Image

ബ്രാഹ്മണ്യത്തിന്റെ 'അടുക്കള നിയമം' രാജ്യത്തിനു മുഴുവന്‍ ബാധകമോ ? (ലേഖനം - ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 12 September, 2015
ബ്രാഹ്മണ്യത്തിന്റെ 'അടുക്കള നിയമം' രാജ്യത്തിനു മുഴുവന്‍ ബാധകമോ ? (ലേഖനം - ഷോളി കുമ്പിളുവേലി)
ജനാധിപത്യ രാജ്യത്ത് ഒരു വ്യക്തി എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാന്‍ അയാള്‍ക്കു സ്വാതന്ത്ര്യം ഇല്ലേ ? ജൈനമതക്കാര്‍ നോമ്പു നോല്‍ക്കുന്നതുകൊണ്ട്, മഹാരാഷ്ട്രയില്‍ നാലു ദിവസം ബീഫ് നിരോധിച്ചു. തുടര്‍ന്ന്, രാജസ്ഥാനും ഇതേ നിലപാട് സ്വീകരിച്ചു. കൂടാതെ, ജമ്മുകാശ്മീരില്‍ മാംസമേ ഉപയോഗിക്കുവാന്‍ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവ് !! ഇതൊക്കെ ചേര്‍ത്തു വായിക്കുമ്പോള്‍ എന്തു മതേതരത്വവും, ജനാധിപത്യവുമാണ് നമ്മുടെ ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ? 

നാളെ, കൃസ്ത്യാനികളും, മുസ്ലീങ്ങളുമുള്‍പ്പെടെ മറ്റ് മതസ്ഥരുടെ നോമ്പുകാലത്തും മത്സ്യത്തിനും, മാംസത്തിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമോ? അപ്പോള്‍ പിന്നെ, എല്ലാ മതക്കാരുടെയും “നോമ്പും, പ്രാര്‍ത്ഥനയും” കഴിഞ്ഞ്, സാധാരണ മനുഷ്യര്‍ക്ക് എന്നാണ് അവരുടെ ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാന്‍ അവസരം കിട്ടുന്നത്?

ഇവിടെയാണ് രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയേയും, അദ്ദേഹത്തെ പിന്താങ്ങുന്ന പാര്‍ട്ടിയുടെയും ഒക്കെ പ്രസക്തി കടന്നുവരുന്നത്. സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ അറുപത്തെട്ട് വര്‍ഷക്കാലവും, ഇന്ത്യ ഭരിച്ച പ്രധാന മന്ത്രിമാര്‍ ഹിന്ദുനാമങ്ങള്‍ പേറിയവരാണ്. പക്ഷേ, നരേന്ദ്രമോദിയിലില്ലാത്ത ദേശീയ വീക്ഷണവും മതേതര നിലപാടുകളും മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണരുടെയും ചില മുന്നോക്ക ജാതിക്കാരുടെയും, ഭവനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന, മത്സ്യ-മാംസവിലക്കുകള്‍, ആര്‍ത്തവനാളുകളില്‍ സ്ത്രീകള്‍ അടുക്കളയില്‍ കയറരുത് തുടങ്ങി ബ്രാഹ്മണത്വത്തിന്റെ അടുക്കള നിയമങ്ങള്‍, അല്ലെങ്കില്‍ തത്വസംഹിതകള്‍ ഒരു രാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുത്! ഇതിന്റെ ഒക്കെ പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി ജനങ്ങള്‍ കരുതുന്നു.
എന്തു തിന്നണം എന്നതിനേക്കാള്‍ പ്രധാനം, എല്ലാവര്‍ക്കും എന്തെങ്കിലും മുടക്കമില്ലാതെ തിന്നാന്‍ ലഭിക്കുക, എല്ലാവര്‍ക്കും നാണം മറക്കാന്‍ വസ്ത്രം, കേറിക്കിടക്കാന്‍ പാര്‍പ്പിടം, അതിലുപരി സ്വത്തിനും ജീവനും സംരക്ഷണം, ഇഷ്ടമുള്ള മതത്തില്‍ വിശ്വാസിക്കാനുള്ള സ്വാതന്ത്ര്യം, ഇതൊക്കെ ഉറപ്പുവരുത്തുക എന്നതാണ് ഒരു ഭരണാധികാരിയുടെ കടമ!!!

ബി.ജെ.പി. ആയിരുന്നു ബാജ്‌പേയിയെ നയിച്ചിരുന്നതെങ്കില്‍, നരേന്ദ്രമോദിയുടെ അജണ്ട നിശ്ചയിക്കുന്നത് ആര്‍.എസ്.എസും, സംഘപരിവാറും ആണ്. ഇതു രണ്ടും ബി.ജെ.പി.യില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ ഹിന്ദുരാജ്യമാകണമെന്നും, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ രാജ്യത്തിനു മുഴുവന്‍ ബാധകമാകണമെന്നും വാദിക്കുന്നവരാണ് ആര്‍.എസ.്എസും, സംഘപരിവാറും. 
ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ “മാന്യന്റെ” പരിവേഷം കെട്ടുന്ന നമ്മുടെ പ്രധാനമന്ത്രി , സംഘപരിവാറിന്റെ കൈയിലെ ചട്ടുകം മാത്രമായി ചുരുങ്ങിപോകുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണ്, കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ പോലും, സംഘപരിവാറിന്റെ മാനവികതക്കനുസരിച്ച് പാഠങ്ങള്‍ തിരുക്കിക്കയറ്റുന്നത്. 

കാവിവല്‍ക്കരണത്തിന്റെ കടന്നു കയറ്റത്തില്‍ ബാലികേറാമലയായിരുന്നു എന്നും കേരളം. എന്നാല്‍, ഇപ്പോള്‍ കേന്ദ്രത്തിലെ ഭരണത്തിന്റെ തണലില്‍, എസ്.എന്‍.ഡി.പി.യിലൂടെ ഒരു പദപ്രവേശത്തിനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍. അതിന് അവര്‍ക്ക് കൂട്ടിന് ലഭിച്ചത് വെള്ളാപ്പള്ളി നടേശനേയും, മകന്‍ തുഷാറിനേയും. എന്നാല്‍, ശ്രീ നാരായണീയത എന്നത് വെള്ളാപ്പള്ളിയുടെയും മകന്റെയും മാനവികതയില്‍ ഒതുങ്ങുന്നതല്ല.

എസ.്എന്‍.ഡി.പി എന്ന മഹത്തായ സംഘടനയെ ആര്‍.എസ്. എസ്സിന്റെയും സംഘപരിവാറിന്റെയും വളര്‍ച്ചക്കുള്ള വളം മാത്രമായി ഇട്ടുകൊടുക്കുന്നതിന് വെള്ളാപ്പള്ളിക്കു കിട്ടുന്ന പ്രതിഫലം മകനു ലഭിക്കുവാന്‍ പോകുന്ന രാജ്യസഭാഗത്വം!! ഇതിന്റെ അച്ചാരം വാങ്ങിയതിന്റെ തെളിവാണ്, ഗുരുവിനെ കുരിശിലേറ്റി എന്നു പറഞ്ഞ് നിലവിളിച്ച വെള്ളാപ്പള്ളി, ഗുരുവിന്റെ പ്രതിമയുടെ കൈവെട്ടിയ ആര്‍.എസ.്എസ്സുകാരെ പോലീസ് കൈയോടെ പിടികൂടിയിട്ടും 'കാ…മാ' എന്നൊരു അക്ഷരം മിണ്ടാതിരുന്നത്! വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം “ദീപസ്തംഭം മഹാശ്ചര്യം”, നമുക്കും കിട്ടണം പണം.” അതിന്റെ അപ്പുറത്ത് മറ്റൊന്നുമില്ല.

ആര്‍.എസ.്എസ്സും, സംഘപരിവാറും ചേര്‍ന്നു നടത്തുന്ന ഈ കാവ്യവല്‍ക്കരണത്തെ തടയേണ്ടത് കമ്മ്യൂണിസ്റ്റ്കാരുടെ മാത്രം കടമയല്ല, കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ ജനാധിപത്യവിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. ആരും ഇവിടെ കാഴ്ചക്കാരല്ല !

ബ്രാഹ്മണ്യത്തിന്റെ 'അടുക്കള നിയമം' രാജ്യത്തിനു മുഴുവന്‍ ബാധകമോ ? (ലേഖനം - ഷോളി കുമ്പിളുവേലി)
Join WhatsApp News
vinu 2015-09-15 08:28:21
ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മൌലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്  മോഡി ഭരിക്കുന്ന ഇന്ത്യയിൽ നടക്കുന്നത്. രാജ്യസ്നേഹവും ഉത്തരവാദിത്തവുമുള്ള ഒരു നല്ല പത്രപ്രവർത്തകന്റെ പ്രതികരണത്തെ മതേതരത്വത്തിൽ  വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും  പ്രതികരണമായി കാണുന്നു.  ഷോളി, അഭിനന്ദനങ്ങൾ!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക