Image

കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)

Published on 13 September, 2015
കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)
ജനിച്ചുവീണ മണ്ണില്‍ നിന്നും അന്യദേശങ്ങളിലേയ്ക്ക് ജീവസന്ധാരണാര്‍ത്ഥം പറിച്ചെറിയപ്പെട്ടവരാണ് പ്രവാസികള്‍. പ്രയാസങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ പറുദീസയിലേയ്ക്ക് പറന്നിറങ്ങിയവര്‍. അമേരിക്കന്‍ മലയാളികള്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മോഹസമൂഹം. കൃത്യാന്തര ഷിഫ്റ്റുകളില്‍ നിന്ന് ഷിഫ്റ്റുകളിലേയ്ക്ക് പ്രകാശ സഞ്ചാരം നടത്തി നാടിനും വീടിനും ബലവത്തായ തൂണുകള്‍ നിര്‍മിക്കാന്‍ രക്തം വിയര്‍പ്പാക്കുന്ന യഥാര്‍ത്ഥ വാസ്തു ശില്‍പ്പികള്‍. അനന്തമായ അവസരങ്ങളുടെ ഈ കര്‍മ ഭൂമിയില്‍ നിന്ന് വ്യക്തികളായും സംഘടനകളായും സംഘടനകളുടെ സംഘടനകളായുമൊക്കെ നാം നാട്ടിലേയ്ക്ക് ജന്‍മബന്ധത്തിന്റെ പാലം തീര്‍ക്കുന്നുണ്ട്. അതിലൂടെ മാതൃഭൂമിയുടെ ഇനിയും നശിക്കാത്ത പച്ചപ്പിലേയ്ക്ക് നടന്നെത്തി കര്‍മത്തിന്റെ പൂര്‍ത്തീകരണത്തിനായി നമ്രശിരസ്‌കരാവുകയും ചെയ്യുന്നു...ഊണിലുമുറക്കത്തിലും...

ഒരിക്കല്‍ മലയാള മണ്ണില്‍ നിന്നും സ്വപ്ന രഥത്തിലേറി മറുകരയിലെത്തുമ്പോള്‍ കണ്ണീരിനൊപ്പം കിനാവുകളുമൊരുപാടുണ്ടായിരുന്നു. ആ കണ്ണീര്‍ തുള്ളികള്‍ ആശ്വാസത്തിലേയ്ക്കും നിത്യ കിനാവുകള്‍ സാഫല്യത്തിലേയ്ക്കും വളര്‍ന്നപ്പോള്‍ മുതല്‍ അദ്ധ്വാനത്തിന്റെ ഒരു വിഹിതം നാടിന്റെ നന്‍മയിലേയ്ക്ക് മുതല്‍ കൂട്ടുവാന്‍ ആരും മറന്നില്ല. ആ ആശ്വാസ പ്രവാഹത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുത്തുകൊണ്ട് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) നടത്തിവരുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്, ശ്ലാഘനീയമാണ്, പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്.

രൂപംകൊണ്ട നാള്‍ മുതല്‍ ഇന്നീ നിമിഷം വരെ ഫോമ ശിരസാവഹിച്ച് നടപ്പാക്കിയ ജീവകാരുണ്യ പദ്ധതികളും വികസന സംരംഭങ്ങളും അമേരിക്കല്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, കേരളത്തിലും നിറഞ്ഞ കൈയടി നേടിയിട്ടുണ്ട്. അമേരിക്കയിലെ പ്രവാസി ദേശീയ സംഘടനകളുടെ ചരിത്രത്തിലെ വിപ്ലവാത്മകമായൊരു കരാര്‍ ഈയിടെ ഒപ്പുവയ്ക്കുകയുണ്ടായി. ഫോമയും തിരുവന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററും (ആര്‍.സി.സി) തമ്മിലുള്ളതായിരുന്നു സ്വപ്ന തുല്യമായ ഈ ഉടമ്പടി. ഒരു ലക്ഷം രൂപ മുതല്‍ മുടക്കില്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന് ഒരു എക്സ്റ്റന്‍ഷന്‍ നിര്‍മിച്ച് നല്‍കുന്നതാണീ ബൃഹത് പദ്ധതി. ഇതു സംബന്ധിച്ച കരാറില്‍ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ആര്‍.സി.സി ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ പോളും ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയതി ഒപ്പുവച്ചു.

ഫോമയുടെ ഉദ്ദേശ ലക്ഷ്യങ്ങളെയും അഭിമാന സംരംഭങ്ങളെയും ഭാവിപ്രതീക്ഷകളെയും പറ്റി പരിണതപ്രജ്ഞനായ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് സംസാരിച്ചു. ആ സംഭാഷണത്തിന്റെ വിശദാംശങ്ങളാണിവിടെ കുറിക്കുന്നത്...

ആര്‍.സി.സിയിലെ പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് ആരംഭിച്ചത് 1982ലാണ്. രജിസ്റ്റര്‍ ചെയ്യുന്ന 14 വയസില്‍ താഴെയുള്ളവരുടെ ചികില്‍സയാണിവിടെ നടത്തുന്നത്. കേരളത്തിനുപുറമെ തമിഴ്‌നാട്, കര്‍ണാടക, മാലിദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള രോഗ ബാധിതരും ആര്‍.സി.സിയെ ആശ്രയിക്കുന്നു. എന്നാല്‍ രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ സൗകര്യങ്ങളിവിടെയില്ല. നിലവില്‍ ഒരൊറ്റ മുറിയില്‍ വച്ചാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. രോഗികള്‍ക്കും കൂടെ എത്തുന്നവര്‍ക്കും വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍ഹിക്കാനോ ഉള്ള സൗകര്യം തീര്‍ത്തും അപര്യാപ്തമാണ്. ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ഫോമ ആര്‍.സി.സിയിലെ നിര്‍മാണ പദ്ധതിക്ക് അടിയന്തരമായി കരാര്‍ ഒപ്പുവച്ചത്- ഷാജി എഡ്വേര്‍ഡ് വിശദീകരിച്ചു.

പ്രോജക്ട് രൂപപ്പെട്ടതിങ്ങനെ...മയാമിയില്‍ വച്ച് 2014 ഒക്‌ടോബര്‍ 29നാണ് ഫോമയുടെ നിലവിലുള്ള നാഷണല്‍ കമ്മിറ്റി ചുമതല ഏറ്റത്. കമ്മിറ്റിയില്‍ ഷാജി മുന്നോട്ടുവച്ചത് ജീവകാരുണ്യ പദ്ധതിയെപ്പറ്റിയായിരുന്നു. പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പൈലറ്റ് ചെയ്ത ആശയം കേരളത്തിലെ കാന്‍സര്‍ ബാധിതരായ നിര്‍ധനരെ എത്രമേല്‍ സഹായിക്കാമെന്നതിനെക്കുറിച്ചായിരുന്നു. ഡോ: എം. വി പിള്ളയുമായി ഫോമാ-ആര്‍.സി.സി പ്രൊജക്ടിന്റെ കോ-ഓര്‍ഡിനേറ്ററും ഫോമായുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറും കൂടിയായ ജോസ് എബ്രഹാം ആശയവിനിമയം നടത്തി. 'ഹോം എവേ ഫ്രം ഹോം...' എന്നൊരു സിഗ്നേച്ചര്‍ പരിപാടിയെപ്പറ്റി ചിന്തിക്കുന്ന ഘട്ടമായിരുന്നു അത്.
ആര്‍.സി.സിയില്‍ ഒരു ദിവസത്തെ ട്രീറ്റ്‌മെന്റിന് എത്തുന്നവര്‍ക്ക് പുറത്ത് താമസിക്കുവാനുള്ള പ്രയാസങ്ങള്‍ മനസിലാക്കി 20 പേര്‍ക്ക് കിടക്കാനും മറ്റും സൗകര്യമുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു കൊടുക്കാമെന്ന തീരുമാനത്തിലെത്തുകയും ജോസ് എബ്രഹാം ഇതുസംബന്ധിച്ച ഒരു ലക്ഷം ഡോളറിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

നാഷണല്‍ കമ്മിറ്റി അത് ആവേശത്തോടെ അംഗീകരിച്ചു. സ്‌പോണ്‍സര്‍മാര്‍ അകമഴിഞ്ഞ സഹായ സഹകരണങ്ങളുമായെത്തി. തിരുവനന്തപുരത്തും മലബാറിലും അന്വേഷണം നടന്നു. എന്നാല്‍ സ്ഥലം ഇല്ലെന്ന മറുപടിയായിരുന്നു സര്‍ക്കാരിന്റേത്.

ഉടന്‍ തന്നെ ഡോ: എം. വി പിള്ള ആര്‍.സി.സിയുടെ അഡീഷണല്‍ റീജിയണല്‍ ഡയറക്ടറും പീഡിയാറ്റിക് സെന്റര്‍ ഡയറക്ടറുമായ ഡോ: കുസുമകുമാരിയുമായി ബന്ധപ്പെട്ടു. അപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഒരു കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അപ്രൂവല്‍ ആയി കിടക്കുന്നു എന്ന വാര്‍ത്തയാണ്. ഫോമയ്ക്കാണെങ്കില്‍ ഒരു ലക്ഷം ഡോളറിന്റെ എസ്റ്റിമേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു - ഏതാണ്ട് 65 ലക്ഷം രൂപ. നെഗോഷിയേഷന്റെ ഭാഗമായി ആ ബജറ്റിലേക്ക് കാര്യങ്ങളെത്തി. എ.ഒ.യു സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഷാജി എഡ്വേര്‍ഡ് നാട്ടിലേക്ക് പോയി. സര്‍ക്കാരിന്റെ അംഗീകാരം അടിയന്തിരമായി വേണമെന്ന് ഡോ.കുസുമകുമാരി പറഞ്ഞു. പിന്നീടങ്ങോട്ട് ഉദ്യോഗസ്ഥവൃന്ദത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു.

അനിശ്ചിതത്വത്തിന്റെ ഏഴു മാസം കടന്നു പോയി. വിജയന്‍ ഐ.എ.എസിന്റെ ഭാര്യ ഡോ.ബീന ഐ.എ.എസ് ഈ സന്നിഗ്ധ ഘട്ടത്തില്‍ സഹായഹസ്തവുമായി വന്നു. ആത്മാര്‍ത്ഥതയോടെ അവര്‍ ഫോമയുടെ പദ്ധതിക്കായി ആവും വിധം സഹായിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ഉപദേഷ്ടാവായ ടി.കെ.എ നായരുമായി ഡോ.എം.വി.പിള്ള സംസാരിച്ചു. ഏഷ്യാനെറ്റിലെ 'കണ്ണാടി ഫെയിം' ഗോപകുമാറും സഹായിച്ചു. അങ്ങനെ ജൂണില്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. പക്ഷേ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സംതൃപ്തനായില്ല. മുഴുവന്‍ പണവും കൊടുത്തില്ലെങ്കിലും കുറച്ചെങ്കിലും സമാഹരിച്ചുകൊണ്ട് പദ്ധതി ആരംഭിക്കണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. 25,000 ഡോളര്‍ നല്‍കിക്കൊണ്ട് തുടക്കം കുറിക്കാം എന്ന അഭിപ്രായത്തെ എല്ലാവരും സുമനസ്സോടെ സ്വീകരിച്ചു.
ഫോമയില്‍ അംഗങ്ങളായ ഓരോ അസ്സോസ്സിയേഷനും മിനിമം 500 ഡോളര്‍ ഈ പദ്ധതിയിലേക്ക് സംഭാവനയായി നല്‍കണമെന്നായിരുന്നു ധാരണ. അതേ സമയം എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ളവര്‍ കാര്യമായി സഹകരിക്കാന്‍ മനസ്സുകാട്ടി. നാലഞ്ചുപേര്‍ കൂടി കുറെ പണം സംഘടിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ എ.ഓ.യു ഒപ്പു വയ്ക്കുകയും ആദ്യ ഗഡുവായി 25,000 ഡോളറിന്റെ ചെക്ക് നല്‍കുകയും ചെയ്തു.

അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷന്‍ എന്ന നിലയില്‍ ഫോമയെ സംബന്ധിച്ചും അതിന്റെ 64 അംഗ സംഘടനകളെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമായിരുന്നു അത്. ഇതുപോലൊരു കാര്യം മുമ്പ് നടന്നതായി കേട്ടുകേഴ്‌വി പോലുമില്ല. വാസ്തവത്തില്‍ സാധാരണയായി നടക്കുന്നതെന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. വലിയ വായിലുള്ള പ്രസ്താവനകള്‍ വേദികളില്‍ അരങ്ങു തകര്‍ക്കും. പക്ഷേ ഒരു കാര്യവും നടപടിയിലേക്കെത്തുകയില്ല. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 2016 ജനുവരിയില്‍ 25,000 ഡോളറും മാര്‍ച്ചില്‍ 25,000 ഡോളറും ജൂണില്‍ 25,000 ഡോളറും നല്‍കത്തക്കവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് പുരോഗമിക്കുമ്പോള്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയും ആശ്വാസമാവുകയാണ്. പൊതുജനങ്ങളില്‍ നിന്നും ഉദാരമായ സംഭാവന പ്രതീക്ഷിക്കുന്നുണ്ട്.

സുമനസ്സുകളായ അനവധി പേര്‍ ഈ പ്രോജക്ടിനെ മനസ്സാ അനുകൂലിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. റോക്ക് ലാന്‍ഡില്‍ നിന്നുള്ള സഞ്ജു കളത്തില്‍ പറമ്പില്‍, ലിബി എന്നിവര്‍ 5,000 ഡോളര്‍ സംഭാവന തരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് 1000 ഡോളറാണ് നല്‍കുന്നത്. ഡോ. എം.വി. പിള്ള, റ്റി.കെ.എ നായര്‍ ഐ.എ.എസ് (മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്ങിന്റെ അഡൈ്വസര്‍ ), ശശിധരന്‍ നായര്‍ (ഫോമയുടെ മുന്‍ പ്രസിഡന്റ്), ഡോ. കുസുമകുമാരി (അഡീഷണല്‍ ഡയറക്ടര്‍ ആര്‍.സി.സി), ഡോ.സാറാ.ജെ ഈശോ, ബേബി ഊരാളില്‍ (ഫോമ മുന്‍ പ്രസിഡന്റ്), കുസുമം ടൈറ്റസ് (എയ്‌റോ കണ്‍ട്രോള്‍സ് ഐ.എന്‍.സി), വര്‍ക്കി എബ്രഹാം (സി.ഇ ഒ എറിക് ഷൂസ്), കളത്തില്‍ വര്‍ഗീസ് (ചെയര്‍മാന്‍ ബി.കെ.വി. ഫൗണ്ടേഷന്‍) തുടങ്ങിയവര്‍ ഫോമയുടെ ഈ ജീവകാരുണ്യ പദ്ധതിക്ക് സര്‍വാത്മനാ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ഫോമയുടെ അഞ്ചാമത് കണ്‍വന്‍ഷന്‍ അമേരിക്കയിലെ ഹരിത കേരളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറിഡയിലെ മയാമിയില്‍ 2016 ജൂലായില്‍ 7,8,9,10 തീയതികളില്‍ നടത്തപ്പെടുകയാണ്. ഇത് ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായി മാറുമെന്നുറപ്പ്. എന്നാല്‍ ഒരു കണ്‍വന്‍ഷന്‍ ആഘോഷം എന്നതിലുപരി കേരളത്തിനായി എന്തെങ്കിലും ചെയ്യുക, അത് രോഗവേദന അനുഭവിക്കുന്ന ഒരു പറ്റം ആള്‍ക്കാര്‍ക്ക് സമാശ്വാസത്തിന്റെ തണല്‍ ഏകുക എന്ന മാനുഷിക വികാരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നുകൊണ്ടാണ് ആര്‍.സി.സിയ്ക്ക് തങ്ങള്‍ കൈത്താങ്ങാവുന്നത്. ഷാജി എഡ്വേര്‍ഡ് പറഞ്ഞു. അമേരിക്കന്‍ മലയാളി സമൂഹത്തെ സാക്ഷി നിര്‍ത്തി ഏറ്റെടുത്ത ചുമതല ഈശ്വര കല്‍പ്പിതമായി നിറവേറ്റി. ചാരിതാര്‍ത്ഥ്യത്തോടെ നീങ്ങുവാനാണ് ആഗ്രഹം...ഷാജി പറഞ്ഞു നിര്‍ത്തി.
കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ വീട് (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക