Image

തോരാത്ത പ്രണയമഴ (മീട്ടു റഹ് മത്ത് കലാം)

മീട്ടു റഹ് മത്ത് കലാം Published on 01 October, 2015
തോരാത്ത പ്രണയമഴ (മീട്ടു റഹ് മത്ത് കലാം)
[“എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയെ ആസ്പദമാക്കി മീട്ടു റഹ്മത്ത് കലാം തയ്യാറാക്കിയ ലേഖനം”]

കോട്ടയം അഭിലാഷ് തിയേറ്ററിലാണ് ഞാന്‍ “എന്ന് നിന്റെ മൊയ്തീന്‍” കണ്ടത്. മഴ കാരണം അധികം ആളുണ്ടാവില്ല എന്ന ധാരണ തകിടം മറിച്ച് നീണ്ട ക്യൂ ടിക്കറ്റ് കൗണ്ടറിനു മുന്നിലുണ്ടായിരുന്നു. യഥാര്‍ത്ഥ ജീവിതങ്ങള്‍ക്ക് സിനിമാഭാഷ്യം നല്‍കുമ്പോള്‍ ഓഫ് ബീറ്റ് ഗണത്തിലേയ്ക്ക് തള്ളപ്പെടുന്ന സ്ഥിരം പ്രവണത മൊയ്തീന്റെയും കാഞ്ചനയുടെയും കഥ പകര്‍ത്തിയപ്പോള്‍ ഉണ്ടാകാതിരുന്നത് മലയാള മനസ്സില്‍ അനശ്വരപ്രണയങ്ങള്‍ക്ക് എന്നും ഇടമുണ്ടെന്നതിന്റെ തെളിവാണ്.

മലയാള സിനിമ 76 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എടുത്തുപറയാന്‍ ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും പോലെ ചുരുക്കം ചലച്ചിത്രങ്ങളേ ഉണ്ടായിട്ടുള്ളൂ. എഴുത്തുകാരന്റെ സാങ്കല്പികസൃഷ്ടികള്‍ക്കപ്പുറം പ്രണയത്തിന് അര്‍ത്ഥതലം നല്‍കിയിരിക്കുകയാണ് ബി.എസ.്‌വിമല്‍ എന്ന നവാഗത സംവിധായകന്‍. തന്റെ കന്നിച്ചിത്രത്തിലൂടെ അനശ്വരപ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമായി കോഴിക്കോട്ടെ മുക്കത്ത് അവശേഷിക്കുന്ന കാഞ്ചനേട്ടത്തിയുടെ നെഞ്ചില്‍ പതിറ്റാണ്ടുകളായി വിങ്ങുന്ന നൊമ്പരം ഈ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും അവനവന്റേതായി ഉള്‍ക്കൊള്ളുകയാണ്.

പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും കരിയറിലെ തന്നെ മികച്ച വേഷമാണ് ഇതില്‍ എന്ന് നിസ്സംശയം പറയാം. വെറുതേ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ഈ ചിത്രത്തില്‍ ഇരുവഴിഞ്ഞിപ്പുഴയും മഴയും പോലും അവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും റഫീക്ക് അഹമ്മദിന്റെ വരികളും പ്രത്യേക ആസ്വാദനതലം സമ്മാനിച്ചു. പ്രകൃതിയുടെ ഭാവമാറ്റം സന്ദര്‍ഭങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ മിഴിവോടെ പകര്‍ന്നതില്‍ ജോമോന്റെ ക്യാമറകൊണ്ടുള്ള മായാജാലം എടുത്തുപറയേണ്ടതാണ്. 

മൊയ്തീന്‍ കാഞ്ചനയോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്ന രംഗത്തില്‍ മഴ പെയ്യുന്നു, മഴയ്‌ക്കൊപ്പം പ്രേക്ഷകമനസ്സിലും പ്രണയം പെയ്തിറങ്ങും. കാഞ്ചനയെ സ്വന്തമാക്കുമെന്ന് വാപ്പയോട് ധിക്കാരസ്വരത്തില്‍ പറയുമ്പോള്‍ തന്റെ മകന്‍ കാരണം രണ്ട് കുടുംബങ്ങളും തകരരുതെന്ന നിശ്ചയത്തില്‍ അവനെ കുത്തിവീഴ്ത്തുമ്പോള്‍ പെയ്യുന്ന മഴ ചോരയുടെ നിറവും മണവും അനുഭവപ്പെടുത്തുന്ന തരത്തിലാണ്. ഒടുവില്‍ തെല്ലും കരുണ ചൊരിയാതെ , അവരുടെ പ്രണയത്തിന് സാക്ഷിയായിരുന്നിട്ടും, ഒന്നിക്കാന്‍ സഹായിക്കാതെ ഇരുവഴിഞ്ഞിപ്പുഴയുമായി ചേര്‍ന്ന് സംഹാരതാണ്ഡവമാടുന്ന മഴ ഉള്ളില്‍ തീരാനോവ് തളംകെട്ടി നിര്‍ത്തും.

ഹൃദയത്തിനെ സ്വാധീനിക്കുന്ന ചുരുക്കം ചിത്രങ്ങള്‍ കണ്ടിറങ്ങുമ്പോള്‍, പ്രേക്ഷരുടെ മനസ്സില്‍ ഏതാനും ചോദ്യങ്ങള്‍ കാണും. കഥാപാത്രങ്ങളെ കൂടുതല്‍ അറിയാനുള്ള ശ്രമത്തില്‍ സ്വയം ചില ഉത്തരങ്ങളില്‍ എത്തിച്ചേരും. അങ്ങനെ ഒരു മനസ്സോടെ സഞ്ചരിച്ചപ്പോള്‍ പ്രേക്ഷകയെന്ന നിലയില്‍ ഞാന്‍ കണ്ട മൊയ്തീനെയും കാഞ്ചനയെയും കുറിച്ചാണ് ഇവിടെ എഴുതുന്നത്. ഇതൊരു തരത്തിലുമൊരു നിരൂപണമല്ല. ഹൃദയത്തില്‍ തൊട്ട രണ്ടുപേരെ പിന്തുടര്‍ന്നപ്പോള്‍ ഉടലെടുത്ത തോന്നലുകളാണ്.

കൗമാരത്തില്‍ മൊട്ടിട്ട പ്രണയത്തിന് യൗവനം ഹോമിച്ചവരാണ് മൊയ്തീനും കാഞ്ചനയും. ഒരു ഹിന്ദുപെണ്‍കുട്ടി മുസ്ലീം യുവാവിനെ പ്രേമിക്കുന്നത് അറുപതുകളിലെ യാഥാസ്ഥിക കുടുംബങ്ങളില്‍ അംഗീകരിക്കാവുന്ന ഒന്നായിരുന്നില്ല. പത്ത് വര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നപ്പോഴും കത്തുകളിലൂടെ മാത്രം സംവദിച്ച് അവര്‍ കാത്തിരുന്നത് സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞ, തങ്ങളുടെ സ്‌നേഹത്തിന്റെ പേരില്‍ കഴിഞ്ഞ്, തങ്ങളുടെ സ്‌നേഹത്തിന്റെ പേരില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഒന്നിക്കാനാണ്.

കാഞ്ചനയെപ്പോലെ കാത്തിരിക്കാന്‍ ഒരു പെണ്ണിന് കഴിയുമോ എന്നതാണ് ആദ്യചോദ്യം. കഴിയും എന്നുതന്നെ പറയാം. പ്രണയിനിയുടെ കാല്‍പ്പാദം പതിഞ്ഞ മണ്ണ് ഒരു നിധിപോലെ സൂക്ഷിച്ച പുരുഷനെ ഓര്‍ത്ത് ആയുസ്സ് തള്ളിനീക്കുന്നത് ഒരിക്കലും അവള്‍ക്ക് ക്ലേശകരമായി തോന്നില്ല.
മൊയ്തീന്‍ ജീവനുതുല്യം കാഞ്ചനയെ സ്‌നേഹിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് സ്വന്തം ജീവനും ജീവിതവും മറന്ന്, അവളുമായി ജീവിക്കാനുള്ള ആഗ്രഹം മറന്ന്, ഇരുവഴിഞ്ഞിപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്നതിനും ന്യായമുണ്ട്. ചിന്താഗതിയിലെ സമാനതകളാണ് അവരെ തമ്മില്‍ അടുപ്പിച്ചത്. 
റ്റുള്ളവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുകയും അകമഴിഞ്ഞ് സ്‌നേഹിക്കുകയും ചെയ്തിരുന്നു രണ്ടുപേരും. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയില്‍ നരവരുത്തിയ അവന്റെ മാറ്റമോ പ്രസരിപ്പ് നഷ്ടപ്പെട്ട പക്വമതിയായ അവളുടെ രൂപമോ ഇരുവര്‍ക്കുമൊരു മാറ്റമായി അനുഭവപ്പെട്ടതേയില്ല. മനസ്സുകൊണ്ട് സംസാരിച്ചിരുന്ന അവര്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്തത്ര ആഴത്തില്‍ അന്യോന്യം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ, സ്വയംരക്ഷയ്ക്കായി പ്രയത്‌നിക്കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ നോക്കിയ മൊയ്തീനോട് കാഞ്ചനയ്ക്ക് പരിഭവം തോന്നില്ല. അവള്‍ സ്‌നേഹിച്ച മൊയ്തീന് അങ്ങനെ ആകാനേ കഴിയൂ എന്ന് അവള്‍ക്ക് അറിയാം.

മുറച്ചെറുക്കനായ അപ്പു കാഞ്ചനയെ കുട്ടിക്കാലം മുതല്‍ക്ക് സ്‌നേഹിക്കുന്നതറിഞ്ഞിട്ടും മൊയ്തീനെ കാണാതിരിന്ന പത്ത് വര്‍ഷങ്ങളില്‍ പോലും അവളുടെ മനസ്സ് വ്യതിചലിക്കുന്നില്ല. “അപ്പ്വേട്ടന്‍ എന്നെ എത്ര സ്‌നേഹിക്കുന്നു എന്നെനിക്കറിയാം. അതിലും ആയിരം മടങ്ങ് ഞാന്‍ മൊയ്തീനെ സ്‌നേഹിക്കുന്നു. അതിലും പതിനായിരം മടങ്ങ് മൊയ്തീന്‍ എന്നെ സ്‌നേഹിക്കുന്നു” എന്ന സംഭാഷണം ആരുടെ കണ്ണും നനയിക്കും. താന്‍ സ്‌നേഹിക്കുന്നതിനെക്കാള്‍ സ്‌നേഹിക്കപ്പെടുന്നു എന്ന വിശ്വാസമാണ് അവരുടെ പ്രണയത്തിന്റെ അടിത്തറ. അത് തിരിച്ചറിയുന്നതുകൊണ്ടാണ്, അവളെപ്പോലൊരു പെണ്ണ് മൊയ്തീന്റെ ഭാഗ്യമാണെന്ന് അപ്പു പറയുന്നത്.

പുറംലോകം കാണാതെ തള്ളിനീക്കിയ നാളത്രയും വിളിക്കാത്ത ദൈവങ്ങളെ കാഞ്ചന വിളിക്കുന്നത് വാപ്പയുടെ കുത്തേറ്റ് അവന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ്. 'ദൈവങ്ങളേ, ന്റെ മൊയ്തീനെ കാത്തോണേ' എന്ന പ്രാര്‍ത്ഥന അന്ന് ആ ജീവന്‍ രക്ഷിച്ചു. മൊയ്തീന്‍ എവിയെങ്കിലും സുഖമായി ഇരുന്നാല്‍ ആ വിശ്വാസത്തില്‍ എത്രനാള്‍ കാത്തിരിക്കാനും അവള്‍ക്ക് കഴിയുമായിരുന്നു.
ചുഴിയില്‍പ്പെട്ട് ഇരിവഴിഞ്ഞി പുഴയില്‍ മൊയ്തീന്‍ ഇല്ലാതായി എന്ന സത്യം കാഞ്ചനയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിനപ്പുറമായിരുന്നു. കുടുംബത്തെ മുഴുവന്‍ മറന്ന് എന്നെന്നേയ്ക്കുമായി മൊയ്തീനുമൊത്ത് ജീവിക്കാന്‍ ഒരുങ്ങി നിന്നപ്പോള്‍, ആ ആള്‍ ഇല്ലാതെ വന്ന ലോകം ശൂന്യമായി തോന്നിയിരിക്കണം. അതേ പുഴയിലെ വെള്ളം കുടിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടായിരിക്കാം. 
മകന്റെ ജീവന്‍ കവര്‍ന്നെടുത്ത ശേഷം ശാന്തമായ പുഴയെ നോക്കി നില്‍ക്കുന്ന മൊയ്തീന്റ ഉമ്മയുടെ(ലെന അവതരിപ്പിച്ച കഥാപാത്രം) കണ്ണുകള്‍ക്കേ അവളുടെ നിസ്സഹായാവസ്ഥയുടെ പരപ്പ് കാണാന്‍ കഴിയൂ. മരുമകളായി കാഞ്ചനയെ ആ ഉമ്മ വീട്ടിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ മാത്രമാണ് അവള്‍ക്ക് താന്‍ ഒറ്റയ്ക്കല്ലെന്നും മൊയ്തീന്റെ ആത്മാവ് തന്നോടൊപ്പമുണ്ടെന്നുമുള്ള വിശ്വാസം ജനിക്കുന്നത്. അവന് ചെയ്തു തീര്‍ക്കാന്‍ കഴിയാതെ പോയതൊക്കെ മുഴുമിപ്പിക്കാന്‍ ജീവിച്ചേ മതിയാകൂ എന്ന് കാഞ്ചനയ്ക്ക് ഉള്‍വിളി ഉണ്ടാകുന്നതും അങ്ങനെയാണ്.

ഇരിവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍ മൊയ്തീന്‍ കാഞ്ചനയ്ക്കുള്ളതാണെന്ന വാക്ക് സത്യമാണ്. പുഴ കടലിനോട് ചേരുന്നതുപോലെ കണ്ണുകളറിയാതെ അവരും ഏന്നോ ഒന്നായിത്തീര്‍ന്നിരിക്കും. വിവാഹമാണ് പ്രണയത്തെ സഫലമാക്കുന്നതെന്ന ധാരണയെ പൊളിച്ചെഴുതുകയാണിവിടെ. കാഞ്ചന മൊയ്തീന്റെ പെണ്ണാണെന്നതിന് ഒരു താലിച്ചരടിന്റെയും പിന്‍ബലം വേണ്ട. സ്‌നേഹിച്ചവന് വേണ്ടി സ്വയം അര്‍പ്പിച്ച ജീവിതമാണ് യഥാര്‍ത്ഥ പ്രണയസാഫല്യം.
 




തോരാത്ത പ്രണയമഴ (മീട്ടു റഹ് മത്ത് കലാം)
Join WhatsApp News
MOHAN MAVUNKAL 2015-10-01 10:03:30
I AM SO PROUD OF YOU!!!!!!!!!!!AMAZING ARTICLE MORE THAN THAT I LOVE THAT STYLE.

MAY GOD BLESS YOU!!!!!!!!!!!!
Krishnankutty Nair 2015-10-02 06:38:31
ഭംഗിനിറഞ്ഞ ആസ്വാദനം. 
Krishnankutty Nair 2015-10-02 06:39:34
BEAUTIFUL!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക