Image

വര്‍ഗീയ വിഷം, അധിക്ഷേപം ഭൂഷണമല്ല (ലേഖനം) മോന്‍സി കൊടുമണ്‍

മോന്‍സി കൊടുമണ്‍ Published on 09 September, 2015
വര്‍ഗീയ വിഷം, അധിക്ഷേപം ഭൂഷണമല്ല  (ലേഖനം) മോന്‍സി കൊടുമണ്‍
 “ഒരു ജാതി  ഒരു മതം ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” ഇതു പറഞ്ഞത് ആരാണ് എന്നല്ലാവര്‍ക്കുമറിയാം. ഇന്നു പാര്‍ട്ടി ഏതായാലും മനുഷ്യനൊന്നു നന്നായാല്‍ മതിയായിരുന്നു. വെട്ടും കുത്തും കൊലപാതകങ്ങളും വീടാക്രമണങ്ങളും കണ്ട് മനുഷ്യര്‍ക്ക് ഉറക്കമില്ലാതായിരിക്കുന്നു. ഇന്നു വിശുദ്ധന്മാരേയും മറ്റു മതപുണ്യാത്മാക്കളേയും പാര്‍ട്ടി വിലകൊടുത്ത് വാങ്ങിച്ചിരിക്കയാണ്. സി.പി.എം നടത്തുന്ന സമ്മേളനങ്ങളിലും റാലിയിലും മദര്‍ തെരേസയുടെയും ശ്രീനാരായണഗുരുവിന്റെയും, ശ്രീകൃഷ്ണന്റെയും, ശ്രീയേശുവിന്റെയും ചിത്രങ്ങള്‍ കാട്ടി പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കാന്‍ വെമ്പല്‍ കാട്ടുന്നു. ഇ.എം.എസ്സും, എ.കെ.ജി.യും ഒരിക്കല്‍ പാര്‍ട്ടിയില്‍നിന്നും വിസ്മരിക്കപ്പെടുമോ എന്നും സംശയിക്കാം. വി.എസ്സിന്റെ കാലശേഷം അദ്ദേഹത്തിന്റെ പേരുപോലും പറയാന്‍ സഖാക്കള്‍ മടിച്ചെന്നും വന്നേക്കാം.

ഇന്ന് ആര്‍.എസ്.എസുകാര്‍ ശ്രീകൃഷ്ണനെ സ്വന്തമാക്കിയെടുത്തതായി സി.പി.എമ്മുകാര്‍ ഭയക്കുന്നു. അരുവിക്കര ഫലമറിഞ്ഞപ്പോള്‍ മുതല്‍ സി.പി.എം അണികളില്‍ അങ്കലാപ്പു തുടങ്ങിയിരിക്കുന്നു. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ കണ്ണൂരും കോഴിക്കോട്ടും സി.പി.എമ്മുകാര്‍ നെട്ടോട്ടമോടുന്നു.
ഇതൊക്കെ എഴുതുവാന്‍ കാരണം- കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം നടത്തിയ ശ്രീകൃഷ്ണജയന്തി റാലിയില്‍ മഹാനായ ശ്രീനാരായണ ഗുരുവിനെ ക്രൂശില്‍ തറക്കുന്നതായ ഒരു ഫ്‌ളോട്ട് എനിക്കും കാണാന്‍ കഴിഞ്ഞു. മദര്‍ തെരേസയേയും മഹാത്മാഗാന്ധിയേയും അധിക്ഷേപിക്കുന്നത് ഒരിക്കലും  ആര്‍ക്കും യോജിച്ചതല്ലല്ലോ.

കേരളത്തിലെ എസ.്എന്‍.ഡി.പി.കാര്‍ ആകെ ഇളകി വിഭ്രാന്തരായിരിക്കുന്നു. അല്ലെങ്കില്‍ അവരെ ആരോ രാഷ്ട്രീയലക്ഷ്യം വെച്ച് ഇളക്കി മറിച്ചിരിക്കുന്നു.

എന്താണ് സത്യത്തില്‍ ഇവിടെ സംഭവിച്ചത് ? ശ്രീകൃഷ്ണനെ ആര്‍.എസ്.എസുകാര്‍ സ്വന്തമാക്കിയതുപോലെ ശ്രീനാരായണഗുരുവിനെയും അവര്‍ സ്വന്തമാക്കിക്കൊണ്ടുപോകുമോ എന്ന് സി.പി.എമ്മിലെ കൂടുതല്‍ വരുന്ന ഈഴവപക്ഷം പരിഭ്രമിച്ചിരിക്കാം. അതിനാല്‍ മനോഹരമായ ഒരു ഫ്‌ളോട്ടില്‍ കൂടി ജനത്തെ ബോധവാന്മാരാക്കാം എന്നു കരുതി സി.പി.എമ്മിലെ ചില ബുദ്ധിജീവികള്‍ നെയ്‌തെടുത്ത ഒരു ഫ്‌ളോട്ടായിരുന്നു അത്. അതില്‍ ശ്രീനാരായണഗുരുവിനെ ക്രൂശിക്കുന്നതായിട്ടായിരുന്നു ചിത്രീകരണം. പക്ഷെ, ക്രൂശിക്കുന്നത് ആരാണ്? ഫ്‌ളോട്ടില്‍ വളരെ ശ്രദ്ധയോടുകൂടി സൂക്ഷിച്ചുനോക്കിയെങ്കില്‍ മാത്രമെ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. താഴെ രണ്ടു കാവിയുടുത്ത ആര്‍.എസ്.എസുകാര്‍ ആണ് കയ്യില്‍ ആണിയടിച്ചു ക്രൂശിക്കുന്നത്. സാക്ഷരതയില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരള ജനതയ്ക്ക് അല്‍പം ബുദ്ധികുറവാണെന്ന് നാം മനസ്സിലാക്കണം. സി.പി.എം രൂപപ്പെടുത്തിയ ഫ്‌ളോട്ടില്‍ വെള്ളാപ്പള്ളിക്കും ഒരു നല്ല കൊട്ടു കൊടുത്തിട്ടുണ്ട്.

തൊട്ടു താഴെ യൂദാസിന്റെ രൂപത്തില്‍ ഒരാളും ഉണ്ടായതായി പറയപ്പെടുന്നു. കാരണം, അദ്ദേഹം പറഞ്ഞിരുന്നല്ലോ- എസ്.എന്‍.ഡി.പി. യുടെ പൂര്‍ണ്ണപിന്തുണ ഇനിയും ബി.ജെ.പിക്കാണെന്ന്.

വര്‍ഗ്ഗീയവിഷം കുത്തിവെച്ചെങ്കില്‍ മാത്രമെ പാര്‍ട്ടിക്കും നിലനില്‍പ്പുള്ളുവെന്ന കാര്യം നാം ബോധപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്താന്‍ ചില ആത്മീയനേതാക്കള്‍ ചെന്നായ്ക്കളെപ്പോലെ കാത്തിരിപ്പുണ്ടെന്ന് മാറാടും, നാദാപുരവും, കോഴിക്കോട്ടും നമുക്ക് കാട്ടിത്തരുന്നുണ്ട്.

ദൈവമില്ലാത്തവരുടെ പാര്‍ട്ടിയില്‍ ജനപിന്തുണ കുറയുന്നുവെന്നൊരു തോന്നല്‍ നേതാക്കന്മാര്‍ക്കും, മനസ്സിലായി തുടങ്ങിയിരിക്കുന്നു. പക്ഷെ, ആള്‍ദൈവങ്ങളെ നമുക്ക് ആരാധിക്കണോ? എന്തായാലും പാര്‍ട്ടി കണ്‍വെന്‍ഷനുകളില്‍ വീണ്ടും ദൈവങ്ങളുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം.

എന്തു പറഞ്ഞാലും ഒരു പ്രതിരൂപകാത്മകത തുളുമ്പുന്ന ഫ്‌ളോട്ടു കവിതയോ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകില്ലായെന്നു പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ഒന്നു മനസ്സിലാക്കിയാല്‍ നന്നായിരിക്കും. തെറ്റിദ്ധാരണയില്‍ ഒരു നിരപരാധിയുടെ കൈവെട്ടി മാറ്റിയ നാടാണ് നമ്മുടെ സ്വന്തം നാട്. രണ്ടു താറാവിന് അസുഖം വന്നപ്പോള്‍ കേരളത്തിലെ മുഴുവന്‍ താറാവിനേയും  ചുട്ടു കരിച്ചവരാണ് കേരളമക്കള്‍ എന്നു കൂടി ഓര്‍ക്കുന്നതും നന്ന്. കാര്യം എന്തുതന്നെയായാലും ദൈവമില്ലാത്തവര്‍ ഭരിച്ച പശ്ചിമബംഗാളില്‍ മദര്‍ തെരേസ സുരക്ഷിതയായിരുന്നു.

കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കാലശേഷം എന്ന് ഒന്നുണ്ടെങ്കില്‍ മതഭ്രാന്തന്മാര്‍ കേരളത്തെ കത്തിച്ചു ചാമ്പലാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇറാക്കും സിറിയയും കേരളത്തിലോട്ടു പറിച്ചു നട്ടു വളര്‍ത്തുവാന്‍ ചില വര്‍ഗ്ഗീയ മൂരാച്ചികള്‍ കാത്തു നില്‍ക്കുന്നുവെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. ആയതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തോളോടു തോള്‍ ചേര്‍ന്നു നിന്നാല്‍ നമുക്ക് വര്‍ഗ്ഗീയപിന്തിരിപ്പന്‍ ശക്തികളെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിച്ച് ദൈവത്തില്‍ സ്വന്തം നാടിനെ പരിശുദ്ധമാക്കാം.

ജയ്ഹിന്ദ്,

മോന്‍സി കൊടുമണ്‍

വര്‍ഗീയ വിഷം, അധിക്ഷേപം ഭൂഷണമല്ല  (ലേഖനം) മോന്‍സി കൊടുമണ്‍
Join WhatsApp News
Justice 2015-09-10 02:14:37
Moncy kodumon...you are a congress,communist or B.J.P
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക