Image

ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ? (ജോണ്‍ മാത്യു)

Published on 16 September, 2015
ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ? (ജോണ്‍ മാത്യു)
ഇതൊരു വല്ലാത്ത ചോദ്യം. ചിലര്‍ പറയും ചരിത്രം ആവര്‍ത്തിക്കുമെന്ന്‌ മറ്റുചിലര്‍ക്ക്‌ അതൊരു മിഥ്യ. ചരിത്രം ആവര്‍ത്തിക്കുകയല്ല, അത്‌ തുടരുകയാണ്‌, മനുഷ്യമനസ്സിന്‌ മാറ്റമില്ലാത്തതുകൊണ്ട്‌, ആ മനസ്സുകള്‍ എന്നും ഒരുപോലെ ചിന്തിക്കുന്നതുകൊണ്ട്‌.

അമേരിക്കയിലെ അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഇപ്പോഴേ തുടങ്ങിയിരിക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ ഇതിനകം എത്രയോ പ്രാവശ്യം എഴുതകയും ചര്‍ച്ച ചെയ്യുകയും ചെയ്‌തിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്ന്‌ തോന്നുന്നു.

മനുഷ്യന്‍ മാത്രമല്ല മറ്റു ജീവികള്‍പ്പോലും ഭയപ്പെടുന്നു തങ്ങള്‍ സ്വയം അവകാശമായിട്ടെടുത്ത ഇടത്ത്‌ മറ്റുള്ളവര്‍ കടന്ന്‌ പ്രവേശിക്കുമോയെന്ന്‌. അതിനൊരു `വേലി' വേണം. ആ പ്രതിരോധത്തിന്റെ ലോലമായ മാനസികഭാവത്തിന്മേലാണ്‌ ഇന്ന്‌ ചില സ്ഥാനാര്‍ത്ഥികള്‍ കയറിപ്പിടിച്ചിരിക്കുന്നത്‌.

മറ്റുള്ളവരുടെ രീതികള്‍, ഭക്ഷണക്രമങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയെ വാചാലമായി നാം വിമര്‍ശിക്കുകയാണ്‌. ഇതൊരു വര്‍ത്തമാനകാല രാഷ്‌ട്രീയപ്രശ്‌നമാണ്‌, ഒരു പ്രത്യേക ദേശത്തേത്‌ മാത്രമല്ലാത്ത.

കേരളത്തിന്റെ കാര്യംതന്നെയെടുക്കാം. ഭൂമിശാസ്‌ത്രപരമായ കിടപ്പുകൊണ്ട്‌, വിദ്യാഭ്യാസരംഗത്ത്‌ കൈവന്ന പുരോഗതികൊണ്ട്‌, നവീനാശയങ്ങള്‍ സ്വീകരിക്കാന്‍ മടിക്കാതിരുന്നതുകൊണ്ട്‌ മലയാളികള്‍ക്ക്‌ മറുനാടുകളിലേക്ക്‌ കടന്നുചെല്ലാന്‍ കഴിഞ്ഞു. ആ ശൂന്യവസ്ഥയിലേക്ക്‌ സ്വഭാവികമായി മറ്റുചിലര്‍ വന്നേ തീരൂ; നമുക്ക്‌ ചെയ്യാന്‍ കഴിയാത്ത ജോലികള്‍ ചെയ്യാന്‍, അവരുടെ നാട്ടിലെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അയവു വരുത്താന്‍. ഈ യാഥാര്‍ത്ഥ്യബോധം നമുക്കുണ്ടെങ്കിലും മനസ്സില്ലാമനസ്സോടെയാണ്‌ തൊഴില്‍ത്തേടിവരുന്ന ഇവരെ സ്വീകരിക്കുക. അതിന്റെ തുടര്‍ച്ചയാണ്‌ സമൂഹത്തില്‍ ബന്ധുബലമില്ലാത്ത ഇവര്‍ തികച്ചും അന്യരായി, കള്ളന്മാരായി മുദ്രകുത്തപ്പെടുന്നതും. എന്തായാലും ഉന്നതവിദ്യാഭ്യാസം നേടി മറുനാട്ടിലേക്കുപോയവരേക്കാള്‍ എത്രയോ അവശരാണ്‌ ഇങ്ങോട്ട്‌ വരുന്നവര്‍ എന്നോര്‍ക്കുക.

മറ്റൊരു ചിത്രം:

ഒരു കാലത്ത്‌ ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതായിരുന്നു. പിന്നീട്‌ ജന്തുസഹജമായ തീഷ്‌ണതയോടെ, ആകൃതികൊണ്ട്‌, നിറംകൊണ്ട്‌ മനുഷ്യസമൂഹം വിഭജിക്കപ്പെട്ടു ദൈവവിശ്വാസത്തിനൊപ്പം നാട്ടുനടപ്പുകളും ദിവ്യമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. നമുക്ക്‌ അന്യമായ ജീവിത സങ്കല്‌പങ്ങള്‍ക്ക്‌ ഒരു തൊട്ടുകൂടായ്‌മപോലും.

ആരാണ്‌ ഒരു പ്രത്യേക സ്ഥലത്ത്‌ ആദ്യം വന്നുചേര്‍ന്നത്‌? ആരാണ്‌ അവിടെ നിര്‍മ്മാണം തുടങ്ങിയത്‌? ഇതൊന്നും പ്രസക്തമായ ചോദ്യമേയല്ല, പിന്നീടു വരുന്ന ശക്തരായവര്‍ ആദ്യകാല കുടിയേറ്റക്കാരെ പുറത്താക്കിക്കഴിയും, ആദിവാസികളെന്നോ, അബ്‌ഒറിജിനലെന്നോ പേരുകള്‍ വിളിച്ച്‌ അവരുടെ ഭൂമി കൈക്കലാക്കി അതേ ഭൂമിയില്‍ അവരുടെ പിടലിക്ക്‌ നുകം വെച്ച്‌ അവരെ ഉഴുതുന്നവരായി മാറ്റുന്നു. നമ്മുടെ വാദങ്ങളും വിചിത്രങ്ങളാണ്‌, ഇവര്‍ക്ക്‌ ആധുനിക പരിഷ്‌ക്കാരമില്ല, വിദ്യാഭ്യാസമില്ല, പെരുമാറ്റച്ചട്ടങ്ങളില്ല, ദൈവം അവരെ സൃഷ്‌ടിച്ചതുതന്നെ അടിമവര്‍ഗ്ഗങ്ങളായിട്ടാണ്‌, എന്നിങ്ങനെ!

നമ്മുടെ വീടുമുറ്റം വെട്ടിവെടിപ്പാക്കാന്‍ വരുന്ന, നമ്മള്‍ `മെക്‌സിക്കന്‍' എന്നു വിളിക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക്‌ ഒന്ന്‌ സൂക്ഷിച്ചു നോക്കുക. ഒരു ടിബറ്റന്‍, പഹാഡി മുഖച്ഛായ അല്ലേ? ഡല്‍ഹിയില്‍ കണ്ടുമറന്ന, ഓഫീസുകളില്‍ ശിപായിമാരായും ഹോട്ടലുകളിലും വലിയവീടുകളിലും പാചകക്കാരായും ജോലി ചെയ്യുന്ന പഹാഡി മുഖം!

പത്തുപതിനായിരം വര്‍ഷം മുന്‍പ്‌ വന്നവന്‌ ഇന്നലെ വന്നവന്‍ ``വീസാ'' കൊടുക്കുകയോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? അതേ അക്ഷരാര്‍ത്ഥത്തില്‍ വെള്ളരിക്കാപ്പട്ടണം തന്നെ!

റിച്ചാര്‍ഡ്‌ എന്ന ആംഗ്ലേയപേരിന്റെ സ്‌പാനീഷ്‌ രൂപമായ റിക്കാര്‍ഡോ എന്നു വിളിക്കുന്ന മെക്‌സിക്കന്‍ ചെറുപ്പക്കാരനോട്‌ ഞാന്‍ ചോദിച്ചു: `നീയെന്തിനാ എല്ലാ മാസവും തവണവെച്ച്‌ വക്കീലിന്‌ പണം കൊടുക്കുന്നത്‌?'

`ഗ്രീന്‍ കാര്‍ഡിന്‌'

`ഇതു നിന്റെ നാടല്ലേ...? അവന്‌ അവകാശം അറിയില്ല, ഇനിയും അറിഞ്ഞിട്ടും എന്തുകാര്യം.

സമര്‍ത്ഥരായ രാഷ്‌ട്രീയക്കാര്‍ അങ്ങനെയാണ്‌, ഒരു പത്തു ശതമാനം ജനത്തെ വശത്താക്കി തങ്ങളുടെ വാഗ്‌വൈഭവംകൊണ്ട്‌ ഭൂരിപക്ഷം നേടുന്നു. എന്നിട്ട്‌ പറയുകയായി ഒരു പ്രത്യേക ജനവിഭാഗമാണ്‌ സമൂഹത്തിലെ സര്‍വ്വ തിന്മകള്‍ക്കും കാരണം. കള്ളന്മാരും കൊള്ളക്കാരുമായ അവര്‍ പുറത്തായാല്‍ സ്വര്‍ഗ്ഗരാജ്യം ഞങ്ങള്‍ നിങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നു. ചരിത്രം പഠിച്ചവര്‍ക്ക്‌ ഇതൊരു പുതിയ അറിവല്ല. രണ്ടാം ലോകമഹായുദ്ധകാലത്തെ സുപ്രസിദ്ധമായ ഒരു പ്രസ്‌താവന:

'When they came for the Jews and I didn't speak out because I was not a Jew.

Then they came for the Communists and I didn't speak out because I was not a Communist.

Then they came for the trade unionists and I didn't speak out because I was not a trade unionist.

Then they came for me and there was no one left to speak out for me.

ഇവിടെ ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍വേണ്ടി എന്തും പറയുന്ന നേതാക്കളെ മറക്കുക. അവര്‍ മുതലെടുക്കുന്നത്‌ നമ്മുടെ ദുര്‍ബലമായ മാനസികാവസ്ഥയെയാണ്‌. `പൊതുജന'ത്തിന്റെ വളച്ചെടുക്കാവുന്ന മനസ്സ്‌ ഈ രാഷ്‌ട്രീയ ഏമാന്മാരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ആര്‍ക്കും പരാതിയില്ല, കാരണം `പൊതുജനം' ചിന്തിക്കുന്നത്‌ താല്‌ക്കാലിക നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടുമാത്രം.
ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ? (ജോണ്‍ മാത്യു)
Join WhatsApp News
വായനക്കാരൻ 2015-09-18 16:34:19
ചുരുക്കത്തിൽ ‘പൊതുജനം കഴുത’ എന്ന് ചില കഴുതകൾ ചിന്തിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക