Image

ബനെഡിക്ട്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ മാനവികത (ഭാഗം-1: മണ്ണിക്കരോട്ട്‌)

Published on 18 September, 2015
ബനെഡിക്ട്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ മാനവികത (ഭാഗം-1: മണ്ണിക്കരോട്ട്‌)
(2015 ആഗസ്റ്റ്‌ 6 മുതല്‍ 9 -വരെ നാഷണല്‍ കോണ്‍ഫറന്‍സ്‌ സെന്റര്‍, വെര്‍ജിനിയായില്‍ നടന്ന 9-താമത്‌ സീറോ മലങ്കര കാത്തലിക്‌ കണ്‍വന്‍ഷനില്‍ അഭിവന്ദ്യ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 100-ാം ജന്മവര്‍ഷത്തോടനുബന്ധിച്ച്‌ ചെയ്‌ത  പ്രസംഗത്തിന്റെ സംക്ഷിപ്‌ത രൂപം - ഭാഗം 1)

അതുല്യനായ, അതിപ്രശസ്‌തനായ, അതിപ്രഭാവവാനായ, സമാധാനത്തിന്റെ സന്ദേശവാഹകനായി, മാനവികതയുടെ മഹാഗുരുവായി, ഒരു സന്യാസ ശ്രേഷ്‌ഠനായി ലളിത ജീവിതം നയിച്ച സഭയുടെ തലവനും പിതാവുമായിരുന്ന അഭിവന്ദ്യ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ സംഭവബഹുലമായ ജീവിതത്തിലെ മാനവികതയെക്കുറിച്ച്‌ ചുരുക്കമായി അറിയിക്കുകയെന്നുള്ളതാണ്‌ എന്റെ കര്‍ത്തവ്യം. ആധ്യാത്മികതയും ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരുടെയും ക്ഷേമവും ഐക്യവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളെന്നപോലെ അഭിവന്ദ്യ തിരുമേനിയ്‌ക്ക്‌ പ്രധാനപ്പെട്ടതായിരുന്നു. ആ മഹാനുഭാവന്റെ സംഭവബഹുലമായ മാനവിക പ്രവര്‍ത്തനങ്ങളുടെ ഒരംശമെങ്കിലും നിങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. മാത്രമല്ല സമയ പരിമിധിയും പരിഗണിക്കേണ്ടതുണ്ട്‌.

?മനുഷ്യസ്‌നേഹമാണ്‌ ഈശ്വരസ്‌നേഹം, മനുഷ്യസേവനമാണ്‌ ഈശ്വരസേവനം.? ഇതായാരുന്നു അഭിവന്ദ്യ ഗ്രീഗോറിയോസ്‌ തീരുമേനിയുടെ മാനവികതയുടെ ദര്‍ശനവും ലക്ഷ്യവും. ഇതുതന്നെയായിരുന്നു രാഷ്ട്രപിതാവ്‌ മഹാത്മ ഗാന്ധിയുടെയും വാഴ്‌ത്തപ്പെട്ട മദര്‍ തെരേസയുടെയും കര്‍മ്മമാര്‍ഗ്ഗങ്ങള്‍. ഈ ദര്‍ശനവും ലക്ഷ്യവും നിറവേറ്റാന്‍ കാലംചെയ്യുവോളം കഠിനാധ്വാനം ചെയ്‌തു അഭിവന്ദ്യ ഗ്രീഗോറിയോസ്‌ പിതാവ്‌.

പാവങ്ങളോടുള്ള അനുകമ്പയും അവരുടെ ഉയര്‍ച്ചയില്‍കൂടി മാത്രമേ സമൂഹത്തിന്‌ ഉയര്‍ച്ചയുണ്ടാകുകയുള്ളു എന്ന ദര്‍ശനവും അഭിവന്ദ്യ പിതാവിനെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിലേക്കു നയിച്ചു. പാവങ്ങളോടുള്ള അനുകമ്പയെക്കുറിച്ച്‌ 1953 ജനുവരി 29-ാം തീയതിയിലെ പിതാവിന്റെ മെത്രാഭിഷേകവേളയില്‍ അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുകയും ചെയ്‌തു. അദ്ദേഹം അറിയിച്ചു. ?ഇന്നു മുതല്‍ നിങ്ങളുടെ ദുഖം എന്റെ ദുഖവും നിങ്ങളുടെ ആവശ്യം എന്റെ ആവശ്യവും നിങ്ങളുടെ സന്തോഷം എന്റെ സന്തോഷവുമാണ്‌. എനിക്ക്‌ സാധുക്കളോട്‌ അധികം സ്‌നേഹമുണ്ട്‌. ഞാനൊരു പാവപ്പെട്ടവനായിരുന്നു. പട്ടിണിയുടെ വിഷമത നേരിട്ടറിയാന്‍ എനിക്ക്‌ സാധിച്ചിട്ടുണ്ട്‌. എന്റെ ആയുഷ്‌ക്കാലും മുഴുവന്‍ സാധുക്കളുടെ ഉയര്‍ച്ചയ്‌ക്കുവേണ്ടി വിനിയോഗിക്കുമെന്ന്‌ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.?

ഇതായിരുന്നു അഭിവന്ദ്യ തിരുമേനിയുടെ അന്തരാത്മാവില്‍ പാവങ്ങളോടുണ്ടായിരുന്ന അനുകമ്പയുടെ ഉള്‍വിളി. ഈ ഉള്‍വിളി അദ്ദേഹത്തെ പാവങ്ങളുടെ തിരുമേനിയായി മാറ്റി.

മനുഷ്യനെ മനുഷ്യനാക്കിയശേഷം മാത്രമെ അവനില്‍ ആധ്യത്മികത ഉറപ്പാക്കാന്‍ കഴിയുകയുള്ളു എന്ന്‌ അഭിവന്ദ്യ പിതാവിന്‌ അറിയാമായിരുന്നു. വിശക്കുന്നവന്‌ അപ്പമാണ്‌ ദൈവം എന്ന സത്യത്തിന്‌ സാക്ഷ്യം വഹിച്ച പിതാവ്‌ പാവപ്പെട്ടവര്‍ക്ക്‌ ആഹാരത്തനുള്ള വക കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം ആരായുകയായിരുന്നു. ക്രിസ്‌തീയ ദൗത്യം നിറവേറ്റുന്നതിന്റെ ഒരു സുപ്രധാന ഘടകവും അതാണെല്ലോ. ആധ്യാത്മികതയില്‍ അടിയുറച്ച ലൗകിക ജീവിതമാണ്‌ യഥാര്‍ത്ഥ ക്രിസ്‌തീയ ജീവിതം. അതാണെല്ലോ യേശുക്രിസ്‌തു ഉപദേശിച്ചിട്ടുള്ളത്‌. അന്ത്യവിധിനാളില്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ ?വിശക്കുന്നവന്‌ ആഹാരവും ദാഹിക്കുന്നവന്‌ ജലവും പരദേശിയെ സ്വീകരിക്കുകയും വസ്‌ത്രമില്ലാത്തവര്‍ക്ക്‌ വസ്‌ത്രം കൊടുക്കുകയും രോഗികളേയും കാരാഗ്രഹത്തിലുള്ളവരേയും ചെന്നു കാണുകയും വേണം.?

ഈ വിധിനിര്‍ണ്ണയത്തിന്റെ പൂര്‍ത്തീകരണത്തിന്‌ ജാതിയും മതവുമില്ല. അതിന്‌ ജാതിമതഭേദമന്യേ മനുഷ്യനെ മനുഷ്യനായി കണുകയെന്നുള്ളതാണ്‌. അതായത്‌ ?തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക?യെന്ന ക്രിസ്‌തീയതത്വം. അതിന്‌ മതത്തിന്റെ നാലുവേലികള്‍ക്കപ്പുറമായി, മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറമായി പ്രവര്‍ത്തിക്കണം. അതാണ്‌ മനവികത. അതിനപ്പുറമായി ഒരു മാനവികതയുമില്ല. അതാണ്‌ അഭിവന്ദ്യ തിരുമേനി ചെയ്‌തത്‌. ഗ്രീഗോറിയോസ്‌ തിരുമേനിയുടെ ബഹുമുഖമായ സംരംഭങ്ങളെല്ലാം പാവപ്പെട്ടവരുടെ ഉദ്ധാരണത്തിനും അതുവഴി രാജ്യത്തിന്റെ പുരോഗതിയ്‌ക്കും വേണ്ടിയായിരുന്നു.

മഹാത്മഗാന്ധിയുടെ തത്വംപോലെ, ഇന്‍ഡ്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌. അതുകൊണ്ട്‌ നാടിന്റെ ഉയര്‍ച്ച ഗ്രാമങ്ങളിലൂടെ ആയിരിക്കണം. ഗ്രാമങ്ങളുടെ ഉയര്‍ച്ച കര്‍ഷകനിലൂടെയും കൃഷിയിലൂടെയും. ഈ യാഥാര്‍ത്ഥ്യം യാത്രാവേളകളിലെല്ലാം പിതാവിനോടൊപ്പം സഞ്ചരിച്ചിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള യാത്രകളില്‍ കേരളത്തിനു പ്രയോജനപ്പെടുന്ന കൃഷിവിഭവങ്ങളെക്കുറിച്ച്‌ തിരുമേനി പഠിക്കുകയും അത്‌ നാട്ടില്‍കൊണ്ടുവന്നു പരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്ന കാര്യം വളരെ പ്രസിദ്ധമാണ്‌. അങ്ങനെയാണ്‌ വളരെ പ്രസിദ്ധമായ മാഞ്ചിയം, സുബാബുള്‍, അമേരിക്കന്‍ ചീര അല്ലെങ്കില്‍ അമരാന്തസ്‌, കൂടാതെ കൂണ്‍കൃഷി, നമ്മുടെ നാടന്‍ പച്ചക്കറികള്‍, കോഴി, ആട്‌, മുയല്‍ എന്നുവേണ്ട എല്ലാത്തരം കൃഷികളും തിരുമേനി പ്രോത്സാഹിപ്പിച്ചു.

ഇന്ന്‌ വീട്ടുവളപ്പില്‍ കൃഷിയ്‌ക്ക്‌ സ്ഥലമില്ലാത്തവര്‍ ടെറസുകളില്‍ പച്ചക്കറികൃഷിചെയ്യുന്നത്‌ നമുക്കറിയാം. ഇത്‌ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അഭിവന്ദ്യതിരുമേനി പരീക്ഷച്ചതും പ്രോത്സാഹിപ്പിച്ചതും പ്രചരിപ്പിച്ചതുമാണ്‌. അതുപോലെതന്നെ ഇന്ന്‌ ശൗചാലയം, ശൗചാലയം എന്ന്‌ നാടെങ്ങും പരക്കെ പ്രചരണം നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും എല്ലാവര്‍ക്കും അറിയാം. അതും പതിറ്റാണ്ടുകള്‍ക്കു മുമ്പേ തിരുമേനി പ്രോത്സാഹിപ്പിച്ചിരുന്നതാണ്‌.

പട്ടിണി മാറിയാല്‍ പിന്നീടു ജനങ്ങള്‍ക്കു വേണ്ടത്‌ അറിവാണ്‌. അറിവിന്റെ കുറവ്‌ അക്രമങ്ങള്‍ക്കു കളമൊരുക്കും. എന്നു മാത്രമല്ല, വേണ്ടത്ര വിദ്യാഭ്യാസമില്ലെങ്കില്‍ ശാസ്‌ത്ര-സാങ്കേതിക തലങ്ങളില്‍ പുതിയ കാല്‍വയ്‌പ്‌ ഇല്ലാതാകുകയും അതുവഴി വികസനങ്ങള്‍ മുരടിയ്‌ക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിന്റെ വില അറിയാവുന്ന പണ്ഡിതനായ തിരുമേനി വിദ്യാഭ്യസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും തുടങ്ങി. അങ്ങനെ ദൈവദാസനും സഭയുടെ സ്ഥാപകനുമായ ഈവാനിയോസ്‌ പിതാവ്‌ തുടങ്ങിവച്ച വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ ഗ്രീഗോറിയോസ്‌ തിരുമേനി വളര്‍ത്തി വലുതാക്കുകയും പുതിയവ തുടങ്ങുകയും ചെയ്‌തു (പിതാവിന്റെ വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ചു മാത്രം ധാരാളം അറിയാനുണ്ട്‌. വിശദീകരിക്കുന്നില്ല).

മതമൈത്രിയായിരുന്നു അഭിവന്ദ്യ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ മാനവികതയുടെ മറ്റൊരു പ്രധാന മേഖല. കേരളത്തില്‍, പത്യേകിച്ച്‌ തിരുവനന്തപുരത്ത്‌ എവിടെ മതാധിഷ്ടിതമൊ അല്ലാതെയൊ, മാത്രമല്ല വ്യക്തികളുടെ പ്രശ്‌നങ്ങളൊ കലഹങ്ങളൊ ഉണ്ടോ അവിടെ മധ്യസ്ഥതയ്‌ക്ക്‌ ഗ്രിഗോറിയോസ്‌ തിരുമേനി ഉണ്ടായിരിക്കും. മറ്റ്‌ ഏത്‌ നേതാക്കളുണ്ടായാലും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ അഭിവന്ദ്യ തിരുമേനി വേണം. അത്രയ്‌ക്കു വിശ്വാസമായിരുന്നു തിരുമേനിയെ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും.

മാനവികതയിലും അതിന്റെതന്നെ മറ്റൊരു വശമായ മതമൈത്രിയിലും ആര്‍ഷസംസ്‌ക്കാരത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു അഭിവന്ദ്യ പിതാവ്‌. (ഇതുതന്നെയാണ്‌ നമ്മുടെ മതമേലധ്യക്ഷന്മാരും ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ കര്‍ദ്ദിനാള്‍ ക്ലീമിസ്‌ തിരുമേനിയുടെ സ്ഥാനാരോഹണത്തിന്‌ ഇതര മതനേതാക്കളെ റോമില്‍ കൊണ്ടുപോയത്‌. ബത്തേരി ഭദ്രാസനാധിപന്‍ ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനി മസ്‌ജിത്‌ പണിയാന്‍ സ്ഥലം വിട്ടുകൊടുത്തത്‌. അങ്ങനെ ഉദാരഹണങ്ങള്‍ ധാരാളമുണ്ട്‌. വിശദീകരിക്കുന്നില്ല).

ആര്‍ഷസംസ്‌ക്കാരത്തെക്കുറിച്ച്‌ ഗ്രീഗോറിയോസ്‌ പിതാവ്‌ എടുത്തു പറയുന്നുണ്ട്‌. അദ്ദേഹം പറയുന്നു. ?നമ്മുടെ പൂര്‍വ്വീകന്മാര്‍ ആയിരമായിരം വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്‌ സത്യവും പ്രകാശവും ജീവനും ലഭിക്കുന്നതിനുവേണ്ടിയാണ്‌. സമ്പത്തും സൗഖ്യവും മേധാവിത്വവും അവര്‍ പരിഗണിച്ചതേയില്ല. ഈ ഉത്‌കൃഷ്ടമായ ചിന്ത നമ്മുടെ ജീവിതത്തിന്റെ ഏതൊരു രംഗത്തും മാറ്റിനിര്‍ത്തുക ആപത്‌ക്കരമാണ്‌?.
ആര്‍ഷസംസ്‌ക്കാരത്തിന്റെ അന്തസത്ത അന്തര്‍ലീനമായിരിക്കുന്നത്‌ വേദങ്ങളിലും ഉപനിഷത്തുകളിലുമാണ്‌. ഉപനിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ബൃഹദാരണ്യകോപനിഷത്ത്‌. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൂക്തമാണ്‌ തിരുമേനി നമ്മെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്‌.

? അസതോ മാ സത്‌ഗമയ,
തമസോമാ ജ്യോതിര്‍ഗമയ,
മൃതോര്‍മാ അമൃതംഗമയ.?

ഋഷിവര്യന്മാര്‍ പ്രാര്‍ത്ഥിച്ചതാണിത്‌. സത്യത്തിനും പ്രകാശത്തിനും ജീവനുംവേണ്ടി. ഇന്‍ഡ്യയില്‍ കുടിയേറി സിന്ധു ഗംഗാ തീരങ്ങളില്‍ വാസസ്ഥലം കണ്ടെത്തിയ പൂര്‍വ്വീകര്‍. അവിടുത്തെ പുതിയ അന്തരീക്ഷത്തില്‍ അവര്‍ ആകൃഷ്ടരായി. അതുവരേയും ഇല്ലാതിരുന്ന സുഖസൗകര്യങ്ങള്‍ അവര്‍ക്ക്‌ സ്വന്തമാകുകയായിരുന്നു. ഇവിടെയാണ്‌ സത്യവും, പ്രകാശവും ജീവനും; അവര്‍ അനുഭവിച്ചു, ആസ്വദിച്ചു, ആനന്ദിച്ചു. എന്നാല്‍ അപ്പോഴും അവര്‍ ഈശ്വരനെ മറന്നില്ല, ഈ സൗകര്യങ്ങളെല്ലാം പ്രധാനം ചെയ്‌ത ഈശ്വരന്‌ നന്ദി പറഞ്ഞു. ഈ പൂര്‍വ്വികന്മാര്‍ക്ക്‌ ജാതിയൊ മതമൊ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്‌ ചിന്തിക്കാനുള്ളത്‌.

അതുമാത്രമായിരുന്നില്ല അവരുടെ പ്രാര്‍ത്ഥന ?ഓം ശാന്തി, ശാന്തി, ശാന്തി.? എന്തെല്ലാം ഉണ്ടായാലും സമാധാനമില്ലാതെ ജീവിതമില്ല. അതുകൊണ്ട്‌ അവര്‍ സമാധാനത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു. പിന്നീടുള്ള പാദം വളരെ പ്രധാനപ്പെട്ടതാണ്‌. ?ലോകാ സമസ്‌താ സുഖീനൊ ഭവന്തു.? അവര്‍ എത്രമാത്രം വിശാല ഹൃദയരായിരുന്നു എന്നുള്ളതാണ്‌ ഇവിടെ ചിന്തിക്കാനും മനസിലാക്കാനുള്ളത്‌. അവര്‍ ജാതിമതഭേദമന്യേ സമസ്‌ത ലോകത്തിനും ലോകരുടെ സുഖത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുകയായിരുന്നു. ?ലോകാ സമസ്‌താ സുഖീനോ ഭവന്തു.? അതാണ്‌ ആര്‍ഷഭാരത മനവികത. അവിടെയാണ്‌ സ്‌നേഹവും സഹനവും സഹിഷ്‌ണതയും ഉത്ഭൂതമാകുന്നത്‌. അതാണ്‌ സനാതനധര്‍മ്മം. ഇന്ന്‌ ഈ സത്യം എവിടെ ചെന്നുനില്‍ക്കുന്നു? ചിന്തിക്കേണ്ടതാണ്‌.

എന്നാല്‍ ഒരു ദാര്‍ശനികനായ ഗ്രീഗോറിയോസ്‌ പിതാവിന്റെ ദര്‍ശനം അതിലും ഉത്‌കൃഷ്ടമായ ചിന്തയിലേക്ക്‌ നമ്മെ കൊണ്ടെത്തിക്കുകയാണ്‌. ആധ്യാത്മികതയില്‍ സ്‌പുടംചെയ്‌ത സനാതനധര്‍മ്മത്തിന്റെ സ്ഥായീഭാവമായിരുന്നു അഭിവന്ദ്യ പിതാവിന്റെ മാനവികതയുടെ മൂര്‍ത്തീഭാവം. ഈ മാനവികത പിതാവിനെ ന്യൂനപക്ഷ സമൂദായത്തിന്റെ ഒരു മതനേതാവായിട്ടല്ല മറിച്ച്‌, കേരളത്തിന്റെ, ആഗോള കത്തോലിക്കാസഭയുടെ പ്രത്യേകിച്ച്‌ തിരുവനന്തപുരത്തിന്റെ അരുമസന്താനമാക്കി മാറ്റുകയായിരുന്നു.

(തുടരും)

മണ്ണിക്കരോട്ട്‌ (www.mannickarottu@gmail.com)
ബനെഡിക്ട്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ മാനവികത (ഭാഗം-1: മണ്ണിക്കരോട്ട്‌)
Join WhatsApp News
Benjamin 2015-09-19 06:29:52
great article!!  good job 
George V 2015-09-19 11:04:56
ബ തിരുമേനിയെ എനിക്ക് അറിയില്ല. അദ്ധേഹത്തെ കുറിച്ച് എഴുതിയത് എല്ലാം ശരി ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാൽ കേരളത്തിൽ ഇന്നുള്ള കാക്കത്തൊള്ളായിരം തിരുമേനിമാരിൽ എത്ര  പേർക്ക് ഇവിടെ പറഞ്ഞിരിക്കുന്നതിൽ വിരലിൽ എണ്ണാവുന്ന ഗുണ ഗണങ്ങൾ ഉണ്ട് ? എന്നാലും ഇവരിൽ ആരെങ്ങിലും കാലം ചെയ്‌താൽ ഇതിനേക്കാൾ ഗംഭീരം ആയ ലേഖനങ്ങൾ എഴുതാനും വായിക്കാനും കമന്റ്‌ എഴുതാൻ ആളും ഉള്ളിടത്തോളം കാലം അവരൊക്കെ ഇപ്പോഴത്തെ പോലെ അങ്ങ് പോകും. യേശുവിൽ ആണ് വിശ്വാസം ഗാന്ധിയിൽ (500 ന്റെയും 1000 ത്തിന്റെയും) ആണ് ആശ്വാസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക