Image

ടൂറിസം:വിദേശിക്കു നല്‍കാന്‍ എന്തുണ്ട്? (കൈരളി ന്യൂയോര്‍ക്ക്)

കൈരളി ന്യൂയോര്‍ക്ക് Published on 09 September, 2015
ടൂറിസം:വിദേശിക്കു നല്‍കാന്‍ എന്തുണ്ട്? (കൈരളി ന്യൂയോര്‍ക്ക്)
ലോകത്തെമ്പാടും ടൂറിസം മേഖലയില്‍ വലിയ സാധ്യതകളാണുള്ളത്. ടൂറിസം കൊണ്ട് ജീവിക്കുന്ന രാജ്യങ്ങളും ധാരാളമുണ്ട്. ഇന്‍ഡ്യയില്‍ ഈ സാധ്യതകള്‍ സഞ്ചാരികളെ വേണ്ടവണ്ണം ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. യുദ്ധക്കെടുതിയില്‍ മുങ്ങിപ്പൊങ്ങി നില്ക്കുന്ന മിഡിലീസ്റ്റേന്‍ ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ ടൂറിസ്റ്റുകള്‍ ഇന്നു മടിക്കുകയാണ്.

ഈ സാഹചര്യം മുതലെടുക്കാന്‍ ഇന്‍ഡ്യക്കു സാധിക്കുന്നുണ്ടോ ഉത്തരം മുകളില്‍ കുറിച്ചത് തന്നെ. അതേ സമയം എല്ലാവര്‍ഷവും എത്തിയ ടൂറിസ്റ്റുകളുടെ എണ്ണം തിട്ടപ്പെടുത്തി, ഈ വര്‍ഷം ടൂറിസ്റ്റുകള്‍ കൂടുതലെത്തി, എന്ന് ഇന്‍ഡ്യയുടെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് അവകാശപ്പെടാറുണ്ട്. പക്ഷേ, ആ ടൂറിസ്റ്റുകളെ വിനോദ സഞ്ചാരികളെന്ന് വിളിക്കുന്നതില്‍ അപകാതയുണ്ട്.

കാരണം, അവര്‍ ഇന്‍ഡ്യയില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍, ചാച്ചാ മാമ്മായെ കാണാനെത്തുന്നവരാണ്. അവര്‍ അങ്ങനെ വന്നു കൊണ്ടേയിരിക്കും. അവരില്‍ നിന്നു ഹോട്ടലുകള്‍ക്കോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ വലിയ നേട്ടമൊന്നും ഉണ്ടാകില്ല.  അവരില്‍ പലരും അവരുടെ വീടുകളിലോ, കല്യാണ മണ്ഡപങ്ങളിലോ തമ്പടിച്ച് തിരിച്ചു പോകുന്നവരാണ്. എങ്കിലും അവരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാലും അവര്‍ വിദേശത്തു നിന്നു എത്തിയവരായതിനാലും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിടുക്കു കൊണ്ടെത്തിയവരാണെന്ന് അവര്‍ക്ക് ഊറ്റം കൊള്ളാം. പക്ഷേ സത്യാവസ്ഥ മറിച്ചാണ്.

ടൂറിസം കൊണ്ട്മാത്രം ജീവിക്കുന്ന ഒരു നഗരമാണ് റോം. ജര്‍മ്മനിയെയൊ, സ്വിറ്റ്‌സര്‍ലന്റിനെയൊ താരതമ്യപ്പെടുമ്പോള്‍ റോം അത്രക്ക് ക്ലീന്‍ അല്ല. എന്നാല്‍  അവര്‍ക്കു പ്രദര്‍ശിപ്പിക്കാനുള്ളത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഭംഗിയായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് റോമന്‍ എമ്പററിന്റെ പ്രതാപം കാണിക്കുന്ന ചരിത്ര പ്രസിദ്ധമായ കൊട്ടാരങ്ങള്‍ വാസ്തു ശില്പ മഹിമ വര്‍ഷങ്ങളായുള്ള തേയ്മാനം കൊണ്ട് ഒട്ട് മങ്ങയതെങ്കിലും ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇറ്റലിയില്‍  എത്തിക്കഴിഞ്ഞാല്‍ മൈക്കളാഞ്ചലൊയുടെയും, ഡാവന്‍ഞ്ചിയുടെയും മ്യൂസിയങ്ങള്‍, വത്തിക്കാന്‍, വെനീസ്, തുടങ്ങിയ നിരവധി ചരിത്രസംബന്ധികളായ കാഴ്ചകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ഇന്‍ഡ്യയിലേക്കുറ്റു നോക്കിയാല്‍ അയ്യായിരമോ പതിനായിരമോ വര്‍ഷത്തെ സിവിലൈസേഷനെപ്പറ്റി ആവേശത്തോടെ ഊറ്റംകൊള്ളുമെങ്കിലും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണോ?
വിശ്വപ്രസിദ്ധമായ താജ്മഹല്‍ തന്നെയെടുക്കാം. അവിടെയ്ക്കുള്ള വഴിയും ചുറ്റുപാടും മലീമസമാണ്. അവിടെ എത്തിക്കഴിുയംമ്പോഴോ? ആദ്യം കാണുന്നത് ഭിക്ഷയാചിക്കുന്ന ഒരു പറ്റം കുട്ടികളെയാണ്. മറ്റൊന്ന് വിദേശികള്‍ സ്വദേശികളേക്കാള്‍ പത്തിരട്ടി ഫീസ് നല്‍കിയാണ്, വളരെ പരിതാപകരമായി നിലകൊള്ളുന്ന താജ്മഹല്‍ കാണാന്‍ അകത്തു കയറുന്നത്. താജ്മഹല്‍ മാത്രമല്ല, റഡ് ഫോര്‍ട്ടാണെങ്കിലും  കുത്തമ്പ് ബീനാര്‍ ആണെങ്കിലും മറ്റ് ഏതു ചരിത്രമുറങ്ങുന്ന സ്ഥാപനമാണെങ്കിലും, അഴുക്കു ചാലുകളാലും, ദുര്‍ഗന്ധം വമിക്കുന്ന പാതയോര പാട്ടക്കടകളാലും, ശബ്ദമുഖരിതമായ അന്തരീക്ഷത്താലും സഞ്ചാരികളെ വെറുപ്പിക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഒരിക്കല്‍ വരുന്ന ടൂറിസ്റ്റ്  പത്തു തവണ ആലോചിക്കും, ഇനിയും അങ്ങോട്ടു പോകണോ വേണ്ടയോ എന്ന്.

ട്രെയ്‌നില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ മേലില്‍ ഈ രാജ്യത്തേയ്ക്ക് വരില്ലെന്ന് അവിടെ വെച്ചു തന്നെ ശപഥം ചെയ്യും. കാരണം ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമന്റില്‍ പോലും ഒരു ശുചിത്വമുള്ള ലാട്രിനില്ല. സ്ത്രീകളുടെ കാര്യം തികച്ചും പരിതാപകരം!

പക്ഷേ, ഗവണ്‍മേന്റ് ഓഫ് ഇന്‍ഡ്യ ടൂറിസം വികസനത്തിന്റെ പരസ്യങ്ങളില്‍ ഇന്‍ക്രഡിബിള്‍ ഇന്‍ഡ്യ കാണാന്‍ നിങ്ങളെ ക്ഷണിക്കുന്നു എന്നാണ്, ജാള്യത കൂടാതെ അവകാശപ്പെടുന്നത്.... 
എന്തൊരു വൈരുദ്ധ്യം!

പരസ്യത്തിലെ ഇന്‍ക്രഡിബിള്‍ പോലെ വാസ്തവത്തില്‍ ഇന്‍ക്രഡിബിള്‍ ആക്കാന്‍ ശ്രമിക്കുകയല്ലെ വേണ്ടത്.

ടൂറിസം വികസനത്തിന്റെ പേരില്‍ എല്ലാ രാജ്യങ്ങളിലും ഗവണ്‍മേന്റ് ഓഫ് ഇന്‍ഡ്യയുടെ ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള, പാംഫ്‌ലറ്റ്‌സും പ്രിന്റു ചെയ്തു ഈ ടൂറിസം ഓഫീസുകളില്‍ ഏല്‍പിച്ചിട്ടുണ്ട്. ഇവ അതാതു സിറ്റികളിലെ ട്രാവല്‍ ഏജന്‍സികളില്‍ നല്‍കേണ്ടതാണ്. പക്ഷേ, ഇതെല്ലാം ആ ഓഫീസില്‍ തന്നെ പൊടിപിടിപ്പിച്ചു അജ്ഞാതമായി കിടക്കുന്നതല്ലാതെ എത്തിക്കേണ്ടിടത്ത് എത്തിക്കാനോ, സെമിനാറുകള്‍ സംഘടിപ്പിക്കാനോ ബന്ധപ്പെട്ടവര്‍ മെനക്കെടാറില്ല.

ന്യൂയോര്‍ക്കിലെ റോക്ക് ഫെല്ലര്‍ സന്ററിലുള്ള ടൂറിസ്റ്റ് ഓഫീസ് മേല്‍ വിവരിച്ച കുത്തഴിഞ്ഞ സംവിധാനത്തിനു മകുടോദാഹരണമാണ്. ഈ വക അനാവശ്യ ചെലവുകള്‍ എല്ലാം നിര്‍ബന്ധമായും നിര്‍ത്തല്‍ ചെയ്ത് ആ തുക ഉപയോഗിച്ച് ഇന്‍ഡ്യയിലെ, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആകര്‍ഷണീയമാക്കാന്‍ സാധിച്ചാല്‍ ഒരിക്കല്‍ വരുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും വീണ്ടും വരും.

വടക്കേ ഇന്‍ഡ്യന്‍ പട്ടണങ്ങളെ അപേക്ഷിച്ച് കേരളം വളരെ ശുചിത്വമുള്ള സ്ഥലമാണ്. എന്നാല്‍ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ശുചിത്വമുണ്ടോ എന്ന് സ്വയം ആത്മശോധന നടത്തുന്നതും നന്ന്?
കഴിഞ്ഞയാഴ്ച തന്നെ പതിനാറാം നൂറ്റാണ്ടിലെ കടത്തു ബോട്ടാണ് മുങ്ങിപ്പോയത്. ഇത്തരം ദാരുണ സംഭവങ്ങള്‍ ടൂറിസ്റ്റുകളില്‍ ഭയപ്പാടുണ്ടാക്കും.

കേരളത്തെ സംബന്ധിച്ചിടത്തോളം, വലിയ സാധ്യതകളാണ് ടൂറിസം മേഖലക്കുള്ളത്. നമ്മുടെ കായലോരങ്ങളും, സഹ്യന്റെ മടിത്തട്ടും, വിവിധ ഹൈട്രോപ്രൊജക്ടുകളും, സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് സമ്പന്നമായ വനാന്തരങ്ങളും.... എല്ലാം എല്ലാം സഞ്ചാരികളെ ഏറ്റം ആകര്‍ഷിക്കുന്ന വിഭവങ്ങളാണ്. പക്ഷേ.... ഒരു വലിയ പക്ഷേ ഉത്തരം കിട്ടാതെ ശേഷിക്കുന്നു.....
സഞ്ചാരികള്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, ടൂറിസത്തിന്റെ വളര്‍ച്ചയില്‍ തദേശികള്‍ക്കും ഭാഗഭാക്കാകാന്‍ സാധിച്ചാല്‍ , 'റബറിന്റെ വില പോയേ, ചക്കക്കുരുവിന്റെ വിലപോയേ' എന്നു വിലപിക്കേണ്ടി വരില്ല.

കേരളം യുനെസ്‌കോയുടെ ടൂറിസം മാപ്പില്‍പ്പെട്ട ജൈവ സമ്പത്തിന്റെ കലവറയാണ്. വ്യവസായ ശാലകള്‍ കുറവെങ്കിലും, കേരളത്തിന്റെ പ്രകൃതി രമണീയത മാത്രം മതി സാധാരണക്കാരന് ജീവിക്കാന്‍. അത്ര വശ്യ സുന്ദരമാണ് കേരളം..... പക്ഷേ ആനക്ക് അതിന്റെ വലുപ്പം അറിയില്ലെങ്കില്‍, പതിനാറാം നൂറ്റാണ്ടിലെ തോണിയും, കുണ്ടും കുഴികളും  നിറഞ്ഞ നിരത്തുകളും, ശബ്ദ മുഖരിതമായ അന്തരീക്ഷവുമാണ് 'ഇന്‍ക്രഡിബിള്‍' ഇന്‍ഡ്യയുടെ വശ്യതയെന്ന് തെറ്റിധരിച്ചാല്‍.... ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഇന്‍ഡ്യക്കെന്നും അന്യമായിരിക്കും.... പോരായ്മകള്‍ നിര്‍ത്തുക!!

ടൂറിസം:വിദേശിക്കു നല്‍കാന്‍ എന്തുണ്ട്? (കൈരളി ന്യൂയോര്‍ക്ക്)
Join WhatsApp News
mvabraham 2015-09-10 12:21:39
Great article Kairali. Your editorials are always to the point and with a message.
Zach Thomas 2015-09-10 16:39:28
You are very correct,India is one of the best tourism place but no one takes care including  our ministry in India or the state like Kerala.
My tourism company promote more in China,Europe,America,and other major countries.
 Kerala hotel rates are too high compare to any other states in India.
There is no law and order or safety .
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക