Image

ഒരു വായനക്കാരി - അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 12 September, 2015
ഒരു വായനക്കാരി - അഷ്ടമൂര്‍ത്തി
ആരാധകരേക്കുറിച്ച് എഴുതാന്‍ ഒരു പംക്തിയുണ്ടായിരുന്നു 'കലാപൂര്‍ണ്ണ' മാസികയില്‍. അതിലേയ്ക്ക് ഒരു കുറിപ്പു വേണമെന്ന് പത്രാധിപര്‍ ജെ ആര്‍ പ്രസാദ് അന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു  കൂട്ടര്‍ എനിയ്ക്കില്ല എന്നു തീരുമാനിച്ച് കുറിപ്പെഴുതിയില്ല എന്നു മാത്രമല്ല പ്രസാദിന് ഒരു മറുപടി പോലും അയച്ചില്ല. മറുപടി അയയ്ക്കാതിരുന്നതു ശരിയായില്ല എന്ന് പിന്നീടു തോന്നി. സാഹിത്യവുമായോ എഴുത്തുമായോ ബന്ധപ്പെട്ട ഒരു ചെറു കുറിപ്പ് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പ്രസാദിന്റെ കത്തു കിട്ടിയപ്പോള്‍ കുറ്റബോധം തോന്നി.
ആരാധകര്‍ എന്ന വകുപ്പില്‍പ്പെടുത്താവുന്ന ആരെങ്കിലും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? കഥ വായിച്ചു. നന്നായിട്ടുണ്ട്, ഇഷ്ടമായി എന്നു പറഞ്ഞുകൊണ്ട് ചില കത്തുകള്‍ വന്നിട്ടില്ലെന്നില്ല. പക്ഷേ അങ്ങനെ കടുത്ത ആരാധകര്‍ ഉണ്ടാവാന്‍ മാത്രം വലിയ എഴുത്തുകാരനൊന്നുമല്ലല്ലോ.(വലിയ എന്നല്ല എഴുത്തുകാരന്‍ തന്നെയാണോ എന്ന് ഇനിയും തീരുമാനമായിട്ടില്ല.)
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ 'റിഹേഴ്‌സല്‍ ക്യാമ്പ്' എന്ന നോവല്‍ 'കുങ്കുമ' ത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിയ്ക്കുന്ന കാലം മുതല്‍ കത്തെഴുതുന്ന ഒരാളുണ്ട്. കെ.എം.അശോക് കുമാര്‍ എളമക്കര. ഇക്കഴിഞ്ഞ ജന്മദിനത്തിനു പോലും ഫോണ്‍ ചെയ്ത് ആശംസകള്‍ അറിയിച്ചു അയാള്‍.

അശോക് കുമാറിനേക്കുറിച്ചായാലോ? പക്ഷേ കാര്യമായി ഒന്നും എഴുതാനില്ല. ഇതുവരെ കണ്ടിട്ടുപോലുമില്ല. വല്ലപ്പോഴും വരുന്ന കത്തുകള്‍ക്കും ഫോണ്‍വിളികള്‍ക്കുമപ്പുറം അയാളേക്കുറിച്ച് ഒന്നുമറിയില്ല.

അപ്പോഴാണ് മറ്റൊരു കത്തിനേക്കുറിച്ച് ഓര്‍മ്മ വന്നത്.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തെട്ടിലാണ്. 'വീടുമാറിപ്പോവുന്നു' (പിന്നീട് 'വീടുവിട്ടു പോവുന്നു' എന്ന് അറിയപ്പെട്ട കഥ) 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിട്ട് രണ്ടോ മൂന്നോ മാസത്തിനു ശേഷം എനിയ്ക്ക് ഒരെഴുത്തു കിട്ടി. കത്തിന്റെ വിശദവിവരങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയില്ല. വീണ്ടും വായിച്ചുനോക്കാന്‍ ആ കത്ത് സൂക്ഷിച്ചു വെച്ചിട്ടുമില്ല. കഥ വായിച്ചിട്ട് മാസങ്ങളായിട്ടും അത് മനസ്സില്‍നിന്നു പോയിട്ടില്ല എന്ന വിവരം അറിയിയ്ക്കാനായിരുന്നു രണ്ടു പുറങ്ങളില്‍ എഴുതിയ ആ കത്ത്. ജയശ്രീ എം.എസ്, ആലുവ-2 എന്നു മാത്രമാണ് വിലാസമായി കൊടുത്തിരുന്നത്. ഇന്നത്തേപ്പോലെ മൊബൈല്‍ ഫോണോ ഈ മെയിലോ ഒന്നും ഇല്ലാത്ത കാലമായിരുന്നു. മറുപടി എഴുതാന്‍ തക്കവണ്ണം വിശദമായ വിലാസമല്ലാത്തതുകൊണ്ട് മറുപടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നു തോന്നി.

എന്നാലും ഒരു മര്യാദയൊക്കെ വേണമല്ലോ. ആദ്യമായിട്ടാണ് ഒരു വായനക്കാരിയുടെ കത്തു കിട്ടുന്നത്. കിട്ടിയെങ്കില്‍ കിട്ടട്ടെ എന്നു കരുതി ആ വിലാസത്തില്‍ത്തന്നെ മറുപടി അയച്ചു. ആ കുട്ടിയ്ക്കതു കിട്ടിയെന്ന് അതിനു മറുകുറി കിട്ടിയതോടെ തീരുമാനമായി. രണ്ടാമത്തെ കത്തില്‍ കുറച്ചുകൂടി വിസ്തരിച്ച വിലാസമുണ്ടായിരുന്നു.

ആ കത്തിടപാട് അങ്ങനെ നീണ്ടുപോയതൊന്നും ഇല്ല. മൂന്നാമത്തെ കത്തായി വന്നത് ജയശ്രീയുടെ കല്യാണക്ഷണമായിട്ടായിരുന്നു. അച്ചടിച്ച കത്തിനൊപ്പം എങ്ങനെയും കല്യാണത്തിന് വരണമെന്ന ആവശ്യവും എഴുതിച്ചേര്‍ത്തിരുന്നു.

കല്യാണം മുടക്കുദിവസമായിരുന്നില്ല. അധികം അവധിയെടുക്കുന്ന പതിവില്ല. എന്നാല്‍ അതിനു മുമ്പ് ജയശ്രീയെ ഒന്നു കണ്ടുവരാം എന്നു തീരുമാനിച്ച് സബിയും ഞാനും കൂടി ആലുവയിലെ കിഴക്കേ കടുങ്ങല്ലൂരിലെ വീട്ടിലേയ്ക്കു ചെന്നു. വര്‍ത്തമാനത്തിനിടയ്ക്ക് സബി 'ഞാന്‍ ജയശ്രീയുടെ കത്തിനേപ്പറ്റി പറഞ്ഞ് അഷ്ടമൂര്‍ത്തിയെ കളിയാക്കാറുണ്ട്' എന്നു പറഞ്ഞത് ജയശ്രീയ്ക്ക് പിടിച്ചു. മടങ്ങിപ്പോന്നതിനു ശേഷം വന്ന കത്തില്‍ സബിതയെ എനിയ്ക്കു നല്ലവണ്ണം ഇഷ്ടമായി എന്ന് ജയശ്രീ എഴുതി.

വിവാഹം കഴിഞ്ഞ് ജയശ്രീ ബാംഗ്ലൂരിലാണ് എന്ന് പിന്നീട് എപ്പോഴോ വന്ന കത്തില്‍നിന്നറിഞ്ഞു. വായിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ജയശ്രീയ്ക്ക് അതിലൊന്നും തീരെ താല്‍പര്യമില്ലാത്ത ഒരാളാണ് തന്റെ ഭര്‍ത്താവ് എന്ന് അറിഞ്ഞപ്പോള്‍ സങ്കടമായി. അയാള്‍ക്ക് വാഹനങ്ങളിലായിരുന്നു കമ്പം. അതിന്റെ ബ്രോഷറുകളായിരുന്നു അയാളുടെ വായനാസാമഗ്രികള്‍. ജീവിതം അങ്ങനെ സമാന്തരപാതകളിലൂടെ നീങ്ങുകയായിരുന്നു. പരസ്പരധാരണയില്ലാതെ നീങ്ങിയ ആ ദാമ്പത്യം വേര്‍പിരിയാനുള്ള ഒരുക്കം കൂട്ടുമ്പോള്‍ ജയശ്രീയുടെ ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍പ്പെട്ടു. ഗുരുതരമായ പരിക്കുകളായിരുന്നു അയാള്‍ക്കുണ്ടായത്. രാവും പകലും അടുത്തിരുന്ന് ശുശ്രൂഷിച്ചു ജയശ്രീ. ആ ഒന്നര മാസത്തിനിടെ അവര്‍ തമ്മില്‍ വല്ലാതെ അടുത്തു. താന്‍ ഭാര്യയോട് ശരിയ്ക്കല്ല പെരുമാറിയിരുന്നതെന്നും ഇനി അതുണ്ടാവില്ലെന്നും ഭര്‍ത്താവ് അവള്‍ക്കു വാക്കുകൊടുത്തു. പക്ഷേ വൈകിപ്പോയിരുന്നു. പരിക്കുകള്‍ക്ക് കീഴടങ്ങി അയാള്‍ മരിച്ചു.

ജയ കാണണമെന്നു പറയുന്നുണ്ടെന്നും അവളെ കാണാന്‍ വീട്ടിലേയ്ക്കു വരണമെന്നും ആവശ്യപ്പെട്ട് അനിയത്തി ശ്രീരേഖയുടെ കത്തു വന്നു. വിവാഹ വീട്ടിലേക്കു പോവുന്നതിന്റെ ഉത്സാഹം മരണവീട്ടിലേയ്ക്കു പോവുന്നതില്‍ ഇല്ലല്ലോ. സബി വീട്ടുപണികളില്‍പ്പെട്ട് തിരക്കിലുമായിരുന്നു. ഒറ്റയ്ക്കു പോവാനുള്ള അധൈര്യം കാരണം അശോകന്‍ ചരുവിലിനെ കൂട്ടുവിളിച്ചു. സ്വതേ മെലിഞ്ഞ കുട്ടിയായ ജയശ്രീ കുറേക്കൂടി ശോഷിച്ചതായി തോന്നി.

മരണവീട്ടില്‍ വാക്കുകള്‍ക്ക് അര്‍ത്ഥം ഇല്ലാതാവുന്നു എന്ന് പണ്ടേ അനുഭവമുള്ളതാണ്. വാക്കുകള്‍ കിട്ടാതെ വരും. കിട്ടുന്ന വാക്കുകളാവട്ടെ ഉച്ചരിച്ചാല്‍ അബദ്ധമാവും. എന്നാലും ജയശ്രീയുടെ വീട്ടില്‍ കഴിച്ചുകൂട്ടിയ ഏതാനും സമയം ആ കുട്ടിയ്ക്ക് ആശ്വാസമായി എന്നു തന്നെ തോന്നി. ഒന്നും മിണ്ടാതെ നേരിയ പുഞ്ചിരിയുമായി ഇരുന്ന ജയശ്രീയുടെ സാന്നിദ്ധ്യം പൂരിപ്പിച്ചത് അനിയത്തി ശ്രീരേഖയാണ്. അവിടെനിന്ന് ഞങ്ങള്‍ എഴുത്തുകാരി ഗ്രേസിയുടെ വീട്ടിലും മറ്റും പോയതിനു ശേഷമാണ് മടങ്ങിയത്.

ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ ശ്രീരേഖയുടെ കത്ത്. ജയശ്രീയ്ക്ക് തരക്കേടില്ലാത്ത വിവാഹലോചനകള്‍ വരുന്നുണ്ട്. പക്ഷേ അവള്‍ ഒന്നിനും സമ്മതിയ്ക്കുന്നില്ല. കാരണം അവള്‍ ഗര്‍ഭിണിയാണ്. അലസിപ്പിയ്ക്കാന്‍ അച്ഛന്‍ നിര്‍ബ്ബന്ധിയ്ക്കുന്നുണ്ട്. പക്ഷേ അവള്‍ വഴങ്ങുന്നില്ല. വയസ്സ് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ അവള്‍ക്ക്. ജീവിതം മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. അച്ഛന്‍ പറയുന്നതല്ലേ ശരി, ശ്രീരേഖ തുടര്‍ന്നു: അതുകൊണ്ട് അലസിപ്പിയ്ക്കാന്‍ അവളെ ഒന്നു പറഞ്ഞു സമ്മതിപ്പിയ്ക്കണം.

ആശ്വസിപ്പിയ്ക്കാനുള്ള വശതക്കുറവു പോലെതന്നെയാണ് ഉപദേശിയ്ക്കാനുള്ള കഴിവുകേടും. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് എങ്ങനെ തീരുമാനിയ്ക്കാനാണ്? അച്ഛന്റെ കാഴ്ചപ്പാടു ശരിയാണ്. പക്ഷേ മകളുടെ തീരുമാനം തെറ്റാണെന്ന് പറയുന്നതെങ്ങനെ? ജീവിതത്തിന്റെ അവസാനത്തില്‍ അത്രയ്ക്കും അടുത്തുപോയെ തന്റെ ഭര്‍ത്താവിന്റെ കുട്ടിയെ വളര്‍ത്താന്‍ അവള്‍ക്കുള്ള ആഗ്രഹം ശരിയല്ലെന്ന് എങ്ങനെ പറയും? ജയശ്രീയ്ക്ക് നല്ലതെന്തെന്നു തോന്നിയ്ക്കണേ എന്ന് പ്രാര്‍ത്ഥിയ്ക്കാന്‍ പറഞ്ഞ് ശ്രീരേഖയ്ക്കു മറുപടിയെഴുതി. ശരിയ്ക്കും ഒരു വഴുവഴുപ്പന്‍ കത്ത്.

പിന്നീടെപ്പോഴോ ജയശ്രീയുടെ ഒരകന്ന ബന്ധു വഴി അറിഞ്ഞു. അവള്‍ വീണ്ടും വിവാഹിതയായിരിയ്ക്കുന്നു. അച്ഛന്റെ പ്രേരണയ്ക്ക് അവള്‍ വഴങ്ങി. ഇപ്പോള്‍ സന്തോഷപൂര്‍ണ്ണമായ ഒരു വിവാഹജീവിതത്തിലാണ്. മനപ്പൊരുത്തുമുള്ള ഭര്‍ത്താവ്. കുട്ടികള്‍. സുഖമായി ജീവിയ്ക്കുന്നു.

അനേകം വര്‍ഷങ്ങള്‍ക്കു ശേഷം ഇതെല്ലാം ഓര്‍ത്തെടുക്കാന്‍ പ്രസാദിന്റെ കത്ത് ഒരു കാരണമായി. കുറേ വര്‍ഷങ്ങളായി ജയശ്രീയുടെ ഒരു വിവരവുമില്ല. കാല്‍ നൂറ്റാണ്ടു മുമ്പുള്ള സംഭവങ്ങളാണ്. വിവരങ്ങള്‍ തേടിപ്പിടിയ്ക്കാന്‍ അത്ര എളുപ്പമല്ല. വിനയത്തിന്റെ കണ്ണികള്‍ എവിടെയൊക്കെയോ പൊട്ടിപ്പോയിരിയ്ക്കുന്നു.

സാരമില്ല. എവിടെയാണെങ്കിലും ജയശ്രീ സന്തോഷവതിയായി ഇരിയ്ക്കട്ടെ! അവള്‍ക്കു നല്ലതു മാത്രം വരട്ടെ!

(കലാപൂര്‍ണ്ണ ഓണപ്പതിപ്പ്, 2015)

ഒരു വായനക്കാരി - അഷ്ടമൂര്‍ത്തി
Join WhatsApp News
Sudhir 2015-09-12 13:14:35
ഏറ്റവും അധികം വായനക്കാരുള്ള എഴുത്തുകാർ
അമേരിക്കൻ മലയാളി എഴുത്തുകാരാണ്~. എന്തെല്ലാം
ഭാവത്തിൽ, രാഗത്തിൽ, കോപത്തിൽ, മേളത്തിൽ
പുച്ഛത്തിൽ, നർമ്മത്തിൽ (സ്ഥല പരിമിതി ഓര്ത്ത് മുഴുവൻ എഴുതുന്നില്ല) അവരെ ഇവിടെ ആളുകൾ
കൊട്ടിഘോഷിക്കുന്നു. ഹാ...ഹാ...
Observer 2015-09-12 19:39:42
 രസികന്മാരും, വിമർശകരും, ചില സാഹിത്യകാരന്മാരെ കൊന്നിട്ടെ അടങ്ങുകയുള്ളൂ എന്ന് പ്രതിഞ്ജ എദുത്തവരുമായ നല്ല എഴുത്തുകാരെ കാണണമെങ്കിൽ പ്രതികരണ കോളത്തിൽ വരണം. വായനക്കാരൻ, ആണ്ട്രൂസ്, അന്തപ്പാൻ, വിദ്യാധരൻ ഇവരെല്ലാവരും കൂടി എത്ര പേരുടെ തലക്കാ ഭ്രാന്ത് പിടിപ്പിക്കുന്നെ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക