Image

കൂത്താട്ടുകുളം: സമരഗാഥകള്‍ അലയടിച്ച ഗ്രാമം (ലേഖനം) പി.ടി.പൗലോസ്

പി.ടി.പൗലോസ് Published on 29 September, 2015
കൂത്താട്ടുകുളം: സമരഗാഥകള്‍ അലയടിച്ച ഗ്രാമം (ലേഖനം) പി.ടി.പൗലോസ്
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം. കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റിയും ഇലഞ്ഞി, തിരുമാറാടി, വെളിയന്നൂര്‍, പാലക്കുഴ എന്നീ ഗ്രാമപഞ്ചായത്തുകളും ഈ പ്രദേശത്ത് ഉള്‍പ്പെടുന്നു. 1930 കളുടെ അവസാനത്തിലും 40 കളുടെ ആരംഭത്തിലും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്നു കൂത്താട്ടുകുളം. 

ഉത്തരവാദഭരണപ്രക്ഷേഭത്തിന്റെ അലകള്‍ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അടയാത്ത അദ്ധ്യായമാണ്. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള കൂത്താട്ടുകുളത്തിന്റെ സുദീര്‍ഘമായ രാഷ്ട്രീയ ചരിത്രത്തില്‍ വിവിധ ലോക്കപ്പുകളിലും ജയിലറകളിലും കിടന്ന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ദേശാഭിമാനികളായ യുവാക്കളായ രക്തസാക്ഷികള്‍: ചൊള്ളമ്പേര്‍ പിള്ള, മണ്ണത്തൂര്‍ വര്‍ഗീസ്, തിരുമാറാടി രാമകൃഷ്ണന്‍, പാമ്പക്കുട അയ്യപ്പന്‍ എന്നിവര്‍ അവിസ്മരണീയരാണ്. രക്തസാക്ഷികളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന കൂത്താട്ടുകുളത്തെ എ.കെ.ജി. തന്റെ ആത്മകഥയില്‍ 'രക്തസാക്ഷികളുടെ നാട്'എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യസമരസേനാനികളെ ഭാരതത്തിന് സംഭാവന ചെയ്ത ഗ്രാമവും കൂത്താട്ടുകളം തന്നെ.

കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറിലെ വടകരയില്‍ നിന്നുള്ള കൃസ്ത്യന്‍ തീര്‍ത്ഥാടകര്‍ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവര്‍ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രചിച്ച വടകരപ്പള്ളിയിലെ ചുമര്‍ചിത്രങ്ങള്‍ കാല്പനിക സൗന്ദര്യാവിഷ്‌ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്. 

വില്ലാളിവീരനായ അര്‍ജുനന്‍ പാശുപതാസ്ത്രത്തിന് വേണ്ടി തപസ്സനുഷ്ഠിച്ച അര്‍ജുനന്‍മല, ജൈനപാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോള്‍ ശ്രീധരീയം), കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശില്‍പങ്ങള്‍, തീര്‍ത്ഥാടകരുടെ ആകര്‍ഷണകേന്ദ്രമായ ആയിരംതിരികള്‍ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹയുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹൃദയ ദേവാലയം, ഒന്നരനൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളമായ കാക്കൂര്‍ കാളവയല്‍, 1865 നോട് അടുത്ത് ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത, മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, കമ്മ്യൂണിസ്റ്റ് നേതാവും കേരള റവന്യൂമന്ത്രിയുമായിരുന്ന കെ.ടി ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി.ജെ.തോമസ് എന്നീ ഉന്നത വ്യക്തികള്‍ പഠിച്ച വടകര സെന്റ് ജോണ്‍സ് ഹൈസ്‌കുള്‍, അന്‍പതുകളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ രൂപം കൊണ്ട നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബ് എന്ന നാടകസമിതി, ദേശപ്പഴമയുടെ പ്രകൃതിസ്‌നേഹികളുടെ മനംകുളിര്‍പ്പിക്കുന്ന 200 ലേറെ  വന്‍മരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീ കോവിലില്‍ വനദുര്‍ഗ്ഗയുടെ പ്രതീകമായി പൂജിക്കുന്ന ബോണ്‍സായി മാതൃകയിലുള്ള രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പവൃക്ഷവും കാവിനെ തഴുകി ഒഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു.

കൂത്താട്ടുകുളത്തിന്റെ കായികചരിത്രത്തില്‍ മാര്‍ഷല്‍, കൈമ, സ്പാര്‍ട്ടന്‍സ് എന്നീ പ്രാദേശിക ഫുട്‌ബോള്‍ ടീമുകളെ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളില്‍ കൂത്താട്ടുകളത്ത് അഖിലേന്ത്യ ടൂര്‍ണമെന്റുകള്‍ നടന്നിരുന്നു എന്ന് പറയാതിരുന്നാല്‍ കൂത്താട്ടുകളുത്തിന്റെ കായിക ചരിത്രം പൂര്‍ണ്ണമാകുന്നില്ല. ചാക്കപ്പന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റായിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്ര പോലീസ്, എഫ്.എ.സി.റ്റി., ഇ.എം.ഇ.സെന്‍ട്രല്‍ സെക്കന്തരാബാദ് എന്നിവയായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകള്‍.

മലയാള നാടകസങ്കല്‍പത്തിനും നാടകസാഹിത്യത്തിനും പുത്തന്‍ ദിശാബോധം നല്‍കിയ സി.ജെ.തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളം, കൂത്താട്ടുകുളത്തിന്റെ കലാ-സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ്കാരനും കേരള റവന്യൂ മന്ത്രിയുമായിരുന്ന കെ.ടി.ജേക്കബ് കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേരവകാശികളില്‍ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായരുന്ന കെ.സി.സഖറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സില്‍ ആദ്ധ്യാത്മികവിശുദ്ധിയുടെ പൊന്‍കിരണങ്ങള്‍ തൂകിയ കവയിത്രി സിസ്‌ററര്‍ ബനീഞ്ഞ എന്ന മേരിജോണ്‍ തോട്ടം, പണ്ഢിതനും വാഗ്മിയും സാഹിത്യപ്രതിഭയുമായിരുന്ന റവ.ഡോ.എബ്രഹാം വടക്കേല്‍, പത്രപ്രവര്‍ത്തനരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കെ.വി.എസ്സ്.ഇളയത്, കവിയും സംസ്‌കൃതപണ്ഡിതനും ആയുര്‍വേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ.എന്‍.വാസുദേവന്‍ നമ്പൂതിരി, നാടക-സിനിമ അഭിനയകലയിലെ ചടുലപ്രതിഭയായിരുന്ന എന്‍.എസ്സ്.ഇട്ടന്‍, പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ സമരനേതാക്കളായിരുന്ന കെ.വി.ജോണ്‍ കൂത്താട്ടുകുളം മേരി, കേരള സംസ്‌കാരിക-ജലസേചനമന്ത്രിയായിരുന്ന റ്റി.എം.ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം.ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ കൂത്താട്ടുകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായത്ത് കാല്‍പ്പാടുകള്‍ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകള്‍ അവരുടെ പ്രതീക്ഷയുമാണ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കേരളസംസ്ഥാന മന്ത്രി അനൂപ് ജേക്കബ്, കെ.പി.സി.സി സെക്രട്ടറി ജയ്‌സണ്‍ ജോസഫ്, മൈലാപ്പൂര്‍-ഡല്‍പി മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്താത്തിയോസ്, സിനിമ സംവിധായകന്‍ ജിത്തു ജോസഫ്, സിനിമ-സീരിയല്‍  നടീനടന്മാരായ റ്റി.എസ്.രാജു, ധന്യ മേരി വര്‍ഗീസ്, ബിന്ദുരാമകൃഷ്ണന്‍ എന്നീ ഇളംതലമുറക്കാര്‍ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.


പി.ടി.പൗലോസ്

കൂത്താട്ടുകുളം: സമരഗാഥകള്‍ അലയടിച്ച ഗ്രാമം (ലേഖനം) പി.ടി.പൗലോസ്
Join WhatsApp News
Sreekumar Purushothaman 2015-09-29 10:44:09
ശ്രീ പൌലോസ് , ഒരു തിരുമാറാടിക്കാരനായ എനിക്ക് ഇത് വായിച്ചപ്പോൾ വളരെ സന്തോഷം .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക