Image

ശ്രീനാരായണഗുരു എന്ന യുക്തിവാദി (ലേഖനം: പി.റ്റി. പൗലോസ്‌)

Published on 19 September, 2015
ശ്രീനാരായണഗുരു എന്ന യുക്തിവാദി (ലേഖനം: പി.റ്റി. പൗലോസ്‌)
സ്വതന്ത്ര ചിന്ത ഇന്നിന്റെ മാത്രം സന്തതിയല്ല. കേരള സംസ്‌കാരത്തിന്റേയും ചരിത്രത്തിന്റേയും ആരംഭകാലം മുതല്‍ സ്വതന്ത്രചിന്തയുടെ ഒരു കൈവഴിയും വ്യക്തമായി കാണപ്പെട്ടിരുന്നു. ജാതിവ്യവസ്ഥിതിയില്‍ അധിഷ്‌ഠിതമായ ആര്യന്മാരുടെ ഹിന്ദുമതം കേരളത്തില്‍ എത്തുന്നത്‌ എ.ഡി. ആറാം നൂറ്റാണ്ടോടുകൂടിയാണ്‌. അതിനു മുമ്പുതന്നെ കേരളത്തില്‍ നാസ്‌തിക ചിന്താഗതി പ്രചരിച്ചിരുന്നു. ബി.സി നാലാം ശതകത്തിലും മൂന്നാം ശതകത്തിലും അതായത്‌ ചന്ദ്രഗുപ്‌ത മൗര്യന്റെ കാലത്ത്‌ ജൈനമതവും അശോകന്റെ കാലത്ത്‌ ബുദ്ധമതവും കേരളത്തില്‍ എത്തിയിരുന്നു. ആദ്യകാലത്ത്‌ ഈ രണ്ടു മതങ്ങളും നിരീശ്വരവാദത്തില്‍ അധിഷ്‌ഠിതമായിരുന്നു.

ഇന്‍ഡ്യയിലും മറ്റു ഭാഗങ്ങളിലുമെന്നപോലെ ആര്യന്മാരുടെ കടന്നാക്രമണമാണ്‌ ജൈന-ബുദ്ധ മതങ്ങളേയും സതന്ത്ര ചിന്തയേയും ഇവിടെ നശിപ്പിച്ചത്‌. എ.ഡി. ആറാം നൂറ്റാണ്ട്‌ മുതല്‍ എട്ടാം നൂറ്റാണ്ടുവരെയുള്ള കാലത്ത്‌ അവര്‍ കേരളത്തില്‍ ആധിപത്യം നേടി. വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ അധിഷ്‌ഠിതമായ ജാതി സമ്പ്രദായം സ്ഥാപിക്കപ്പെട്ടു. ബൗദ്ധ-ജൈന സന്യാസിമാര്‍ കൂട്ടത്തോടെ വധിക്കപ്പെടുകയും അവരുടെ വിഹാരങ്ങള്‍ ഹൈന്ദവ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്‌തു. ഇങ്ങനെ സംഘടിതവും രൂക്ഷവുമായ ഹിന്ദുമതം എല്ലാവിധ അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കേന്ദ്രമായി മാറി. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ, യാതൊരുവിധ സ്വതന്ത്രചിന്തയും അനുവദിക്കപ്പെടാത്ത ഒരു കാലത്തിന്റെ തുടക്കമായിരുന്നു അത്‌.

സമൂഹത്തിലെ ഭൂരിപക്ഷത്തിനും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ബ്രാഹ്‌മണര്‍ക്കും അവരോട്‌ ചേര്‍ന്നു നിന്ന സവര്‍ണ്ണര്‍ക്കുമല്ലാതെ മറ്റാര്‍ക്കും വിദ്യാഭ്യാസം ലഭിക്കുവാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അടിമക്കച്ചവടം സര്‍വ്വസാധാരണമായി. ഈ കര്‍ശന നിയമങ്ങള്‍ മൂലം പലരും പുതുതായി വന്ന ക്രിസ്‌തുമതത്തിലും, ഇസ്ലാം മതത്തിലും അഭയം തേടി. അതിനു കഴിയാതെ വന്നവര്‍ അടിമകളോ, ചണ്‌ഡാളരോ ആയി. എട്ടാം ശതകതത്‌#ില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച അദൈ്വത മതം തത്വചിന്താരംഗത്ത്‌ കൊടുങ്കാറ്റഴിച്ചുവിട്ടെങ്കിലും ചാതുര്‍വര്‍ണ്ണ്യത്തിന്റെ അടിത്തറയിളക്കാന്‍ അതിനായില്ല.

സവര്‍ണ്ണമേധിത്വം സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്ന കാലത്താണ്‌ 1854-ല്‍ പിന്നോക്ക വിഭാഗമായിരുന്ന ഈഴവ സമൂദായത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജനനം. ക്ഷേത്രത്തില്‍ പോയി പൂജ നടത്താന്‍ സവര്‍ണ്ണര്‍ക്ക്‌ മാത്രമേ അന്ന്‌ അധികാരമുണ്ടായിരുന്നുള്ളൂ. ഈഴവര്‍ക്കുപോലും ക്ഷേത്രത്തിനടുത്തുള്ള വഴികളില്‍ക്കൂടി നടക്കുവാന്‍ പോലും സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ശ്രീനാരായണ ഗുരു അക്കാലത്ത്‌ ധീരമായ ഒരു കാല്‍വെയ്‌പ്‌ നടത്തി. തിരുവനന്തപുരത്തിനടുത്ത്‌ അരുവിപ്പുറത്ത്‌ 1888-ല്‍ അദ്ദേഹമൊരു ക്ഷേത്രം സ്ഥാപിച്ചു. ബ്രാഹ്‌മണര്‍ക്കല്ലാതെ മറ്റാര്‍ക്കും ക്ഷേത്ര പ്രതിഷ്‌ഠ നടത്താന്‍ പാടില്ലെന്ന നിയമമുണ്ടായിരുന്ന കാലത്താണത്‌. സവര്‍ണ്ണര്‍ അദ്ദേഹത്തിനെതിരേ കേസ്‌ കൊടുത്തു. താന്‍ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന്‌ പറഞ്ഞ്‌ അദ്ദേഹം രക്ഷപെട്ടു. തുടര്‍ന്ന്‌ കേരളത്തിന്റെ പല ഭാഗത്തും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. സവര്‍ണ്ണ ഹിന്ദുമതത്തിനെതിരായി ഒരു സമാന്തര വിപ്ലവത്തിന്‌ അദ്ദേഹം തുടക്കംകുറിച്ചു. ഇത്‌ യാഥാസ്ഥിതിക ഹിന്ദുമതത്തെ പിടിച്ചുകുലുക്കി. പല അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ശ്രീനാരായണ ഗുരു ശബ്‌ദമുയര്‍ത്തി. ഈ കാലഘട്ടത്തെ ഒരു നവോത്ഥാന കാലഘട്ടമെന്ന്‌ വിശേഷിപ്പിക്കാം.

സംസ്‌കാരസമ്പന്നനായ ഗുരുവിന്‌ വിഭാവനം ചെയ്യാന്‍ കഴിഞ്ഞ, ഉദാത്തമായ മാനവമൂല്യങ്ങളില്‍ അടിയുറച്ച ഒരു ആദര്‍ശ ലോകത്തെ സൃഷ്‌ടിക്കാനുള്ള ശ്രമമാണ്‌ അദ്ദേഹം നടത്തിയത്‌. വ്യക്തിപരവും സാമൂഹികവും രാഷ്‌ട്രീയവുമായ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന പരിതസ്ഥിതിയായിരുന്നില്ല അന്നുണ്ടായിരുന്നത്‌. മനുഷ്യന്റെ സാര്‍വത്രികമായ ഐക്യത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള യാതൊരു സ്ഥാപനവും പ്രസ്ഥാനവും അന്ന്‌ നിലവിലില്ലായിരുന്നു. മനുഷ്യസമൂഹത്തിന്റെ വിമോചനത്തിന്‌, ജനങ്ങളെ മാനസീകമായും ബുദ്ധിപരമായും വൈകാരികമായും കെട്ടിവരിഞ്ഞ്‌ നിര്‍ത്തിയിരുന്ന വിശ്വാസങ്ങളെ പൊളിച്ചുകളയണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. വ്യക്തികള്‍ പ്രബുദ്ധരാകാതെ യാതൊരു പരിവര്‍ത്തനവും സാദ്ധ്യമാകുകയില്ലെന്നും ആ പ്രബുദ്ധതയാകട്ടെ സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തില്‍ മാത്രം ഉണ്ടാകുന്നതാണെന്നും അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. ഇവിടുത്തെ ക്രിസ്‌ത്യാനിയുടേയും മുസ്ലീമിന്റേയും ബ്രാഹ്‌മണരുടേയും പറയന്റേയും നായരുടേയും ഈഴവന്റേയും സ്ഥാനത്ത്‌ `മനുഷ്യന്‍' എന്ന വിശിഷ്‌ട വ്യക്തിയെ സൃഷ്‌ടിച്ചാല്‍ മാത്രമേ മാനുഷികത എന്ന ഉദാത്തമായ ഗുണവിശേഷം ജനങ്ങളില്‍ ആനന്ദ കുളിര്‍മഴ പെയ്യിക്കുകയുള്ളുവെന്ന്‌ അദ്ദേഹം മനസിലാക്കിയിരുന്നു. ഇങ്ങനെ അത്യന്തം മഹത്തായ ചിന്ത നാരായണഗുരുവില്‍ ഉളവായത്‌ അന്ന്‌ നിലവിലിരുന്ന അന്ധവിശ്വാസങ്ങളെ യുക്തിയുടെ മൂര്‍ച്ഛയുള്ള വാളിനാല്‍ അരിഞ്ഞുതള്ളിയതിന്റെ ഫലമായാണ്‌.

ഭാരതീയ ദര്‍ശനത്തിന്‌ കോട്ടംതട്ടാതെ അതിവിദഗ്‌ധമായി അദ്ദേഹം ജനങ്ങളെ യുക്തിവാദത്തിന്റെ ആദര്‍ശലോകത്തേക്ക്‌ നയിക്കുകയാണുണ്ടായത്‌. വിദ്യയുടെ, അറിവിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ മനുഷ്യമനസുകളില്‍ നിന്ന്‌ അന്ധമായ സകല വിശ്വാസങ്ങളും സങ്കല്‍പങ്ങളും ധാരണകളും പരിപൂര്‍ണമായി തുടച്ചുമാറ്റാന്‍ അജ്‌ഞാപിക്കുകയാണ്‌ ചെയ്‌തത്‌. ദൈവത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ച്‌ കാണുന്നത്‌ മനുഷ്യമനസ്സ്‌ സ്വതന്ത്രമാകാത്തതിലാണ്‌ എന്ന്‌ ഗുരു ജനങ്ങളെ മനസ്സിലാക്കി. `നാം ജാതിയും മതവും വിട്ടിരിക്കുന്നു' എന്ന ഗുരുവിന്റെ ഒരു പ്രഖ്യാപനമുണ്ട്‌. മനുഷ്യന്‍ നന്നാകണമെങ്കില്‍, മനുഷ്യന്‍ എന്ന ആ സുന്ദരമായ, ഉന്നതമായ, ഉജ്വലമായ അഭിധാനത്തിന്‌ അര്‍ഹനാകണമെങ്കില്‍, അവന്‍ ജാതിയും മതവും വിടുകതന്നെ വേണമെന്നു തന്നെയല്ലേ അതിന്റെ അര്‍ത്ഥം? മതം വിട്ടാല്‍ പിന്നെ ദൈവമെവിടെ? `ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്‌. ഇനി ക്ഷേത്രങ്ങള്‍ വേണ്ട. പള്ളിക്കൂടങ്ങളും വ്യവസായശാലകളും ഉണ്ടാക്കുക' എന്നൊക്കെ ഗുരു പ്രസ്‌താവിച്ചതിന്റെ സാരം, ഈശ്വരന്‍ എന്നുപറയുന്നത്‌ കേവലം സങ്കല്‍പമാണെന്നും അത്‌ മാനവപുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്നതാണെന്നും തന്നെയാണ്‌. `മതമേതായാലും മനുഷ്യന്‍ നന്നാകണമെന്നും' അതിനുശേഷം `മനുഷ്യന്‍ നന്നാകുമ്പോള്‍ മതം മാറിയല്ലോ' എന്നും ഗുരു പറഞ്ഞതിന്റെ സാരം നാം ശരിയായി മനസിലാക്കേണ്ടതുണ്ട്‌. മനുഷ്യന്‍ നന്നാകണമെങ്കില്‍ മതം പോകണം, അഥവാ മതമുള്ളിടത്തോളം കാലം മനുഷ്യന്‍ നന്നാകില്ല എന്നുതന്നെയാണ്‌.

എസ്‌.എന്‍.ഡി.പി യോഗത്തിന്റെ രജിസ്‌ട്രേഷനു മുമ്പായി അതിന്റെ കരട്‌ രൂപരേഖ കുമാരനാശാനാണ്‌ ഗുരുവിനെ വായിച്ചു കേള്‍പിച്ചത്‌. അതില്‍ `സമുദായം' എന്നതിന്റെ നിര്‍വചനം `ഈഴവര്‍, ചേകവര്‍, തിയ്യര്‍, ബില്ലവര്‍' എന്നറിയപ്പെടുന്ന `സമുദായം' എന്നു വായിച്ചപ്പോള്‍ ഗുരു പറഞ്ഞു: `മനുഷ്യസമുദായം' എന്നൊരു സമുദായമേ ഉള്ളൂ. ജാതിയുണ്ടെന്ന്‌ നാം വിശ്വസിക്കുന്നില്ല. അതു തെറ്റാണ്‌. അതുകൊണ്ട്‌ അതില്‍ മനുഷ്യസമുദായം എന്നു തന്നെ എഴുതി ചേര്‍ക്കണം.' അതിനെ വിനയാന്വിതനായി ആശാന്‍ എതിര്‍ത്തു. `ഇങ്ങനെ എഴുതിയാലേ സര്‍ക്കാര്‍ സമ്മതിക്കുകയുള്ളൂ. ഈഴവര്‍ക്ക്‌ ഒരു സംഘടനയുണ്ടാക്കുന്നതായിട്ടാണ്‌ ഞാന്‍ ദിവാനോട്‌ പറഞ്ഞു സമ്മതം വാങ്ങിയത്‌. ഇനി തിരുത്താന്‍ സാധിക്കുയില്ല.' എന്നു പറഞ്ഞു. അതിനു ഗുരു കൊടുത്ത മറുപടി: `നിയമം മനുഷ്യന്‍ ഉണ്ടാക്കുന്നതാണല്ലോ. അതുകൊണ്ട്‌ മനുഷ്യന്‌ അത്‌ തിരുത്താനും കഴിയും. ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ നിയമം രജിസ്‌ട്രേഷന്‌ തടസ്സമാണെങ്കില്‍ നിയമം തിരുത്തിയിട്ട്‌ സംഘം രജിസ്റ്റര്‍ ചെയ്‌താല്‍ മതി.' എന്നായിരുന്നു. അതും ആശാന്‍ എതിര്‍ത്തു. `എല്ലാ ഏര്‍പ്പാടുകളും ചെയ്‌തുപോയി. ഇനി പിന്മാറാന്‍ സാധ്യമല്ല'. അപ്പോള്‍ ഗുരു പറഞ്ഞു: നീ നമ്മെ ഗുരുവെന്ന്‌ വിളിക്കുകയും ഇങ്ങോട്ട്‌ ഉപദേശിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇനിമേല്‍ നാം നിന്നെ `ആശാന്‍' എന്നു വിളിക്കാം. അതിനുശേഷം `കുമാരു' എന്നു വിളിക്കുന്നതിനു പകരം ആശാന്‍ മരിക്കുന്നതുവരേയും `കുമാരനാശാന്‍' എന്നു തന്നെ വിളിച്ചു.

കേരളത്തില്‍ നിലനിന്നിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന്‌ പ്രബുദ്ധമായ ഒരു യുഗത്തിലേക്ക്‌ കേരളത്തെ തിരിച്ചുവിട്ട നാരായണ ഗുരുവിന്റെ സന്ദേശങ്ങളിലെ യുക്തിചിന്തയുടെ മൂല്യമാണ്‌ അദ്ദേഹത്തിന്റെ തലമുറയേയും അനന്തരതലമുറകളേയും യഥാര്‍ത്ഥ സംസ്‌കാരത്തിന്റെ വെളിച്ചത്തിലേക്ക്‌ നയിച്ചത്‌, നയിച്ചുകൊണ്ടിരിക്കുന്നത്‌. ഉത്തരവാദ ഭരണത്തിനും ജനകീയ പുരോഗമന- വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും വിത്തുപാകിയതും ആ സന്ദേശങ്ങളിലെ വിപ്ലവാത്മകതയാണ്‌.

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയ സംഘടനകളുമായി ഇണചേര്‍ന്ന്‌ രാഷ്‌ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിലേക്ക്‌ എത്തിനോക്കുന്ന ഈ വര്‍ത്തമാനകാലത്ത്‌, ശ്രീനാരായണ സന്ദേശങ്ങള്‍ക്ക്‌ എക്കാലത്തേക്കാളും പ്രസക്തിയുണ്ട്‌.
ശ്രീനാരായണഗുരു എന്ന യുക്തിവാദി (ലേഖനം: പി.റ്റി. പൗലോസ്‌)
Join WhatsApp News
Aniyankunju 2015-09-20 16:16:02
Thank you for the scholarly article.
Udayabhanu Panickar 2015-09-21 06:28:47

(1)

തലക്കെട്ട്‌ കൊള്ളാം, ലേഖനം അബദ്ധജടിലവും.

 

ഭാരതത്തിന്റെ ആത്മീയതയായ ബ്രഹ്മവിദ്യയ്ക്കുപരിയായി ഒരു യുക്തിവാദം ഇല്ല. അപ്പോൾ ബ്രഹ്മവിദ്യാവിശരദനും ഭരതീയ മുനിവര്യന്മാരിൽ അഗ്രഗണ്യനും ആയ ശ്രീനാരായണ ഗുരുദേവൻ  കറകളഞ്ഞ യുക്തിവാദിതന്നെ; സംശയം വേണ്ടാ. തലക്കെട്ടിനു ശേഷം കണ്ടതിൽ ഭൂരിഭാഗവും നൂറ്റാണ്ടുകളായി ആവർത്തിച്ചു വരുന്ന അബദ്ധജടിലമായ പ്രചരണ പ്രസ്ഥാവനകളുടെ ആവർത്തനങ്ങൾ. അല്പം ചിലതു (ബാക്കിയുള്ളവ) അർത്ഥസത്യങ്ങളും.

 

ഭാരതത്തേയും ഭാരതീയരേയും പറ്റി പതിവു് പ്രസ്ഥാവനകളും കുറെ വിഘടനവാക്ക്യങ്ങളും കൂട്ടിക്കലർത്തി എഴുതുന്നതെല്ലാം ഗംഭീരം എന്ന വാഴ്ത്തിനർഹം എന്നാണ്‌ ഇപ്പോഴത്തെ ബുദ്ധിജീവിസിദ്ധാന്തം. ലേഖനകർത്താക്കളുടെ നാമം ഭാരതഭാഷയിലടിസ്ഥാനമല്ലെങ്കിൽ അത് "ബഹുകേമം തന്നെ" എന്ന അഭിപ്രായം ഉറച്ചതുതന്നെ.

Udayabhanu Panickar 2015-09-21 06:29:58

(2)

 

വിശദമായ മറുകുറിപ്പ് തന്നെ എഴുതണം എന്നുണ്ട്. തല്ക്കാലം സമയക്കുറവായതിനാൽ നിറുത്തുന്നു. വിശദമായ മറുപടി ജോലിത്തിരക്കു കഴിഞ്ഞാൽ എഴുതുന്നതായിരിക്കും. ഒരു പൂർണ്ണ ലേഖനമായിത്തന്നെ. ഏതാനും ആഴ്ച്ചകൾക്കുമുമ്പു എഴുതിയ ഒരു ലേഖനത്തിന്റെ അല്പം ഇവിടെ ഉദ്ധരിക്കട്ടെ; അതിൽ നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് കുറച്ചുനാൾ ബംഗാളിലെ ഭരണകർത്താവായിരുന്ന ശ്രീ John Z. Howell ന്റെ വാക്കുകളിൽക്കൂടി, ഭാരതത്തേയും ഭാരതീയരേയും പറ്റി നടത്തപ്പെട്ടിട്ടുള്ള പതിവു് പ്രസ്ഥാവനകളെപ്പറ്റി അല്പം മനസ്സിലാക്കാം. അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധാരണികൾക്കുള്ളിലുള്ളതു ശ്രദ്ധിക്കുക. Quote begins:- Before Howell, some of the European Missionaries did denigrate our culture as “a race of stupid and gross idolaters and superstitious”. However, in his writings Howell criticized all such his predecessors’ views that we were “a race of stupid and gross idolaters and superstitious”. “Most of the more recent accounts”, he argued, were by those of the “Romish Communion,” [a Christian group] “who had a vested interest in denigrating Hindus, as they wanted to convert them to Catholicism”.

Udayabhanu Panickar 2015-09-21 06:54:35

(3)

 

John Z. Howell further stated that “stigmatized Roman Catholic religious tenets as more idolatrous”. He castigated most others “who had written only on exterior manners” of the customs and systems of ours only as “casual observer or traveler” a kind of “traveler-writer”. Howell suggested, that they should get beyond their “own ‘ignorance, superstition and partiality’ and the provincialism involved in thinking that anything ‘beyond the limits of their native land’ was greatly inferior to their own”. (This is what most Europeans did. They wrote superficially and that too with very limited knowledge of our braHMavidya.) He castigated those “traveler-writer” for writing that the people, in the “East or West-Indies, worship ‘this stick’, or ‘that stone’, or ‘monstrous idol’; only serves to reduce in our esteem, our fellow creatures, to the most abject and despicable point of light”. He further stated that if they were the writers “skilled in the language of the people he describes sufficiently to trace the etymology of their words and phrases, and capable of diving into the mysteries of their theology; he would probably be able to evince us, that such seemingly preposterous worship, had the most sublime rational source and foundation.”(41) Yes it was aimed to reduce self-esteem, demoralize and create inferiority complex in our people compared to the westerners. Quote ends.  ഇത്തരം superficial എഴുത്തുകൾ ഇന്നും തുടരുന്നു.

kumaaran 2015-09-21 07:30:25
ആരടെ ഈ ഹോവല്‍? അങ്ങേരാണോ കാര്യങ്ങള്‍ എല്ലാം നിശ്ചയിക്കുന്നത്?
എന്തിനാ ഉദയഭാനു സാറെ നുണകള്‍ വിളമ്പുന്നത്? ക്രിസ്തുമതം ചെയതതിലും ദ്രോഹങ്ങള്‍ ജാതിയും അതുണ്ടാക്കിയവരും സവര്‍ണരും കൂടി ബഹുഭൂരിപക്ഷം ഹിന്ദുക്കളോടും ചെയ്തില്ലെ? ഇപ്പോഴും ഉത്തരേന്ത്യയിലും മറ്റും ചെയ്യുന്നില്ലെ?50 വര്‍ഷം മുന്‍പ് വേദഗ്രന്ഥങ്ങള്‍ താണ ജാതിക്കാര്‍ക്കു തൊടാമായിരുന്നോ?
ചരിത്രം തിരുത്താനും, നുണകള്‍ സത്യമായി അവതരിപ്പിക്കാനും ഹിന്ദു മത മൗലികാ വാദികള്‍ രംഗഠുണ്ട്. എതിര്‍ക്കുന്നവരെ ആക്രമിക്കുകയോ അവരുടെ പുസ്തകം പള്‍പ്പ് ആക്കുകയോ ചെയ്യുന്ന ഗുണ്ടാ സംസാരം വളര്‍ന്നു വരുന്നു.
ജാതി ഉണ്ടാക്കിയതും കേരളം ഭ്രാന്താലയമാക്കിയതുമൊന്നും. ക്രിസ്ത്യാനി അല്ലല്ലോ. വല്ല ക്രിസ്ത്യാനിയും ഹിന്ദു മതത്തെ കുറ്റം പറഞ്ഞിട്ടുണ്ടാകാം. പക്ഷെ അതു ഇന്ത്യയെയോ ഹിന്ദു മതത്തെയോ ബാധിച്ചുവെന്നു് പറയുന്നതു സത്യമല്ല.
വെറുപ്പിന്റെയും അക്രമത്തിന്റെയും തത്വശസ്ത്രത്തില്‍ നിന്നു നോക്കുമ്പോള്‍ സത്യം മറഞ്ഞിരിക്കും. ഇന്നലെ വരെ തങ്ങളെ അടിച്ചമര്‍ത്തിയിരുന്നവര്‍ സുഹ്രുത്തുക്കളാണെന്നു തോന്നും.
പക്ഷെ ഈ ചിന്തയൊന്നും കേരളത്തില്‍ ഫലിക്കില്ല. ഉത്തരേന്ത്യയിലെ വിവര ദോഷമൊന്നും കേരളത്തില്‍ ചെലവാകില്ല.പോരെങ്കില്‍ മൂന്നു സമുദയങ്ങള്‍ക്കും ശക്തിയുള്ള നാട്ടില്‍.
അതു പോലെ സ്വാതന്ത്ര്യവും മതേതരത്വവും നിലനില്‍ക്കുന്ന അമേരിക്കയിലിരുന്നു ഇന്ത്യയില്‍ അതൊന്നും വേണ്ടെന്നു പറയുന്നതിലെ യുക്തി മനസിലാകുന്നുമില്ല.
ഈ ലേഖനത്തില്‍ എന്താണു സത്യമല്ലാത്തത്? പല രീതിയില്‍ അതു വ്യാഖ്യാനിക്കാം എന്നു മാത്രം.
വിദ്യാധരൻ 2015-09-21 09:35:18
ശ്രീ നാരായണഗുരു ഒരു യുക്തിവാദി അല്ലായിരുന്നു.  യുക്തിയും വാദവും സ്രീനാരായനഗുരുവോ അങ്ങനെയുള്ള  ആദ്ധ്യാത്മിക ഗുരുക്കന്മാരോ ഉപയോഗിച്ചതായി കാണുന്നില്ല  . അത് ഉപയോഗിച്ച് ഉപജീവന മാർഗ്ഗം നടത്തുന്ന പുരോഹിത വർഗ്ഗവും രാഷ്ട്രീയക്കാരുമാണ് നാടിന്റെ ശാപം.  ശ്രീ നാരായണഗുരുവിന്റെ ചിന്തകളിൽക്കൂടി കടന്നു പോകുമ്പോൾ ഒരു മനുഷ്യ സന്ഹിയെയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്‌.    യുക്തി വാദം വാഗ്പാടവശാസ്ത്രവും കൃത്രിമപദപ്രയോഗങ്ങളും അടങ്ങിയ തർക്ക ശാസ്ത്രമാണ്. തന്റെ പ്രസ്താവനകളെ വിശ്വാസയോഗ്യമാക്കുന്നതിന് വേണ്ടി ഗുരു തെളിവുകൾ  ഒന്നും നിരത്തുന്നില്ല.  പക്ഷെ അദ്ദേഹം പല സ്ഥലങ്ങളിലും ബുദ്ധി ഉപയോഗിച്ചിട്ടുണ്ട്.   താൻ ബ്രാഹ്മണ ദൈവത്തെ അല്ല പ്രതിഷ്ടിച്ചത് നേരെ മറിച്ചു ഈഴവ ദൈവത്തെയാണ് പ്രതിഷ്ടിച്ചെതെന്നു ബുദ്ധിപരമായ മറുപടി പറഞ്ഞു ഒരു കലാപം ഒഴിവാക്കുകയായിരുന്നു. യുക്തി ആയിരുന്നു എങ്കിൽ തൻറെ പ്രസ്താവനയെ തെളിയിക്കാനായി തെളിവുകൾ നിരത്തി ഒരു യുദ്ധ സന്നാഹം തന്നെ നടത്തിയിരുന്നെനെ. ശ്രീ നാരായണ ഗുരുവിന്റെ പഠനങ്ങൾ വഴി രക്തചൊറിച്ചിൽ ഒന്നും തന്നെ ഉണ്ടായിട്ടതായി അറിവില്ല.  എന്നാൽ ഉദയകുമാർ പറഞ്ഞതുപോലെ ബ്രഹ്മവിദ്യയിൽ യുക്തി വാദം ഉള്ളതുകൊണ്ടായിരിക്കും ഭാരതത്തിൽ രക്ത ചൊരിച്ചിൽ ഉണ്ടായതും ഇന്നും ന്യുന വർഗ്ഗവുമായി ഹിന്ദുമതം സം ഘർഷത്തിൽ  ഇരിക്കുന്നതും.  " അന്ധ വിശ്വാസങ്ങളെ യുക്തിയുടെ മൂർച്ചയുള്ള വാളിനാൽ അരിഞ്ഞു തള്ളിയെന്ന ' പദപ്രയോഗങ്ങൾ ഗുരുവിനെ ഒരു വിപ്ലവകാരനായി ചിത്രികരികാനെ  ഉതകുകയുള്ളു. അദ്ദേഹം സ്നേഹത്തിന്റെ നിറകുടം ആയിരുന്നു.  മനുഷ്യ സ്നേഹിയായിരുന്നു.  'സ്നേഹത്താൽ ഉദിക്കുന്ന' ഒരു ലോകമാണ് അദ്ദേഹം വിഭാവനം ചെയ്തിരുന്നതെന്ന് അദ്ദേഹത്തോട് അടുത്തു  ഇടപെട്ട കുമാരനാശാന്റെ കവിതകളിൽക്കൂടി വ്യക്തമാക്കിയിരിക്കുന്നു .  ബ്രഹ്മവിദ്യേക്കാൾ ഉപരിയായി മറ്റൊരു യുക്തിവാദവും ഇല്ലെന്നു വിളിച്ചു പറഞ്ഞു ഉദയകുമാർ തന്റെ അ ജ്ഞാനം വെളിപ്പെടുത്തിയിരിക്കുന്നു 
വിക്രമൻ 2015-09-21 09:38:18
ഒരു കിരീഡം നോക്കി പോയതായിരിക്കും? എന്ത് ചെയ്യാം കിട്ടിയത് തലകെട്ടാ 
SchCast 2015-09-21 11:22:05
ജാതി പറയുമ്പോൾ കേറികൊള്ളും.  കുറ്റം പറഞ്ഞിട്ട് കാര്യമില്ല 
Udayabhanu Panickar 2015-09-21 16:18:51
(1) യുക്തിവാദവും ബ്രഹ്മവിദ്യയും ഗുരുദേവദർശനങ്ങളും മനസ്സിലാകുമ്പോഴേ ഇവതമ്മിലുള്ള ബന്ധം അറിയൂ.  ഈഴവദൈവത്തെ പ്രതിഷ്ടിച്ചു എന്ന് ഗുരുദേവൻ ഒരിക്കലും പറഞ്ഞിട്ടില്ല. "നാം നമ്മുടെ ദൈവത്തെയാണു" പ്രതിഷ്ടിച്ചതെന്നാണു പറഞ്ഞത്. യുക്തിവാദവും ബ്രഹ്മവിദ്യയും ഗുരുദേവദർശനങ്ങളും മനസ്സിലാകുമ്പോഴേ ശരിയായ ഗുരുദേവനെയും അറിയാൻ പറ്റൂ. John Z. Howell ആരെന്നറിയാൻ ചരിത്രം വായിക്കുക.

ജാതി ഉണ്ടാക്കിയതും അടിച്ചമർത്തിയതും എല്ലാം ചരിത്രത്തിൽ കാണാം. പക്ഷെ അത് ബ്രിട്ടീഷുകാർ അവർ ഭരിച്ചിരുന്ന കാലത്തെ അവരുടെ ഭരണം നടത്താൻ വേണ്ടി എഴുതിയ കാര്യങ്ങൾ മാത്രം വായിച്ചാൽ കിട്ടില്ല. സവർണ്ണ-അവർണ്ണ മേധാവിത്തക്കാർ എഴുതിയതിലും കാണില്ല. അവരെല്ലാം  വെളിയിൽ കാട്ടാതെ വച്ചിരുന്ന പല ചരിത്ര സത്യങ്ങളും ഉണ്ടു. അവ തെരഞ്ഞു പിടിച്ചെഴുതുയ ചരിത്രഗ്രന്ധങ്ങളും ഇപ്പോൾ പലതും  ഉണ്ട്. അവ internetൽ കിട്ടുകയും ഇല്ല. പുസ്തകം വാങ്ങി വായിക്കുകയെ വഴിയുള്ളു. അപ്പോൾ മനസ്സിലാക്കാം ഭാരതീയർ സ്വന്തം ജനതയ്ക്കെതിരായി എന്തെല്ലാം ക്രൂരകൃത്യങ്ങൾ  ചെയ്തു, വിദേശികൾ എന്തെല്ലാം ചെയ്തു എന്നെല്ലാം. അതുപോലെതന്നെ ബ്രിട്ടീഷുകാർക്കു മുമ്പുള്ള യഥാർത്ഥ ചരിത്രവും അറിഞ്ഞാലേ എല്ലാം വ്യക്തമാകൂ.
Udayabhanu Panickar 2015-09-21 16:19:42
(2)
ഞാൻ ഒരു കക്ഷിയുടെയോ സംഘടനയുടെയോ ആളല്ല. സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു. അപ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾ എഴുത്തുന്നു. അത് കേരളത്തിൽ നടക്കുന്നോ മറ്റെവിടെയെങ്കിലും നടക്കുന്നോ എന്നല്ല അതിനു എന്നോടു ബന്ധം ഉണ്ടോ എന്നു മാത്രമേ നോക്കറുള്ളൂ. അവരവരോടു ബന്ധമുള്ള കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാനും അവകാശം ഉണ്ടല്ലോ? വായിക്കുന്നവർ അത് സ്വീകരിക്കയോ സ്വീകരിക്കാതെയിരിക്കയോ ആകാം. അത് വായിക്കുന്നവരുടെ ഇഷ്ടം.

ഇവിടെ പൊന്തിവന്ന പല കാര്യങ്ങളെപ്പറ്റിയും വിശദമായ കാര്യങ്ങൾ എന്റെ ബ്ലോഗുകളിൽ കാണം, പ്രത്യേകിച്ചും ഗുരുദേവനെ സംബന്ധിക്കുന്ന കാര്യങ്ങൾ. അവ അറിയണം എന്നുള്ളവർക്കു അവ വായിക്കാം. അവയെ ഇവിടെ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.
kumaaran 2015-09-21 18:15:18
വേദോപനിഷത്തുകള്‍ ചികഞ്ഞെടൂത്ത് ലോകത്തിനു നല്‍കിയത് മാക്‌സ് മുള്ളര്‍. ഹാരപ്പയും മൊഹന്‍ ജൊദാരോയും ഉദ്ഘനനം ചെയ്ത് കണ്ടെത്തിയത് ബ്രിട്ടീഷുകാര്‍.
ഇനി എന്തു ചരിത്രമാണു മാറ്റി എഴുതിയത്? ഇന്റര്‍നെറ്റില്‍ കിട്ടാത്ത ചരിത്രം എഴുതുന്നത് ആരാണെന്ന് എല്ലാവ്രക്കുമറിയാം. തങ്ങള്‍ക്ക് സ്വീകാര്യമായതും തങ്ങള്‍ ഭയങ്കരന്മാരായിരുന്നു എന്നു പൊങ്ങച്ചം പറയാനും ഉണ്ടാക്കുന്ന കെട്ടുകഥ ചരിത്രമാവില്ല. അതുകൊണ്ടാണല്ലോ വ്യത്യസ്ഥാഭിപ്രായങ്ങളെഅടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത്.
ഒരു കാര്യത്തെ പറ്റി തന്നെ പല വിധത്തില്‍ വ്യാഖ്യാനിക്കാം. ഐ.എസ്. ഒന്നാന്തരം മത ഭക്തരാണു ഒരു വിഭാഗത്തിനു. മറ്റുള്ളവര്‍ക്ക് ഭീകരരും. ആയിരം വര്‍ഷം മുന്‍പ് ഇന്ത്യയില്‍ സുവര്‍ണ കാലം ആിരുന്നു എന്നു പറയുന്നതില്‍ എത്ര സത്യമൂണ്ട്? 1947-നു മുന്‍പ് താങ്കള്‍ ഇന്ത്യാക്കാരനായിരുന്നോ തിരുവിതാംകൂറുകാരന്‍ ആയിരുന്നോ? ഒന്നു ചിന്തിച്ചു നോക്കു.
ഹിന്ദു മതം ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത് ആര്‍.എസ്.എസിന്റെ ഹിംസാല്‍മക ചിന്തയില്‍ കൂടിയല്ല. സാത്വികത നഷ്ടപ്പെടുമ്പോള്‍ ഹിന്ദുമതം രാഷ്ട്രീയമായി മാറും.
താങ്കള്‍ ഏത് പക്ഷത്താണെന്നു ചിന്തിച്ച് നോക്കു? ഹിന്ദു മതം ഉപയോഗിച്ചുള്ള അസഹിഷണുവായ രാഷ്ട്രീയക്കാരനോ അതോ യഥാര്‍ഥ വിശ്വാസിയൊ?
ആരാണു നിങ്ങളുടെ ശത്രു? മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യാക്കാരോ?ഇന്ത്യാക്കാര്‍ തന്നെ നിങ്ങളുടെ ശത്രു ആകുന്നു എങ്കില്‍ അതിലെ ന്യായം എന്ത്?
അതു പോലെ നിങ്ങള്‍ പറയുന്നതു പോലെ അത്ര വലിയ ദ്രോഹമൊന്നും ക്രിസ്തുമതം ഇന്ത്യയില്‍ ചെയ്തിട്ടില്ല. പ്രത്യേകിച്ച് കേരളത്തില്‍.
ഹോവല്‍ എന്ന ഏതോ ഒരുവനെ വായിക്കും മുന്‍പ് അംബേദ്കര്‍ ഹിന്ദുമതറ്റ്ഃഎപറ്റി പറഞ്ഞതും വായിച്ച് നോക്കുക.
Udayabhanu Panickar 2015-09-21 19:30:52

ഞാൻ എന്റെ മാത്രം പക്ഷത്താണു  സഹോദരാ;  ഒരു പ്രസ്ഥാനത്തിന്റെയും ആളല്ല. സത്യം അറിയാൻ വേണ്ടി ശ്രമിക്കുന്നു. അരിഞ്ഞ സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്കു പങ്കു വയ്ക്കുന്നു. നിങ്ങളിലാർക്കും അതറിയാൻ ആഗ്രഹം ഇല്ല എന്നും മനസ്സിലായി. ഞാൻ പറഞ്ഞ പുസ്തകങ്ങൾ ഒന്നും തന്നെ ഭാരതീയർ ഏഴുതിയതല്ല. അംബദ്ക്കറുടെ പുസ്തകങ്ങൾ പലതും വായിച്ചിട്ടുണ്ട്. അംബദ്ക്കർ ആരെന്നു ഭാരതീയർ മനസ്സിലാക്കിയിരുന്നു എങ്കിൽ എന്ത് നന്നായിരിന്നു എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനും. അദ്ദേഹത്തെ സ്വന്തം എന്ന് പറയുന്നവർ പോലും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടില്ല എന്നോർക്കുമ്പോൾ അല്പം എന്തോ പന്തികേടുള്ളതു പോലെ തോന്നുന്നു. പിന്നെ ഹിന്ദു മതം എന്നൊരു മതം ഉണ്ടെന്നു പോലും അംഗിക്കരിക്കാത്തവ്യക്തിയാണു ഞാൻ. എനിക്ക് മതവും ഇല്ല ജാതിയും ഇല്ല.

 

ഞാൻ നേരത്തെ എഴുതിയ കാര്യങ്ങളെപ്പറ്റി പഠിക്കാതെ നിങ്ങൾക്കു ഞാൻ എഴുതുന്ന കാര്യങ്ങൾ മനസ്സിലാകില്ല. അതുകൊണ്ടു ദയവായി അവ മനസ്സിലാക്കുവാൻ ശ്രമിക്കുക-ഭാരതത്തിന്റെ ആത്മീയത, ഗുരുദേവന്റെ ദർശനങ്ങൾ, യുക്തിവാദം ഇവ. അല്ലാതെ ഞാൻ പറയുന്നതു് നിങ്ങൾക്കു മനസ്സിലാകില്ല. സ്വന്തം അറിവിനും അപ്പുറത്തും  ധാരാളം അറിവുണ്ടെന്നും കൂടി അറിഞ്ഞിരുന്നാൽ നന്നായിരിക്കും.

 

Also remember that if I do not respond to any more of your comments, it doesn’t mean you have won; it is just because I understood that there is no use of wasting any more of my time, trying to educate you of the Truth or about the TRUTH.

kumaaran 2015-09-21 20:35:40
പാണ്ഡിത്യത്തെ ചോദ്യം ചെയ്യാനുള്ള ധാര്‍ഷ്ട്യം ഒന്നുമില്ല. ആകെ പറയുന്നത് ജനധിപത്യവും പൗര സ്വാതന്ത്ര്യവും ഇന്ത്യയില്‍ ഇല്ലാതാക്കി മത രാഷ്ട്രത്തിനു വേണ്ടി നില കൊള്ളരുത് എന്നു മാത്രമാണു. അതു പോലെ തന്നെ അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗം സ്വീകരിക്കരുതെ എന്നും.
ഓരൊ മതക്കാരും അവരുടെ മതത്തില്‍ ഊറ്റം കൊള്ളുകയും അതിന്റെ പാരമ്പര്യവും മഹത്വും കണ്ടെത്തുകയും വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നത് നല്ലത് തന്നെ. അത് പക്ഷെ രാജ്യത്തെ മതത്തിന്റെ ഇരുട്ടിലേക്ക് നയിച്ചു കൊണ്ടാവരുത്. നമുക്ക് ജനാധിപത്യം വേണം, സ്വാതന്ത്ര്യം വേണം, സഹിഷ്ണുത വേണം. അതു കൂടുതലാണോ?
അതു പോലെ സ്വയം അറിവിന്റെ പാതയിലാണെന്നും മറ്റുള്ളവരും അതു തന്നെ പഠിക്കണമെന്നും പറയുമ്പോള്‍ അസഹിഷ്ണുതയാണു കാണുന്നത്. മതമൗലികവാദത്തിന്റെ അടിസ്ഥാനം തന്നെ അസഹിഷ്ണുതയാണു. ഹിന്ദുമതം പറയുന്നത് പല വഴികള്‍ ഉണ്ടെന്നാണു. അതോ അതൊക്കെ മാറ്റിയോ? പിന്നെ ജാതിയും മതവും ആര്‍ക്കെങ്കിലും വേണ്ടെന്നു വയ്ക്കാനാവുമോ? അതു നമ്മെ വിടാതെ പിന്തുടരും.
Udayabhanu Panickar 2015-09-22 07:11:53
എന്നെ തല്ലെണ്ടമ്മാവാ; എനിക്കു നന്നാകണ്ടാ. Sayonaaraa.
എസ് കെ 2015-09-22 08:08:40

ശ്രീനാരായണ ഗുരു എം. സി. ജോസഫിനെപ്പോലെ അല്ലെങ്കില്‍ സഹോദരന്‍ അയ്യപ്പനെപ്പോലെയോ ഒരു നിരീശ്വരവാദിയോ അല്ലായിരുന്നു. അമൃതാനന്ദമയി, പുട്ടപര്‍ത്തി സായിബാബാമാരെപ്പോലെയുള്ള അവതാരവും ആയിരുന്നില്ല. ഇതിന് തെളിവ് ഗുരുവിന്‍റെ കൃതികളും, സംഭാഷണങ്ങളുമാണ്. മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് യുക്തിപരമായ പരിഹാരം നിര്‍ദ്ദേശിച്ച ഒരു മഹാനായിരുന്നു ഗുരു. വിശ്വാസികളെയും നിരീശ്വരവാദികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന ഒരു മനുഷ്യസ്നേഹി. ഒരിക്കലെങ്കിലും ഏതെങ്കിലും അമ്പലത്തില്‍ പോയി അര്‍ച്ചന നടത്തിയിട്ടില്ല.  ഇന്ന് കാണുന്ന “കപട ദൈവങ്ങള്‍” കാണിക്കുന്ന ഒരു പ്രകടനവും ഗുരു കാണിച്ചിരുന്നില്ല. ഗുരു എന്ത് അല്ലായിരുന്നു അതായിരുന്നു ഗുരു എന്നാണ് സ്വാര്‍ത്ഥരായ രാഷ്രീയക്കാരും സമുദായമേലാളന്മാരും   ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഗുരുചരിതം.  

ജാതി എന്ന വ്യാധി വിദേശിയരുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പഴകാല ചരിത്രത്തെപ്പറ്റി വലിയ പിടിയുണ്ടെന്ന് തോന്നുന്നില്ല. ജാതിയുടെ അസ്പൃശ്യതയും വിലക്കുകലുമൊക്കെ പണ്ടേ ഉണ്ടായിരുന്നതുകൊണ്ടായിരിക്കുമല്ലോ “നമുക്ക് സന്ന്യാസം തന്നത് ബ്രിട്ടീഷുകാരാണ്” എന്ന് ഗുരു പറഞ്ഞത്. 

SchCast 2015-09-22 08:20:38
ബ്രഹ്മവിദ്യയിൽ യുക്തിവാദം ഒന്നും ഇല്ല. അത് ഉദയകുമാറിനെപ്പോലുള്ള RSS കാരുടെ ഭാഷ്യമാണ്.  എന്നെ തല്ലണ്ട ഞാൻ നേരെ ആകില്ല എന്ന് പറയുന്നതും ഞാൻ പറയുന്നതാണ് ശരി അതിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറില്ല എന്ന് പറയുന്നതും ശരിയാണ്.  ഇതിനെല്ലാം കാരണം RSS മസ്തിഷ്ക്കഷാളനമാണ്.  ക്രിസ്തിയാനികളേയും ഈഴവരെയും, മഹമദിയെരെയും ഒക്കെ അടിച്ചൊതുക്കി വാഴാനുള്ള   RSS  മോഹവും 
Mohan Parakovil 2015-09-22 08:33:15
ജാതി മതങ്ങള ചൊല്ലി കലഹിച്ച് നാണം കെട്ട് നടക്കുന്നു ചിലര് ഇല്ലാത്ത പൂന്നൂൽ തപ്പി നോക്കുന്നു താണ ജാതിയെന്ന നാമം എടുക്കുന്നു ഇങ്ങനെ നിത്യം അലസുന്നുൻപലരും ഭാരത മാതാവിൻ തിരു വയറിൽ
Udayabhanu Panickar 2015-09-22 15:23:36

RSS people say I am against them. Now here some say I am RSS. I very clearly wrote here that I have no connection to any organization.

Aniyankunju 2015-09-23 18:04:43
FWD:  __by Prof. M.K. Sanu--"നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായും അത് ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെമാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു. '1916ല്‍ സ്വന്തം നിലയില്‍ ശ്രീനാരായണഗുരു "പ്രബുദ്ധകേരളം' പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനമാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്.

ശ്രീനാരായണഗുരുവിനെ സംബന്ധിച്ചിടത്തോളം ചിന്താഗതിയിലുണ്ടായ ഒരു മാറ്റമാണിതെന്ന് കരുതരുത്. 1888ല്‍ അരുവിപ്പുറത്തുവച്ച് പ്രഖ്യാപിച്ച സന്ദേശം സാരാംശത്തില്‍ ഈ ആശയംതന്നെയാണ് ഉള്‍ക്കൊള്ളുന്നത്. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു മാതൃകാസ്ഥാനമാക്കി ലോകത്തെ മാറ്റണമെന്ന ആഹ്വാനമാണ് പ്രസിദ്ധമായ ആ സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. എങ്കിലും, താന്‍ വിഭാവനംചെയ്ത ആദര്‍ശത്തിന് അനുസരണമായി അനുയായികള്‍ വളരുന്നില്ല എന്ന് അദ്ദേഹത്തിന് കാണേണ്ടതായി വന്നു. അദ്ദേഹത്തെ " സ്വന്തം ' ജാതിക്കാരനായിമാത്രം കാണാനും അതിന്റെ അടിസ്ഥാനത്തില്‍ അന്യജാതിക്കാരില്‍നിന്ന് അകലാനും ഉള്ള പ്രവണത സമുദായത്തില്‍ വളര്‍ന്നുവരുന്നത് അദ്ദേഹത്തിന് കാണേണ്ടതായിവന്നു. ആ ഘട്ടത്തിലാണ് "നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന വാക്യം ഉള്‍ക്കൊള്ളുന്ന പ്രസ്താവന പ്രബുദ്ധകേരളത്തില്‍ പ്രകാശിപ്പിക്കാന്‍ ഗുരുദേവന്‍ സന്നദ്ധനായത്.

ഇതിന് ഒരു മറുവശംകൂടിയുണ്ട്. ഈഴവ സമുദായത്തിനുപുറത്ത് ഇതരസമുദായങ്ങളിലെ അംഗങ്ങളും ഗുരുദേവനെ പൂജിച്ചുപോന്നിരുന്നു എന്നതാണ് ആ മറുവശം. പല നായര്‍ ഭവനങ്ങളിലും ദൈവദശകം സന്ധ്യാവേളയില്‍ അന്ന് ആലപിച്ചുപോന്നിരുന്നു. അങ്ങനെ ആലപിച്ചിരുന്ന ഭവനങ്ങളില്‍ രണ്ടെണ്ണത്തെക്കുറിച്ച് ഞാന്‍ വ്യക്തമായി ഓര്‍മിക്കുന്നു. ഒന്ന് പി ജി പുരുഷോത്തമന്‍പിള്ളയുടെ ഭവനവും മറ്റൊരെണ്ണം വെട്ടൂര്‍ രാമന്‍നായരുടെ ഭവനവുമാണ്. മറ്റ് അനേകം ഭവനങ്ങളില്‍ ഈ രീതിയിലുള്ള സന്ധ്യാപ്രാര്‍ഥന നടന്നുപോന്നതിനെക്കുറിച്ച് അവര്‍ ആരാധനാഭാവത്തോടെ സംസാരിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.

ആ പശ്ചാത്തലത്തിലാണ് തന്നെ സംബന്ധിക്കുന്ന "വാസ്തവം' ലോകരെ അറിയിക്കുന്നതിന് ഗുരുദേവന്‍ സന്നദ്ധനായത്. പ്രസംഗകരെയും പ്രവര്‍ത്തകരെയും സമുദായമധ്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ ശ്രീനാരായണഗുരു നിയോഗിച്ചിരുന്നു. ആ പ്രസംഗകര്‍ക്ക് പ്രത്യേകമായ ഉപദേശംനല്‍കാനും ആ പുണ്യാത്മാവ് മറന്നില്ല. ആ ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനം അന്യസമുദായങ്ങളെ നോവിക്കുന്ന തരത്തിലുള്ള ഒരുവാക്കുപോലും പ്രസംഗങ്ങളില്‍ കടന്നുകൂടാന്‍ പാടില്ല എന്നതാണ്. അതിനുസരണമായി പ്രവൃത്തിയും ചിട്ടപ്പെടുത്തിയേതീരൂ.

സാംസ്കാരികമായ ഉന്നതിക്കും സാമ്പത്തികമായ അഭിവൃദ്ധിക്കുംവേണ്ടി ആസൂത്രിതമായ പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കണമെന്ന് ആവര്‍ത്തിച്ചുപറയാനും ഗുരുദേവന്‍ മറന്നില്ല. സാംസ്കാരികോന്നമനത്തിന്റെ കാര്യത്തില്‍ സാഹിത്യത്തിന് പ്രധാനമായ സ്ഥാനം നല്‍കിയിരുന്നു. കാവ്യമാധുര്യം ജനസാമാന്യത്തിന് ആസ്വാദ്യമാക്കിത്തീര്‍ക്കാന്‍ കഴിയുന്ന പ്രസംഗകരെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു സ്വാമി ആര്യഭടന്‍. ക്ഷേത്രപരിസരങ്ങളിലും മൈതാനങ്ങളിലും തടിച്ചുകൂടിയ ജനങ്ങളുടെ മുമ്പാകെനിന്ന് അദ്ദേഹം എഴുത്തച്ഛന്റെയും കവിത്രയത്തിന്റെയും കവിതാമാധുര്യം തുളുമ്പുന്ന വരികള്‍ ചൊല്ലിക്കേള്‍പ്പിച്ചും വിശദീകരിച്ചും ജനസാമാന്യത്തെ രസിപ്പിച്ചുപോന്നു. ആ പൈതൃകം പിന്നീട് മംഗളാനന്ദസ്വാമികളിലൂടെ തുടര്‍ന്നുപോന്ന വസ്തുത ഇവിടെ ഞാന്‍ ഓര്‍മിച്ചുപോകുന്നു.

അതുപോലെ കഥാപ്രസംഗകലയെയും ഗുരുദേവന്‍ ആശയപ്രചാരണത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിരുന്നു. സ്വാമി സത്യദേവനെ ആശീര്‍വദിച്ച്, അനുഗ്രഹിച്ച് ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുംപോലുള്ള കവിതകള്‍ അടിസ്ഥാനമാക്കി കഥാപ്രസംഗം നടത്താന്‍ ആദ്യം നിയോഗിച്ചത് ഗുരുദേവനാണ്."മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍' എന്നും"എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാ-രെത്രയോ തുഞ്ചന്മാര്‍ കുഞ്ചന്മാരുംക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ് ഭാരതമാതാവേ, നിന്‍വയറ്റില്‍'എന്ന് വിലപിച്ചതിനുശേഷം, "നിര്‍ണയം നിന്നെപ്പോല്‍ പാരിലധോഗതിവിണ്ണവര്‍ഗംഗയ്ക്കുമുണ്ടാവില്ല' എന്ന് ഹിന്ദുധര്‍മത്തെനോക്കി എഴുതിയ വരികള്‍ അക്കാലത്ത് അക്ഷരാഭ്യാസമില്ലാത്തവര്‍ക്കുപോലും ഹൃദിസ്ഥമായിരുന്നു. അതിലൂടെ ജാതിസ്പര്‍ദ്ധയില്‍നിന്നും മതദ്വേഷത്തില്‍നിന്നും വിമുക്തമായ ഒരു സമൂഹം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുമെന്നാണ് ഗുരുദേവന്‍ സങ്കല്‍പ്പിച്ചത്.ആ സങ്കല്‍പ്പത്തിന് പോറലേല്‍ക്കുന്നത് നേരിട്ട് കാണാനിടയായപ്പോഴാണ് പ്രബുദ്ധകേരളത്തില്‍ ആ പ്രസ്താവന പ്രകാശിപ്പിക്കാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത വരികയില്ലെന്ന് ഗുരുദേവന്‍ നിശ്ചയിച്ചത്.

അദ്ദേഹം രചിച്ച കവിതകളെക്കുറിച്ചുകൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. - പ്രധാനപ്പെട്ട കാവ്യമായ " ആത്മോപദേശശതകത്തില്‍ ' - "പലമതസാരവുമേകം' എന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കാന്‍ ഗുരുദേവന്‍ മറന്നില്ല. ആ പ്രഖ്യാപനം മറ്റ് അനേകം കവിതകളില്‍ അനുരണനംചെയ്യുന്നു. ഇതിന്റെയെല്ലാം മൂര്‍ധന്യത്തിലാണ് 1924ല്‍ ആലുവ അദൈ്വതാശ്രമത്തില്‍വച്ച് ഗുരുദേവന്‍ സര്‍വമതസമ്മേളനം വിളിച്ചുകൂട്ടിയത്. അതിന്റെ മൗലികമായ സന്ദേശം എന്തെന്ന് നോക്കൂ:" വാദിക്കാനും ജയിക്കാനുമല്ലഅറിയാനും അറിയിക്കാനുമാണ്'.എല്ലാമതത്തിന്റെയും പ്രതിനിധികള്‍ - പണ്ഡിതരായ പ്രതിനിധികള്‍ - ആ മഹാസമ്മേളത്തില്‍ പങ്കെടുത്തിരുന്നു. വിഭിന്ന മതക്കാര്‍ തമ്മിലുള്ള സംവാദം നിരന്തരം തുടര്‍ന്നുകൊണ്ടിരുന്നെങ്കില്‍മാത്രമേ മനുഷ്യരുടെ മധ്യത്തില്‍ സമാധാനം പുലരുകയുള്ളൂ എന്ന് ആ സന്ദര്‍ഭത്തില്‍ ഗുരുദേവന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.

മഹാത്മാക്കളുടെ അനുയായികള്‍ പലപ്പോഴും അവര്‍ സംഭാവനചെയ്ത മഹനീയമായ ആശയങ്ങളില്‍നിന്നും സന്ദേശങ്ങളില്‍നിന്നും വ്യതിചലിക്കാന്‍ വാസന കാണിക്കാറുണ്ട്. ആ വാസനയില്‍നിന്നാണ് വിദ്വേഷത്തിന്റെയും പകയുടെയും വിത്തുകള്‍ സമൂഹമനസ്സില്‍ പതിയുന്നത്. അത് അപകടകരമാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് - എന്ന് വിളംബരംചെയ്ത മഹാത്മാവിന്റെ അനുയായികള്‍ മനുഷ്യത്വത്തിന്റെ വീഥിയില്‍നിന്ന് വ്യതിചലിച്ച് ജാതിസ്പര്‍ദ്ധയുടെയും മതവിദ്വേഷത്തിന്റെയും അപഥമാര്‍ഗങ്ങളില്‍ സഞ്ചരിക്കാന്‍ ഇടയാകരുത്. അങ്ങനെ സഞ്ചരിക്കുമ്പോള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ഗുരുനിന്ദയാണ് നടത്തുന്നതെന്ന് ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.

ശ്രീനാരായണഗുരുദേവന്റെ വ്യക്തിപ്രഭാവം അത്യന്തം സങ്കീര്‍ണവും ഗഹനവുമാണ്. ദൈവികതയുടെ അലൗകിക പ്രകാശവും പ്രായോഗിക നിര്‍ദേശങ്ങളും ആ സങ്കീര്‍ണതയുടെ അവിഭാജ്യമായ ഘടകമാണ്. അപ്രകാരം അലൗകികവും സമാരാധ്യവുമായ ഒരു വ്യക്തിത്വം അനുയായികളുടെ അപഥസഞ്ചാര പ്രവണതയാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകുന്ന സാഹചര്യം ഇന്ന് രൂപംപ്രാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ സാഹചര്യം ഒഴിവാക്കി, സമൂഹത്തെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകുക എന്നത് ഗുരുദേവധര്‍മത്തില്‍ വിശ്വസിക്കുന്നവരുടെ ഒഴിവാക്കാനാകാത്ത ചുമതലയാണെന്നു......."

വിദ്യാധരൻ 2015-09-23 20:42:00
എം. കെ സാനുവിന്റെ ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിച്ചതിന് അനിയൻ കുഞ്ഞിന് പ്രത്യേക നന്ദി 

bijuny 2015-09-24 03:00:48
അതായതു നിങ്ങളെല്ലാവരും പറയുന്നത് ഈഴവർ മാത്രം ശ്രീ നാരായണ ഗുരു 100 വര്ഷം മുൻപ് പറഞ്ഞ idealism ഫോളോ ചെയ്തു ജീവിച്ചു കൊണ്ടേ ഇരിക്കുക. ബാക്കി എല്ലാവരും സൊന്തം കാര്യം നന്നാക്കി ജീവിക്കുക. ഏകദേശം 50 വര്ഷം ഈഴവർ അതങ്ങ് ഫോല്ലോ ചെയ്തു. ഇന്നിപ്പോൾ 100 വര്ഷം കഴിഞ്ഞപ്പോൾ കേരളത്തിലെ പല സമുദായങ്ങളുടെയും prosperity ഒരു statistics എടുത്തു നോക്കിയപ്പോൾ ഈഴവനു മനസ്സിലായി , ഗുരു പണ്ട് പറഞ്ഞതിന് ഒരു പുതിയ വ്യക്യാനം വേണം. അത്രയേ ഉള്ളൂ. ഈ കൃസ്തിയനികൾ പഴയ നിയമം പുതിയ നിയമം എന്നൊക്കെ പറയുന്നത് പോലെ.
Who has problems with that?
thinker 2015-09-24 05:49:38
ഈഴവര്‍ ഉയരരുതെന്നു ആരോ പറഞ്ഞതു പോലുണ്ടല്ലൊ. മതമൗലികവാദികളോടു കൂടിയാല്‍ ഈഴവ സമുദായത്തിനു ഉന്നമനം കിട്ടുമോ? അയലത്തെ ക്രിസ്ത്യാനിയേയും മുസ്ലിമിനെയും ശത്രുവാക്കിയാല്‍ ഉന്നതി കിട്ടുമോ?
എന്തു കൊണ്ടാണു ഈഴവര്‍ക്ക് ഉന്നതി ഉണ്ടാകാത്തത്? ചെത്തു തൊഴില്‍ കൊണ്ട് വലിയ ഉന്നതി ഒന്നും ഉണ്ടാവില്ല. പുതിയ മേഖലകളില്‍ ജോലി തേടുകയും ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയുമണു വേണ്ടത്.
ഏതോ സായ്പ്പിനെ ക്വോട്ട് ചെയ്ത് ക്രെസ്തവര്‍ക്കെതിരെ പറഞ്ഞിരിക്കുന്നു. കേരളത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്കു വിദ്യാഭ്യാസം നല്‍കിയതിനു തുടക്കമിട്ടത് ക്രൈസ്ത്വരാണു. വളരെ കഴിഞ്ഞാണു മറ്റു സമുദായങ്ങള്‍ ആ രംഗത്തു വന്നത്. വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റം ഇല്ലായിരുന്നെങ്കില്‍ താഴ്ന്ന ജാതിക്കാരുടെ സ്ഥിതി ഇതിലും മോശമാകുമായിരുന്നു.
മൗലികവാദികളുടെ കൂടെ കൂടിയതു കൊണ്ട് ജാതിയൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല. താണ ജാതിക്കാരന്‍ എന്നും താണ ജാതിക്കാരനായിരിക്കും.
അതു പോലെ ഹിന്ദു മതം എന്തൊ ഭയങ്കര സംഗതിയാണെന്നും പരാമര്‍ശത്തില്‍ കാണുന്നു. ക്രിസ്തുമതത്തിലും ഇസ്ലം മതത്തിലും ഇല്ലാത്ത എന്താണുള്ളത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക