്പങ്ങള്‍ (സെപ്റ്റംബര്‍-5-അദ്ധ്യാപകദിനം സ്‌പെഷല്‍ ലേഖനം)
Join WhatsApp News
vayanakaran 2015-09-05 04:04:33
വിവാഹ നിശ്ചയ വിവരം
ഇ മലയാളിയിൽ വായിച്ചു. എല്ലാ
നന്മകളും നേരുന്നു. ഓരോ വിശേഷങ്ങൾക്കും
ഇങ്ങനെ എഴുതുന്നത് അഭിലഷണീയം.ഏഴാം
കടലിന്നിക്കരെയുള്ളവർക്ക് കാലം കടന്നു
പോകുന്ന വിവരം മനസ്സിലാക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക