Image

അധികാരം ഉള്ളവരെ കാണും; ആര് സീറ്റു തന്നാലും സ്വീകരിക്കും: വെള്ളാപ്പള്ളി

Published on 01 October, 2015
അധികാരം ഉള്ളവരെ കാണും; ആര് സീറ്റു തന്നാലും സ്വീകരിക്കും: വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: അധികാരം ഉള്ളവര്‍ ആരായാലും അവരെ കാണുമെന്നും തിരഞ്ഞെടുപ്പില്‍ ആര് സീറ്റ് തന്നാലും സ്വീകരിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കണ്ടത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ശുഭവും സന്തോഷകരവുമായിരുന്നു. അധികാരം ഉള്ളവരെ കാണും. ബി.ജെ.പി നേതാക്കളെ കാണാനല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണാനാണ് ഡല്‍ഹിയില്‍ വന്നത്.  എ.കെ.ജി സെന്ററില്‍ ചെന്നാല്‍ വല്ല ചുക്കും കിട്ടുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. 
ആര് സീറ്റ് തന്നാലും അത് സ്വീകരിക്കും. പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് സീറ്റ് നല്‍കിയാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണം. ബി.ജെ.പി.യുമായി സഖ്യമുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ബി.ജെ.പിയെ എന്തിനാണ് ഭയപ്പെടുന്നതെന്നും  അദ്ദേഹം ചോദിച്ചു. 
ഒരു പാര്‍ട്ടിയോടും എസ്.എന്‍.ഡി.പി യോഗത്തിന് അയിത്തമില്ല. ഭരിക്കുന്നവരോട് പ്രത്യേകിച്ചും. അധസ്ഥിതര്‍ അധികാരത്തില്‍ എത്തണമെന്ന് വാദിക്കുന്നവരാണ് ഞങ്ങള്‍. അപ്പോള്‍ ആരെങ്കിലും അധികാരം തരാമെന്ന് പറഞ്ഞാല്‍ അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്വന്തം പാര്‍ട്ടി ഉണ്ടാക്കുന്നതിനെപ്പറ്റി ഒരു തീരുമാനവുമിതുവരെ എടുത്തിട്ടില്ല. പലപ്പോഴും ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ഒരിക്കലും പാര്‍ട്ടിയുണ്ടാക്കില്ല. യോഗത്തില്‍ എല്ലാ പാര്‍ട്ടി മെമ്പര്‍മാരുമുണ്ട്. യോഗത്തിലുള്ള ആരെങ്കിലും പാര്‍ട്ടി ഉണ്ടാക്കിയാല്‍ അതിന് എതിര് നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
വെള്ളാപ്പള്ളി നടേശനെ എന്‍.ഡി.എ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പാര്‍ലമെന്ററി മോഹമില്ലെന്നും ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തില്‍ മൂന്നാം ചേരിക്ക് സാധ്യതയുണട്. എന്നാല്‍ അതിന് എസ്.എന്‍.ഡി.പി യോഗം മുന്‍ കൈയെടുക്കില്ല. കേരളത്തില്‍ ഹിന്ദു കൂട്ടായ്മ വേണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുന്നവരുമാണ് എസ്.എന്‍.ഡി.പി 
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളിപ്പെടുത്തി.
കേരളത്തിലെ വികസന പദ്ധതികളെക്കുറിച്ചും യോഗത്തിന്റെ മൈക്രോഫിനാന്‍സിങ് പദ്ധതിക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചു. ന്യൂനപക്ഷ പാക്കേജ് പോലെ പിന്നോക്കം നില്‍ക്കുന്ന ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഒറു പാക്കേജ് വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി ഡിസംബറില്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പമാണ് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കണ്ടത്. 

Join WhatsApp News
keraleeyan 2015-10-01 15:55:39
ഇങ്ങനെ വേണം നേതാക്കള്‍. തത്വങ്ങള്‍ പോയി തുലയട്ടെ. അല്ലെങ്കില്‍ ന്യായം കണ്ടു പിടിക്കാനാണൊ വിഷമം.
കേരളഠെ വിവിവരമില്ലാത്തവരുടെയും വര്‍ഗീയക്കാരുടെയും ഭ്രാന്താലയമാക്കി മാറ്റരുത് സാറെ. നാളെയും നിങ്ങള്‍ കേരലത്തില്‍ ജീവിക്കെണ്ടവരാണു. അതു മറക്കരുത്.
എസ് കെ 2015-10-01 17:58:21
സമാധാനപരമായി ജീവിക്കുന്ന മലയാളികളില്‍ വര്‍ഗ്ഗീയവിഷം തളിക്കുന്ന വെള്ളാപ്പള്ളി താമസിയാതെ ഒറ്റപ്പെടും. ഇങ്ങനെയുള്ള ഇനമൊന്നും ശ്രീനാരായണ ഗുരുവിന്‍റെ നാട്ടില്‍ തഴച്ചു വളരില്ല. 
andrew 2015-10-01 18:29:01
വെള്ളാപ്പള്ളിയെ  തള്ളിക്കളഞ്ഞു  പുതിയ  leadership  ഉണ്ടാക്കിയാലേ  സമുദായം രക്ഷ  പെടു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക