Image

എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളി?

Published on 01 October, 2015
എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളി?

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. തങ്ങളുടെ താല്‍പര്യം എസ്എന്‍ഡിപി നേതൃത്വത്തെ ബിജെപി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔപചാരിക തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് എസ്എന്‍ഡിപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്എന്‍ഡിപി നേതൃത്വവുമായുള്ള ചര്‍ച്ചയും ഇന്നു നടക്കും. കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും. വെള്ളാപ്പള്ളി നടേശന്‍, പത്‌നി പ്രീതി നടേശന്‍, എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
എസ്എന്‍ഡിപി നേതൃത്വം മുന്‍കൈയെടുത്തു രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ തുഷാര്‍ വെള്ളാപ്പള്ളി നയിക്കണമെന്ന ധാരണയാണ് നേരത്തേ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളുടെ യോഗത്തിലുണ്ടായത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ പാര്‍ട്ടിയെയും നയിക്കണം. 
ഹൈന്ദവ ഏകീകരണ മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 23നു കാസര്‍കോടുനിന്നാരംഭിക്കുന്ന രഥയാത്രയും വെള്ളാപ്പള്ളി നയിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്. രഥയാത്ര വിജയകരമാക്കാന്‍ സംഘപരിവാറിനെയും അനുകൂല നിലപാടുള്ള സാമുദായിക സംഘടനകളെയും രംഗത്തിറക്കും. ബിജെപി – എസ്എന്‍ഡിപി സഖ്യമുണ്ടായാല്‍ സംസ്ഥാനത്തെ എണ്‍പതു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശമനുസരിച്ചു കേരളത്തില്‍ സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ വിലയിരുത്തിയിരുന്നു. ഇടതു, വലതു മുന്നണികള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ നയിക്കാന്‍ വെള്ളാപ്പള്ളി നടേശനു കഴിയുമെന്ന സര്‍വേ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവച്ചത്. ബിജെപി തനിച്ചു മല്‍സരിച്ചാല്‍ സംസ്ഥാനത്ത് 20 ശതമാനത്തിനപ്പുറം വോട്ടു ലഭിക്കാന്‍ സാധ്യതയില്ലെന്നും സര്‍വേയില്‍ വ്യക്തമായിരുന്നു.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കാര്യമായ പ്രതീക്ഷയില്ലാത്തതിനാലാണ് എസ്എന്‍ഡിപിയുടെ സംഘടനാ ശേഷിയെയും സാമുദായിക ശക്തിയെയും ആശ്രയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എസ്എന്‍ഡിപി നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെ പോലും പങ്കെടുപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനോടും സഖ്യധാരണയുടെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതിനോടും ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ക്കു വിയോജിപ്പുണ്ട്. എസ്എന്‍ഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്ന നിലപാടാണ് സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റേത്. സഖ്യവിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന ഘടകത്തെ ധരിപ്പിക്കാന്‍ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ഈയാഴ്ച തന്നെ കേരളത്തിലെത്തും.

നിയമസഭാ തിരഞ്ഞെടുപ്പു സഖ്യത്തിന്റെ ഭാഗമായി എസ്എന്‍ഡിപിക്കു മല്‍സരിക്കാന്‍ താല്‍പര്യമുള്ള മണ്ഡലങ്ങളുടെ പട്ടിക തയാറാക്കി നല്‍കാനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ എസ്എന്‍ഡിപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഖ്യത്തില്‍ എസ്എന്‍ഡിപിയുടെ പാര്‍ട്ടിക്കു മുന്‍തൂക്കം നല്‍കാനും ബിജെപി കേന്ദ്ര നേതൃത്വം തയാറാണ്. എസ്എന്‍ഡിപിക്കു പുറമെ മറ്റു സാമുദായിക സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാകും പാര്‍ട്ടി രൂപീകരണം. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും സജീവ പിന്തുണ എസ്എന്‍!ഡിപിക്കു ലഭിക്കും. തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ ശക്തികേന്ദ്രങ്ങളായ വാര്‍ഡുകളുടെ പട്ടികയും ബിജെപി കേന്ദ്ര നേതൃത്വത്തിനു നല്‍കും. എസ്എന്‍ഡിപിയുമായുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാവും നടക്കുക. (Manorama)

ബിജെപിയുമായുള്ള സഹകരണത്തിന് എസ്.എന്‍.ഡി.പി ഉപാധികള്‍വെച്ചു


ന്യൂഡല്‍ഹി : ബിജെപിയുമായുള്ള സഹകരണത്തിന് ഉപാധികളുമായി എസ്.എന്‍.ഡി.പി രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം നല്കണമെന്നാണ് എസ്.എന്‍.ഡി.പി ആവശ്യപ്പെട്ട പ്രധാന ഉപാധി. കേരളത്തില്‍ പുതിയ പാര്‍ട്ടിരൂപീകരിച്ചാലും ബിജെപിയില്‍ ചേരില്ല.

കൂടാതെ കേന്ദ്ര കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും പ്രാതിനിധ്യം നല്‍കണം. പിന്നാക്കസമുദായത്തിന്റെ സമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് പാക്കേജ് പ്രഖ്യാപിക്കണം. പിന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ സഹായം നല്‍കണം. ഇതുസംബന്ധിച്ച ഉറപ്പുകള്‍ പ്രധാനമന്ത്രി നല്‍കണമെന്നും എസ്.എന്‍.ഡി.പി ആവശ്യപ്പെടും. 

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം ആവശ്യപ്പെടും. ഇതിനിടെ എസ്.എന്‍.ഡിപിയുമായുള്ള സഹകരണത്തിന് ബിജെപിയുടെ സംസ്ഥാന ഘടകം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. (Mathrubhumi)

Join WhatsApp News
secularist 2015-10-01 10:01:16
വെള്ളാപ്പള്ളിയും ബി.ജെ.പിയും ദിവാസ്വപ്നം കണുന്നു. കുളം കലക്കാനും വര്‍ഗീയത സ്രുഷ്ടിക്കാനുമല്ലതെ ഇരു കൂട്ടര്‍ക്കും കേരളത്തില്‍ കഴിയില്ല. കാരണം ജനസംഖ്യയിലെപ്രത്യേകത തന്നെ.
പക്ഷെ കേരളത്തിലെ ക്രിസ്ത്യാനികള്‍ അവസരവാദികള്‍ ആയതിനാല്‍ (സക്കറിയയൊടു കടപ്പാട്) ഇക്കൂട്ടരോടു കൂടി സ്ഥിതി മാറ്റി കൂടായ്കയുമില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക