Image

എംബസിയില്‍ പരാതി നല്‍കിയ മലയാളി യുവാവിനെ സ്‌പോര്‍ണസര്‍ മര്‍ദ്ദിച്ചത്‌ വിവാദത്തില്‍

Published on 13 January, 2012
എംബസിയില്‍ പരാതി നല്‍കിയ മലയാളി യുവാവിനെ സ്‌പോര്‍ണസര്‍ മര്‍ദ്ദിച്ചത്‌ വിവാദത്തില്‍
മസ്‌കറ്റ്‌: തൊഴില്‍നിയമങ്ങള്‍ പാലിക്കാതെ തന്നെ പീഡിപ്പിക്കുന്നുവെന്ന്‌ എംബസിയില്‍ പരാതി നല്‍കിയ മലയാളി യുവാവിനും ബന്ധുവിനും സ്‌പോണ്‍സറുടെ ക്രൂരമര്‍ദനം. റോഡില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ സ്‌പോണ്‍സര്‍ ഇവരെ മര്‍ദിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക്‌ കൈമാറാനായി സാമൂഹിക പ്രവര്‍ത്തകര്‍ വീഡിയോയില്‍ പകര്‍ത്തി.

മുസന്നയിലെ കാര്‍ വാഷിങ്‌ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പൊന്നാനി വെളിയങ്കോട്‌ സ്വദേശി ജിതേഷിനും (30) ഇദ്ദേഹത്തിന്‍െറ പിതൃസഹോദരന്‍ വിജയനുമാണ്‌ സ്‌പോണ്‍സറുടെ മര്‍ദനമേറ്റത്‌. സ്ഥാപന ഉടമക്കെതിരെ മസ്‌കത്ത്‌ ഇന്ത്യന്‍ എംബസിയിലും ലേബര്‍വകുപ്പിലും പരാതി നല്‍കിയതിന്‍െറ രേഖ കൈമാറാനായി ചെന്നപ്പോഴാണ്‌ സ്‌പോണ്‍സര്‍ അക്രമാസക്തനായതെന്ന്‌ മര്‍ദനത്തിനിരയായവര്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ചയും ജിതേഷിന്‌ സ്‌പോണ്‍സറുടെ മര്‍ദനമേറ്റിരുന്നു. നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഡിസംബര്‍ 14ന്‌ വിസാ കാലാവധി അവസാനിച്ചെങ്കിലും വിസ പുതുക്കി നല്‍കാനോ അല്‌ളെങ്കില്‍ നാട്ടിലേക്ക്‌ മടക്കി അയക്കാനോ സ്‌പോണ്‍സര്‍ തയാറായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ജിതേഷ്‌ കഴിഞ്ഞദിവസം എംബസിയില്‍ പരാതി നല്‍കിയത്‌. എംബസിയില്‍ നിന്നുള്ള രേഖകള്‍ സഹിതം ബര്‍ഖയിലെ ലേബര്‍ ഓഫീസിലും പരാതി നല്‍കി. ലേബര്‍വകുപ്പില്‍ നിന്ന്‌ സ്‌പോണ്‍സര്‍ക്ക്‌ കൈമാറാന്‍ ഏല്‍പിച്ച രേഖകളുമായി ബന്ധു വിജയന്‍, സാമൂഹിക പ്രവര്‍ത്തകനായ ഗോപാലകൃഷ്‌ണന്‍, കുമാര്‍, മനോജ്‌ എന്നിവര്‍ക്കൊപ്പം ജിതേഷ്‌ എത്തിയപ്പോഴാണ്‌ സ്‌പോണ്‍സര്‍ മര്‍ദനം അഴിച്ചുവിട്ടത്‌. ബര്‍ഖയിലെ ഒക്തയിലുള്ള ഇയാളുടെ ക്യാമ്പിലേക്ക്‌ ജിതേഷിനെ വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു. ഇത്‌ തടയാന്‍ ശ്രമിച്ചപ്പോഴാണ്‌ പിതൃസഹോദരന്‍ വിജയനെ മര്‍ദിച്ചത്‌. സ്‌പോണ്‍സറില്‍ നിന്ന്‌ മോചിപ്പിച്ച ജിതേഷിനെയും കൂട്ടി ബന്ധുക്കള്‍ മുസന്ന പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോകുമ്പോള്‍ സ്ഥാപനമുടമയും കാറില്‍ പിന്തുടര്‍ന്നു.

പൊലീസ്‌ സ്‌റ്റേഷനില്‍ നിന്നും ജിതേഷിനെ കൊണ്ടുപോകാന്‍ ഇയാള്‍ ശ്രമിച്ചു നോക്കി. ജിതേഷ്‌ താമസിക്കുന്ന കെട്ടിടത്തിന്‍െറ വാടക കുടിശ്ശിക വരുത്തിയെന്ന്‌ ഇയാള്‍ പരാതി പറഞ്ഞു. എങ്കില്‍, കെട്ടിട ഉടമയെ കൂട്ടികൊണ്ടുവരാന്‍ പൊലീസ്‌ നിര്‍ദേശിച്ചു. കെട്ടിടയുടമ എത്തിയെങ്കിലും ജിതേഷുമായി ഇടപാടൊന്നുമില്‌ളെന്ന്‌ പറഞ്ഞ്‌ കൈമലര്‍ത്തി. ജിതേഷിനെ വിട്ടുകിട്ടാതെ ക്ഷുഭിതനായാണ്‌ സ്‌പോണ്‍സര്‍ സ്‌റ്റേഷന്‍ വിട്ടത്‌. നേരത്തേ ലേബര്‍വകുപ്പിലും എംബസിയിലും പരാതിയുള്ളതിനാല്‍ എംബസിയില്‍ പോകാന്‍ നിര്‍ദേശിച്ച്‌ പൊലീസ്‌ ഇവരെ മടക്കി അയക്കുകയായിരുന്നുവത്രെ. എന്നാല്‍, ഇന്നലെയും ഇന്നും അവധിയായതിനാല്‍ ഇവര്‍ക്ക്‌ എംബസിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യാനാണ്‌ ഇവര്‍ക്ക്‌ നിര്‍ദേശം ലഭിച്ചിരിക്കുന്നത്‌. ജിതേഷിനൊപ്പം ജോലിചെയ്‌തിരുന്ന വിജയന്‍ എന്ന തൊഴിലാളി വിസാ കാലാവധി തീര്‍ന്നപ്പോള്‍ അടുത്തിടെ സ്ഥാപനത്തില്‍ നിന്ന്‌ ഓടിപോയിരുന്നു. ഇയാളെ കണ്ടെത്തി കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടാണത്രെ ജിതേഷിനെ ഇയാള്‍ പീഡിപ്പിക്കുന്നത്‌. മാനസിക വൈകല്യമുള്ള രണ്ട്‌ സഹോദരങ്ങളടങ്ങുന്ന കുടുംബത്തിന്‍െറ അത്താണിയാണ്‌ ജിതേഷ്‌.

കൃത്യമായി ശമ്പളമൊന്നും ലഭിക്കാറില്ലെങ്കിലും കുടുംബത്തെ പോറ്റാനാണ്‌ നാലുവര്‍ഷമായി എല്ലാം സഹിച്ച്‌ ഇവിടെ ജോലി ചെയ്‌തിരുന്നതെന്ന്‌ ജിതേഷ്‌ പറയുന്നു. അതേസമയം, താന്‍ മര്‍ദിച്ചുവെന്നും ശമ്പളം നിഷേധിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ സ്‌പോണ്‍സര്‍ അബ്ദുല്ല ബിന്‍ സലിം ബിന്‍ സഈദ്‌ ആല്‍റുദേശി നിഷേധിച്ചു. കെട്ടിടത്തിന്‍െറ വാടക കുടിശ്ശിക നല്‍കാത്തതുകൊണ്ട്‌ താന്‍ ജിതേഷിനെ നാട്ടിലേക്ക്‌ അയക്കാത്തതെന്നും സ്ഥാപനത്തിലെ ആറുമാസത്തെ വരുമാനം ജിതേഷും സുഹൃത്തും തട്ടിയെടുത്തെന്നുമാണ്‌ ഇദ്ദേഹം ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.
എംബസിയില്‍ പരാതി നല്‍കിയ മലയാളി യുവാവിനെ സ്‌പോര്‍ണസര്‍ മര്‍ദ്ദിച്ചത്‌ വിവാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക