Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-21

Published on 14 January, 2012
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-21
പതിനാല്
അടുത്തദിവസം ഗ്രാമാധിപന്‍ അവരുടെ ദേശാധിപന്റെ അടുത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയി. ദേശാധിപന്റെ താവളം ഞങ്ങള്‍ വന്നിറങ്ങിയ ഗ്രാമത്തിനടുത്തുതന്നെയായിരുന്നു. അപ്പോഴാണാറിഞ്ഞത്. ഹഫിസിസ് പട്ടണത്തിലെത്താന്‍ അവിടെ നിന്നും രണ്ടുദിവസത്തെ യാത്ര വേണ്ടിവരുമെന്ന്. ഏതായാലും ദേശാധിപന്റെ ആതിഥ്യം സ്വീകരിച്ച് കുറച്ചു ദിവസമവിടെ താമസിക്കാന്‍ തന്നെ ഞങ്ങള്‍തീര്‍ച്ചയാക്കി. ഞാനും എന്റെ സംഘത്തില്‍പ്പെട്ടവരും കരക്കിറങ്ങിയത് കടലോരത്തെ ഒരു ചെറിയ ഗ്രാമത്തിലാണ്. ദേശാധിപന്റെ കീഴിലുള്ള ഗ്രാമങ്ങള്‍ ഒട്ടു മിക്കതും ചെറുതായിരുന്നെങ്കിലും രണ്ടു മൂന്നു വലിയ ഗ്രാമങ്ങളും അതില്‍പ്പെടും. അങ്ങനെയുള്ള ഒരു വലിയ ഗ്രാമമായിരുന്നു സ്മിര്‍ന. അതുകൊണ്ട് ഈ ദേശത്തെ പൊതുവേ സ്മിര്‍ന എന്നാളുകള്‍ വിളിച്ചു വന്നു.
എഫീസിലെ കേന്ദ്രഭരണകൂടത്തിന് ദേശാധിപന്റെ മേല്‍ പറയത്തക്ക അധികാരമൊന്നുമുണ്ടായിരുന്നതായി തോന്നിയില്ല. ജനങ്ങള്‍ മീന്‍ പിടിച്ചും വേട്ടയാടിയും ഗോതമ്പോ ബാര്‍ളിയോ കൃഷിചെയ്തുമാണ് ഉപജീവനം കഴിച്ചിരുന്നത്. അജ്ഞതയും രോഗവും ദാരിദ്ര്യവും ഗലീലി പ്രദേശത്തെയാളുകളെയെന്നപോലെ സ്മിര്‍ന്നയിലെ ജനങ്ങളെയും തീരാത്ത ദുഃഖത്തിലാഴ്ത്തിയിരുന്നു. അവരുടെ ഇടയില്‍ യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്നായിരുന്നു എന്റെയാഗ്രഹം.
ദേശാധിപനായ തിനോറാസ് ഞങ്ങളെ ആദ്യം സ്വീകരിച്ചത് സംശയത്തോടെയാണ്. അയാളുടെ തലക്കെട്ടിലും സ്ത്രീയുടെ രൂപം തുന്നിപ്പിടിപ്പിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഈ രൂപത്തിന്‍ ആസ്യയില്‍ വച്ചു കണ്ട ആര്‍ത്തമിസ് ദേവിയുടെ രൂപത്തോട് നല്ല സാദൃശ്യം തോന്നി. ദൈവരാജ്യത്തെക്കുറിച്ച് ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ച ഞങ്ങളെ ആര്‍ത്തമിസ് ദേവിയുടെ ആരാധകനായ തിനോറസ് സംശയ ദൃഷ്ടിയോടെ വീക്ഷിച്ചതില്‍ അസാധാരണമായിട്ടൊന്നുമില്ല.
ദേശാധിപന്റെ വീട് അയാളുടെ പദവിക്കനുസരിച്ച് വലുപ്പമുള്ളതും, ഭംഗിയില്‍ മോടിപിടിപ്പിച്ചതുമായിരുന്നു. ഞാനും അല്‍ക്കയും ലുദിയയും അയാളോടൊപ്പം തന്നെ താമസിക്കാന്‍ തിനോറസ് ക്ഷണിച്ചു. ആ ക്ഷണം ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. മറ്റുള്ളവരെ അയാളുടെ വീടിനു സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ താമസിപ്പിക്കാനും ഏര്‍പ്പാടാക്കി.
അരിസ്റ്റ ഹോസിസ് അന്നാട്ടുകാര്‍ സംസാരിച്ചിരുന്ന പ്രാകൃത യവനഭാഷ അിറയാമായിരുന്നതുകൊണ്ട് ഞാനദ്ദേഹത്തെ സ്മിര്‍നയുടെ പല ഭാഗത്തേക്കുമയച്ച് പൊതുജനങ്ങളുടെ ജീവിതനിലവാരങ്ങളും മതാനുഷ്ഠാനങ്ങളുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിച്ചു. ജനങ്ങള്‍ പ്രായേണ പേഗന്‍ സമ്പ്രദായങ്ങളിലാണ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് ആദ്യമൊന്നും ഹോസിന് നല്ല സ്വീകരണമല്ല കിട്ടിയിരുന്നത്. സുവിശേഷം പ്രചരിപ്പിക്കാന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ചിലപ്പോള്‍ അക്രമാസക്തരായി അദ്ദേഹത്തിനേയും കൂടെയുള്ളവരെയും ഉപദ്രവിക്കാന്‍ തന്നെ ഒരുമ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
ഒരു സംഭവം ഹോസു പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. സ്മിര്‍നയുടെ കിഴക്കനതിര്‍ത്തിയിലൂടെ തെക്കുവടക്കായി കിടക്കുന്ന ഒരു മലയുണ്ട്. അതിന്റെ താഴ് വാരത്തിലുള്ള ജനങ്ങളോട് സംസാരിക്കാന്‍ ഹോസ് ഒരു ദിവസം പോയി. പ്രാകൃതരിലും പ്രാകൃതരായ അവിടുത്തെ ജനങ്ങള്‍ മലമുകളിലെ കുറ്റിക്കാടുകളില്‍ മാനിനേയും മുയലിനെയും വേട്ടയാടിയാണ് ജീവിച്ചിരുന്നത്. അക്ഷരാഭ്യാസമോ മനസിന് ശിക്ഷണമോ ഇല്ലാത്ത അവരില്‍ ചിലര്‍ മറ്റുള്ളവരെ ആക്രമിക്കാനും മടിച്ചിരുന്നില്ല.
ഒരു ഗ്രാമത്തിനുവേണ്ട സൗകര്യമൊന്നുമവിടയില്ലായിരുന്നു. അങ്ങിങ്ങായി മരത്തടി മുറിച്ച് കൂടാരത്തിന്റെ ആകൃതിയില്‍ കെട്ടിയുണ്ടാക്കിയ കുടിലുകള്‍ മാത്രം. സാമാന്യം വലിയ ഒരു കുടിലിന് മുകളില്‍ മരത്തോലില്‍ ആരോ വരച്ചു വച്ച ഒരു സ്ത്രീരൂപം കെട്ടിത്തൂക്കിയിരിക്കുന്നു.
ഉച്ചവെയിലിനു ചൂടുകിട്ടിത്തുടങ്ങിയിരുന്നില്ല.
ഹോസു ചുറ്റുമൊന്നു നോക്കി. പകുതി ചുട്ടെടുത്ത ഒരണ്ണാറക്കണ്ണനെ ചെത്തിക്കൂര്‍പ്പിച്ച ഒരു മരക്കൊമ്പില്‍ കോര്‍ത്തുപിടിച്ച് ഇടക്കിടക്കതിന്റെ മാംസം കാര്‍ന്നുതിന്നുകൊണ്ട് നടക്കുന്ന ഒരു ബാലനെയാണ് കണ്ടത്. ഏതാണ്ട് പത്തോ പന്ത്രണ്ടോ വയസു തോന്നിക്കുന്ന അവന് യാതൊരു വസ്ത്രവുമുണ്ടായിരുന്നില്ല. പല നിറത്തിലുള്ള ചായം പുരട്ടിയ ചെറിയ കല്ലുകള്‍ ഒരു ചരടില്‍ കെട്ടി അത് അരയില്‍ ചുറ്റിയിട്ടുണ്ട്. പുരുഷന്‍മാര്‍ വേട്ടയാടാന്‍ മലയ്ക്കുമുകളിലേക്ക് പോയിരുന്നതുകൊണ്ട് മരവുരികൊണ്ട് നഗ്നത ഒട്ടൊക്കെ മറച്ചിരുന്ന ഏതാനും സ്ത്രീകള്‍ മാത്രമേ അദ്ദേഹത്തിനു ചുറ്റും കൂടിയിട്ടുള്ളൂ. ഉന്തിയ വയറും ചുവന്ന വട്ടക്കണ്ണുകളുമുള്ള അവര്‍ ഗ്രീക്കുരീതിയില്‍ ഭംഗിയായി വസ്ത്രം ധരിച്ചിരുന്ന ഹോസിനെ സംശയത്തോടെ നോക്കിനിന്നതേയുള്ളൂ. ഹോസ് അല്‍പം കുശലപ്രശ്‌നം ചെയ്യാന്‍ ഒരുമ്പെട്ടെങ്കിലും അവരതില്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല.
ഇതിനിടെ ബാലന്‍ അവിടെ നിന്നും അപ്രത്യക്ഷനായിരുന്നു! “പരിശുദ്ധാത്മാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ” ഹോസ് പറഞ്ഞുതുടങ്ങി. “ദൈവരാജ്യത്തെക്കുറിച്ച് നിങ്ങളോട് പറയുവാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. നമ്മുടെയെല്ലാം രക്ഷകനായ യേശു മനുഷ്യരാശിയുടെ പാപ നിവൃത്തിക്കായി സ്വന്തം ജീവനെ തന്നെ ബലികഴിക്കുകയായിരുന്നല്ലോ…” ചെറുപ്രസംഗം ഇത്രയുമായപ്പോള്‍ എവിടെനിന്നെന്നറിഞ്ഞില്ല മൂര്‍ച്ചയുള്ള രണ്ടമ്പുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വന്നു വീണു. ഇനിയിവിടെ നിന്നാല്‍ മൂന്നാമത്തേത് അദ്ദേഹത്തിന്റെ ശിരസും കൊണ്ടേ പോകുകയുള്ളൂയെന്നു മനസ്സിലാക്കി ആവുന്നത്ര വേഗത്തില്‍ അവിടം വിട്ടുപോയി. ഈ അനിഷ്ട സംഭവം ഹോസിനെ മരണത്തോടു വളരെയുടപ്പിച്ചെങ്കിലും അയാള്‍ ധൈര്യം വെടിഞ്ഞില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം ആ സ്ഥലത്തു തിരിച്ചുചെല്ലാനും അവിടെയുള്ള പ്രധാനികളായ ചിലരെ വിശ്വാസികളാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
മലവാരത്തെ ആതുരസേവ(Ministry) തുടര്‍ന്നു നടത്താന്‍ ഹോസിന് കഴിഞ്ഞത് ഈ യാദൃശ്ചിക സംഭവം മൂലമാണ്. അധികാരികളുടെ സഹകരണമില്ലാതെ വീണ്ടും അവിടെ പോകുന്നത് അപകടമാണെന്ന് അദ്ദേഹം തീര്‍ച്ചയാക്കി. അവരുടെ പരോക്ഷമായ സഹായമെങ്കിലും കിട്ടാന്‍ എന്താണ് വഴി എന്നാലോചിച്ചിരിക്കുമ്പോഴാണ് ഹോസിനെ സഹായിക്കാന്‍ ദേശാധിപന്‍ തിനോറസ് മുമ്പോട്ടുവന്നത്.
തിനോറസിന്റെ വീട്ടില്‍ ഞങ്ങള്‍ താമസം തുടങ്ങിയപ്പോള്‍ തന്നെ അയാളെ സ്ഥിരമായി സങ്കടപ്പെടുത്തിയിരുന്ന ഒരു കാര്യം സ്വകാര്യമായി എന്നോട് പറഞ്ഞിരുന്നു. അതായത് സന്താനഭാഗ്യമില്ലാത്തതാണ്. തിനോറസിന് വയസ് അറുപതോടടുത്തിരിക്കുന്നത്‌കൊണ്ട് കുട്ടികളില്ലാതെ തന്നെ മരണമടഞ്ഞേക്കുമെന്നയാള്‍ ഭയന്നിരുന്നു. അവരുടെ ഇടയിലെ ആചാരപ്രകാരം ഒരു സന്താനമെങ്കിലുമില്ലാതെ മരിക്കുന്നത് പാപലക്ഷണമാണ്. അങ്ങനെയുള്ളവരുടെ ഒരു ബന്ധുവിനും പിന്നീട് ദേശാധിപനാകാന്‍ കഴിയില്ല. കുടുംബബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്ന അവരുടെ സമുദായത്തില്‍ അയാള്‍ അനഭിമതനായി തീരുമോയെന്ന ഭീതിയാണ് തിനോറസിനെ കൂടുതലും അലട്ടിയിരുന്നത്. മന്ത്രവാദികളെക്കൊണ്ട് തന്ത്രങ്ങളും ഹോമങ്ങളും നടത്തിയും, പല വൈദ്യന്‍മാരെ വരുത്തി ചികിത്സിപ്പിച്ചും ഓരോ വിധത്തില്‍ ഒരു കുട്ടിയുടെ അച്ഛനാവാന്‍ അയാള്‍ മുടങ്ങാതെ ശ്രമിച്ചിരുന്നു.
ലൂദിയ അവരുടെ നാട്ടില്‍ വളരെക്കാലം സ്ത്രീകളെ പ്രസവസമയത്ത് ശ്രുശ്രൂഷിക്കുന്ന ജോലി(Midwifery) യിലായിരുന്നെന്ന് അവര്‍ തന്നെ എന്നോടൊരിക്കല്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തിനോറാസിനെ അലട്ടിയിരുന്ന കാര്യം മറ്റാരുമറിയാതെ ഞാനവരുമായി ആലോചിച്ചു. ലുദിയ തിനോറസിന്റെ ഭാര്യയുമായി സംസാരിച്ചിട്ട്, ഗര്‍ഭധാരണത്തിനുശേഷമുള്ള മാസങ്ങളില്‍ ചെയ്യേണ്ട ചില വ്യായാമമുറകള്‍ അവരെ പഠിപ്പിക്കാമെന്നും അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടാകുമോയെന്ന് ശ്രമിച്ചുനോക്കാമെന്നും ലുദിയ എനിക്കുറപ്പുതന്നു. ഞാനും ദേശാധിപന്റെ സന്താനലബ്ധിക്കുവേണ്ടി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ചു. ദൈവാനുഗ്രഹമെന്നേ പറയേണ്ടൂ, ഒരു വര്‍ഷത്തിനുള്ളില്‍ തിനോറസിനു പൂര്‍ണ്ണാരോഗ്യമുള്ള ഒരാണ്‍കുഞ്ഞ് ജനിച്ചു. കുട്ടി ജനിച്ച വിവിരം അയാള്‍ സ്മിര്‍ന മുഴുവനും കൊട്ടിഘോഷിച്ചും കേമമായി സദ്യകള്‍ കഴിച്ചും ജനങ്ങളെ സന്തോഷിപ്പിച്ചു. ലുദിയയുടെ ആത്മീയ ഗുരുനാഥ ഞാനാണെന്നറിഞ്ഞ് എന്നിലും അയാള്‍ മുമ്പിലത്തേതില്‍ കൂടുതല്‍ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ അതയാള്‍ക്കൊരു ബഹുമതിയായിരിക്കുമെന്ന് എന്നെ അറിയിക്കുകയും ചെയ്തു. അങ്ങനയാണ് ദേശാധിപന്റെ സഹായം കൊണ്ട് ഹോസിനു വീണ്ടും മലയോരത്തെ ജനങ്ങളുടെ ഇടയില്‍ പോകാനും അവരില്‍ ചിലരെ വിശ്വാസികളാക്കാനും കഴിഞ്ഞത്. ഈ സംഭവത്തിനുശേഷം തിനോറസ് എല്ലാ കാര്യങ്ങളിലും ഞങ്ങളോട് സഹകരിച്ചിരുന്നു.
ഞങ്ങള്‍ സ്മിര്‍നയിലെത്തി ആറുമാസമേ ദേശാധിപന്റെ അതിഥികളായി കഴിഞ്ഞിരുന്നുള്ളൂ. അതിനുശേഷം അയാളുടെ വീട്ടില്‍ നിന്ന് ആറോ ഏഴോ റോമന്‍ മൈലകലയുള്ള ഒരു സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റി. ഞാനും ഹോസും ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയിലെ അംഗസംഖ്യ വര്‍ദ്ധിച്ചുവന്നതോടെ ഞങ്ങളെ വന്നുകണ്ട് അവരുടെ സങ്കടങ്ങള്‍ അറിയിക്കുവാനും പുതുതായി കേട്ട ദൈവരാജ്യത്തെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് നിവൃത്തിവരുത്താനും നാട്ടുകാര്‍ കൂട്ടമായി വന്നുതുടങ്ങി. അതുകൊണ്ട് സ്വന്തമായൊരു സ്ഥലവും വീടും ആവശ്യമായിതോന്നി.
തിനോറസിന്റെ സഹായം കൊണ്ടാണ് സ്മിര്‍നയുടെ കേന്ദ്രസ്ഥാനത്തുതന്നെ കുറെയധികം സ്ഥലം ഞങ്ങള്‍ക്ക് പതിച്ചുകിട്ടിയത്. ഹോസും മാര്‍ക്കോസും കൂടെ പല ധനികരെ പോയിക്കണ്ട് പണം സമ്പാദിച്ച് ആറേഴുമാസം കൊണ്ട് പ്രാര്‍ത്ഥനയ്ക്കായി ഒരു കെട്ടിടം പണിതുണ്ടാക്കി. അതിലെ ഒരു പ്രധാന സ്ഥാനത്തുതന്നെ ഒരു കുരിശു സ്ഥാപിക്കാനും ഞാന്‍ നിശ്ചയിച്ചു. വരും തലമുറയ്ക്ക് യേശു ജീവത്യാഗം ചെയ്തതിന്റെ പ്രതീകമായിരിക്കട്ടെയെന്ന് ഞാന്‍ പ്രത്യാശിച്ചു. കുരിശുവെച്ച സ്ഥലത്തുനിന്ന് അള്‍ത്താരയെന്ന് പേരിട്ടത് ഹോസാണെന്ന് തോന്നുന്നു. എഫീസില്‍ നിന്നു വരുത്തിയ രണ്ടു ഗ്രീക്കു ശില്‍പ്പികളുടെ പരിശ്രമം കൊണ്ട് കുരിശില്‍ കിടക്കുന്ന യേശുവിന്റെ ഒരു വലിയ രൂപം വെണ്ണക്കല്ലില്‍ പണിതുണ്ടാക്കി അവിടെ സ്ഥാപിച്ചു. ഇക്കാര്യത്തിലും മാര്‍ക്കോസും ഞങ്ങളെ സഹായിച്ചിരുന്നു.
ആഴ്ചയില്‍ ഒരു ദിവസം, ആദ്യമത് വ്യാഴാഴ്ച തോറുമായിരുന്നു, പ്രാര്‍ത്ഥനാലയത്തില്‍ ഒത്തുചേരാനാണ് ഞങ്ങള്‍ നിശ്ചയിച്ചത്. പിന്നീടത് ഞായറാഴ്ചയാക്കി. ആളുകള്‍ ജോലികഴിഞ്ഞ് വിശ്രമിക്കാനിടകിട്ടുന്ന ഒരു ദിവസമായിരുന്നു ഞായറാഴ്ച. പ്രാര്‍ത്ഥനക്കന്നായിരിക്കും എല്ലാവര്‍ക്കും കൂടുതല്‍ സൗകര്യമെന്നു തോന്നിയതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.
വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സുവിശേഷത്തെക്കുറിച്ചും, ദൈവനിയോഗത്തെക്കുറിച്ചും മറ്റു ആത്മീയവിഷയങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ പലര്‍ക്കും താല്‍പര്യമുണ്ടായി. ആദ്യമൊക്കെ മറ്റാളുകളുടെ മുമ്പില്‍ വച്ച് ഓരോന്നും ചോദിക്കുന്നതിനവര്‍ മടിച്ചിരുന്നെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കണമെന്ന് ഞാനും ഹോസും നിര്‍ബന്ധിച്ചിരുന്നത് കൊണ്ട് ഓരോന്നവര്‍ ചോദിക്കാന്‍ തുടങ്ങി.
ഒരു ദിവസം പ്രാര്‍ത്ഥ കഴിഞ്ഞപ്പോള്‍ തടിച്ച് പൊക്കം കുറഞ്ഞ ഒരു മരപ്പണിക്കാരന്‍ ചോദിച്ചു: “ന്യായപ്രമാണമെന്നാലെന്താണ്?”
ഹോസ്: “പത്ത് ഈശ്വരകല്‍പ്പനകളെയാണ് ന്യായപ്രമാണം എന്ന വാക്കുകൊണ്ടര്‍ത്ഥമാക്കുന്നത്. ന്യായപ്രമാണമനുസരിച്ചല്ലാതെ ജീവിക്കുന്ന ഒരാള്‍ , അവന്‍ പാപിയാണ്, ന്യായപ്രമാണം കൂടാതെ നശിച്ചു പോകും. ന്യായപ്രമാണമുണ്ടായിട്ടും പാപം ചെയ്തവരൊക്കെയും ന്യായ പ്രമാണത്താല്‍ വിധിക്കപ്പെടും. ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്‍മാര്‍ , പിന്നെയോ, ന്യായപ്രമാണം ആചരിക്കുന്നവരാണ്. ഇതെപ്പോഴും ഓര്‍മ്മിക്കണം.”
മരപ്പണിക്കാരന്‍ : “യേശു പാപികള്‍ക്കുവേണ്ടിയെന്തു ചെയ്തു?”
ഹോസ്: “നിങ്ങള്‍ കേള്‍ക്കണം! ദൈവത്തിന്റെ സ്‌നേഹം പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് പകര്‍ത്തിട്ടുണ്ട്. നാം ബലഹീനരായിരിക്കുമ്പോള്‍ തന്നെ, യേശു തക്ക സമയത്ത് അഭക്തര്‍ക്ക്, അതായത് അവിശ്വാസികള്‍ക്കു വേണ്ടി മരണം കൈവരിച്ചു. ഇതില്‍പ്പരം മറ്റൊരു ത്യാഗമുണ്ടോ? നീതിമാന്‍മാര്‍ക്കുവേണ്ടി ആരെങ്കിലും മരിക്കുന്നത് വളരെ ദുര്‍ലഭമാണ്. യേശു നാം പാപികളായിരിക്കുമ്പോള്‍ തന്നെ നമുക്ക് വേണ്ടി മരിക്കുമ്പോള്‍ ദൈവം നമ്മോട് സ്‌നേഹം പ്രകടിപ്പിക്കുന്നു.”
ഹോസിന്റെ അല്‍പ്പം നീണ്ട വിശദീകരണം മരപ്പണിക്കാരനെ തല്‍ക്കാലം തൃപ്തനാക്കിയതുപോലെ തോന്നി.
പ്രാര്‍ത്ഥന കഴിഞ്ഞ് ഓരോ മണിക്കൂര്‍ വീതം ചോദ്യോത്തരത്തിനായി മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ക്രമേണ ഇതെല്ലാവര്‍ക്കും പ്രയോജനപ്പെട്ട ഒരു പരിപാടിയായി. എനിക്കോ, ഹോസിനോ കൂട്ടായ്മയില്‍ എപ്പോഴും പങ്കുകൊള്ളാന്‍ കഴിയാതെ വരുമ്പോള്‍ പകരം അവരെ നയിച്ചുകൊണ്ടുപോകാന്‍ ഒരാളാവശ്യമായി തോന്നി. അതാരായിരിക്കണം? അയാളുടെ യോഗ്യതകളെന്തായിരിക്കണമെന്നെല്ലാം ഞാന്‍ ചിന്തിച്ചു. സംഘടനാപരമായ പല കാര്യങ്ങളും ആദ്യമായി ചര്‍ച്ച ചെയ്തു തീരുമാനിച്ചത് ഹോസിന്റെ സഹായത്തോടുകൂടിയാണ്.
കൂട്ടായ്മക്കൊരു പാസ്റ്ററു(Pastor)ണ്ടായിരിക്കണമെന്ന് ഞാന്‍ ആദ്യമേ നിശ്ചയിച്ചു. ഒരിടയന്‍(Sheperd) തന്റെ കുഞ്ഞാടുകളെ എങ്ങിനെ ശുശ്രൂഷിക്കുന്നോ അതുപോലെ പാസ്റ്റര്‍ പ്രധാന തന്റെ കൂട്ടായ്മയിലുള്ള വിശ്വാസികളെ പരിരക്ഷിക്കണം. പാസ്റ്ററുടെ പ്രധാന ചുമതല കൂട്ടായ്മയില്‍ വരുന്ന വിശ്വാസികളെ പ്രാര്‍ത്ഥനയില്‍ നയിക്കുകയാണ്. അതുപോലെ അവരെ ഈശ്വരാനുഗ്രഹത്തിന്റെ ബാഹ്യവും ദൃശ്യവുമായ ചടങ്ങില്‍ (കൂദാശ) പങ്കെടുപ്പിക്കേണ്ടതും അതിന്റെ ഭാഗമായി സത്യപ്രതിജ്ഞയെടുപ്പിക്കേണ്ടതും പാസ്റ്ററുടെ ചുമതലാണ്. അതിനവര്‍ക്ക് അധികാരം കിട്ടുന്നത് ദൈവനിയോഗത്താലാണ്.
ഒരു പാസ്റ്റര്‍ക്കുണ്ടായിരിക്കേണ്ട പ്രധാന യോഗ്യത സദാചാരനിരതയാണ്. അയാള്‍ക്ക് കൂട്ടായ്മ ഭരിച്ചുകൊണ്ടുപോകാനുള്ള സാമര്‍ത്ഥ്യമുണ്ടായിരിക്കണം. തെറ്റായ പ്രവാചകരില്‍ (False Prophets) നിന്ന് തന്റെ കൂട്ടായ്മയിലുള്ള വിശ്വാസികളെ രക്ഷിക്കേണ്ട ചുമതലയും പാസ്റ്ററുടേതാണ്.
ഒരു ദേശത്ത് പല കൂട്ടായ്മകളുണ്ടാക്കുമ്പോള്‍ പാസ്റ്റര്‍മാരുടെ കൗണ്‍സിലിന് ഒരു ഡീക്കനെ(Decon) തിരഞ്ഞെടുക്കാം. പാസ്റ്റര്‍മാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ക്കു പുറമേ പല സ്ഥാപനങ്ങളും ഒരേ സമയം ഭരിച്ചുകൊണ്ടുപോകാനുള്ള ഭരണനൈപുണ്യവും ഡീക്കനുണ്ടായിരിക്കണം. കറകളഞ്ഞ ദൈവവിശ്വാസവും സത്യസന്ധതയുമയാള്‍ക്കുണ്ടായിരിക്കണം. സ്മിര്‍നയിലെ കൂട്ടായ്മയില്‍ നൂറോളം വിശ്വാസികളുണ്ടായിരിക്കണം. സ്മിര്‍നയിലെ കൂട്ടായ്മയില്‍ നൂറോളം വിശ്വാസികളണ്ടായിരുന്നു. അവരുടെ അനുഗ്രഹാശ്ശിസുകളോടെ അരിസ്തഹോസിനെ ആദ്യത്തെ ഡീക്കനായി ഞങ്ങള്‍ തിരഞ്ഞെടുത്തു. എന്തുകൊണ്ടും അദ്ദേഹം ആ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നതില്‍ എനിക്കു സംശയമില്ലായരുന്നു.
യവനഭാഷ കൈകാര്യം ചെയ്യുവാന്‍ എന്നേക്കാള്‍ കൂടുതല്‍ കഴിവ് അരിസ്ത ഹോസിനായിരുന്നു. അതുകൊണ്ട് ഞാനദ്ദേഹത്തെയാണ് ആദ്യകാലത്ത് ദൈവരാജ്യത്തെക്കുറിച്ചും, ന്യായപ്രമാണങ്ങളെക്കുറിച്ചും കൂട്ടായ്മയിലുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ചുമതലപ്പെടുത്തയിരുന്നത്. ചെറുപ്പത്തില്‍ ഗ്രീക്ക് ക്ലാസിക്കില്‍പ്പെട്ട ചില പുസ്തകങ്ങള്‍ വായിച്ചിരുന്നതുകൊണ്ട് എനിക്ക് ക്രമേണ വലിയ ബുദ്ധിമുട്ടില്ലാതെ അന്നാട്ടുകാരുടെ ഭാഷയില്‍ സംസാരിക്കാനും അവര്‍ പറയുന്നത് മനസ്സിലാക്കാനും സാധിച്ചു.
ഹോസിന് കൂട്ടായ്മയുടെ ദൗത്യത്തെക്കുറിച്ചും അതിനുണ്ടായിരിക്കേണ്ട ഘടനയെപ്പറ്റിയും കൂടുതല്‍ അവബോധം നേടാന്‍ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി ഞാനുമായി സംവാദത്തിലേര്‍പ്പെടുക പതിവായിരുന്നു. ഇതെല്ലാം ഞാന്‍ വളരെക്കാലമായി ചിന്തിക്കുകയും അപഗ്രഥനം ചെയ്യുകയും ചെയ്തിരുന്നതിനാല്‍ ഹോസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് പ്രയാസമുണ്ടായിരുന്നില്ല.
ഒരു ദിവസം കൂട്ടായ്മ പിരിഞ്ഞ് ഞാനും ഹോസും പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാളൊരു ചോദ്യമുന്നയിച്ചു.
ഹോസ്(അല്‍പം ആലോചിച്ച്): “കൂട്ടായ്മയെന്നാലെന്താണ്…? കുറെ ആളുകള്‍ കൂടിയിരുന്ന് സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത്?”
ഞാന്‍ : “കൂട്ടായ പരിശുദ്ധാത്മാവിനാല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട വിശ്വാസികളുടെ സംഘമാണ്. അവരുടെ ശരീരമെന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. അതിന്റെ അടിസ്ഥാനം അപ്പോസ്തലന്‍മാരുടെ സേവനത്തിലാണ് നിലനില്‍ക്കുന്നത്.”
ഹോസ് : “അതിന്റെ ദൗത്യമോ?”
ഞാന്‍ : “എപ്പോഴും മനുഷ്യരാശിയുടെ നന്മക്കുവേണ്ടിയാണ് കൂട്ടായ്മ പ്രവര്‍ത്തിക്കേണ്ടത്. അത് നീതിക്കും സമന്വയത്തിനും വേണ്ടി പോരാടുന്ന ഒരു ജൈവ (Organic) സംഘടനയായിരിക്കണം. അതിരിക്കട്ടെ, കൂട്ടായ്മയിപ്പോള്‍
വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ, അവിടുത്തെ അനുഷ്ഠാനങ്ങളെന്തെല്ലാമായിരിക്കണമെന്നാണ് ഹോസിന്റെ അഭിപ്രായം?”
ഹോസ്: “പ്രാര്‍ത്ഥനയാരിക്കണം ആദ്യ ചടങ്ങ്. അതിനുശേഷം കുമ്പസാരിക്കലുമാവാം. പാപം ഏറ്റുപറഞ്ഞാല്‍ ദൈവം അവന് മാപ്പ് കൊടുക്കുമല്ലോ. അതു കൂടാതെ തിരുവത്താഴവും(Holy Communion) വേണം.”
ഞാന്‍ : “ഈശ്വരകല്‍പ്പനകള്‍ സ്വര്‍ഗ്ഗരാജ്യത്തിലെങ്ങനെയോ അതുപോലെ ഭൂമിയിലും നടത്തുമാറാകണമെന്നാണ് ജനങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത്. യേശുവിനെ കൈവെടിയുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ സ്ഥാനമില്ല. ഈ ആശയത്തിന് കൂട്ടായ്മകളിലെ പ്രാര്‍ത്ഥയില്‍ പ്രാധാന്യവും കൊടുക്കണം. പരിശുദ്ധാത്മാവില്‍ നമുക്കുണ്ടായിരിക്കേണ്ട വിശ്വാസവും പ്രാര്‍ത്ഥയില്‍ ഊന്നിപ്പറയണം.”
ഹോസ്: “യേശുവിന്റെ ആദര്‍ശങ്ങള്‍ അതേപോലെ ജനങ്ങളെ മനസിലാക്കുകയും അവര്‍ക്ക് ആത്മജ്ഞാനമുണ്ടാക്കുകയുമായിരിക്കണം ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.”
ഞാന്‍ : “സിറിയയിലും ഈജിപ്തിലുമുള്ള കൂട്ടായ്മക്കാര്‍ പല രീതിയിലുള്ള ചടങ്ങുകളാണിപ്പോള്‍ നടത്തുന്നത്. അതു ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അതകൊണ്ട് ഇവര്‍ക്ക് പൊതുവായ ചില മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് നന്നായിരിക്കും. അതുപോലെ ജ്ഞാനസ്‌നാനവും (Baptism)ചടങ്ങുകളില്‍ അതിപ്രധാനമായ ഒന്നാണ്”.
ഇക്കാര്യത്തില്‍ മഹാസും എന്നോട് യോജിച്ചു. കൂട്ടായ്മയലെ ദരിദ്രരായവര്‍ക്ക് അടുത്തദിവസം അവശ്യം വേണ്ട വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന്‍ ചില പ്രത്യേക ഏര്‍പ്പാടുകള്‍ ചെയ്തിട്ട് ഞാന്‍ വീട്ടിലേക്ക് പോയി.
ഈശ്വരാനുഗ്രഹം കൊണ്ട് കൂട്ടായ്മ വളര്‍ന്നുകൊണ്ടുതന്നെയിരുന്നു. ഇതിലെനിക്ക് ചാരിതാര്‍ത്ഥ്യമാണുണ്ടായിരുന്നത്. സ്മിര്‍നയിലെ താമസവും ഞാനിഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്‌നേഹബന്ധങ്ങള്‍ ആശയുടെ ദീപം കൊളുത്തി. യേശുവിന്റെ സന്ദേശം പുതിയ നാട്ടില്‍ പ്രചരിപ്പിക്കാമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
എന്നാലെന്നെ അതിയായ ദുഃഖത്തിലാഴ്ത്തിയ വിവരം ആയിടയ്ക്ക് അവിടെ പോയി മടങ്ങിവന്ന ഒരു കച്ചോടക്കാരന്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു. യേശുവിന്റെ ആദ്യകാല അനുയായികളില്‍ പ്രധാനിയം അദ്ദേഹത്തിന്റെ സന്ദേശങ്ങളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്ത ഒരാളായിരുന്നു സൈമണ്‍ പീറ്റര്‍. അദ്ദേഹത്തിന് യേശുവിനോട് അതിയായ ആദരവും സ്‌നേഹവുമുണ്ടായിരുന്നു. മനുഷ്യസഹജമായ ചില ദുര്‍ബലതകളുണ്ടായിരുന്നെങ്കിലും സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ മറ്റാരേയുംകാള്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടിയിരുന്നതും പീറ്ററായിരുന്നു. പേഗന്‍ സമ്പ്രദായത്തില്‍ വിശ്വസിച്ചിരുന്ന റോമിലെ ഒരു വിഭാഗം ജനങ്ങള്‍ അധികാരികളുടെ പരോക്ഷമായ പ്രേരണയ്ക്ക് വിധേയരായി അദ്ദേഹത്തെ ക്രൂരമായ വിധത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. ഒരു ഘാതകന്‍ പീറ്ററുടെ തലവെട്ടിമാറ്റി പൊതുനിരത്തിലൂടെ മറ്റാളുകള്‍ക്ക് കാണാന്‍ കൊണ്ടുനടന്നിരുന്നുവത്രേ! പരിശുദ്ധാത്മാവില്‍ വിശ്വസിച്ചിരുന്ന സാധാരണ റോമാക്കാരെ കുന്തമുനയില്‍ നിര്‍ത്തി ജീവനോടെ തീയിലിട്ടു കൊല്ലുന്ന പൈശാചിക സമ്പ്രദായവും അക്കാലത്ത് അവിടെ നിലനിന്നിരുന്നുപോലും. എന്നാലെല്ലാ പ്രതികൂലങ്ങളെയും അതിജീവിച്ച് യേശുവിന്റെ അനുയായികളായവരുടെ സംഖ്യയും ഒട്ടും കുറവായിരുന്നില്ല.
സ്മിര്‍നയിലെ കൂട്ടായ്മ തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞാണ് സബദ് മരണമടഞ്ഞത്. നിരന്തരമായ യാത്ര കൊണ്ടും തക്കസമയത്ത് ശുചിയായി പാകം ചെയ്ത ഭക്ഷണം കിട്ടായ്കയാലും അയാളുടെ ആരോഗ്യം നാള്‍ക്കുനാള്‍ ക്ഷയിച്ചുവന്നു. ഒരു ദിവസം ദേഹത്തിന് ചൂട് വര്‍ദ്ധിച്ചു. അല്‍പസമയത്തിനുള്ളില്‍ അബോധാവസ്ഥയിലായി. തിനോറസ് ഒരു നാട്ടുവൈദ്യനെ അയച്ചുതന്നെങ്കിലും അയാളുടെ ചികിത്സാരീതിയില്‍ ഞങ്ങള്‍ക്ക് നിരാശയാണുണ്ടായത്. ഞങ്ങള്‍ പ്രാര്‍തഥനയില്‍ കൂടുതല്‍ വിശ്വസിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന്റെ അഞ്ചാം ദിവസം ഞങ്ങളെ എന്നെന്നേക്കുമായി വേര്‍പിരിഞ്ഞ് സബദ് സ്വര്‍ഗ്ഗരാജ്യം പൂകി.
ഹോസിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാന്‍  മിക്കപ്പോഴും ഞാനയയ്ക്കാറുണ്ടായിരുന്നത് സബദിനെയും മാര്‍ക്കോസിനെയുമായിരുന്നു. മാര്‍ക്കോസിന് സരസമായ സംഭാഷണത്തിലൂടെ ആളുകളെ വശീകരിക്കാനറിയാമായിരുന്നത് കൊണ്ട് കൂട്ടായ്മയ്ക്കുവേണ്ട ധനം ശേഖരിച്ചതും അയാളായിരുന്നു. എന്നാല്‍ സബദാണ് എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നത്. ഹോസിനു പോലും ആധ്യാത്മിക കാര്യങ്ങളിലെന്തെങ്കിലും സംശയം വന്നാല്‍ ഒരളവുവരെ അതു പരിഹരിക്കാന്‍ വേണ്ട പരിജ്ഞാനവും സബദിനുണ്ടായിരുന്നു. യേശുവുമായി പല പ്രാവശ്യം സംവദിക്കാനുള്ള അവസരവും സബദിനുണ്ടായിരുന്നല്ലോ.
സബദിന്റെ വേര്‍പാട് എന്റെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവാണുണ്ടാക്കിയത്. യേശുവിന്റെ ശിഷ്യരില്‍ എനിക്കടുപ്പമുണ്ടായിരുന്ന തോമസും ഫിലിപ്പും സുവിശേഷം പ്രചരിപ്പിക്കാന്‍ ഇന്ത്യയിലേക്ക് പോയെന്നും, ഒരു കച്ചോടക്കാരന്‍ ഉറപ്പില്ലാതെ എന്നോട് പറഞ്ഞിരുന്നു. എന്റെ മനസ്സ് എല്ലാം കൊണ്ട് വ്യസന പൂര്‍ണ്ണമായിരുന്നെങ്കിലും കൂട്ടായ്മയുടെ കാര്യങ്ങളില്‍ ഞാന്‍ ഉത്സാഹിച്ചുതന്നെ പ്രവര്‍ത്തിച്ചിരുന്നു.
പതിനഞ്ച്
ആയിടയ്ക്ക് ഞാന്‍ മുന്‍കൈയ്യെടുത്ത് നടത്തിയ മറ്റൊരു ചടങ്ങിനെപ്പറ്റി ഇവിടെ പറയാം. അത് അല്‍ക്കയുടെ വിവാഹമാണ്. അവള്‍ എന്റെ കൂടെയായിരുന്നു താമസമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അല്‍ക യൗവനാവസ്ഥയെ പ്രാപിച്ചിട്ട് വര്‍ഷങ്ങളായി. ഞാന്‍ ഐഹിക ജീവിതെ വെടിയുമ്പോള്‍ അവള്‍ക്കാരാണുതുണയെന്ന് ഞാനിടയ്ക്കിടെ ആലോചിച്ചിരുന്നു. അവള്‍ക്കൊരു വരനെ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. സില്‍വാനിസ് യോഗ്യനായ യുവാവാണെന്ന് അയാളെ കണ്ട നിമിഷം മുതല്‍ എനിക്കു തോന്നിയിരുന്നു. കാഴ്ചയില്‍ സുമുഖനും സത്യസന്ധതയുമുള്ള അയാള്‍ക്ക് നല്ല പ്രസരിപ്പുമുണ്ടായിരുന്നു. സ്മിര്‍നയിലെ കൂട്ടായ്മ സ്ഥാപിക്കുന്നതിന് എന്നെ കുറച്ചല്ല സില്‍വാനിസ് സഹായിച്ചിരുന്നത്. സമ്പദ് അല്‍കയെ ഒരു സഹോദരിയെ പോലെയും അവളയാളെ ഒരു സഹോദരനെപോലെയുമാണ് കരുതിയിരുന്നതും. എല്ലാം കൊണ്ടും, സില്‍വാനിസ് അല്‍കയ്ക്കു ചേരുന്ന ഒരു വരനാണെന്ന് തീര്‍ച്ചപ്പെടുത്തി. ഇക്കാര്യത്തെപ്പറ്റി അവളോട് സംസാരിച്ചപ്പോള്‍ ഈ മംഗല്യം അവള്‍ക്കുമിഷ്ടമാണെന്നെനിക്കു മനസ്സിലായി. വലിയ ആഘോഷങ്ങളൊന്നും കൂടാതെ ഇമിസ്‌കത ഹോസിന്റെ കാര്‍മികത്വത്തില്‍ സ്മിര്‍നയിലെ കൂട്ടായ്മയില്‍ വച്ചുതന്നെ അവരുടെ വിവാഹം നടത്തി.

അല്‍കയുടെ വിവാഹദിവസം വൈകീട്ട് എന്റെ സംഘത്തില്‍പ്പെട്ടവര്‍ക്കും തിനോറാസ് ക്ഷണിച്ച സ്മിര്‍നയിലെ എട്ടോ പത്തോ പ്രമാണിമാര്‍ക്കും ഞാനൊരു വിരുന്നുനല്‍കി. തിനോറസിന്റെ അന്തഃപുരത്തില്‍ അയാള്‍ക്കു കുറേ ഭൂജിഷ്യകളും (വെപ്പാട്ടിമാര്‍ ) ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ നര്‍ത്തകികളുമായിരുന്നു. അവരുടെ നൃത്തവും വിരുന്നിന് മോടി കൂട്ടി. എല്ലാവരും പിരിഞ്ഞപ്പോള്‍ ഞാന്‍ ഹോസിനെ അടുത്തു പിടിച്ചിരുത്തി കാലദേശത്തെ (Time and Space)കുറിച്ചും മനുഷ്യമനസിനെക്കുറിച്ചും എനിക്കുണ്ടായിരുന്ന ചില ധാരണകള്‍ അദ്ദേഹവുമായി പങ്കുവച്ചു. ഞാനായിടയ്ക്ക് യേശുവിന്റെ തിരിച്ചുവരവിനെപ്പറ്റി വീണ്ടും ചിന്തിച്ചു തുടങ്ങിയിരുന്നു. അതിനെപ്പറ്റി യേശുനടത്തിയ പ്രവചനം കൊണ്ട് അദ്ദേഹമെന്താണുദ്ദേശിച്ചിരുന്നതെന്ന് വളരെ ആലോചിച്ചിട്ടുമെനിക്ക് മനസ്സിലായില്ല. എവിടെയാണദ്ദേഹം പ്രത്യക്ഷപ്പെടുക?
Novel Link:
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-21
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക