Image

ആന്ദോളനം (കവിത: ബിന്ദു ടിജി )

Published on 21 September, 2015
ആന്ദോളനം (കവിത: ബിന്ദു ടിജി )
ഒന്ന്‌ : പൊന്‍മൊട്ടുകള്‍
ഉള്ളില്‍ പൊടിക്കുമിടക്കിടെ
അക്ഷരനോവുകള്‍
നുള്ളികളയുവാനാവാതെ
അസ്വസ്ഥമായനുഭൂതിയായ്‌
മോഹമായ്‌ പിന്നെ ആലസ്യമായ്‌
പൂത്തുലഞ്ഞു കായ്‌ക്കുവാന്‍
കാത്തു കാത്തങ്ങനെ

നേരിന്റെയിറ്റ്‌ വെളിച്ചത്തില്‍
വെച്ചതിന്‍ കൂമ്പുകള്‍
മെല്ലെയൊന്നാലോലമാട്ടി
ആടല്‍ പുതപ്പിച്ചു താരാട്ടുപാടി
ചേലൊത്ത സ്വപ്‌നങ്ങള്‍
ചാലിച്ച്‌ ചേര്‍ത്ത്‌
നീറുന്ന മണ്ണില്‍ വേരുറപ്പിച്ച്‌
കണ്ണീര്‍ തെളിച്ചു നനച്ചു ചുംബിച്ച്‌
പറിച്ചു നടുന്നതും
കാത്തു കാത്തങ്ങനെ

രണ്ട്‌: ആന്ദോളനം
അക്ഷരമുത്തുകള്‍ നിന്ന്‌ ചിണുങ്ങുന്നു
എന്നെയെന്നെയെന്നു കൈനീട്ടി
ചേലതുമ്പു കുലുക്കി
കൊഞ്ചുന്നു കേഴുന്നു
ആധിപൂണ്ടമ്മ
മഴയൊന്നൊഴിയുവാന്‍
മാനം വെളുക്കുവാന്‍
കാത്തു നില്‍ക്കുന്നു
പിഞ്ചിളം പാദങ്ങള്‍ വേച്ചു വിറക്കുമോ
കടിഞ്ഞൂല്‍ മുത്തുകള്‍ വിതുമ്പി കരയുമോ
ചന്തത്തിലുള്ളോരാ പട്ടുടുപ്പാരാനും
ചിന്തിച്ചിടാതെ ചീന്തിയെറിയുമോ
തുള്ളി കളിക്കുമാ പുള്ളിമാനുകള്‍
വന്നതിന്‍ കൂമ്പുകളെങ്ങാന്‍
നുള്ളി നോവിക്കുമോ
ഇത്തിരി ഇത്തിരി തണലു കിട്ടാതെയെന്‍
മുത്ത്‌ വിയര്‍ത്തു നീറിയൊഴുകുമോ
വെഞ്ചാമരം വീശിയിളം കാറ്റു ചെല്ലുമോ

പൊന്‍മൊട്ടു പോലെ
കാത്തു സൂക്ഷിച്ചോരെന്‍ കണ്മണീ
നീ ആര്‍ത്തലക്കുമാ തിരകളെ
കീറിമുറിച്ചു നീന്തി നീന്തിയങ്ങു
പോവതും കണ്‍പാര്‍ത്ത്‌
ആധിപൂണ്ടമ്മയീ തീരത്ത്‌
കാരുണ്യരൂപനെ
ധ്യാനിച്ച്‌ ധ്യാനിച്ച്‌
കാത്തു കാത്തങ്ങനെ.
ആന്ദോളനം (കവിത: ബിന്ദു ടിജി )
Join WhatsApp News
biju 2015-09-23 02:47:12
super

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക