Image

മലമ്പുഴ ഉദ്യാനപ്രകൃതിക്കൊപ്പം-2 (പ്രകൃതിയുടെ നിഴലുകള്‍ തേടി-80: ജോര്‍ജ്‌ തുമ്പയില്‍)

Published on 12 September, 2015
മലമ്പുഴ ഉദ്യാനപ്രകൃതിക്കൊപ്പം-2 (പ്രകൃതിയുടെ നിഴലുകള്‍ തേടി-80: ജോര്‍ജ്‌ തുമ്പയില്‍)
മലയും പുഴയും ചേര്‍ന്നാണ്‌ മലമ്പുഴ ആയത്‌. കേരളത്തിലെ കാഴ്‌ചകളില്‍ ഇങ്ങനെ മലയും പുഴയുമൊക്കെ യഥേഷ്‌ടം കാണാം. എന്നാല്‍, കേരളീയത നിറഞ്ഞു നില്‍ക്കുന്ന ഇവയുടെ സമൃദ്ധിയാണ്‌ മലമ്പുഴയില്‍ നിഴലിക്കുന്നതെന്നു പറയണം. ഡാമിന്റെ മുകളില്‍ നിന്നാല്‍ റോപ്‌ വേ കാണാം. സഞ്ചാരികള്‍ കൗതുകത്തോടെ ആര്‍ത്തുല്ലസിച്ചു നീങ്ങുന്നതു കണ്ടു. കേരളത്തില്‍ ഇത്തരം റോപ്‌ വേ വേറെ എവിടെയെങ്കിലുമുണ്ടോ ആവോ? എന്തായാലും, വിനോദസഞ്ചാര വകുപ്പിന്റെ ഇവിടുത്തെ ശുഷ്‌കാന്തിയെ അഭിനന്ദിക്കുക തന്നെ വേണം. തെന്നിന്ത്യയിലെ ആദ്യത്തേത്‌ എന്നവകാശപ്പെടുന്ന റോപ്പ്‌ വേയാണിത്‌. ഉദ്യാനത്തിനുമുകളിലൂടെയുള്ള ഉല്ലാസപ്രദമായ ആകാശയാത്ര സാധ്യമാക്കുന്ന റോപ്പ്‌ വേ, കാലത്ത്‌ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 1മണി വരെയും, ഉച്ചകഴിഞ്ഞ്‌ 2:30 മുതല്‍ വൈകിട്ട്‌ 8 വരെയും പ്രവര്‍ത്തിക്കുന്നു. മലമ്പുഴ ഉദ്യാനത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാനുതകുന്ന ഈ ആകാശസവാരിക്ക്‌ 20 മിനിറ്റ്‌ ദൈര്‍ഘ്യമുണ്ട്‌.

എന്തായാലും റോപ്‌ വേ ഒന്നു പരീക്ഷിക്കണമെന്നു തോന്നല്‌ ആദ്യം തന്നെ ഞാന്‍ ഉപേക്ഷിച്ചു. അതൊക്കെ സാഹസികത ഇഷ്‌ടപ്പെടുന്നുള്ളവര്‍ക്കുള്ളതാണ്‌. എനിക്ക്‌ അത്തരം ത്രില്ലിനോട്‌ തീരെ ക്രെയ്‌സില്ല. സൗത്ത്‌ ന്യൂജേഴ്‌സിയിലെ ജാട്‌സണ്‍ എന്ന സ്ഥലത്ത്‌ ഗ്രേറ്റ്‌ അഡൈ്വഞ്ചര്‍ എന്ന അമ്യൂസ്‌ മെന്റ്‌ പാര്‍ക്കില്‍ കയറിയ അന്ന്‌ ഞാന്‍ പ്രതിജ്ഞ എടുത്തതാണ്‌. ഇനി ഇമ്മാതിരി പരിപാടിക്ക്‌ ഞാനില്ല ! മൈസൂര്‍, ബാംഗ്ലൂര്‍, ഊട്ടി, കൊഡൈക്കനാല്‍ ഒക്കെ പോകുന്ന ടൂര്‍ പാര്‍ട്ടികള്‍ ഇവിടെയൊന്ന്‌ ഇറങ്ങിയിട്ടേ പോവൂ. സന്ദര്‍ശകര്‍ ധാരാളമായി എത്തിയിട്ടുണ്ട്‌. എന്നാല്‍ അതിന്റെ ഒരു ശബ്‌ദാനമായ അന്തരീക്ഷം എവിടെയും നിഴലിക്കുന്നതായി പോലും തോന്നിയില്ല.

ഞാന്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നും നടന്നു തുടങ്ങി. താഴെ ഉദ്യാന ഭംഗി എന്നെ അത്രമേല്‍ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു. അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു മുന്‍പ്‌ പുന്‍പ്പാറ, ചോവങ്കാട്‌, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്‌, തൂപള്ളം, വാരാനി, അക്കരക്കാട്‌, കടുക്കാംകുന്നം, ആനകുഴിക്കാട്‌, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവന്‍ ഇടുക്ക്‌ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട്‌ നിര്‍മ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന്‌ അറിയപ്പെട്ടു.

റിസര്‍വ്വോയറും, ഗാര്‍ഡന്‍ ഹൗസും കാണാനുള്ള സമയം രാവിലെ 10:00 മുതല്‍ വൈകിട്ട്‌ 06:00 വരെ മാത്രമാണ്‌. റിസര്‍വ്വോയറില്‍ ബോട്ടിങ്ങ്‌ ആണ്‌ പ്രധാനമായുള്ള ആകര്‍ഷണം. മീന്‍പിടുത്തം നിരോധിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണിത്‌, എന്നിരുന്നാലും പലരും റിസര്‍വ്വോയറില്‍ നിന്നും മീന്‍പിടിക്കുന്നുണ്ട്‌. ഗാര്‍ഡന്‍ ഹൗസില്‍ ജലകേളികള്‍ക്കായി ഒരു വിഭാഗം സജ്ജീകരിച്ചരിക്കുന്നു. കാലത്ത്‌ പത്തുമണിമുതല്‍ പെഡല്‍ ബോട്ടുകളും മറ്റും വാടകയ്‌ക്ക്‌ ലഭ്യമാണ്‌. ഉദ്യാനത്തോട്‌ ചേര്‍ന്ന്‌ നന്നായി അറ്റകുറ്റപ്പണികളും, ശുദ്ധീകരണവും മറ്റും നടത്തിവരുന്ന നീന്തല്‍ക്കുളം ഒരുക്കിയിരിക്കുന്നതു കണ്ടു. ഇങ്ങനെ പൊതുജനങ്ങള്‍ക്ക്‌ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന നീന്തല്‍ക്കുളങ്ങള്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വം. ചൊവ്വാഴ്‌ചകളില്‍ ഇതു തുറന്നുപ്രവര്‍ത്തിക്കുന്നതല്ല എന്ന ബോര്‍ഡ്‌ അതിനു സമീപം സ്ഥാപിച്ചിരിക്കുന്നതു കണ്ടു. ബാര്‍ബര്‍ഷോപ്പുകള്‍ പോലെയാണോ നീന്തല്‍ക്കുളവും എന്നു ഏതോയൊരു സഞ്ചാരിയുടെ കമന്റ്‌. ഇപ്പോള്‍ കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകള്‍ക്ക്‌ സണ്‍ഡേ അവധിയാക്കിയിട്ടുണ്ട്‌ !

ഇവിടെ, കേരളത്തിലെ ആദ്യത്തെ വാട്ടര്‍തീം പാര്‍ക്കായ ഫാന്റസി പാര്‍ക്ക്‌ മലമ്പുഴ അണക്കെട്ടിന്റെ തൊട്ടടുത്തു തന്നെയുണ്ട്‌. ഞാന്‍ ഉദ്യാനത്തിന്റെ നടുവിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ നടന്നു. നല്ല കാറ്റ്‌. നല്ല അന്തരീക്ഷം. ഒട്ടും മടുപ്പു തോന്നിച്ചതേയില്ല. ഉദ്യാനത്തോട്‌ ചേര്‍ന്നുകിടക്കുന്ന മത്സ്യരൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ശുദ്ധജലമത്സ്യങ്ങളുടെ പ്രദര്‍ശനകേന്ദ്രം, പാമ്പുവളര്‍ത്തല്‍ കേന്ദ്രം, കുട്ടികള്‍ക്കായുള്ള തീവണ്ടി ഉല്ലാസത്തിനായി പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ വഴിയരികില്‍ ബോര്‍ഡ്‌ വച്ചിരിക്കുന്നു. ആരും ഒന്നും മിസ്‌ ചെയ്യരുതെന്ന്‌ അധികൃതര്‍ ആഗ്രഹിക്കുന്നു. അക്വേറിയം ഉച്ചയ്‌ക്ക്‌ 12 മുതല്‍ വൈകിട്ട്‌ 8 മണിവരെ മാത്രമാണ്‌ തുറന്നു പ്രവര്‍ത്തിക്കുന്നുത്‌. അവധി ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌ 1 മണി മുതല്‍ വൈകിട്ട്‌ 9 വരെയും. പാമ്പുവളര്‍ത്തല്‍ കേന്ദ്രം കാലത്ത്‌ 8 മണിമുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പ്രവര്‍ത്തിക്കുക. പാമ്പുകളെ എനിക്ക്‌ പൊതുവേ ഭയമാണ്‌. അതു കൊണ്ട്‌ അവിടേക്ക്‌ കയറിയുള്ള അഭ്യാസപ്രകടനം വേണ്ടെന്നു മനസ്സു കൊണ്ടു തീരുമാനിച്ചു. അതിന്റെ ബോര്‍ഡ്‌ പോലും ഉപേക്ഷിച്ചായിരുന്നു പിന്നെ നടത്തം.

ജാപ്പനീസ്‌ ഗാര്‍ഡന്‍ എന്ന പേരില്‍ തന്നെ ഇതിനിടയില്‍ ഒരു പൂന്തോട്ടമുണ്ട്‌. അണക്കെട്ടിന്റെ പ്രകൃതിരമണീയതയ്‌ക്ക്‌ മാറ്റുകൂട്ടുന്ന രീതിയില്‍ ജപ്പാനീസ്‌ മാതൃകയിലാണ്‌ ഇതിന്റെ നിര്‍മ്മാണം. അതു കൊണ്ട്‌ തന്നെ ഇതിന്റെ പേരും ജാപ്പനീസ്‌ ഗാര്‍ഡന്‍ എന്നാക്കി. ഒരു പേരില്‍ എന്തിരിക്കുന്നു. കാഴ്‌ചയ്‌ക്കുള്ള ഭംഗിയിലല്ലേ കാര്യം. ഞാന്‍ ഇതിന്‍ ടെന്‍ ഔട്ട്‌ ഓഫ്‌ ടെന്‍ കൊടുത്തിരിക്കുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 1 വരെയും, ഉച്ചകഴിഞ്ഞ്‌ 2:30 മുതല്‍ വൈകിട്ട്‌ 8 വരെയുമാണ്‌ ജാപ്പനീസ്‌ ഗാര്‍ഡന്‍ കാണികള്‍ക്കായി തുറക്കുന്നത്‌. ഞാന്‍ ഉള്ളിലേക്ക്‌ കയറിയില്ല, പകരം ഇതിനോട്‌ ചേര്‍ന്ന്‌ നദിക്കു കുറുകെയുള്ള തൂക്കുപാലത്തില്‍ ഒന്നു കയറാന്‍ തീരുമാനിച്ചു. അല്‍പ്പം കയറിയപ്പോള്‍ തന്നെ അത്‌ ആടുന്നതായി തോന്നി. താഴേയ്‌ക്ക്‌ നോക്കിയപ്പോള്‍ ജലത്തിന്റെ ഭീകരത പ്രകമ്പനം കൊള്ളിച്ചു. അതോടെ, ആവേശം നഷ്‌ടപ്പെട്ടു വേഗം തന്നെ തിരിച്ചിറങ്ങി.

മുന്നില്‍ ഒരു വലിയ തൂണു പോലെ കാഴ്‌ച തടസ്സപ്പെടുത്തി ടെലിസ്‌കോപ്പിക്‌ ടവര്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇവിടെ നിന്നു നോക്കിയാല്‍ തമിഴ്‌നാട്‌ ഒക്കെ സുഗമായി കാണാമത്രേ. എന്നാലതൊന്നു കണ്ടിട്ടു തന്നെ കാര്യം. 40 മൈല്‍ ദൂരം വരെയുള്ള വിഹഗവീക്ഷണം സാധ്യമാക്കുന്നുവെന്ന്‌ എന്‍ട്രന്‍സില്‍ എഴുതിയിട്ടുണ്ട്‌. ശരിയാണ്‌, കാഴ്‌ചയില്‍ വളരെ അടുത്തായി തോന്നിക്കുന്ന ഏതോ ഒരു ഗ്രാമം മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. എവിടെയാണെന്നു പിടികിട്ടിയില്ല. തമിഴ്‌നാട്‌ ഗ്രാമങ്ങള്‍ വല്ലതുമായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 വരെ ഇവിടെ കയറാന്‍ അവസരമുണ്ട്‌.

നടന്നെത്തിയത്‌ ത്രെഡ്‌ ഗാര്‍ഡന്റെ മുന്നിലേക്കാണ്‌. ചെറിയതായി ദാഹം തോന്നിയെങ്കിലും ഇതു കൂടി കണ്ടിട്ടാവാം ദാഹശമനമെന്നു നിശ്ചയിച്ചു. ഉദ്യാനത്തിന്‌ അനുബന്ധമായി നിര്‍മ്മിക്കപ്പെട്ടതാണെങ്കിലും ഉദ്യാനത്തിന്‌ പുറത്തായി സ്ഥിതി ചെയ്യുന്നതാണ്‌ ത്രെഡ്‌ ഗാര്‍ഡന്‍. നയനമനോഹരമായ ഈ കരവേല കുറെയേറെ ആളുകളുടെ വര്‍ഷങ്ങള്‍ നീണ്ട നിരന്തരപരിശ്രമഫലമാണ്‌. എംബ്രൊയ്‌ഡറിക്കായി ഉപയോഗിക്കുന്ന വ്യത്യസ്‌തനിറങ്ങളിലുള്ള നൂലുകള്‍ സൂചിയോ, മറ്റ്‌ പ്രത്യേക ഉപകരണങ്ങളോ ഉപയോഗിക്കാതെയാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ആന്റണി ജോസഫ്‌ എന്ന കലാകാരനാണ്‌ ഇത്‌ രൂപകല്‍പ്പനചെയ്‌ത്‌ നിര്‍മ്മിച്ചത്‌. നല്ലൊരു ഇളനീര്‍ കുടിച്ചതോടെ ദാഹമകന്നു.

ഇനി റോക്ക്‌ ഗാര്‍ഡന്‍ കൂടി കാണണം. മടങ്ങണം. അതാണ്‌ പ്ലാന്‍. തെന്നിന്ത്യയിലെ ആദ്യത്തെ റോക്ക്‌ ഗാര്‍ഡനാണ്‌ മലമ്പുഴയിലുള്ളതെന്ന്‌ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌ കണ്ടു. ഇവിടെയും തിരക്കുണ്ട്‌. പദ്‌മശ്രീ നെക്‌ ചന്ദിന്റെ മനസ്സില്‍ വിരിഞ്ഞ മഹത്തായ ഒരു ഉദ്യാനമാണിത്‌. ഉപയോഗശൂന്യമായ വളപ്പൊട്ടുകളും, തറയോടുകളും, മറ്റ്‌ പാഴ്‌ വസ്‌തുക്കളുമാണ്‌ ഇതിന്റെ പ്രധാന നിര്‍മ്മാണവസ്‌തുക്കള്‍. എന്നാല്‍ അതൊട്ടു തോന്നുകയുമില്ല.

മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. കാഴ്‌ചയുടെ വസന്തം കണ്ണില്‍ നിന്നും മായാതെ തന്നെ നില്‍ക്കുന്നു. ഈ ഉദ്യാനം കേരളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ്‌. ഇട്ടിട്ടു പോകാന്‍ തോന്നുന്നതേയില്ല. വിശപ്പിന്റെ ക്ഷീണം ഒഴിച്ചാല്‍ പിന്നെയും ഊര്‍ജം ബാക്കി. മലമ്പുഴയ്‌ക്ക്‌ ആരെയും ആകര്‍ഷിക്കുന്ന ഒരു അസാധാരണമായ വശീകരണ ശക്തിയുണ്ടെന്നു തോന്നി. അതെന്റെ കണ്ണുകളില്‍ നിന്നും സിരകളിലേക്ക്‌ കയറുന്നു. അവിടെ നിന്നും പടര്‍ന്ന്‌ പടര്‍ന്ന്‌ പറന്ന്‌... അങ്ങനെയങ്ങനെ..

(തുടരും)

Related Story

>>>പുഷ്‌പരഥങ്ങള്‍ നിറഞ്ഞ മലമ്പുഴ.
മലമ്പുഴ ഉദ്യാനപ്രകൃതിക്കൊപ്പം-2 (പ്രകൃതിയുടെ നിഴലുകള്‍ തേടി-80: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക